17.1 C
New York
Wednesday, August 17, 2022
Home Special ഓർമ്മകൾക്ക് എന്ത് സുഗന്ധം - ഭാഗം (72) - കാണാതെ പോയവർ

ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (72) – കാണാതെ പോയവർ

തയ്യാറാക്കിയത്: സൈമ ശങ്കർ

പണ്ട് കാലത്തെ ചില തൊഴിലുകളും അത് ചെയ്തു ജീവിച്ചവരെയും ഇപ്പോൾ കാണാനില്ല.. നിങ്ങൾ ഓർക്കുന്നുവോ…?

“കല്ല് കൊത്താനുണ്ടോ കല്ല് “എന്നും വിളിച്ചു ചോദിച്ചു വീടുകളിൽ അമ്മി ക്കല്ല് കൊത്താൻ വരുന്ന കല്ലുകൊത്തുകാരെ ഓർമ്മയുണ്ടോ. അന്നൊക്കെ കറികൾക്കും, ചമ്മന്തിയ്‌ക്കും അരയ്ക്കാൻ അമ്മിക്കല്ലും, മുളക്മല്ലി അരി യൊക്കെ പൊടിക്കാൻ ഉരലും, ഇഡ്ഡലി, ദോശ യ്ക്ക് മാവാട്ടാൻ ആട്ടുകല്ലും ഉപയോഗിച്ചിരുന്നല്ലോ. കല്ലിന്റെ ഘർഷണം കൂട്ടാൻ വേണ്ടി കല്ല് കൊത്തുകാർ വന്നു ചെറിയ കൊത്തിലൂടെ കല്ലിൽ പൊട്ടുപോലെ കുഴികൾ ഉണ്ടാക്കും .എളുപ്പത്തിൽ അരഞ്ഞു കിട്ടാനും പൊടിഞ്ഞു കിട്ടാനും ഒക്കെ ഇത് വലിയ പ്രയോജനം ചെയ്യും. മിക്സി, ഗ്രൈൻഡർ വന്ന് അമ്മിക്കല്ലിനെയും, ആട്ടൂ കല്ലിനെയും, ഉരലിനെയും വീടിനു പുറത്താക്കിയതിനാലാവും കല്ലുകൊത്തുകാരെയും ഇപ്പോൾ കാണാനില്ല.

തിരുപ്പൻ വേണോ തിരുപ്പൻ എന്നും ചോദിച്ചു കുറച്ചു തിരുപ്പനും കയ്യിൽ തൂക്കി സ്ത്രീകൾ ഒറ്റയ്ക്കും രണ്ടുമൂന്നു പേര് ചേർന്നും നടക്കുന്നത് കാണാമായിരുന്നു. ചിലപ്പോൾ ചിലരുടെ തോളിൽ തൂക്കിയ മാറാപ്പിൽ പൊടികുഞ്ഞുങ്ങൾ ഉറങ്ങുന്നുണ്ടാവും. ഉണർന്നു ഇരുന്നാലും അതിനെ ദേഹത്തോട് ചേർത്ത് തുണി കൊണ്ട് കെട്ടി തന്നെ യാവും യാത്ര. ചില വീടുകളിൽ സ്ത്രീകളുടെ തലയിൽ നിന്നും ചീകുമ്പോൾ കൊഴിയുന്ന മുടി എല്ലാം എടുത്തു സൂക്ഷിച്ചു വച്ച് ഈ തിരുപ്പൻ വിൽപ്പനക്കാരെ ക്കൊണ്ട് തിരുപ്പൻ ഉണ്ടാക്കിയ്ക്കും. പകരം കുറച്ചു പഴം കഞ്ഞിയോ പഴയ തുണിത്തരങ്ങളോ, ചിലപ്പോൾ ഇടങ്ങഴി അരിയോ, കാലണ യോ കൊടുക്കും.വിവിധ രീതിയിൽ കെട്ടിവച്ച ഭംഗിയേറിയ തിരുപ്പനും വിഗ്ഗു കളും ധാരാളമായി വിൽക്കുന്ന ഷോപ്പുകൾ പ്രചാരത്തിൽ വന്നതിനാലാവും തിരുപ്പൻ വിൽപ്പനക്കാരെയും കാണ്മാനില്ല.

