ചരിത്രങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല… ഒന്നിനോടെന്നു ബന്ധപ്പെടുത്തി, ഇഴ കലർത്തി , അവയിങ്ങനെ അവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഓരോന്നും ഓരോ അദ്ധ്യായങ്ങൾ മാത്രം. അവയിലോരോന്നിലും ഉള്ളുലയ്ക്കുന്ന ആത്മനിസ്വനങ്ങൾ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു. പുറമേ കാണുന്നവയല്ലാതെ ആരും അതിന്റെ ഉള്ളറകളിലെ വിതുമ്പലും നെടുവീർപ്പുകളേയും കാണാൻ ശ്രമിക്കാറുമില്ലല്ലോ.
പരശുരാമൻ പ്രതിഷ്ഠ നിർവ്വഹിച്ചതായി കരുതുന്ന പഴയ ക്ഷേത്രമാണ് അയ്യപ്പൻ കോവിൽ ശ്രീ. ധർമ്മശാസ്താ ക്ഷേത്രം ; അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ , പെരിയാറിന്റെ തീരത്തായി സ്ഥിതി ചെയ്തിരുന്നു. ഇപ്പോൾ ഇടുക്കി അണക്കെട്ടിലെ ജലസംഭരണ കേന്ദ്രത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തെക്കുറിച്ച് അല്പ്പമൊന്നറിയാം.
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ വൃഷ്ടിപ്രദേശത്തുള്ള അയ്യപ്പൻ കോവിൽ പഞ്ചായത്തിലാണ് പുണ്യപുരാതനമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യുഗങ്ങളുടെ പഴക്കവും ആദിദ്രാവിഡ സംസ്ക്കാരത്തോട് ബന്ധമുള്ളതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമല നായ്ക്കൻ അയ്യപ്പൻ കോവിലിന് അടുത്ത് വേട്ടയ്ക്ക് വരികയും അമ്പലം കാണുകയും തുടർന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. ക്ഷേത്ര പരിസരങ്ങളിൽ കാണുന്ന ശിലാലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്. ഊരാളി, മലയരയൻ, മന്നാൻ എന്നീ ആദിവാസി ഗോത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം.
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു. റിസർവോയറിൽ ജലം നിറയ്ക്കാൻ തുടങ്ങിയപ്പോൾ (1975-ൽ ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ക്ഷേത്രം പൊളിച്ചെടുത്ത് അടുത്ത് തന്നെയുള്ള തൊപ്പിപ്പാള എന്ന സ്ഥലത്ത് സ്ഥാപിച്ചു. ഇത് ഊരാളി, മന്നാൻ സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കി. തുടർന്ന് 2001 ൽ ചില സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രം പുനർ നിർമ്മിച്ചു.
ക്ഷേത്രത്തിനടുത്ത് ഡാമിനു കുറുകെ തൂക്കുപാലം നിർമ്മിച്ചതോടെ നിരവധി വിനോദസഞ്ചാരികളും ക്ഷേത്രം കാണാനായി ഇവിടെ എത്തുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കാണുന്ന ഗുഹ വനവാസകാലത്ത് പാണ്ഡവർ നിർമ്മിച്ചതാണെന്നും ഇതിന്റെ മറ്റു കവാടങ്ങൾ തുറക്കുന്നത് ശബരിമല, മധുരമീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കാണ് എന്നും പറയപ്പെടുന്നു. ഇവിടെ കാണുന്ന നിലവറ മേൽ ശാന്തിമഠമായി ഉപയോഗിച്ചിരുന്നതാണെന്നും പറയപ്പെടുന്നു.
1963 – ൽ ഇടുക്കി ജലവൈദ്യുതപദ്ധതിക്കുവേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ക്ഷേത്രം ജലാശയമാകേണ്ട ഭാഗത്തായി. അങ്ങനെയാണ് പകരമായി സ്വരാജ് – തൊപ്പിപ്പാളയ്ക്കടുത്ത് ക്ഷേത്രം നിർമ്മിച്ചു നൽകിയത്, അയ്യപ്പൻ കോവിൽ, വെള്ളിലാംകണ്ടം, മടുക്ക എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പകരം ഭൂമിനൽകി കുടിയൊഴിപ്പിച്ചു. കേരളത്തില ഏറ്റവും വലിയ കുടിയിറക്ക് നടന്നത് ഇവിടെയാണ്.
പെരിയാർ നദിക്കു കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് അയ്യപ്പൻ കോവിൽ തൂക്കുപാലം. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലവും കൂടിയാണ് ഇത്.
✍സിസി ബിനോയ് വാഴത്തോപ്പ്.