17.1 C
New York
Sunday, June 4, 2023
Home Literature നൗഷാദ് എന്ന ആൺകുട്ടി ✍ആനി ജോർജ്ജ്

നൗഷാദ് എന്ന ആൺകുട്ടി ✍ആനി ജോർജ്ജ്

ആനി ജോർജ്ജ്✍

ഞാൻ നൗഷാദ്. ഒരു പാവം മലപ്പുറത്തുകാരൻ എൻജിനീയറാണ് എന്ന് ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തും. ഇപ്പോഴും വ്യക്തിപരമായി, അടിസ്ഥാനപരമായി ഞാൻ ഒരു പാവത്താൻ ആണെങ്കിലും, കഴിഞ്ഞ മൂന്നു നാല് കൊല്ലം മുമ്പുവരെ അക്ഷരാർത്ഥത്തിൽ ഈ വിശേഷണം ശരിയായിരുന്നു. തിരൂരുകാരി റസിയയെ നിക്കാഹ് കഴിച്ച് ജർമ്മനിക്ക് പ്ലെയിൻ കയറുന്നത് വരെ. റസിയ അന്ന് ജർമനിയിൽ നേഴ്സ് ആയിരുന്നു. ഇപ്പോൾ താനും അവിടെ ഒരു കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 12 മണിക്കൂർ ഷിഫ്റ്റുകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചോദിച്ചുവാങ്ങി ചെയ്തിരുന്ന ആദ്യ ഒന്നു രണ്ടു വർഷങ്ങൾ. കമ്പ്യൂട്ടറിനു മുൻപിൽ അഞ്ചാറ് മണിക്കൂറെങ്കിലും ഒറ്റയിരുപ്പിൽ ചെലവിടേണ്ടി വരുന്ന ജോലിയായിരുന്നു. കാശുണ്ടാക്കാനുള്ള ത്വരയിൽ സാരമായ കഴുത്തുവേദന, നടുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഞാനങ്ങ് കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു പോയപ്പോഴാണ്, ദിവസവും രാവിലെ ടോയ്‌ലറ്റിൽ ചെലവാക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടിക്കൂടി വന്നത്. ഞാനും റസിയയും താമസിച്ചിരുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റിന് ഒന്നിൽ കൂടുതൽ ടോയ്‌ലെറ്റുകൾ ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നുവെന്നും എനിക്ക് തോന്നിത്തുടങ്ങിയത് ആയിടയ്ക്കാണ്.
റസിയ അതിന് പരിഹാരമെന്നോണം എന്റെ മെനുവിൽ നിന്നും ഇഷ്ട വിഭവമായ ചിക്കനങ്ങ് ഡിലീറ്റ് ചെയ്തത് എന്നെ നോവിക്കാതെയിരുന്നില്ല.

ശാരീരിക അവസ്ഥ ജോലിയെയും ജീവിതത്തെയും ബാധിച്ചു തുടങ്ങിയപ്പോൾ നാട്ടിൽ നിന്ന് വന്നിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞെന്നും ഇനി നാട്ടിൽ ഒന്ന് പോയി വരണമെന്നും ഞാൻ അങ്ങ് തീരുമാനിച്ചു. ആ പോക്കിൽ ഈ വേദനകൾക്കൊക്കെ ഒരു പരിഹാരം കാണണമെന്നും മനസ്സിലെ ഡയറിയിൽ കുറിച്ചിട്ടു. നാട്ടിൽ പോകുന്നതിന്റെ തലേന്ന് ഡബിൾ ഷിഫ്റ്റ് കഴിഞ്ഞ് എത്തിയ എന്നോട് ഭാര്യയുടെ ഫലിതം നിറഞ്ഞ ചോദ്യം. “എന്നാ ഇക്കാ ങ്ങക്കും പീരീഡ്സായിനാ?? അങ്ങനെ ഇങ്ങളും ഒരു ആൺകുട്ടിയായി ഇക്കാ” ആ കളിയാക്കലും ചോദ്യവും പൈൽസ് വേദന യെക്കാളും എന്നേ നോവിച്ചുവെന്ന് മനസ്സിലാക്കിയ റസിയതന്നെയാണ് പിറ്റേന്നത്തെ 12 മണിക്കൂർ ഫ്ലൈറ്റിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട് വിസ്പറിന്റെ ഒരു പീസ് കൊണ്ട് മായ്ച്ചുകളഞ്ഞത്.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ ഉപ്പയുടെ സുഹൃത്തിന്റെ ആയുർവേദ മരുന്ന് പീടികയിൽ ചെന്ന് പൈൽസ് എന്ന വമ്പനെ തുരത്താനുള്ള കഷായവും ലേഹ്യവും ഒക്കെ വാങ്ങിക്കൂട്ടി. മുറിയിലെ ഫോറിൻ മണത്തെ കടത്തിവെട്ടി കഷായത്തിന്റെ മണം കിടപ്പുമുറിയിലും വരാന്തയിലുമൊക്കെ തന്നെ തങ്ങി നിന്നു.
ഉപ്പ അതിന്റെ കാര്യ കാരണ സഹിതം വരുന്നവർക്കും പോകുന്നവർക്കുമൊക്കെ വിവരിച്ചു കൊടുത്തു.