പണ്ട് കാലത്ത് യാത്രകൾ അധികവും കാൽ നട ആയിരുന്നെങ്കിലും കാലിൽ ചെരുപ്പ് ഇടുന്നവർ കുറവായിരുന്നു. കാരണം ഇന്നത്തെ പോലെ ബ്രാൻഡഡ് ചെരുപ്പുകടകൾ ഇല്ലായിരുന്നു. കൂടാതെ ചെരുപ്പ് വാങ്ങാൻ ഉള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരും, ചെരുപ്പ് ഒരു ആഡംബരമായി കരുതിയവരും ധാരാളം ആയിരുന്നു. പ്ലാസ്റ്റിക്,റബ്ബർ, കൂടാതെ വിരളമായി തുകൽ ചെരുപ്പ്, ഷൂസ് ഒക്കെ ഉപയോഗിക്കുന്നവർ ഉണ്ടായിരുന്നു. ഒരു ചെരുപ്പ് വാങ്ങിയാൽ അത് തന്നെ ഏറെക്കാലം ഉപയോഗിക്കും.അത് അടിഭാഗം തേഞ്ഞു ഉപ്പൂറ്റി തറയിൽ തൊട്ടാലും പിന്നെ യും കുറെ ക്കാലം ഉപയോഗിക്കും.ഈ ചെരുപ്പിന്റെ ഒക്കെ വാറു പൊട്ടിയാൽ തുന്നി കെട്ടാൻ വഴിയരികിൽ ചെരുപ്പുകുത്തികൾ ഇരിക്കാറുണ്ട്.ഷൂസ് പോളീഷ് ചെയ്യുക, സോൾ ഇളകിയവ ഒട്ടിച്ചു കൊടുക്കുക, പൊട്ടിയതും, തേഞ്ഞതും കീറിയതുമായ ചെരുപ്പു കൾ, ഷൂസുകൾ എല്ലാം പരമാവധി അറ്റകുറ്റ പണികൾ ചെയ്തു വീണ്ടും ഉപയോഗപ്രദ മാക്കി കൊടുത്തിരുന്ന ചെരുപ്പുകുത്തികൾ ഇപ്പോൾ കാണാതായിട്ടുണ്ട്. ഇപ്പോൾ ഡ്രെസ്സിനു മാച്ചിംഗ് ആയിട്ട് ധാരാളം ചെരുപ്പുകളും ഷൂസുകളും വാങ്ങി വീട്ടിൽ ശേഖരിക്കുന്നവരാണ് അധികവും. ഷൂ പൊളീഷും വീട്ടിൽ തന്നെ വാങ്ങിവച്ചിട്ടുണ്ടാവും. കൂടാതെ പൊട്ടിയതും തേഞ്ഞതുമായ ചെരുപ്പുകൾ ഒക്കെ അപ്പോൾ തന്നെ കുപ്പ തൊട്ടിയിൽ കളയുമെന്നല്ലാതെ റിപ്പയർ ചെയ്തു പുനരുപയോഗം ഇല്ലാത്തതിനാലാവും ചെരുപ്പുകുത്തി കളുടെ സഹായം ആവശ്യമില്ലാതായി.

