ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരും ശാരീരികമായി അധ്വാനം ചെയ്യാത്ത അലസമായ ജീവിതം നയിച്ചു വരുന്നവരുമായ മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്.
ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ആദ്യ സംഘത്തില്പ്പെട്ടവരോട് ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ലഘുവായ ശാരീരിക വ്യായാമം നടത്തിയും ഇരിക്കുന്ന സമയം പ്രതിദിനം ഒരു മണിക്കൂര്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ സംഘത്തിന് പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങളൊന്നും നല്‍കാതെ സാധാരണ ഗതിയിലുള്ള അലസ ജീവിതം നയിക്കാന്‍ അവരെ അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷം ആദ്യ സംഘത്തില്‍ പെട്ടവരുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രണവും ഇന്‍സുലിന്‍ സംവേദനത്വവും കരളിന്റെ ആരോഗ്യവും മെച്ചപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി.
ദീര്‍ഘനേരം ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ഹ്രസ്വദൂരം നടന്നുമൊക്കെ പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഇരിക്കുന്ന സമയം കുറയ്ക്കാനാകുമെന്ന് ഫിന്‍ലന്‍ഡ് ടുര്‍ക്കു സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. യഥാര്‍ഥത്തിലുള്ള വ്യായാമം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഇതിനെ കാണാം. എന്നാല്‍ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളുള്ളവര്‍ക്ക് അലസമായ ജീവിതശൈലി ഉപേക്ഷിച്ചത് കൊണ്ടു മാത്രം രോഗത്തെ ചെറുക്കാനാവില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അതേ സമയം ഇരിപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നത് ഇത്തരം രോഗങ്ങളുടെ വളര്‍ച്ചയുടെ വേഗം കുറയ്ക്കും. മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന് സാധിക്കാത്തവര്‍ പറ്റുന്ന സമയത്തൊക്കെ എഴുന്നേറ്റും നടന്നും ഫോണ്‍ വിളിക്കുന്നതുള്പ്പെടെയുള്ള ചില പ്രവൃത്തികള്‍ നടന്ന് കൊണ്ട് നിര്‍വഹിച്ചും ഇരിക്കുന്ന സമയം ഗണ്യമായി കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്.