റസിയയുടെ വീട്ടിലെ വിരുന്നിനു നേരാംവണ്ണം പോകാൻ പറ്റിയില്ലെന്നതോ പോകട്ടെ, ബൈക്കിൽ സൈഡ് തിരിഞ്ഞിരുന്ന് ഓടിക്കാൻ ആരുടെയും സഹായമില്ലാതെ ഞാൻ അക്കാലത്ത് പഠിച്ചു. എന്റെ അറിവോടെയല്ലാത്ത അത്തരം ചില ചേഷ്ടകളിലൂടെ പരിചയക്കാരിലേക്കും ആ സത്യം പടർന്നു. വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയാണ് സുഹൃത്തായ ശിഹാബിന്റെ ഉപ്പ, സെയ്‌താലിക്കയെ കണ്ടുമുട്ടിയത്. മസ്ജിദിനോട് ചേർന്ന് പീടികയില് കാലുമ്മേൽ കാലും വച്ച് ചായയും കുടിച്ചങ്ങനെയിരിക്കുന്ന സെയ്താലിക്കയെ കണ്ടതും എന്റെ വായ തെല്ലു പിളർന്നു പോയി. അതിശയം കൊണ്ടാണ്. കാരണം താൻ ജർമ്മനിക്ക് പോകുന്ന സമയത്ത് സെയ്താലിക്ക ഒരുവശം തളർന്ന് അമ്പേ കിടപ്പായിരുന്നു.
” സംശയിക്കേണ്ടട പഹയാ!! സെയ്‌താലിക്ക തന്നെയാണ്”
ഒരു കസേര ഒഴിഞ്ഞു കിടന്നെങ്കിലും വിനയപുരസരം ഞാൻ തൂണും ചാരി നിന്നു.
” ഇക്കാ മുമ്പത്തേതിലും സ്മാർട്ട് ആയല്ലോ!!” ഞാനോർത്തു, ഞാൻ പോകുന്ന സമയത്ത് ഉപ്പ കിടപ്പിലായതുകൊണ്ട് പണിക്കു പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ശിഹാബ്.
“പാലായിലെ ഡോക്ടറുടെ കൈപ്പുണ്യമാ മോനേ!”ചികിത്സയെ പറ്റി വിശദമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം പറഞ്ഞത്, “പൈൽസിനും അവിടെ വിശേഷപ്പെട്ട ചികിത്സയുണ്ട് കേട്ടോ “.
അത് എന്നെ ഉദ്ദേശിച്ച് ആയിരിക്കും പറഞ്ഞത്. ഞാനൊന്ന് ചൂളി. ഈ ഉപ്പയുടെ ഒരു കാര്യം!! ഇതൊക്കെ പറഞ്ഞു നടക്കേണ്ട കാര്യമാണോ??”
“നീ ബേജാറാവാണ്ടെ ! ശിഹാബിനെ കൂട്ടി അത്രടം വരെയൊന്ന് പോയി ബാന്ന്!!”

അവധി ഇനിയും കഷ്ടിച്ച് രണ്ടാഴ്ചയുണ്ട്. ആയുർവേദത്തിൽ കളഞ്ഞ രണ്ടാഴ്ച വെറുതെ പോയി. ഇപ്പോഴും വിസ്പർ മാറ്റാറായിട്ടില്ല. അന്ന് രാത്രി തന്നെ ശിഹാബിനെ വിളിച്ചു. പാലായ്ക്കടുത്തു പൈകയാണ് സ്ഥലം.