കൈനോക്കി ഭാവി ഭൂതം വർത്താനം പറയുന്നവരും, മുഖലക്ഷണം പറയുന്നവരും, കിളി ജ്യോതിഷക്കാരെയും കാണാനില്ലല്ലോ. തത്തയെയും കൂട്ടിലടച്ചു കുറച്ചു ചീട്ടും കൊണ്ട് അമ്പല പറമ്പിലും നാൽക്കവല കളിലും ഇരുന്നവർ. കിളിയെ കൂട്ടിൽ നിന്നും ഇറക്കി വന്നിരിക്കുന്ന ആളിന്റെ പേരും നക്ഷത്രം പറഞ്ഞു കിളിയോട് ചീട്ട് എടുക്കാൻ പറയും. കിളി കുറെ ചീട്ട് കുടഞ്ഞിട്ട് ഒന്നു കൊത്തി യെടുത്തു കൊടുക്കും. ഏതെങ്കിലും ദൈവത്തിന്റെ പടം കാണും അതിൽ. അതിന്റെ അടിസ്ഥാനത്തിൽ ഭാവി ഫലം പറയുന്ന ജ്യോത്സ്യൻ. കൂടാതെ വീട്ടുപടിക്കൽ വന്നു കൈനോക്കി ലക്ഷ്ണം പറയാൻ എത്തുന്നവർ. മുഖം നോക്കി വരാനിരിക്കുന്ന നല്ല കാര്യമറിയിക്കാം എന്നും പറഞ്ഞു വരുന്നവർ, കമ്പ്യൂട്ടർ മൂലം ഇപ്പോൾ ജ്യോത്ഷ്യ വിവരം എല്ലാം ലഭ്യമായതിനാൽ ആവും ഇവരെ ഒന്നും ഇപ്പോൾ കാണാറില്ല.

തെരുവിൽ വൈദ്യുതി വിളക്ക് വരും മുന്നേ രാത്രിയിൽ ഒരു റാന്ത

ൽ വിളക്ക് വെട്ടം അകലെ കണ്ടാൽ അറിയാം അതൊരു കാളവണ്ടി ആണെന്ന്.ഇപ്പോൾ കാളവണ്ടിയും, വണ്ടിക്കാരനും ഇല്ല.രാത്രിയിൽ പകൽ പോലെ വെളിച്ചം പകരുന്ന വൈദ്യുതി വിളക്കിന്റെ വെളിച്ചത്തിൽ റാന്തൽവിളക്ക് നിഷ്പ്രഭമായതിനാലാവും കാളവണ്ടിക്കാരനെയും കാണാറില്ല.

പഴയ തകരം, ഇരുമ്പ്,പൊട്ടിയ പാത്രങ്ങൾ, കന്നാസ്, കുപ്പികൾ,പഴയ ബുക്ക്‌, പത്ര ക്കടലാസ് എന്ന് വിളിച്ചുകൂവി ഇതൊക്കെ എടുക്കാൻ വേണ്ടി വീടുകളിൽ ആക്രി കച്ചവടക്കാർ പോകുമായിരുന്നു.മേല്പറഞ്ഞവയിൽ ഏതെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ അവർക്കു കൊടുത്താൽ പകരം ഈന്ത പഴം, കടല, ഒക്കെയാവും കിട്ടുക. ചിലപ്പോൾ വളരെ തുച്ഛമായ പൈസാലഭിക്കും. ഇപ്പോൾ പഴയ സാധനങ്ങൾ വാങ്ങാനും ഷോപ്പുകൾ ഉണ്ടായിരിക്കുന്നു. പകരം നമുക്ക് ഇഷ്ടം ഉള്ള വീട്ടുപകരണം വാങ്ങുകയോ പണം ആയി വാങ്ങുകയോ ചെയ്യാമെന്ന സ്ഥിതി ആയതോടെ ആക്രി കച്ചവടക്കാരുടെ വരവും മിക്കവാറും നിലച്ചു എന്ന് തന്നെ പറയാം

എട്ടുവച്ചാൽ പത്തു കിട്ടും എന്ന് പറഞ്ഞു കാണികളുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ട് ഒരു ടിന്നിൽ കുലുക്കി കുത്തി എട്ടുകളി (കിട്ക്ക്) എന്നൊരു കളിക്കാരൻ ഉണ്ടായിരുന്നു. ഉത്സവ പറമ്പിലും, ചന്തപ്പുറത്തും ഇക്കൂട്ടരേ കാണാമായിരുന്നു. ഇപ്പോൾ അവരെയും കാണാനില്ല.

