കോട്ടയ്ക്കൽ. ചെറുപ്രായത്തിൽ തന്നെ വൈവിധ്യമാർന്ന വേഷങ്ങൾ കളിയരങ്ങിൽ കെട്ടിയാടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പൂർണിമ വാരിയർ. മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിയായ പൂർണിമ പിഎസ് വി നാട്യസംഘത്തിൽ നിന്നാണ് കഥകളി പഠിച്ചത്.
നൃത്തത്തോടും മറ്റും ചെറുപ്പത്തിലേ താൽപര്യമുണ്ടായിരുന്ന പൂർണിമ പാർട് ടൈം വിദ്യാർഥി ആയാണ് 11 വർഷം മുൻപ് ഒൻപതാമത്തെ വയസ്സിൽ നാട്യസംഘത്തിൽ ചേർന്നത്. കോട്ടയ്ക്കൽ ഹരിദാസൻ, കോട്ടയ്ക്കൽ ഹരികുമാർ എന്നിവരായിരുന്നു ഗുരുക്കൻമാർ. 9 വർഷം മുൻപ് വിശ്വംഭര ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. പിന്നീട് ഇന്ദ്രൻ, കുചേലൻ, രുക്മിണി, പ്രഹ്ലാദൻ, ദർമാംഗദൻ, വിഷ്ണു, താര തുടങ്ങിയ ഒട്ടേറെ വേഷങ്ങൾക്കു അരങ്ങിൽ പൂർണതയേകി. ഗുരുവായൂർ ക്ഷേത്രം, മഞ്ചേരി തിരുമണിക്കര ക്ഷേത്രം, കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രം തുടങ്ങിയ അരങ്ങുകളിൽ പതിവായെത്തി. കഥകളി നടൻ കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ, മദ്ദള കലാകാരൻ ചെർപ്പുളശേരി ശിവൻ എന്നിവരുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചും വേഷമിട്ടു. ഡോ. സന്ധ്യപ്രശാന്ത് വാരിയരുടെ കീഴിൽ തുള്ളലും അഭ്യസിച്ചുവരുന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല ഫാക്ടറി മാനേജർ ഡോ.പി.രാംകുമാറിന്റെയും ആര്യവൈദ്യശാല എഎച്ച്ആൻഡ് ആർസി വിഭാഗത്തിലെ ദീപ വാരിയരുടെയും മകളാണ് പൂർണിമ. സഹോദരൻ ശശാങ്ക് ബെംഗളുരുവിൽ ജോലി ചെയ്യുന്നു.
പഠനത്തോടൊപ്പം കലാപ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.
ഊരാളി ജയപ്രകാശ്