ശ്വാസകോശാര്‍ബുദവുമായി ബന്ധപ്പെട്ട് രണ്ട് തരം ലക്ഷണങ്ങളാണ് രോഗികളില്‍ ഉണ്ടാകുന്നത്. ഒന്ന് നേരിട്ട് ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. മറ്റൊന്ന് ശ്വാസകോശവുമായി ബന്ധമില്ലാത്ത ലക്ഷണങ്ങളാണ്. ചില ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ രക്തപ്രവാഹത്തിലേക്ക് പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് രണ്ടാമത്തെ തരം ലക്ഷണങ്ങള്‍ക്ക് കാരണാകുന്നത്. ഇവയെ പാരനിയോപ്ലാസ്റ്റിക് സിന്‍ഡ്രോമെന്ന് വിളിക്കുന്നു.
ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നതായാണ് കണക്ക്. കൈ, കാല് വിരലുകളില്‍ ഉണ്ടാകുന്ന സൂചി കുത്തുന്നതു പോലെയുള്ള വേദന, തരിപ്പ്, മരവിപ്പ്, പേശികളുടെ ദൗര്‍ബല്യം, ക്ഷീണം, തലകറക്കം, ആശയക്കുഴപ്പം, ദുര്‍ബലത, പുരുഷന്മാരില് സ്തനങ്ങള്‍ വീര്‍ക്കല്‍, രക്തം കട്ട പിടിക്കല്‍ എന്നിവയെല്ലാം പാരനിയോപ്ലാസ്റ്റിക് സിന്‍ഡ്രോമിന്റെ ഭാഗമായ ലക്ഷണങ്ങളാണെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ ചുമ, രക്തം ചുമച്ച് തുപ്പല്, തുടര്‍ച്ചയായ ശ്വാസംമുട്ടല്‍, വിശദീകരിക്കാനാകാത്ത ഭാരനഷ്ടവും ക്ഷീണവും, ശ്വസിക്കുമ്പോഴും ചുമയ്ക്കുമ്പോഴും വേദന എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.
യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ ശ്വാസകോശാര്‍ബുദത്തിനുള്ള ഒന്നാമത്തെ കാരണം പുകവലിയാണ്. പുകവലിക്കാരുടെ അടുത്ത് പോയിരുന്ന് പുക ശ്വസിക്കുന്ന സെക്കന്‍ഹാന്‍ഡ് സ്മോക്കിങ്ങും ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.