17.1 C
New York
Friday, July 1, 2022
Home Kerala പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത് സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരേയും ആദരിച്ചുകൊണ്ടാവണം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടതെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിപുലവും ദീര്‍ഘവുമായ മഹാപ്രസ്ഥാനമാണ് സ്വാതന്ത്യ സമരം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഏകമുഖമല്ല. ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ദേശീയബോധത്തെ ഉണര്‍ത്തുന്നതാണ്. കച്ചവടത്തിനു വന്നവര്‍ അധികാരം കൈയ്യടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചത് കേരള ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.

വൈദേശിക ശക്തികള്‍ക്കെതിരെ പടനയിച്ച ദേശാഭിമാനികളുടെ ആശയങ്ങളും ആദര്‍ശങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിക്കുന്നത്. 1809ലെ വേലുത്തമ്പിദളവയുടെ ജീവല്‍ത്യാഗം എന്ന വിഷയത്തിലാണ് മണ്ണടിയില്‍ പുരാവസ്തു വകുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീനാദേവി കുഞ്ഞമ്മ, സി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു മണ്ണടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ഷീജ, വേലുത്തമ്പി ദളവ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ സി.പി. സുധീഷ്, അഡ്വ.എസ്.മനോജ് മണ്ണടി, കെ.എസ്.അരുണ്‍ മണ്ണടി, മണ്ണടി പരമേശ്വരന്‍, ബിജു മുസ്തഫ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രഥമ ജില്ലാ സ്‌കൂള്‍ ഗെയിംസ്: സംഘാടക സമിതി രൂപീകരിച്ചു
പ്രഥമ ജില്ലാ സ്‌കൂള്‍ ഗെയിംസിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍,സിബിഎസ്ഇ,ഐസിഎസ്ഇ കേന്ദ്രീയ, നവോദയ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജില്ലാ സ്‌കൂള്‍ ഗെയിംസ് നടത്തുന്നത്. ഓഗസ്റ്റ് മാസം ഒന്നാം തീയതി മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് മത്സരങ്ങള്‍. 25 കായികയിനങ്ങളിലായി 14 വയസ്സിനും 17 വയസ്സിനും താഴെയുള്ള വിഭാഗങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ തിരുവനന്തപുരത്താണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുക. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരികള്‍ – ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി. രക്ഷാധികാരികള്‍ -എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ കളക്ടര്‍. ചെയര്‍മാന്‍ -അഡ്വ. കെ.പ്രകാശ് ബാബു, വൈസ് ചെയര്‍മാന്‍ – കെ.അനില്‍ കുമാറും അടങ്ങിയ സമിതിയാണ് രൂപീകരിച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സബ് കമ്മിറ്റികളും രൂപീകരിക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്.രാജീവ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു, സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, കായിക അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

എസ്.ആര്‍.സി പന്തളം കമ്മ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പി.എസ്.സി അംഗീകൃത ഡി.സി.എ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വേഡ് പ്രോസസിംഗ്, ഡി.ടി.പി ഓപ്പറേറ്റര്‍, ടാലി എന്നീ കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിനു ശേഷം പ്ലെയ്സ്മെന്റ് സെല്‍ മുഖേന ജോലി നേടുവാന്‍ സഹായിക്കും. വിവരങ്ങള്‍ക്ക് മൈക്രോ കോളജ് ഓഫ് എഞ്ചിനീയറിംഗ്, പന്തളം, പത്തനംതിട്ട എന്ന സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍ : 9446438028, 8078802870.