പാമ്പിനെ ഇണക്കി മകുടി ഉപയോഗിച്ച് ഊതി അഭ്യാസങ്ങൾ നടത്തി ഉപജീവനമാർഗ്ഗമാക്കി തെരുവിലലയുന്ന ഒരു വിഭാഗമായ  പാമ്പാട്ടി മാരെയും ഇപ്പോൾ കാണാനില്ല.മകുടി അഥവ പുംഗി ആദ്യകാലത്ത് പരമ്പാരഗത സംഗീതത്തിന്റെ ഭാഗമായിട്ടാണ് രൂപപ്പെട്ടത്. അത് വച്ച് ഊതുമ്പോൾ പാമ്പുകൾ തല നിവർത്തി പത്തി വിടർത്തി ഞെളിയുക യും ആടുകയും ചെയ്യും… അത് കണ്ടിട്ട് ആണോ മകുടി ശബ്ദം കെട്ടിട്ടാണോ അറിയില്ല, ആൾക്കാർ കൂടുകയും ചില്ലറ തുട്ടുകൾ പാമ്പാട്ടി വിരിച്ച തോർത്തിൽ വീഴുകയും ചെയ്യുമായിരുന്നു. പാമ്പുകളെ കിട്ടാഞ്ഞിട്ടാണോ ആവോ ഇപ്പോൾ പാമ്പാട്ടികളെയും കാണാനില്ല.

പണ്ടത്തെ ഓല കൊട്ടകയിൽ സിനിമ കാണാൻ ഇരിക്കുമ്പോൾ അകത്തു കയറി വന്ന്‌ വിൽപ്പന നടത്തുന്ന കപ്പലണ്ടി കച്ചവടക്കാരെ ഓർക്കുന്നുവോ. പഴയ ന്യൂസ്‌ പേപ്പറും, നോട്ടു ബുക്കിന്റെ എഴുതിയ താളും കോൺ ആകൃതിയിൽ ആക്കി അതിൽ തോലോട് കൂടി വറുത്ത കപ്പലണ്ടിയും, മഞ്ഞ കളറിൽ ഉരുണ്ട കടലയും നിറച്ച് പത്തു പൈസായ്ക്ക് വിൽക്കുന്നവർ എവിടെ?ഇപ്പോൾ സിനിമ കാണാൻ ശീതീകരിച്ച മൾട്ടിപ്ലക്സ് കളും അതിനുള്ളിൽ കഴിക്കാൻ പോപ്‌കോണും, കൂൾഡ്രിങ്ക്സുകളും, വിലകൂടിയ ചോക്ലേറ്റ്, ഐസ്ക്രീം ഒക്കെ ലഭ്യമായതോടെ കപ്പലണ്ടി ആർക്കും വേണ്ടാതായി എന്ന് വേണം കരുതാൻ.

പണ്ടൊക്കെ പുഴയും കായലും താണ്ടി ഇക്കരയ്ക്ക് അക്കരെ പോകാനും, സാധനങ്ങൾ കൊണ്ടുപോകാനും കടത്തു തോണിയും തോണിക്കാരനും മാത്രം ആയിരുന്നു ആശ്രയം ( വള്ളം, വഞ്ചി എന്നൊക്കെ പേരുണ്ട് )എന്നാൽ ഇപ്പോൾ ബോട്ടുകളും യന്ദ്രം ഘടിപ്പിച്ച ചങ്ങാടങ്ങളും, കൂടാതെ പാലങ്ങൾ ഒക്കെ ഉണ്ടായതോടെ പുഴയിലെയും , കായലിലെയും യാത്ര കൂടുതൽ സുഗമമായി.അതിനാലാവും പണ്ടത്തെ പോലെ പങ്കായം വച്ച് തുഴയുന്ന തോണിക്കാരനെയും വിരളമായി മാത്രം കാണപ്പെടുന്നു.

