അകന്ന ബന്ധത്തിലുള്ള നാണുവമ്മയ്ക്ക് അച്ഛനെക്കാൾ സ്ഥാനവും ബഹുമാനവും അമ്മ കൊടുക്കുന്നത് കുട്ടിക്കാലം മുതലേ തനിക്ക്
അമർഷമായിരുന്നു.
” അച്ഛനെക്കാൾ അന്റമ്മക്ക് ഇഷ്ടം നാണുവമ്മയെ എന്ന്
മുറ്റമടിക്കാൻ വന്നിരുന്ന ലതേച്ചി കളിയാക്കി പറഞ്ഞിരുന്നു.”
ലതേച്ചി പറഞ്ഞത് ശരിയായിരുന്നു.
കൊല്ലത്തിൽ രണ്ട് മാസമായിരുന്നു മിലിട്ടറിക്കാരനായിരുന്ന അച്ഛൻ ലീവിൽ നാട്ടിലെത്തിയിരുന്നത്. ആ രണ്ട് മാസത്തിലും നിഴൽ പോലെ നാണുവമ്മ അമ്മയുടെ പിന്നിലുണ്ടാവും. “കമലം നാണുവമ്മയെ വീട്ടിലേക്ക് പറഞ്ഞയക്കൂ, ഞാൻ ലീവ് കഴിഞ്ഞ് പോയിട്ട് വന്നാ മതി എന്ന് പറയൂ ” ഉടനെ വരും അമ്മയുടെ മറുപടി. “പറഞ്ഞയക്കാൻ പറ്റില്ല.”
നാണുവമ്മയെ ചൊല്ലി അച്ഛനും അമ്മയും വഴക്ക് കൂടുന്നതെത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്.
അച്ഛൻ വരുമ്പോൾ അതും ഉത്സവസമയത്ത് മാത്രമേ, കൃഷ്ണപുരത്തുള്ള അച്ഛന്റെ തറവാട്ടിൽ അമ്മയും ഞാനും പോകാറുള്ളത്. അപ്പോൾ മാത്രമാണ് നാണുവമ്മയുടെ നിഴലില്ലാതെ അമ്മയെ കാണാൻ സാധിക്കാറുള്ളത്. അപ്പഴും അമ്മ പറയും “നാണ്വേടത്തി അവിടെ ഒറ്റക്കാണല്ലോ എന്നോർത്ത് മനസ്സിലൊരെടച്ചിൽ.”
“അവരതിന് കൊച്ചുകുട്ടിയൊന്നുമല്ലല്ലോന്ന്.” അച്ഛമ്മയും ദേഷ്യത്തോടെ മറുപടി പറയും .
അമ്മയുടെ പിറന്നാളിന്, രാമപുരം അമ്പലത്തിലെ ഉത്സവത്തിന്, അച്ഛൻ ലീവ് കഴിഞ്ഞ് പോവാൻ നേരത്തൊക്കെയാണ് അച്ഛമ്മ തട്ടാരംകുന്നിൽ വരാറുള്ളത് .
നാണുവമ്മയെ ഇഷ്ടല്ലാത്തോണ്ട് അച്ഛമ്മ, അവിടെ വൃത്തിയാക്ക്, ഇവിടെ വൃത്തിയാക്ക് എന്നും പറഞ്ഞ് സ്വൈരം കൊടുക്കാറില്ല.
“ആ തള്ളയെ കൊണ്ട് തോറ്റെന്ന് ”
അമ്മയോട് നാണുവമ്മ പരാതി പറയുന്നത് കേൾക്കുമ്പോൾ തനിക്ക് മനസ്സിൽ സന്തോഷം തോന്നും. അത് ചെയ്യല്ലേ ഉണ്ണീ, ഇത് ചെയ്യല്ലേ ഉണ്ണീ എന്നും പറഞ്ഞ് നാണുവമ്മ തന്നെ ചീത്തപറയുന്നതിനേക്കാൾ ദേഷ്യം വരുന്നത് നാണുവമ്മയെ അമ്മയുടെ കൂടെ കിടക്കയിൽ കാണുമ്പോഴാണ്.
നാണുവമ്മയോടുള്ള വെറുപ്പ് കൂടിക്കൂടി വന്നത് കാരണമാണ് ഹൈസ്കൂളിൽ എത്തിയപ്പോൾ മൂന്നാല് വീടപ്പുറത്തുള്ള തറവാട്ടില്
ശാലിനി ചേച്ചിയുടടുത്ത് ട്യൂഷൻ പഠിക്കാൻ പോയി തുടങ്ങിയത്.
പഠിക്കാൻ കുറേയുണ്ടെന്ന് പറഞ്ഞ് പലപ്പോഴും തറവാട്ടിൽ തന്നെ കിടന്നുറങ്ങും.
“ഉണ്ണീ നീ ഇവിടെ കിടന്നുറങ്ങിയാൽ അമ്മ അവടെ ഒറ്റക്കല്ലേ?” എന്നുള്ള അമ്മായിയുടെ ചോദ്യത്തിന്
” തുണയായി ആ നാണി ഏടത്തിയുള്ളത് കമലത്തിന് നന്നായിഎന്ന് ” അമ്മാവനും പറയും. “അമ്മക്ക് ഞാനില്ലേ, അച്ഛനില്ലേ തുണയായി? “എന്ന് ചോദിച്ചപ്പോൾ അമ്മാവൻ നാണുവമ്മയെ കുറിച്ചങ്ങനെ പറഞ്ഞു തുടങ്ങി
“എന്നേക്കാൾ ഒരു വയസ്സിന് താഴെ അമ്മയില്ലാ കുഞ്ഞായിട്ടാണ് കമലം ജനിച്ചത് തന്നെ. ദെണ്ണളക്കള്ള കമലത്തിനെ സ്കൂളിൽ കൊണ്ടുപോവാനും, കൊണ്ടരാനും വേണ്ടി ചാത്തുമ്മാമ കൊണ്ടു വന്നാക്കിയതാ നാണിയേടത്തിയെ ഇവിടെ. അന്നവർക്ക് പത്ത് വയസ്സാന്നാണെന്റെ ഓർമ്മ.
