വായന ഒരു വാതിൽ ആണ് . അനുഭവങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ നമുക്ക് ഓരോരുത്തർക്കും തുറന്നു വച്ച വാതിൽ. വായനയെ മറക്കരുതെന്ന് ഓർമ്മപ്പെടുത്തി വീണ്ടുമൊരു വായനദിനം കൂടി….
മലയാളിയെ അക്ഷരങ്ങളുടേയും, വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമദിനമാണ് ഇന്ന് .അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ ….
1909 മാർച്ച് 1ന് ആലപ്പുഴയിലെ നീലംപേരൂരിൽ ഗോവിന്ദപിള്ളയുടേയും, ജാനകിയമ്മയുടേയും മകനായി പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കർ ജനിച്ചു. മലയാളം ഹയർ പരീക്ഷ പാസായ ശേഷം നീലംപേരൂർ മിഡിൽ സ്കൂൾ അധ്യാപകനായി. ഇദ്ദേഹത്തിൻ്റെ കഠിന പരിശ്രമം കൊണ്ട് ജന്മദേശത്ത് സ്ഥാപിതമായ വായനശാലയാണ് പിന്നീട് സനാതന ധർമ്മശാലയായ് പ്രസിദ്ധമായത്.
സാമ്പത്തിക പരാധീനത ഉപരിപoനത്തിന് വിഘാതമായി. ബിരുദങ്ങളല്ല മഹത്വത്തിൻ്റെ മാനദണ്ഡമെന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു.പൊതു പ്രവർത്തകർക്ക് മാതൃകയായ നിസ്വാർത്ഥൻ. ചെറുപ്പം മുതൽ വായനയ്ക്കായ് ഉഴിഞ്ഞ് വച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു വളർന്ന അദ്ദേഹം വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോൾ വയസ്സ് 17 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
“നമ്മുടെ നാടിനെ ജ്ഞാനപ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ ” എന്നാണ് സുകുമാർഅഴിക്കോട് പി.എൻ.പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാല സംഘവും, സാക്ഷരതായജ്ഞവും കേരളത്തിൽ വളർത്തിയെടുത്ത നവോത്ഥാനത്തിൻ്റെ അമരക്കാരനായിരുന്നു അദ്ദേഹം.
“വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യം പണിക്കർ കേരളത്തിലെ അയ്യായിരത്തിലേറെ ഗ്രാമങ്ങളിൽ എത്തിച്ചു.ഇതോടെ ഗ്രന്ഥശാലകൾ സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.അതിനായ് അദ്ദേഹം പ്രവർത്തിച്ചു.
അനൗപചാരിക വിദ്യാഭ്യാസ മേഖലയിലും നിരക്ഷരതാ നിർമാർജന രംഗത്തും അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ വിസ്മയാവഹമാണ്. തുടർ വിദ്യാഭാസത്തിനു വേദി സജ്ജമാക്കുന്നതിന് നേതൃത്വം കൊടുത്തതുംഅദ്ദേഹമാണ്.
പുസ്തകങ്ങൾ സമ്പാദിക്കുന്നതിലല്ല, നാം നേടുന്ന വായനാശീലത്തിലാണ് പ്രാധാന്യം.
പുസ്തകങ്ങളിലെ അക്ഷരങ്ങളിൽ നിന്നും കംപ്യൂട്ടർ സ്ക്രീനിലേക്കും, മൊബൈലിലേക്കും വരെ വായനയുടെ സ്വഭാവവും ഘടനയും മാറിയെങ്കിലും വായനയുടെ പ്രാധാന്യം കുറയുന്നില്ല. ഒരാളിലെ മികച്ച കഴിവുകളെ പുറത്തെടുക്കാൻ വായനയ്ക്ക് കഴിയുന്നു. ധാരാളം വായിക്കുന്നതിലല്ല മറിച്ച് വായനയെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് വിജയം കുടികൊള്ളുന്നത്.
ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ലാളിത്യമാർന്ന ജീവിതരീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. അനാർഭാടമായ പ്രവർത്തനസരണിയും, ജീവിതശൈലിയുമായിരുന്നു മുഖമുദ്ര.
അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാൻ ഫെഡിൻ്റെ സെക്രട്ടറിയായും, സ്റ്റേറ്റ് റീഡേഴ്സ് സെൻ്ററിൻ്റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. അക്ഷര കേരളത്തിൻ്റെ പ്രകാശഗോപുരമായ ആ നന്മയുടെ വെളിച്ചം1995 ജൂൺ 19 ന് അണഞ്ഞുപോയി.
മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച ആ മഹാപ്രതിഭയുടെ ചരമദിനമാണ് വായനദിനമായ് ആചരിക്കുന്നത്. അന്ധതയിൽ നിന്നും അജ്ഞതയിൽ നിന്നും സമൂഹത്തെ അറിവിൻ്റെ വെളിച്ചത്തിലേക്ക് നയിച്ച ആ കർമ്മയോഗിയുടെ… മഹാനായ ഗുരുനാഥൻ്റെ .. നിത്യസ്മരണക്കു മുന്നിൽ പ്രണാമം…
അവതരണം : അജി സുരേന്ദ്രൻ