ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും നോക്കി ഇരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. അവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണുകളെ വരണ്ടതാക്കുകയും തലവേദനയുണ്ടാക്കുകയും ചെയ്യും. മങ്ങിയ കാഴ്ചയ്ക്കും ഈ ശീലം കാരണമാകും. തൊണ്ടയ്ക്കും ശ്വാസകോശത്തിനും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി വില്ലനാകും. പുകവലിയും പുകയില ഉപയോഗവും കണ്ണുകളിലെ പേശികള്‍ നശിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.
പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കുന്നത് കണ്ണുകളില്‍ അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നതിന് ഇടയാക്കും. ഈ അപകടകരമായ രശ്മികള്‍ കണ്ണുകളില്‍ അര്‍ബുദത്തിന് വരെ കാരണമാകാം. കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മുന്നത് ഇവയുടെ പുറം ഭാഗത്തിന് ക്ഷതമേല്‍പ്പിക്കും. പൊടിയും ബാക്ടീരിയകളും കണ്ണിലേക്ക് പടരുന്നതിനും കണ്ണുകളുടെ കോര്‍ണിയയെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമാകും. തിരുമ്മുന്നതിന് പകരം വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.
ഡോക്ടറുടെ നിര്‍ദ്ദേശമൊന്നും കൂടാതെതന്നെ ഏതെങ്കിലും ഐ ഡ്രോപ്സുകള്‍ കണ്ണില്‍ ഒഴിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ഇത്തരത്തിലുള്ള ഐ ഡ്രോപ്സ് ഉപയോഗം ഗുണത്തിന് പകരം ദോഷം ചെയ്യും. കണ്ണുകള്‍ക്ക് ആവശ്യത്തിന് പോഷണം നല്കുന്ന കാരറ്റും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കുകയും ഉറങ്ങുകയും ചെയ്യണം. പഴയ കോണ്ടാക്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. കോണ്ടാക്ട് ഗ്ലാസുകള്‍ വച്ചു കൊണ്ട് ഉറങ്ങുന്നതും കണ്ണിന് ദോഷം ചെയ്യും.