നാണി ഏടത്തിയുടെ അമ്മ പങ്കജോപ്പോൾക്ക് ആരിലോ പിഴച്ചുണ്ടായ മകളാണെന്നും
പറയണ് കേട്ടീരുന്നു. പങ്കജോപ്പോള് ഇടക്കെപ്പഴൊക്കെയോ വന്നീരുന്നു. അവര് മരിച്ചതിൽ പിന്നെ ആരും നാണിയേടത്തിയെ അന്വേഷിച്ച് വരാതായി. വായിൽ നുരയും പതയും വന്ന് കമലം പിടയുമ്പോൾ നാണി ഏടത്തിയുടെ വെപ്രാളം കാണണം. തുണക്കാരത്തികളൊക്കെ കോളേജിൽ പോയപ്പോൾ സൂക്കേട് കാരണം കമലം വീട്ടിലന്നെയായി. അപ്പോഴൊക്കെ അവൾടെ കൂടെ നിഴല് പോലെ നാണിയുണ്ടാവും .” വാ തോരാതെ അമ്മാവൻ പറഞ്ഞു നിർത്തിയപ്പോൾ അമ്മായിയുടെ മറുപടി ” കല്യാണവും കുടുംബവുമൊന്നും വേണ്ടാന്ന് വച്ചിട്ട് ആരാ ഇപ്പഴത്തെ കാലത്ത് ഇങ്ങനെ നിഴലു പോലെ കൂടെ ഉണ്ടാവുക, കമലത്തിന്റെ ഭാഗ്യം തന്നെ. എൻജിനീയറിംഗിന് കോതമംഗലത്ത് ഹോസ്റ്റലിൽ ചേര്‍ന്നപ്പോൾ വീട്ടിൽ നിന്നും രക്ഷപ്പെടാൻ പറ്റീലോ എന്ന ചിന്തയായിരുന്നു മനസ്സിൽ. ഇടക്കെപ്പോഴോ വിട്ടുനിന്നിരുന്ന അപസ്മാരം ഇടക്കിടെ തിരിച്ചു വരാൻ തുടങ്ങിയെന്ന് വീട്ടിലെത്തുമ്പോൾ നാണുവമ്മ പറഞ്ഞത് കേട്ടപ്പോൾ
“നിങ്ങളീ വീട്ടിൽ നിന്നും പോയാൽ തന്നെ എന്റമ്മടെ സൂക്കേട് മാറുമെന്ന് .” താനും പറഞ്ഞു.
താനെത്ര ചീത്ത പറഞ്ഞാലും അതൃപ്തി കാട്ടിയാലും എപ്പഴും നാണുവമ്മ ഒന്ന് പുഞ്ചിരിക്കുകയേയുള്ളൂ.
“ആരാ അരുൺ, രോഗിക്ക് കാണണമെന്ന് പറയുന്നു.”
സിസ്റ്ററുടെ ശബ്ദം കേട്ട് അരുൺ ഞെട്ടിയുണർന്നു. പരിഭ്രമത്തോടെ നില്ക്കുന്ന അരുണിനെ അച്ഛൻ സാന്ത്വനിപ്പിച്ചു കൊണ്ട് പറഞ്ഞു
” മോൻ പോയി കണ്ടിട്ട് വാ .”
അരുൺ സിസ്റ്ററിന്റെ പിന്നാലെ ഐ സി യു വിലേക്ക് നടന്നു.
ചെരിപ്പിട്ട് സിസ്റ്റർ തന്ന ഉടുപ്പിട്ടപ്പോൾ അരുൺ ഓർത്തു.
ഇതിന് മുന്നെ ഐസിയുവിലേക്ക് വന്നത് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞു കിടക്കണ അമ്മയെ കാണാനാണ്.
ആ കിഡ്നി കൊണ്ട് അമ്മ ജീവിച്ചത് രണ്ട് വർഷം മാത്രം.
അരുണിനെ കണ്ടതും നാണുവമ്മ കൈ ഉയർത്തി അടുത്ത് വന്നിരിക്കാൻ ആവശ്യപ്പെട്ടു. ഓക്സിജൻ മാസ്ക്കിലൂടെ ശ്വാസം വലിക്കുന്ന നാണുവമ്മയെ നോക്കിനില്ക്കവെ അരുൺ പിറുപിറുത്തു.
“അമ്മയുടെ നിഴലായി കൂടെ നടന്ന് നടന്ന് സ്വന്തം കിഡ്നി അമ്മക്ക് പകുത്ത് നല്കിയ നാണുവമ്മയെ അമ്മയായിട്ട് സ്നേഹിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ..ഈശ്വരാ .”
അരുണിന്റെ ഗദ്ഗദം മനസ്സിലായ പോലെ നാണുവമ്മ പുഞ്ചിരിച്ചു.
ആ ചുണ്ടിലെ പുഞ്ചിരി പൊടുന്നനെ മാഞ്ഞ് ശ്വാസത്തിന് വേണ്ടി പിടഞ്ഞ് പിടഞ്ഞ് നിശ്ചലമായി.
ഉഷ സുധാകരൻ✍