അമേരിക്കയിൽ മലയാള ഭാഷാസാഹിത്യ രംഗത്ത് നിരവധി കൃതികൾ രചിച്ച് വായനക്കാരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടിയ പ്രശസ്ത സാഹിത്യകാരനായ ശ്രീ കുര്യൻ മ്യാലിന്റെ ഏറ്റവും പുതിയ നോവലായ ‘ഒരു അമേരിക്കൻ വിരുന്ന്’ എന്ന കൃതിയെ ലഘുവായി അവലോകനം ചെയ്യാനും പരിചയപ്പെടുത്തുവാനും ഒരു എളിയ ശ്രമം നടത്തുകയാണിവിടെ.
വിവിധ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കലാപരിപാടികളോടെയുള്ള വിരുന്ന്, അതിവിഭവസമർത്ഥമായ ആഹാര പദാർത്ഥങ്ങളൊക്കെയുള്ള വിരുന്ന് അമേരിക്കയിൽ മാത്രമല്ല ലോകത്തെവിടെയും സർവ്വസാധാരണമല്ലൊ. എന്നാലിവിടെ കുര്യൻ മ്യാലിന്റെ കൃതിയിൽ മുഖ്യമായി, പരാമർശിക്കുന്നത് അമേരിക്കൻ മലയാളികളുടെ അമേരിക്കൻ വിരുന്നും അവരുടെ നാട്ടിലെ പ്രത്യേകിച്ചും കേരളത്തിലെ വിരുന്നു സൽക്കാരങ്ങളേയും ആധാരമാക്കിയും ചുറ്റിപറ്റിയുമുള്ള കഥകളും, ഉപകഥകളും, സങ്കൽപ്പങ്ങളും, പോരായ്മകളും, വിജയങ്ങളും തോൽവികളും എല്ലാം കോർത്തിണക്കി സരസവും വിജ്ഞാനപ്രദവും ആകാംക്ഷാഭരിതവുമായി ചിത്രീകരിക്കുയുമാണിവിടെ ചെയ്തിരിക്കുന്നത്.
നിങ്ങളെ പറ്റിയാണോ. എന്നു നമ്മളിൽ പലരും ചിന്തിച്ചു പോകും. കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും എന്നു കേട്ടിട്ടില്ലേ? ആ നിലയിൽ ആ കോഴി കട്ടവർ. അല്ലെങ്കിൽ ആ കഥ, ആ പരാമർശം തങ്ങളെ പറ്റിയാണോ എന്ന് ചിന്തിച്ച് തന്റെ തലയിൽ ആ കോഴി പപ്പു തേടി തലയിൽ തപ്പിനോക്കിയാലും അതിൽ അത്ഭുതപ്പെടാനില്ല. കാരണം കഥയും, കഥാപാത്രങ്ങളും
ഇതിലെ കഥയും കഥാപാത്രങ്ങളും മുഖ്യമായി അമേരിക്കയിലും നാട്ടിൽ, ഇന്ത്യയിലും ജീവിക്കുന്നവരാണ്. സാങ്കൽപ്പികമായ ഇതിലെ ഇതിവൃത്തങ്ങളെയും കഥാപാത്രങ്ങളേയും, അവരുടെ ജീവിത ആയോധന ശൈലികളെയും ജീവിത മുഹൂർത്തങ്ങളെയും എഴുത്തുകാരൻ അതിസൂക്ഷ്മമായി വർണ്ണിക്കുമ്പോഴും ചിത്രീകരിക്കുമ്പോഴും അതു നമ്മളെ പറ്റിയാണൊ. സംഭവവികാസങ്ങളും അതിസൂക്ഷ്മമായി ചടുല നാടൻ ഭാഷയിൽ ശ്രീ കുര്യൻ മ്യാലിൽ പറയുന്നു, വിവരിക്കുന്നു. അതിനാൽ നൈസർഗികമായ ഈ വിവരണങ്ങളെ അത്യന്തം ജീവിതഗന്ധിയാണെന്നു തന്നെ പറയേണ്ടിവരും.