ഒറ്റ കാലില്‍ ബാലന്‍സ് ചെയ്ത് 10 സെക്കന്‍ഡ് എങ്കിലും നില്ക്കാന് സാധിക്കാത്തവര്‍ അടുത്ത ഒരു ദശാബ്ദത്തിനിടെ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാല നടത്തിയ പഠനം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഒറ്റ കാലിലെ നില്‍പ്പ് പ്രായമായവരുടെ പൊതുവായ ആരോഗ്യത്തെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുമെന്ന് സര്‍വകലാശാലയുടെ ഫിസിക്കല്‍ തെറാപ്പി വിഭാഗം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 51നും 75നും ഇടയില്‍ പ്രായമുള്ള 1702 രോഗികളിലാണ് സര്‍വകലാശാല ഒറ്റ കാലില്‍ നില്‍ക്കാനുള്ള ശേഷി പരിശോധിക്കുന്ന പഠനം നടത്തിയത്.
ഇതില്‍ നിന്നാണ് ഒറ്റ കാലില്‍ നില്ക്കാന് കഴിയാത്തവരുടെ അടുത്ത ദശകത്തിലെ മരണസാധ്യത 84 ശതമാനം അധികമാണെന്ന് കണ്ടെത്തിയത്. നാഡീവ്യൂഹപരമായ പ്രശ്നങ്ങളും എല്ലുകളുടെ ആരോഗ്യവും കാഴ്ചയും ധാരണശേഷിയും പ്രതികരിക്കാനുള്ള സമയവും ജീവിതശൈലിയുമെല്ലാം ഒരാളുടെ ബാലന്‍സിനെ നിര്‍ണയിക്കുന്ന കാര്യങ്ങളാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
ഇതിനാലാണ് ഒറ്റ കാലില്‍ നില്‍ക്കാനുള്ള ശേഷി മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ സൂചനയായി കണക്കാക്കുന്നത്. ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടവരില്‍ അമിതവണ്ണം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്ന തോതിലായിരുന്നു എന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരിലെ പ്രമേഹം മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികമായിരുന്നു.