രണ്ടും കല്പ്പിച്ചു ഡോക്ടറുടെ നമ്പർ എടുത്തു രാവിലെ തന്നെ വിളിച്ചു. ഒരു സ്ത്രീ ശബ്ദമാണ് മറുതലയ്ക്കൽ കാര്യങ്ങൾ വിവരിച്ചത്. പ്രശ്നങ്ങൾ പറയാൻ ലജ്ജ തോന്നിയെങ്കിലും ആളെ കാണുന്നില്ലല്ലോ എന്ന ധൈര്യത്തിൽ, ഇപ്പോൾ റസിയയുടെ വിസ്പറിന്റെ ബലത്തിലാണ് മുന്നോട്ടുപോകുന്നതെന്നു വരെ ഞാൻ മനസ്സുതുറന്നു. നാടൻ കോഴിയും ബ്രാൻഡിയും ആണത്രേ ഈ വിശേഷാൽ ചികിത്സയുടെ മരുന്ന് കൂട്ട്. ആണുങ്ങൾക്ക് പിടക്കോഴിയും ,പെണ്ണുങ്ങൾക്ക് പൂവൻകോഴിയും. ഒരു പ്രാവശ്യത്തെ ഉപയോഗംകൊണ്ട് പൈൽസ് പിടിച്ച പിടിയാലേ നിൽക്കുമത്രേ. ഒന്ന് ഞാനുറപ്പിച്ചു. അങ്ങേത്തലയ്ക്കൽ ഡോക്ടറുടെ ഭാര്യയോ മകളോ ആകും തീർച്ച! വിശ്വസിക്കാൻ പ്രയാസം തോന്നാതിരുന്നില്ല കാരണം ഒന്നാമത്, മരുന്നുകൂട്ടുകൾ തന്നെ.രണ്ടാമത്, ഒറ്റ പ്രാവശ്യത്തെ പ്രയോഗം മതിയത്രേ.. വരുന്നത് വരട്ടെ എന്ന് വിചാരിച്ച് പിറ്റേന്നു വൈകിട്ട് തന്നെ ശിഹാബിനെയും കൂടി പൈകയ്ക്ക് തിരിച്ചു. നീണ്ട വഴിയാണ്.

ആദ്യമായാണ് പാലാ റൂട്ടിൽ. ഒരു കാഞ്ഞിരപ്പള്ളിക്കാരൻ സ്റ്റീഫൻ കോളേജിൽ കൂടെ പഠിച്ചതോർക്കുന്നു.അവനുമായി വല്ല്യ സൗഹൃദമൊന്നും ഇല്ലാതിരുന്നതിനാൽ പാലായ്ക്കുള്ള യാത്രകളൊന്നും അക്കാലത്തും തരപ്പെട്ടിരുന്നില്ല. റബർ തോട്ടങ്ങൾക്കിടയിലൂടെ വളവും തിരിവും ഉള്ള നൂലപ്പം പോലെ നീണ്ടു കിടക്കുന്ന റോഡുകൾ. ഫോണിൽ ലഭിച്ച ലൊക്കേഷനിൽ എത്തിയപ്പോൾ പിറ്റേന്ന് ഉച്ചയോടടുത്തു. ഒരു പൊതു വിതരണകേന്ദ്രം, അഥവാ റേഷൻ കടയുടെ എതിർവശത്തായി കുറച്ച് പീടികകൾ കാണുന്നുണ്ട്. ഡോക്ടറുടെ ബോർഡോ, കുരിശോ, പാമ്പ് ചുറ്റിയ വടിയോ അന്വേഷിച്ച എന്റെ കണ്ണുകൾക്ക്‌ കണ്ടു കിട്ടിയത് റബർ പാൽ സംഭരണകേന്ദ്രം എന്ന ബോർഡ് മാത്രമാണ്. ശിഹാബ് ഉറപ്പിച്ചു പറഞ്ഞു “ഇത് തന്നെയാൺടാ ! നീ വണ്ടി സൈഡാക്കീന്ന് !!”

കുറച്ച് ആളുകൾ, ഏതാണ്ട് പത്ത് പന്ത്രണ്ട് പേരോളം വരും,ആ പരിസരത്തൊക്കെ ഉണ്ട്. റേഷൻകടയിൽ വന്നവരാകാനാണ് സാധ്യതയെന്ന് ഞാനൂഹിച്ചു. ആ കൊച്ചു തിരക്കിനിടയിലൂടെ ഞാൻ ആ തിരക്കിന്റെ ന്യൂക്ലീയസിനടുത്തു കണ്ട വാതിലിലൂടെ അകത്തേക്ക് കയറി. എന്റെ പ്രതീക്ഷയ്ക്കും സങ്കല്പത്തിനും വിപരീതമായി തടിച്ച ആജാനബാഹുവായ, കാഴ്ചയിൽ ഒരു ഡോക്ടർക്ക് ചേരാത്ത രൂപമുള്ള ഒരാളാണ് കോശി വൈദ്യർ. 70 വയസ്സ് പ്രായം വരും. രോഗികളെ വല്ലാതെ വഴക്കു പറയുന്നു. പരുക്കൻ പെരുമാറ്റം.