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കപ്പലുമാക്കൽ തോമസിന്റേയും മേഴ്സിയുടെയും മകൻ ‘അനിൽ’ മരിച്ചുപോയ തെക്കേടത്ത് കുഞ്ചാക്കോയുടെ മകൾ ‘ജിൻസിയുടെയും വിവാഹം നാട്ടിൽ വച്ചു നടക്കുകയാണ്. കുഞ്ചാക്കോയുടെ വേർപാടിനുശേഷം കുഞ്ചാക്കോയുടെ ഭാര്യ കുഞ്ഞേലി വളരെ കഷ്ടപെട്ടും കൂലിവേല ചെയ്തുമാണ് ‘ജിൻസി അടക്കമുള്ള മക്കളെ വളർത്തിയത്. നഴ്സിംഗ് പഠനത്തിനുശേഷം ജോലിയിൽ കയറിയ ജിൻസിയുടെ ഒരു യുവാവുമായ ആദ്യപ്രേമത്തിന്റെ ഫലമായുണ്ടായ ഒരു കുഞ്ഞിനെ അനാഥാശ്രമത്തിലാക്കിയ വിവരങ്ങളും ചരിത്രവുമെല്ലാം മറച്ചു വച്ചുകൊണ്ടായിരുന്നു അനിലുമായുള്ള ഈ വിവാഹം. അതുപോലെ അമേരിക്കയിലും അനിലിനും ആദ്യപ്രേമ വിവാഹത്തിലുണ്ടായിരുന്ന കുട്ടിയുടെയും പഴയ ഭാര്യയുടെയും കഥകൾ മറച്ചുവച്ചിരുന്നു. ഈ യുവമിഥുനങ്ങൾ രണ്ടുപേരും അവരുടെ പൂർവ്വചരിത്രങ്ങൾ മറച്ചുവച്ചുകൊണ്ടുതന്നെ ഒത്തു കല്യാണവും കെട്ടുകല്യാണവും അത്യന്തം ആർഭാടമായി നടത്തി. ആ കെട്ടുകല്യാണത്തിനും കല്യാണ വിരുന്നിനും, സംബന്ധിക്കാൻ ആ കരയിലുള്ള മറിയചേടത്തിയും അന്നമ്മ ചേടത്തിയും ഒരുമിച്ച് യാത്ര ചെയ്യുകയാണ്. അവരിരുവരും പരദൂഷണ സംസാരകലയിൽ അതിവിദഗ്ദ്ധരും അസുയാലുക്കളും, എന്തുകാര്യവും പ്രത്യേകിച്ച് ആരേയും താഴ്ത്തികെട്ടാനും, കഥകൾ പൊടിപ്പും തൊങ്ങലും വച്ച് സൃഷ്ടിക്കാനും പറയാനും അതിസമർത്ഥരാണ്. എന്നാൽ ചില കഥകളിൽ സത്യവുമുണ്ടുതാനും. അവരിരുവമായുള്ള യാത്രയ്ക്കിടയിൽ അവർ പരസ്പരം പറയുന്ന വാർത്തകളും, സംഭവ പരമ്പരകളുമാണ് ഈ കൃതിയുടെ മറ്റൊരു പ്രത്യേകത.