നേഴ്സ് ഒഴിവ്

പന്തളം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കെയര്‍ സെക്കന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നേഴ്സിനെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ്‌വൈഫറി (എ.എന്‍.എം) കോഴ്സ് /ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായ മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ആക്സിലറി നേഴ്സ് (ബി.സി.സി.പി.എ.എന്‍)/ കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് (സി.പി.എ.എന്‍ കോഴ്സ്) (ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും) പാസായവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ജിഎന്‍എം /ബിഎസ്‌സി നേഴ്സിനും അപേക്ഷിക്കാം. പ്രായപരിധി 40 വയസിന് താഴെ പ്രായമുള്ളവര്‍. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ജൂണ്‍ 29ന് രാവിലെ 11ന് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 9895 852 356

ക്വട്ടേഷന്‍

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2014 അല്ലെങ്കില്‍ അതിന് ശേഷമോ ഉള്ള മോഡലുകളായ ബൊലേറോ/സൈലോ/ഇന്നോവ/എസ്.യു.വി അഭികാമ്യം) ലഭ്യമാക്കുന്നതിന് മല്‍സരസ്വഭാവമുള്ള ക്വട്ടേഷന്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 30ന് വൈകുന്നേരം നാലിനു മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.

ഹോട്ടലുകളിലെ പരിശോധന തുടരും: പത്തനംതിട്ട നഗരസഭ സെക്രട്ടറി

പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കിള്‍സ് ഹോട്ടല്‍, അമാനി റസ്റ്റോറന്റ്, ഡയാന ഹോട്ടല്‍, ഹെ ഡേ ബാര്‍, മുത്തൂറ്റ് ഹോസ്പിറ്റല്‍ കാന്റീന്‍, ബെസ്റ്റ് ബേക്കറി ബോര്‍മ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും മനുഷ്യ ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപു രാഘവന്‍, സുജിത എസ്.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ പിഴ ചുമത്തി ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളതായും വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

പുനര്‍ ദര്‍ഘാസ്

തിരുവല്ല മുന്‍സിപ്പാലിറ്റിയുടെ എസ്റ്റിമേറ്റ് അനുസരിച്ച് തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പുതിയ ഐ.പി കെട്ടിടത്തിലെ പഴയ സെപ്റ്റിക് ടാങ്കിന്റെ അടിയന്തിര അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് അംഗീകാരമുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവച്ച പുനര്‍ ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ജൂലൈ നാലിന് വൈകുന്നേരം നാലിനു മുമ്പായി ദര്‍ഘാസുകള്‍ ആശുപത്രി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0469 2602494.

 

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, സംരംഭക വികസനത്തിനായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിശീലനങ്ങളില്‍ പങ്കെടുത്ത സംരംഭകര്‍ക്ക് തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും പരസ്പരം സഹായകരമായ കൂട്ടായ്മ രൂപപ്പെടുത്തുവാനും എറണാകുളം ജില്ലയില്‍ കളമശ്ശേരി കീഡ് ക്യാമ്പസില്‍ ജൂണ്‍ 25ന് കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് നടത്തും. നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മീറ്റപ്പ് ഉദ്ഘാടനം നിര്‍വഹിക്കും.

മീറ്റപ്പിന്റെ ഭാഗമായി കീഡിന്റെ പരിശീലനം ലഭിച്ച 40 ഓളം സംരംഭകര്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. കീഡിന്റെ വിവിധ പ്രോഗ്രാമുകളിലെ 100ല്‍ പരം പരിശീലനാര്‍ഥികള്‍ക്കായി നിയമ വശങ്ങള്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്, ഇകോമേഴ്സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് വിദഗ്ധരുടെ സെഷനുകളും സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കും. മെന്റ്‌റര്‍മാര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം, പവിഴം, ടൈ കേരള, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ സഥാപനങ്ങളുടെ പ്രതിനിധികള്‍ മീറ്റപ്പില്‍ പങ്കെടുക്കും. സംരംഭക മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് ഉത്പന്ന പ്രദര്‍ശനം കാണുവാനും ഉത്പന്നങ്ങള്‍ വാങ്ങുവാനും അവസരം ഉണ്ടാകും. ഫോണ്‍ : 0484-2550322, 2532890.

