*നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥികൾ *
” നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു….
നീയിതു കാണാതെ പോകയോ….
നീയിതു കാണാതെ പോകയോ….”
നീലക്കുറിഞ്ഞി എന്ന പേരു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന ഒരു ഗാനമാണിത്.
നേർത്ത മഞ്ഞിൻ തണുപ്പിൽ….നീല വിരിയിട്ട മലമടക്കുകളും … കുന്നിൻപുറങ്ങളും ….!! എത്ര മനോഹരമാണ്… മൂന്നാറിലെ പുലരിക്കാഴ്ച … ഇത് ഇടുക്കിയുടെ പ്രത്യേക കാഴ്ച തന്നെ… ഇടയ്ക്ക് ഒളിനോട്ടവുമായി എത്തുന്ന സൂര്യകിരങ്ങൾ …,കുറിഞ്ഞി പൂക്കളോട് എന്തോ കിന്നാരം പറയുമ്പോലെയുണ്ടാവും.
പശ്ചിമഘട്ടമലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന പുഷ്പിതസസ്യമാണ് നീലക്കുറിഞ്ഞി. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററിൽ താഴെയും 1400 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലും ഇവ വളരുന്നു. കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന ഈ സസ്യങ്ങൾ 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.
ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത ഈ പൂക്കൾ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്.
നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപ്പിക്കുന്നു. പുഷ്പിച്ചു കഴിഞ്ഞു അല്പ്പ നാളുകൾക്കുശേഷം ഇവയിൽ നിന്ന് ‘മുതുവാൻമാർ’ തേൻ ശേഖരിക്കാറുണ്ട്.
ആദിവാസി വർഗ്ഗമായ ‘തോടർ’ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.
ആദിവാസികൾ തിനയെന്നു വിളിക്കുന്ന കുറിഞ്ഞിയ്ക്ക് അവരുടെ ആചാര അനുഷ്ഠാനങ്ങളിൽ സവിശേഷ പ്രാധാന്യമുണ്ട്. തമിഴ് സംഘസാഹിത്യത്തിൽപ്പെട്ട പശ്ചിമഘട്ട മലനിരയ്ക്ക് കുറിഞ്ഞിത്തിണ എന്നാണ് പേരിട്ടിരിക്കുന്നത്.
1838 ലാണ് 12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് കണ്ടുപിടിച്ചത്. മൂന്നു ജർമ്മൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു.
നീലഗിരിക്കുന്നുകളിലും, കൊഡൈക്കനാൽ മേഖലയിലും നീലക്കുറിഞ്ഞികൾ സമൃദ്ധമായി കാണാം. വരയാടുകളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന ഇരവികുളം ദേശീയോദ്യാനവുമായി നീലക്കുറിഞ്ഞികൾക്ക് ഇഴ പിരിയാത്ത ബന്ധമാണുള്ളത്. മൂന്നാർ നീലക്കുറിഞ്ഞിയുടെ സ്വർഗ്ഗലോകം എന്നത് ഒരു അപരനാമമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ഇടുക്കിയുടെ മറ്റു ചില ഭാഗങ്ങളിലും നീലക്കുറിഞ്ഞികൾ ദൃശ്യവിസ്മയം ഒരുക്കിക്കൊണ്ടിരിക്കുന്നു.
വയലറ്റ് കലർന്ന നീലനിറത്തിൽ നിറയെ പൂത്തുലഞ്ഞ് നിൽക്കുന്ന നീലക്കുറിഞ്ഞികൾ കണ്ണിന് കുളിർമ്മയേകുന്നു. മണമില്ല എങ്കിലും പൂക്കളിൽ തേനിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇക്കാലത്ത് തേനീച്ചകളുടെ വരവും തേൻ നുകരുന്ന ഫോർ വിങ്ങ്സ് എന്ന ചിത്രശലഭത്തിന്റെ വിഹരിക്കലും പ്രകൃതി സ്നേഹികളുടെ കണ്ണിന് വിരുന്നൊരുക്കുന്നു.
നല്ല തണുപ്പിൽ മാത്രം വളരുന്ന ഈ ചെടിയുടെ 250 ഓളം സ്പീഷിസുകൾ ലോകമാകമാനമുണ്ട് അതിൽ 46 ഇനങ്ങളാണ് പശ്‌ചിമഘട്ടത്തിലുള്ളത്.
മൂന്നു മാസങ്ങൾ നീണ്ടു നില്ക്കുന്ന പൂക്കാലത്തിനു ശേഷം ചെടികൾ ഉണങ്ങി വിത്തുകൾ നിലത്തു പൊഴിച്ച് ചെടി പൂർണ്ണമായി നശിച്ചു പോകുന്നു.
വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ച് ഇവ സ്വയം നശിക്കുന്നു.
ഇനിയും കാണാത്തവർക്കായി …. പന്ത്രണ്ടു വർഷത്തിലൊരിക്കൽ നിറക്കാഴ്ചകളുമായി എത്തുന്നു ….ഇടുക്കിയിലെ നീലക്കുറിഞ്ഞിമലകൾ .. കാവ്യ മനോഹരിയായി…
സിസി ബിനോയ്
വാഴത്തോപ്പ് .✍