മുഖ്യകഥയെയും കഥാപാത്രങ്ങളെയും ഒരു നാൽക്കവലയിൽ നിർത്തിയിട്ട് അനേകം ഉപകഥകളുടെ കെട്ടഴിക്കുകയാണ് മറിയ ചേടത്തിയിലൂടെയും, അന്നമ്മ ചേടത്തിയിലൂടെയും കഥാകൃത്ത്. ഏഴാം കടലിനപ്പുറം അമേരിക്കയിലെത്തിയ മലയാളികളുടെ കുടുംബ, സാമൂഹ്യ, സാംസ്കാരിക്ക് ജീവന അതിജീവന കഥകളും കൂടെ ഉൾപ്പെടുത്തിയാണ് അമേരിക്കൻ വിരുന്ന് എന്ന കൃതിയുടെ ഓരോ ഇതളും വിരിയുന്നത്. കേരളത്തിലെ വിവാഹത്തിനുശേഷം അമേരിക്കയിൽ അനിൽ – ജിൻസി ദമ്പതികൾ ജീവിതമാരംഭിക്കുന്നു. വലിയ കമ്പനിയിലെ എൻജീനീയറാണെന്നും പറഞ്ഞു വീമ്പടിച്ച അനിൽ അമേരിക്കയിലെ ഒരു ഗ്യാസ് പമ്പിലെ വെറും ടെമ്പററി കൂലിതൊഴിലാളി ആണെന്നും ജിൻസി മനസ്സിലാക്കുന്നു. അനിലിനു മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന പരമാർത്ഥവും ജിൻസി കണ്ടുപിടിക്കുന്നു. അതുപോലെ ജിൻസിക്കും, നാട്ടിൽ അവിഹിത ബന്ധത്തിലൂടെ ഉണ്ടായ കുട്ടി അനാഥാലയത്തിലാണ് വളരുന്നതെന്ന സത്യം അനിലും കണ്ടുപിടിക്കുന്നതോടെ ഇരുവരുടേയും ജീവിതം പരസ്പരം ചെളിവാരിയെറിയലിലൂടെയും സംഘർഷത്തിലൂടെയും മുന്നേറുന്നു.
കഥയിലുടനീളം വൈവിധ്യമേറിയ ഓരോ കഥാപാത്രങ്ങൾ ഈ കൃതിയിൽ അരങ്ങിലെത്തുകയാണ്. നഴ്സായ ഭാര്യയെ കൊണ്ട് രണ്ടു ജോലിയും ചെയ്യിപ്പിച്ച് വീട്ടിലെ ബേസ്മെന്റിൽ കുത്തിയിരുന്ന് ഒരു ജോലിക്കും പോകാതെ ഭർത്താവു, കള്ളുമടിച്ചു, പൊങ്ങച്ചവും പറഞ്ഞു, അവിവാഹിതയായി കുടുംബത്തു നിൽക്കുന്ന ഭാര്യയുടെ അനുജത്തിയുമായി അവിഹിതവേഴ്ചകളും ഗർഭധാരണങ്ങളും, മറ്റുചില കുടുംബങ്ങളിൽ മക്കളും മാതാപിതാക്കളും തമ്മിൽ വിവിധ കാരണങ്ങളാലുള്ള സംഘർങ്ങളും സംഘടനങ്ങളും, പോലീസും കോടതിയും വ്യവഹാരങ്ങളും ജയിൽ ജീവിതവും ഒക്കെ ഉപകഥകളിലുണ്ട്.
ഒരു അമേരിക്കൻ വിസായും, ഗ്രീൻകാർഡും ലഭ്യമാക്കാൻ ഓരോരുത്തർ പെടുന്നപെടാപാടുകളും നെട്ടോട്ടങ്ങളും, അതുപോലെ അമേരിക്കയിലെത്തി രക്ഷപെട്ടശേഷം, അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി, ഫുഡ് സ്റ്റാമ്പ്, മെഡിക്കൽ ആനുകൂല്യങ്ങൾ എല്ലാം ശരിയായി ആർജിക്കാതെ തന്നെ കള്ളത്തരത്തിൽ അതെല്ലാം അനുഭവിച്ചു കൊണ്ടും കൈപി കൊണ്ടും തികഞ്ഞ അഹങ്കാരത്തോടെ അമേരിക്കയ്ക്കുവരാൻ സഹായിച്ചവരേയും അമേരിക്കയേയും ഇവിടത്തെ സിസ്റ്റത്തേയും, നഖശിഖാന്തം വിമർശിക്കുന്നു നന്ദിയില്ലാത്ത അമേരിക്കൻ മലയാളികളേയും ഇവിടെ കാണാം.