തോക്ക് ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം

പ്രമാടം ഗ്രാമപഞ്ചായത്തില്‍ കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനായി ലൈസന്‍സുളള തോക്ക് ഉപയോഗിക്കുന്ന വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0468 2242215.

അടൂര്‍ കെല്‍ട്രോണില്‍ പ്രവേശനം തുടരുന്നു

കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ- 6 മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി(3 മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (3 മാസം) എന്നീ കോഴ്സുകളിലേക്കും ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും പ്രവേശനം തുടരുന്നു. അഡ്മിഷന്‍ നേടുന്നതിനായി 9526 229 998 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) അഭിമുഖം 29,30 തീയതികളില്‍

പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) (കാറ്റഗറി നം. 537/2019) തസ്തികയുടെ 01/01/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 29, 30 തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും ആയതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2222665.

സ്‌കൂള്‍ പ്രവേശനം

പട്ടിക വര്‍ഗവികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ ഒഴിവുകളുണ്ട്. താല്‍പ്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ജാതി, വരുമാനം, ആധാര്‍, തുടങ്ങിയ രേഖകള്‍ സഹിതം അപേക്ഷയുമായി ജൂണ്‍ 25നകം സ്‌കൂളില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. പട്ടിക ജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും നിശ്ചിത ശതമാനം ഒഴിവുകള്‍ ഉണ്ട്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കരുത്. ഫോണ്‍: 04735 251153,8111 975 911, 04735 227 703 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സ്‌കൂളിന്റെ വിലാസം: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പേഴുംമ്പാറ പി.ഒ, വടശ്ശേരിക്കര 689 662.

അഭിമുഖം 29ന്

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പൂകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്) (ഫ്സ്റ്റ് എന്‍.സി.എ -ഹിന്ദു നാടാര്‍) (കാറ്റഗറി നം. 477/2019) തസ്തികയുടെ 22/12/2021 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 29ന് രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം കരുതണമെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

ട്രൈബല്‍ പ്ലസ് പദ്ധതി സംബന്ധിച്ച് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍

ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ട്രൈബല്‍ പ്ലസ് പദ്ധതി പുരോഗതി അവലോകനം ചെയ്യാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് അറിയാത്തതു കൊണ്ട് അവര്‍ വനവിഭവം ശേഖരിക്കുന്നത് പോലെയുള്ള പാരമ്പര്യ തൊഴില്‍ മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ആദ്യഘട്ടമെന്ന നിലയില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. രണ്ടാമത്തെ ഘട്ടമായി വേതനം കൃത്യമായി അവര്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കണം. കൂടാതെ, അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് അനുയോജ്യമായ തൊഴില്‍ കണ്ടെത്തേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൂട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലയിലെ എന്റോള്‍മെന്റ് കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. 100 ശതമാനം തൊഴില്‍ കാര്‍ഡ് എന്നതിലേക്ക് എത്തിച്ചേരാന്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സ്ത്രീകള്‍ക്കായി ഒരുക്കണം. കാരണം, അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മമാര്‍ക്ക് ജോലിക്ക് പോകാനുള്ള അസൗകര്യം കണക്കിലെടുത്ത് അതിനുള്ള പരിഹാരം കണ്ടെത്താനായാല്‍ അത് ഒരു വലിയ മുന്നേറ്റമാകുമെന്നും കളക്ടര്‍ പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പു വരുത്തിയിട്ടുളള 100 ദിവസം കൂടാതെ, കേരളത്തിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും അധികമായി 100 തൊഴില്‍ ദിനങ്ങള്‍ കൂടി ലഭ്യമാകുന്ന പദ്ധതിയാണ് കേരള ട്രൈബല്‍ പ്ലസ്. 100 തൊഴില്‍ ദിനങ്ങള്‍ അധികമായി അനുവദിക്കുന്നതിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലെ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്നു.

ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള കാമ്പയിന്‍ പ്ലാനുകള്‍ രൂപീകരിക്കും. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എസ്സി പ്രെമോട്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജൂണ്‍ മുപ്പതിന് മുന്‍പായി യോഗം ചേരാനും തീരുമാനമായി.

എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, എന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഹരി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

രജിസ്ട്രേഷന്‍ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കി

രജിസ്ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുക, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയില്‍ ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി നടപ്പാക്കിയതായി ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി.പി. നൈനാന്‍ അറിയിച്ചു. ആധാര രജിസ്ട്രേഷന്‍, ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരപകര്‍പ്പുകള്‍ എന്നിവയ്ക്കുളള അപേക്ഷകള്‍, പ്രത്യേക വിവാഹ നിയമപ്രകാരമുളള അപേക്ഷകള്‍ എന്നിവയെല്ലാം ഓണ്‍ലൈനിലൂടെ സ്വീകരിച്ച് നടപടികള്‍ നടത്തുന്നു.

അണ്ടര്‍ വാല്യൂവേഷന്‍ കോമ്പൗണ്ടിംഗ് പദ്ധതി

1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് കുറവ് മുദ്രയുടെ 30 ശതമാനം തുക അടച്ച് അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനുളള പദ്ധതി നടപ്പാക്കി വരുന്നു.

ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം

ഭൂമി ഇടപാടുകള്‍ക്ക് സുതാര്യത കൊണ്ടുവരിക, ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളുടെയും വ്യവഹാരങ്ങളുടെയും തോത് കുറയ്ക്കുക, ആധാര കക്ഷികള്‍ക്ക് പൂര്‍ണമായ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടു കൂടി റവന്യൂ വകുപ്പിന്റെ ആര്‍ഇഎല്‍ഐഎസ് സംവിധാനവും രജിസ്ട്രേഷന്‍ വകുപ്പിന്റെ പിഇഎആര്‍എല്‍ സംവിധാനവും സംയോജിപ്പിച്ച് ആധാര രജിസ്ട്രേഷനോട് അനുബന്ധിച്ചുളള ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വില്ലേജ് ഓഫീസുകളിലേയ്ക്ക് അയയ്ക്കത്തക്കവിധം എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സ്‌കാനറുകള്‍ സ്ഥാപിച്ചു.

ആധാരങ്ങള്‍ ജനങ്ങള്‍ക്ക് സ്വയം തയാറാക്കാനുളള അവസരം

രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള മാതൃക പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി ആധാരങ്ങള്‍ തയാറാക്കുന്നതിന് ആധാരമെഴുത്ത് ലൈസന്‍സികള്‍ /അഡ്വക്കറ്റ് എന്നിവരെ കൂടാതെ ആധാരം എഴുതി കൊടുക്കുന്ന കക്ഷിക്കോ, എഴുതി വാങ്ങുന്ന കക്ഷിക്കോ, സാധിക്കത്തക്കവിധം ബന്ധപ്പെട്ട ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി. ഇതിന്‍ പ്രകാരം ആളുകള്‍ ആധാരം സ്വയം തയാറാക്കി വരുന്നു.

ഇ-പെയ്മെന്റ്

ആധാര രജിസ്ട്രേഷനും ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ക്കും ഉളള ഫീസ് അടയ്ക്കുന്നതിന് ഇ-പെയ്മെന്റ് സംവിധാനം നടപ്പാക്കി.

ഇ-സ്റ്റാമ്പിംഗ്

ജുഡീഷ്യല്‍ മുദ്രവില ഒടുക്കുന്നതിനുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത മാര്‍ഗം എന്ന നിലയില്‍ ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി.

സാമൂഹ്യവനവല്‍ക്കരണ വിഭാഗം നാല് വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചു;

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജില്‍ നഗരവനം യാഥാര്‍ഥ്യമാക്കി വനം വകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം പത്തനംതിട്ട ജില്ലയിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചതായി അസിസ്റ്റന്‍ഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.കെ. ഹാബി അറിയിച്ചു. തിരുവല്ല മാര്‍ത്തോമ കോളജ്, അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്, പെരിങ്ങനാട് തൃച്ഛേന്ദമംഗലം ജിഎച്ച്എസ്എസ്, എലിമുളളുംപ്ലാക്കല്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഓരോ വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചത്. അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ഒരു നഗരവനം പൂര്‍ത്തിയാക്കി. പെരിങ്ങനാട് തൃച്ഛേന്ദമംഗലം ജിഎച്ച്എസ്എസ്, എലിമുളളുംപ്ലാക്കല്‍ ജിഎച്ച്എസ്എസ്, ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ ഫോറസ്ട്രി ക്ലബുകള്‍ പുതുതായി രൂപീകരിച്ചു.

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 55000 കൂടത്തൈകളും 27000 വലിയ കൂടത്തൈകളും തയാറാക്കി വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 1,55,950 വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുളള വിത്തുകള്‍ വിവിധ പഞ്ചായത്തുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന നല്‍കി. തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും നല്‍കി. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹന ധനസഹായമായി 1,76,235 രൂപ അപേക്ഷകര്‍ക്ക് നല്‍കി. കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായമായി 4,14,605 രൂപയും നല്‍കി.

തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) അക്രെഡിറ്റേഷനോട് കൂടി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്മന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ് ഗവേഷണ പരിശീലന സ്ഥാപനമായ സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്എംആര്‍ ഐ) വിവിധ തൊഴിലധിഷ്ഠിത സ്‌പോര്‍ട്‌സ് മാനേജ്മന്റ്, സ്‌പോര്‍ട്‌സ് എഞ്ചനീയറിംഗ്, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് ഫെസിലിറ്റി മാനേജര്‍ കോഴ്‌സുകളുടെ ജൂണ്‍ ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0484 4855259

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

നെഹ്‌റു യുവകേന്ദ്രയും, കാതോലിക്കേറ്റ് കോളേജ് എന്‍.സി.സി, എന്‍.എസ്.എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ അദ്ധ്യക്ഷനായ യോഗം പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ ടി. ജോസ് യോഗ ക്ലാസുകള്‍ നയിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, എന്‍സിസി ഓഫീസര്‍ ജിജോ ടി.ജോസ് എന്നിവര്‍ പങ്കെടുത്തു.

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഹൈബ്രിഡ് മോഡിലായിരിക്കും ക്ലാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രി വിദ്യാഭ്യാസയോഗ്യതയായ കോഴ്സിന് പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയയ്ക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralamediaacademy.org. ഫോണ്‍: 0484 2422275, 2422068, 0471 2726275 അവസാന തീയതി ജൂണ്‍ 30.

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം

നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സരസകവി മൂലൂര്‍ സ്മാരകത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എഫ് ഫോര്‍ ഫ്രഷ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.വി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങ് മുന്‍ എംഎല്‍എ കെ. സി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രമേയമായ ”മനുഷ്യത്വത്തിനായി യോഗ” എന്ന വിഷയത്തില്‍ എന്‍.വൈ.എഫ് യോഗ പരിശീലക അക്കാമ്മ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ശാരീരിക മാനസികാരോഗ്യത്തിന് ഓരോ വ്യക്തിയും നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട യോഗാസനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

കൃഷിയും സംയോജിത വള പ്രയോഗവും എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് (അഗ്രോണമി) വിനോദ് മാത്യുവും സഹകരണ മേഖലയിലെ വളനിര്‍മ്മാണ കമ്പനിയായ ഇഫ്‌കോ പ്രതിനിധി രാജേഷിന്റെ നേതൃത്വത്തില്‍ നാനോ വളങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, സരസകവി മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, ഡോ.സിന്ധു സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു

Facebook Comments

COMMENTS

- Advertisment -

Most Popular

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: