കടന്നുപോയി വത്സരദ്വയമെതെത്ര സത്വരം
കഴിഞ്ഞതില്ല ദുഃഖഭാരമാറ്റുവാനിതേവരെ
പകുത്തുമാറ്റി ജീവിതത്തിന്റെ നല്ല പാതിയെന്നതിൽ
അകം തകർന്നു ജീവിതം തുടർന്നിതേൻ നിരന്തരം !
തിരിഞ്ഞുനോക്കിടുന്നു ഞാൻ കടന്നുപോന്ന വീഥിയിൽ
ഒരിക്കലും പിണക്കമോ വിരോധഭാഷ്യമൊന്നുമോ
നിറം കെടുത്തിടാത്തൊരെന്റെ ജീവവേദിയിൽ മുദാ
നിരാമയൻ കനിഞ്ഞു തന്നു നന്മയാർന്ന കാന്തനെ !
പ്രഗത്ഭനായ വൈദികൻ, പ്രബുദ്ധനാം പ്രഭാഷകൻ
പ്രശസ്തനായ്, പ്രസന്നനായ്, സദാ പ്രയത്നശീലനായ്
പ്രശോഭിതം തെളിഞ്ഞുനിന്ന ദിവ്യദീപമാണു തേ !
പ്രദോഷവേളയാർന്നതോ, പിരിഞ്ഞുപോയതവിധം !
അമൂല്യമായ മാല്യമൊന്നു തീർക്കുവാനെടുത്തതോ,
അമാന്തമങ്ങു കാട്ടിടാതെ ഭാവനന്റെയിച്ചപോൽ
അമേയമാം തലോടലോടെയാ പ്രഫുല്ല സൂനമ –
ങ്ങമോഘശോഭയാർന്നഹോ വസിച്ചതോ പ്രണേശ്വരാ!
അറിഞ്ഞിടുന്നതില്ല ഭൂവിലാരു, മേതു നേരമ –
അരങ്ങൊഴിഞ്ഞി ഭൂവിനെ വെടിഞ്ഞു യാത്ര തീർത്തഹോ
തിരിച്ചു പോക്കിനായി നാമൊരുങ്ങിട്ടേൺടതെപ്പോഴോ,
നിരഞ്ജനൻ വിളിച്ചിടുന്ന നേരവും അറിഞ്ഞിടാ!
പ്രകാശവും പ്രതുഷ്ടിയും തുളുമ്പിനിന്ന ജീവിതം
പ്രകാശമറ്റു മൃത്യുവിന്നു കീഴടങ്ങി ശാന്തമായ്.
പിരിഞ്ഞുപോകുമെന്നു താൻ നിനച്ചിടാതെ തൽ ഗൃഹം
പുകവാൻ കൊതിച്ചു നൂറുനാൾകൾ താണ്ടി യേകനായ് !
വരുന്നതില്ലയാരുമെന്റെ യി ഒഴിഞ്ഞ വീട്ടിലെ –
ക്കാരുമേ വരാനുമില്ലയെന്നതാണു വാസ്തവം,
വിരുന്നുകാർ നിറഞ്ഞുനിന്നു. ഭേരിചേർത്ത ഗേഹമോ
വരണ്ടു ശുഷ്ക്കമായഹോ കിടപ്പതത്രെ ദുഷ്ക്കരം !
പാരമാ വിരഹാഗ്നി യിലെരിഞ്ഞു ഞാനിന്നെന്റെ
പ്രാണാധിനാഥസ്മരണയിൽ പരിതപ്തയായി
ഏകാന്ത മൂകമാമെൻ ഗേഹവീഥിയിൽ ഞാനിന്ന്
ഏകാന്തചാരിയെന്നുള്ളതാണെൻ തീവ്ര വ്യാധിയും
മിണ്ടുവാനാരുമില്ല. കൂട്ടിനുമാരുമില്ലത്രേ
രാത്രി ഭീതിതമാം ചെറു ശബ്ദവും ഭീതിചേർപ്പു
ഭർതൃമതിയായ് ഞാനന്ന് രാജ്ഞിയായ് തുഷ്ടയായി
ഭർതൃവിയോഗത്തിൽ വെറും പൂജ്യമായ് ഭവിച്ചഹോ!
പൂർണ്ണസംഖ്യയൊടു ചേർന്നു നിൽക്കിലേ പൂജ്യത്തിനു
പൂർണ്ണത ലഭ്യമാകുമെന്നുള്ളതേ പരമാർത്ഥം !
പത്രാഗ്രെ തുളുമ്പിടും ജലബിന്ദുവത്രേ ജീവൻ
എത്ര ക്ഷണത്തിലതു വിധിക്കൊത്തു നിപതിക്കാം !
മൃത്യുവതേ മാനവ ജീവിതാന്ത്യം ഭുവാന്തരേ
മൃത്യുവാം തുറമുഖത്തടുത്തിടും മർത്യജന്മം !
ഒന്നുണ്ടു സമാധാനം ദേഹം വെടിഞ്ഞാലും ദേഹി
അനന്തമായ് ജീവിച്ചിടും ജീവനാഥൻ സവിധേ !
‘2021 മാർച്ച് 20 നു ദിവംഗതനായ വെരി റവ. ഡോക്‌ടർ യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്കോപ്പയുടെ രണ്ടാം ചരമവാര്ഷികത്തിൽ പ്രാർത്ഥനാ മന്ത്രണങ്ങളോടെ …..
എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്.✍
🙏🙏 Beautifully written Kochamma. Memory Eternal. Our prayers ❤️🙏