അന്നൊക്കെ മൺ പാത്രങ്ങൾ. അലുമിനിയം പാത്രങ്ങൾ ഒക്കെയും കുട്ടയിൽ വച്ച് കയറിൽ ഉണ്ടാക്കിയ വലിയ വലയിൽ കെട്ടി തല ചുമടായി വീട് വീടാന്തരം വിൽപ്പന നടത്തിയിരുന്ന പാത്ര കച്ചവടക്കാരുണ്ടായിരുന്നു . ചില ഇടങ്ങളിൽ അണ്ണാച്ചി എന്നും വിളിച്ചിരുന്നു. ചട്ടി, പാന, കുടം എന്ന് വിളിച്ചു കൂവി യാണ് നടന്നിരുന്നത്. അലുമിനിയം പാത്രം കച്ചവട ക്കാരും, മൺപാത്രം കച്ചവടക്കാരും വേറെ വേറെ വിഭാഗത്തിൽ പെട്ടവരായിരുന്നു. വിധവിധമായ വലിപ്പത്തിലും മോഡലിലും ധാരാളം പാത്രങ്ങൾ അടുക്കിവച്ച വിശാലമായ ഷോറൂമുകൾ പാത്ര കച്ചവടത്തിനായി ഇപ്പോൾ ഉള്ളതിനാലാവും തലച്ചുമടുമായി നടന്ന പാത്രം വിൽപ്പനക്കാരെയും കാണാനില്ലല്ലോ.

കുരങ്ങിനെ വച്ച് വിദ്യ കാണിച്ചു കാണികളിൽ നിന്നും കാശു വാങ്ങി ഉപജീവനം നടത്തുന്നവരെ നാൽക്കവലയിലും, അങ്ങാടിപ്പുറത്തും കണ്ടിരുന്നു. റോഡരുകിൽ രണ്ട് മുള കമ്പ് കെട്ടി അതിൽ അയ പോലെ കയർ കെട്ടി അതിലൂടെ നടക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഒരു നീളൻ മുളക്കമ്പ് കയ്യിൽ പിടിച്ചു അതിന്റെ ബാലൻസിൽ ഒരറ്റം മുതൽ മറു വശം വരെ കയറിലൂടെ നടക്കുന്നത് വഴിപോക്കർ ശ്വാസം വിടാതെ നോക്കി നിൽക്കും. കൂടാതെ കയറിന്റെ നടുവിൽ ഒറ്റക്കാലിൽ നിന്ന്‌ , മറ്റേ കാൽ കൊണ്ടും, കൈകൊണ്ടും ഗ്ലാസ്.. പ്ലേറ്റ് ഒക്കെ കുറെ എണ്ണം തലയിൽ ഒന്നിന് മേലെ ഒന്നായി വയ്ക്കുകയും തിരിച്ചു എടുക്കുകയും ഒക്കെ ചെയ്യും. ഈ അഭ്യാസങ്ങൾക്ക് ഒക്കെ സാക്ഷിയാകുന്ന കാണികൾ കൈയടി മാത്രം അല്ല എന്തെങ്കിലും വാങ്ങാൻ ആയി കയ്യിൽ കരുതിയിരിക്കുന്നതിൽ നിന്നും ചില്ലറ തുട്ടുകൾ കൊടുക്കുകയും ചെയ്യും.

ഇവരൊക്കെ ഇപ്പോൾ കൂടുതൽ സൗകര്യപ്രദമായ ഉപജീവനമാർഗ്ഗം നേടി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കാം.ഇനിയും ഇങ്ങനെ കാണാതായവർ ധാരാളം ഉണ്ടെങ്കിലും തല്ക്കാലം ഇത്രയും തിരഞ്ഞെടുത്തു ഓർമ്മചെപ്പിൽ സൂക്ഷിക്കാം

തയ്യാറാക്കിയത്: സൈമ ശങ്കർ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: