മാസ്ക് ധരിക്കാതിരിക്കുകയും, ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ അളവിലാണ് രോഗവ്യാപനം നടത്തുക. ഇക്കാര്യം വ്യക്തമാക്കുന്നതാണ് പുതിയൊരു പഠനറിപ്പോര്‍ട്ട്. ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരും സ്വീഡനിലെ ‘നൊറാഡിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോററ്റിക്കല്‍ ഫിസിക്സ്’ല്‍ നിന്നുള്ള ഗവേഷകരും ബെംഗലൂരു ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയോററ്റിക്കല്‍ സയന്‍സസ്’ല്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. മാസ്കില്ലാതെ ആളുകള്‍ സംസാരിക്കുമ്പോള്‍ എങ്ങനെയെല്ലാമാണ് വായുവിലൂടെ കൊവിഡ് വൈറസ് പകരുന്നത് എന്നത് കമ്പ്യൂട്ടര്‍ സഹായത്തോടെയാണ് ഇവര്‍ വിലയിരുത്തിയിരിക്കുന്നത്.
ആളുകളുടെ ഉയരവും സംസാരരീതിയുമെല്ലാം ഇത്തരത്തില്‍ കൊവിഡ് വ്യാപനത്തില്‍ പങ്കുവഹിക്കുന്നതായും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. രണ്ടടി, നാലടി, ആറടി വരെയുള്ള അകലത്തില്‍ മാസ്കില്ലാതെ രണ്ട് പേര് സംസാരിക്കുമ്പോള്‍ എത്രമാത്രം രോഗവ്യാപന സാധ്യതയുണ്ട്, അതുപോലെ രണ്ട് പേര് നില്ക്കുമ്പോള് ആരാണ് കൂടുതല്‍ സംസാരിക്കുന്നത്- കൂടുതല്‍ കേള്‍ക്കുന്നത് എന്നത് അടിസ്ഥാനമാകുന്നുണ്ടോ, ആര്‍ക്കാണ് കൂടുതല്‍ ഉയരമെന്നത് എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ആളുകള്‍ മാസ്കില്ലാതെ സംസാരിക്കുമ്പോള്‍ അകലം കുറയും തോറും രോഗവ്യാപന സാധ്യത കൂടുന്നുവെന്ന് പഠനം പറയുന്നു. ഇത് സ്വാഭാവികവുമാണ്.
എന്നാല്‍ ആരാണോ കൂടുതല്‍ സംസാരിക്കുന്നത്, അവരെക്കാളും കൂടുതല്‍ കേട്ടുനില്‍ക്കുന്നവര്‍ക്കാണത്രേ രോഗസാധ്യത. അതുപോലെ ശരാശരി ഉയരമുള്ളവരെ അപേക്ഷിച്ച് ഉയരം കുറഞ്ഞവരില്‍ രോഗവ്യാപന സാധ്യത കൂടുന്നതായും പഠനം കണ്ടെത്തി. ഓരോ അവസ്ഥയിലും രോഗാണു അടങ്ങിയ സ്രവകണങ്ങള്‍ വായുവിലൂടെ സഞ്ചരിക്കുന്നത് തമ്മില്‍ വ്യത്യാസം വരുന്നുണ്ട്. ഇതിന് അനുസരിച്ചാണ് രോഗവ്യാപന സാധ്യതയെ ഇവര്‍ വിലയിരുത്തിയിരിക്കുന്നത്.