കർഷകരും കൃഷികളും ഏറെയുള്ള ജില്ലയാണ് ഇടുക്കി.
പറയുകയാണെങ്കിൽ വെറും വട്ടപ്പൂജ്യത്തിൽ നിന്നും ജീവിതം ആരംഭിച്ചവർ….
എന്നാൽ വട്ടപ്പൂജ്യവും ഏറ്റവും വിലയുള്ളതാക്കുന്നവരാണ് …ഇടുക്കിക്കാർ ….
മനുഷ്യൻ യാഥാർത്ഥ്യത്തെ ഗ്രഹിക്കുന്നത് പലപ്പോഴും അനുഭവങ്ങൾ കൊണ്ടാണെന്നു തോന്നുന്നു. ഇവിടെയുള്ളവർ ഒരുപാട് അനുഭവസമ്പത്ത് ഉള്ളവരാണ് … അതുകൊണ്ടു തന്നെ ഏതു സാഹചര്യങ്ങളേയും അതിജീവിക്കാനുള്ള കരുത്തും അവർക്കുണ്ടാവും. എന്നു തന്നെയാണ് എന്റെ കാഴ്ചപ്പാടും.
“പൂജ്യത്തെ നോക്കുക, നിങ്ങൾ ഒന്നും കാണില്ല,
പൂജ്യത്തിലൂടെ നോക്കുക, നിങ്ങൾക്ക് ലോകം മുഴുവനും കാണാം.”
ഇത് റോബർട്ട് കപ്ലാൻ എന്ന ഗണിത ശാസ്ത്രജ്ഞന്റെ വാക്കുകളാണ്.
ഇത് ഇപ്പോൾ പറഞ്ഞത് മറ്റൊന്നിനുമല്ല, വെറും പൂജ്യമായി കണക്കാക്കുന്നവരുടെ ഉള്ളിലൂടെ നിങ്ങൾ ഒന്നു നോക്കൂ… ഒരു ലോകം തന്നെയാവുമത്… അവരുടെ അറിവുകളും അനുഭവസമ്പത്തും വിലമതിക്കാനാവാത്തതു തന്നെയാവും.
ഒരു അനുഭവം കൂടി ഈയവസരത്തിൽ പറയട്ടേ… ഇടുക്കിക്കാർ എന്നു കേൾക്കുമ്പോൾ പുച്ഛിച്ചു തള്ളുന്നവരെ കണ്ടിട്ടുണ്ട്.
ഓ… അവിടെ കാടല്ലേ … മലയല്ലേ…. ആനയും കടുവയുമൊക്കെയല്ലേ … പേട്യാവില്ലേ …. കാട്ടുവാസികൾ …
പഠിക്കുന്ന അവസരങ്ങളിലും അല്ലാതെയുമൊക്കെ കേട്ടിട്ടുള്ള പരിഹാസങ്ങൾ….
പക്ഷേ അന്ന് ചൂളിപ്പതുങ്ങിയിരുന്നെങ്കിലും ഇന്ന് അതിനുള്ള മറുപടി ഓരോ ഇടുക്കിക്കാർക്കും കൊടുക്കുവാനാകുമെന്ന് ഉറപ്പിച്ചു പറയുവാനാകും.
പ്രകൃതി സ്നേഹികളെന്നും മൃഗസ്നേഹികളെന്നും സ്വയം നടിച്ച് ഘോര ഘോരം പ്രസംഗിച്ച് വാദിച്ച് കുറെ കപട പരിസ്ഥിതി വാദികളും … മൃഗ സ്നേഹികളും പരിസ്ഥിതി വാദവുമായി ഇറങ്ങുന്നു.
മേടകളിലിരുന്ന് എഴുതുവാനും പ്രസംഗിക്കുവാനും വർഷാവർഷം സഞ്ചിയും തൂക്കി പരിസ്ഥിതി പഠനം നടത്തുവാനും ഈ പറയുന്ന പ്രയാസമൊന്നുമില്ല… കൃഷിയെന്തെന്നും കർഷകർ ആരെന്നും മനസ്സിലാക്കണമെങ്കിൽ, കർഷകർ എങ്ങിനെയാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതെന്ന് അറിയണമെങ്കിൽ.. ഇവിടെയുള്ള വട്ടപ്പൂജ്യങ്ങളിലൂടെ നോക്കൂ…
പുലരുമ്പോൾ മുതൽ പണിയെടുക്കുന്നവൻ …വെയിലത്തും മഴയത്തും ഒരു പോലെ…
വിത്തും വളവും പണിയായുധങ്ങളും വാങ്ങണമെങ്കിൽ നീക്കിയിരുപ്പൊന്നും ഉണ്ടാവില്ല. എന്നാൽ വായ്പയെടുക്കാമെന്നു വച്ച് ചെന്നാലോ… ഏക്കറുകൾ ഇല്ലാത്തവർക്ക് ആരു വായ്പ കൊടുക്കാൻ..!! ഇനി കൊള്ള പലിശയ്ക്കു കിട്ടിയെന്നിരിക്കട്ടെ .. ഉത്സാഹിച്ചു പണിയെടുത്ത് ഉണ്ടാക്കിയവ മുഴുവൻ ഒറ്റ രാത്രി കൊണ്ട് ഇല്ലാതായിപ്പോകുമ്പോഴുള്ള വേദന …സഞ്ചി തൂക്കി നടക്കുന്നവർക്ക് പറഞ്ഞാലൊന്നും മനസിലാവില്ല.
ഇടുക്കി വനപ്രദേശം കൂടുതലുള്ള ജില്ല തന്നെയാണ്. എന്നിരുന്നാലും ഇവിടെ ആളുകൾ ജീവിച്ചിരുന്നു. വന്യമൃഗങ്ങളോട് പടപൊരുതിത്തന്നെ. ഇപ്പോൾ ഇത്രയും തെളിഞ്ഞ മനുഷ്യവാസമുളയിടങ്ങളിൽ പോലും കടുവയും, പുലിയും, കാട്ടുപോത്തും ആനയും ഇറങ്ങി മനുഷ്യർക്കു ഭീഷണിയാകുന്നു. വന്യമൃഗങ്ങൾപ്പോലും അവരിലൊരാളെ ആക്രമിച്ചാൽ കൂട്ടത്തോടെ എത്തി എതിരാളിയെ തകർത്തു കളയുന്നു. അതിന്റെ പകുതി പോലും ബോധമില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യർ.
സ്വന്തം സമൂഹത്തോടില്ലാത്ത കടപ്പാടും സ്നേഹവും കൊണ്ടിറങ്ങിയിരിക്കുകയാണ് മൃഗ സ്നേഹികൾ. എത്രയോ മനുഷ്യ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത് മൃഗസ്വാതന്ത്ര്യം കൊടുത്തതിൽപ്പിന്നെ .
അതൊക്കെ പോകട്ടെ, വ്യവസായങ്ങൾ ചവച്ചു തുപ്പുന്ന മാലിന്യങ്ങൾ കാലാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടാക്കിയത് സത്യമെന്നിരിക്കെ, പുതുതായി പൊട്ടിമുളയ്ക്കുന്ന മാറാരോഗങ്ങളിൽ വൈദ്യശാസ്ത്രം തന്നെ പകച്ചു നിൽക്കേ, അനുഭവസ്ഥമായ യാഥാർത്ഥ്യത്തിലേയ്ക്ക് …. വട്ടപ്പൂജ്യത്തിലേയ്ക്ക് ഒന്നു കണ്ണു തിരിച്ചു നോക്കൂ…
ലോകത്തെ കാണൂ…. അറിയൂ…