നഴ്സിനെ വിവാഹം ചെയ്ത അമേരിക്കയിലെത്തി തുഛ വേതനത്തിൽ വേലയെടുത്ത് ജീവിച്ച ഒരു അമേരിക്കൻ മലയാളിയുടെ കഥയാണ്. അത്യന്തം ദയനീയം. ദാരിദ്ര്യത്തിൻ തീച്ചൂളയിൽ ജീവിച്ചുവന്ന നാട്ടിലെ അഞ്ചു സഹോദരങ്ങളെയാണ് കുടുംബത്തിലെ മൂത്തസഹോദരനായ അയാൾ അമേരിക്കയിലെത്തിച്ച് വിദ്യാഭ്യാസം, ജോലി, സംബന്ധമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത് നല്ല നിലയിലാക്കിയത്. ഈ അഞ്ചുപേരും വിവാഹിതരായി, അവർക്കെല്ലാം നല്ല ജോലിയും പണവും, നിലനിൽപ്പും ആയതോടെ അവർ വന്ന വഴി മറന്നു. തലമറന്ന് എണ്ണതേയ്ക്കാൻ തുടങ്ങി. ആകാശത്തുനിന്ന് അമേരിക്കയിലേക്ക് പൊട്ടിവീണമാതിരിയായി അവരുടെ അഹങ്കാരവും പ്രവൃത്തികളും. അവിഹിതമായ പല കൂട്ടുകെട്ടിലും, നുണകഥകളിലും വശംവദരായ അവർ പാലുതന്ന കൈകളിൽ തന്നെ യാതൊരു നന്ദിയും പരിഗണനയുമില്ലാതെ കേറികടിച്ച്, അവർ ഒറ്റകെട്ടായി, സംഘടിതമായി അവരുടെ അതിജീവനത്തിനും ഉയർച്ചയ്ക്കും കാരണഭൂതനായ മൂത്തസഹോദരനെ എതിർത്തു. നാട്ടിലുള്ളവരേയും അവർ സ്വാധീനിച്ചു. അഹങ്കാരത്തിന്റെ തിമിരം പിടിച്ച അവർ അവരെ സഹായിച്ച മൂത്തസഹോദരനെതിരെ കൗണ്ടി കോടതിയിൽ കള്ള കേസുകൊടുത്തു. എന്നിട്ടും മൂത്തസഹോദരൻ അടിപതറാതെ ഒറ്റയ്ക്കു പിടിച്ചു നിന്നു. മുൻസൂചിപ്പിച്ച സഹോദരങ്ങൾ വിവാഹിതരായ ശേഷം അവരുടെ പങ്കാളികളുടെ കുടുംബക്കാരെ അമേരിക്കയിൽ വരുത്തി. അങ്ങനെ രണ്ടാമതായി വന്ന അവരുടെ മാതാപിതാക്കളും വൃദ്ധജനങ്ങളും അമേരിക്കൻ ഗവൺമെന്റിന്റെ എല്ലാ പെൻഷനുകളും സൗജന്യങ്ങളും കൈപ്പറ്റുന്നു. എന്നിട്ടും അവർക്കാണ് അവരുടെ ഐശ്വര്യത്തിനു കാരണഭൂതനായ വ്യക്തിയോടും, അമേരിക്കൻ സിസ്റ്റത്തോടുതന്നെയും, മുറുമുറുപ്പും എതിർപ്പും. ഇതേമാതിരി അല്ലെങ്കിൽ ഇതിനു സമാനമായതോ മറ്റുവകഭേദങ്ങളോടെയോ ഉള്ള ജീവിത മുഹൂർത്തങ്ങളും, അമേരിക്കൻ മലയാളി കുടിയേറ്റ ജീവിതങ്ങളും വളരെ ഹൃദയസ്പർശിയായി തന്നെ എഴുത്തുകാരൻ കൃതിയിൽ അനാഛാദനം ചെയ്യുന്നു.
കഥയിൽ പറയുന്ന കല്യാണത്തിനും തുടർന്നുള്ള കല്യാണ വിരുന്നിനും എത്തുന്ന ചിലർ ചിലരെ കാണുമ്പോൾ അവരുടെ ഓർമ്മയിലോടി എത്തുന്ന സത്യങ്ങളും, അർദ്ധസത്യങ്ങളും അസത്യങ്ങളുമായ സ്മരണാ പരമ്പരകൾ കൂടെ അവിടവിടെയായി കഥാകാരൻ നിർലോഭം പങ്കിടുന്നുണ്ട്. പള്ളികളിലും അമ്പലങ്ങളിലും പറ്റുന്നത് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിയ്ക്കാനായുള്ള കണ്ണഞ്ചിപ്പിക്കുന്ന ആഭരണവേഷഭൂഷാദികൾ, അതുപോലെ അഭിനവ പുരുഷകേസരിമാരുടെ കേശമീശാദികളിലേർപ്പെടുത്തുന്ന കൃത്രിമ അലങ്കാര കൊത്തുപണികൾ, പള്ളിക്കമ്മറ്റികളിലും ക്ഷേത്ര കമ്മിറ്റികളിലുമുള്ള ഇടിച്ചും അവിടെയൊക്കെ മികച്ച ആളാകാനുള്ള വൈവിദ്ധ്യമേറിയ വാചക കസർത്തുകൾ അഭ്യാസങ്ങൾ, അതുക്കും മേലെയുള്ള പള്ളീലച്ചന്മാരുടെയും ആചാരിപൂജാരികളുടേയും മേൽപ്പട്ടക്കാരുടെയും തിരുവാക്കെതിർവായില്ലാത്ത അടക്കിഭരണവും ന്യായമായ എന്തെങ്കിലും ചോദിച്ചാൽ അവനെ തൂക്കിഎടുത്തു പടി അടച്ചു പിണ്ഡം വയ്ക്കുന്നതുമായ യോഗനടപടികൾ, എല്ലാം ഇതിലെ ചില ഉപകഥകളിൽ മേമ്പൊടിപോലെ ചേർക്കാനും നോവലിസ്റ്റു മറന്നിട്ടില്ല. അമേരിക്കയിലാണ് ജോലിയും കൂലിയും ശമ്പളവും കിമ്പളവുമെങ്കിലും കേരളത്തിൽ നിന്നെത്തിയ വിവിധ മതസ്ഥർക്കും സംഘടനക്കാർക്കും കേരളത്തിലെ ഏതാണ്ട് സകലതും കേരളം, കേരളീയം, ആർഷഭാരത സംസ്കാരം മുഴുവനായി ഇവിടെ പറിച്ചു നടാനോ, കേരളം തന്നെ മുഴുവനായി ഇവിടെ പൊക്കികൊണ്ടുവന്നു പ്രതിഷ്ഠിക്കാനോ ചിലർ ഭഗീരഥ പ്രയത്നം ചെയ്യുന്നു. അതിനായി അമിത പിരിവെടുക്കുന്നു. രമ്യഹർമ്മദേവാലയ മണിമന്ദിരങ്ങൾ, കെട്ടിടങ്ങൾ പണിയുന്നു. ചിലയിടങ്ങളിൽ ദൈവം ലേശം പോലുമില്ലാത്ത ദേവാലയങ്ങൾ പണിത് അതിനുള്ളിൽ ദൈവനാമത്തിൽ തന്നെ പുരോഹിതരും, പുരോഹിത പ്രമാണിമാരും പരമസുഖ ഐശ്വര്യങ്ങളിൽ വാഴുന്നു. നാട്ടിൽ നിന്നെത്തുന്ന ഇത്തരക്കാരേയും രാഷ്ട്രീയ സിനിമാ സംസ്കാരമില്ലാത്ത സാംസ്കാരിക പ്രമാണിമാരെയും എയർപോർട്ടുമുതൽ പൊക്കി എടുത്ത് ആദരിച്ച് തോളിലേറ്റി ആളു കളിയ്ക്കാനും പല അമേരിക്കൻ മലയാളികൾക്കും ഒട്ടും മടിയില്ലെന്നു മാത്രമല്ല അതിനായി പരസ്പരം മത്സരിക്കുകയാണെന്ന് കഥാകൃത്തു കൃതിയിൽ അവിടവിടെയായി പരാമർശിക്കുന്നു. നാട്ടിൽ നിന്നെത്തുന്ന ചില അൽപ്പന്മാർക്ക് അർത്ഥം കിട്ടിയാലുള്ള അവരുടെ നെഗളിപ്പും കൊലച്ചിരികളും അമേരിക്കൻ സംസ്കാരത്തോടും ജീവിതരീതികളോടുമുള്ള അസഹിഷ്ണുത, പുഛം, കണ്ടാൽ കേട്ടാൽ നിഷ്പക്ഷമതികൾ അതിശയിക്കും. ഇവിടത്തെ നേരെവാ, നേരെപോ, കൃത്യനിഷ്ഠ, സത്യസന്ധത, പ്രായേണ അഴിമതിരഹിതമായ പെരുമാറ്റങ്ങളെ, സിസ്റ്റങ്ങളെ സ്വീകരിക്കാൻ തയ്യാറില്ലാത്തവർ അല്ലെങ്കിൽ പുഛിക്കുന്നവർ എന്തുകൊണ്ട് കേരളത്തിലേക്ക് ഇന്ത്യയിലേക്ക് തിരികെ പോകാൻ തയ്യാറാകുന്നില്ലായെന്നു കൂടി എഴുത്തുകാരൻ ചില കഥാപാത്രങ്ങളിലൂടെ വ്യംഗ്യരൂപേണ ചോദിക്കുന്നുണ്ട്.
“ഒരു അമേരിക്കൻ വിരുന്ന്’ എന്ന ഈ കൃതി ഒരു നോവലാണെങ്കിൽ തന്നെയും, മഹത്തായ പല ആശയങ്ങളും ഒരു സാമൂഹ്യപ്രതിബദ്ധതയോടെ തന്നെ എഴുത്തുകാരനായ ശ്രീ കുര്യൻ മ്യാലിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇദ്ദേഹം വളരെ ചെറുപ്രായത്തിൽ തന്നെ കോട്ടയത്തിനടുത്തുള്ള കടുത്തുരുത്തിയിൽ നിന്ന് മലബാറിലേക്ക് കുടിയേറി. ഈ ഗ്രന്ഥകാരന്റെ മലബാർ കുടിയേറ്റ ചരിത്ര പുസ്തകവും വായിച്ചിരിയ്ക്കേതു തന്നെയാണ്. കേരളത്തിലെ, മലബാറിലെ കണ്ണൂരിൽ നിന്ന് ശ്രീ കുര്യൻ സാർ അമേരിക്കയിലെത്തി. ഇന്ന് 85 വയസ്സിനപ്പുറമെത്തിയ അദ്ദേഹത്തിന്റെ സുദീർഘമായ പഠനങ്ങളും ജീവിതാനുഭവങ്ങളും പല അളവിൽ അദ്ദേഹത്തിന്റെ ഓരോ കൃതികളിലും പ്രതിഫലിച്ചിട്ടുണ്ട്. അത് കഥ ആയാലും, ലേഖനമായാലും, ചരിത്രമായാലും അനുഭവത്തിന്റേയും അറിവിന്റേയും മൂശയിൽ ചാലിച്ചെടുത്ത അമൂല്യങ്ങളായ സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ സാഹിത്യ മണിമുത്തുകളാണ്. യാതൊരു മുഷിച്ചിലുമില്ലാതെ അയത്ന ലളിതമായ ഭാഷാശൈലി ഏവർക്കും ഹൃദ്യമായിരിക്കും. “ഒരു അമേരിക്കൻ വിരുന്ന്’ എന്ന ഈ കൃതി. മലയാളിക്കും വിശിഷ്യാ ഏതൊരു വായനാപ്രിയർക്കും ഒരു വിഭവസമൃദ്ധമായ ഭാഷാ സാഹിത്യ വിരുന്നു തന്നെയാണ്. കോഴിക്കോട് സ്പെൽ ബുക്സാണ് പ്രസാധകർ. കുര്യൻ മ്യാലിൽ സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ പുസ്തകം വായനക്കാരുടെ സഹൃദയ സമക്ഷം പരിചയപ്പെടുത്തുന്നിൽ, അതിയായ സന്തോഷമുണ്ട്. പ്രസാധകർക്കും നന്ദി.
(പുസ്തക പരിചയം: എ.സി.ജോർജ്)