നിക്കണോ… പോകണോ എന്ന എന്റെ ആലോചന മനസ്സിലാക്കിയെന്നവണ്ണം ഡോക്ടർ തലയുയർത്തി നോക്കി.

“എന്താ?എന്തുവേണം?”. എന്നോടാണ്..
ഞാൻ വിനയം പ്രകടിപ്പിച്ച് ലേശം കുനിഞ്ഞു ഡോക്ടറുടെ അടുത്തേക്ക് നീങ്ങിനിന്നു.

“അവിടെനിന്നു പറഞ്ഞാൽ മതി” ചമ്മൽ പുറത്തുകാട്ടാതെ ഞാൻ ഒരു അടി പുറകിലേക്കു മാറി.

” ഇവിടെ പൈൽസിന് ചികിത്സ ഉണ്ടെന്നു കേട്ട് വന്നതാണ് ”
എന്റെ വിനയത്തിൽ എനിക്ക് തന്നെ അത്ഭുതം തോന്നി.

“പൈൽസിന് ഇവിടല്ല ചികിത്സ”.ഞാൻ ഒരു നിമിഷം ശിഹാബിനെ തിരിഞ്ഞു നോക്കി. “നിനക്ക് ഞാൻ വെച്ചിട്ടുണ്ട് “എന്ന് ഞാൻ പറയാതെ പറഞ്ഞു.

” വീട്ടിൽ പൊയ്ക്കോ… ഞാൻ അങ്ങോട്ട് വന്നേക്കാം “.ഡോക്ടർ എഴുത്തിൽനിന്ന് മുഖമുയർത്താതെ പറഞ്ഞു.
അന്തംവിട്ടു നിന്ന എന്റെ കയ്യിൽ പിടിച്ച് വലിച്ച് ശിഹാബ് മുറിയുടെ പുറത്തേക്കിറങ്ങി.

“എടാ ഡോക്ടറുടെ വീട്ടിലാണ് ചികിത്സ എന്നാണ് അയാൾ ഉദ്ദേശിച്ചത്”. ശിഹാബ് പറഞ്ഞു.
ഞാൻ ഒന്ന് തിരിഞ്ഞു വാതിൽക്കലേക്ക് ചെന്ന് ഒന്നു കൂടി അകത്തേക്ക് തലനീട്ടി. “രാവിലെ ഒന്നും കഴിച്ചില്ല. ഒരു ചായ കുടിക്കുന്നതിന് കുഴപ്പമുണ്ടോ?”

“ആർക്ക്?? എനിക്കോ?? ചായയോ കാപ്പിയോ കോഴിയോ പോത്തോ എന്താന്ന് വെച്ച കഴിച്ചോ! എനിക്കൊരു കുഴപ്പവുമില്ല!”

ഞാൻ സംശയത്തോടെയാണെങ്കിലും തല വലിച്ചു.
കളിയാക്കിയതല്ല എന്ന് ഉറപ്പില്ലാത്തതിനാൽ ചായ മാത്രം കുടിച്ച് ഞാൻ ഡോക്ടറുടെ വീട് അന്വേഷിച്ചു.
വീട് പീടികയുടെ പുറകുവശത്ത് തന്നെയാണ്. പീടികകളുടെ നീണ്ട നിരയിൽ അങ്ങേയറ്റത്ത് ഒരു കോഴിക്കടയാണ്. അതിന്റെ വാതിൽക്കൽ നിന്നിരുന്ന ഒരു 14 -15 വയസ്സുള്ള ഒരു ചെറുക്കൻ ചോദിച്ചു, “കോഴിയും മറ്റേതും കൊണ്ടുവന്നിട്ടുണ്ടോ??” എന്റെ മുഖ ഭാവത്തിൽനിന്ന്, രണ്ടും വേണം എന്ന് മനസ്സിലാക്കിയ അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
” പിടയൊന്ന്…ബ്രാണ്ടി 150″
കയ്യിൽ തൂക്കിപ്പിടിച്ച് പ്ലാസ്റ്റിക് കവറുമായി ആ പയ്യൻ പത്ത് ചുവടോളം മുന്നോട്ടു നടന്നു. എന്നിട്ട് തിരിഞ്ഞു നോക്കി.
“വാ..ചേട്ടാ”.
അനുസരണയുള്ള കുട്ടികളെ പോലെ ഞങ്ങൾ അവനെ അനുഗമിച്ചു. വീടിനോട് ചേർന്ന് ഒരു മുറിയിൽ കുറെ പേര് ഇരിപ്പുണ്ട്. കരയോഗത്തിന് ഇരിക്കുന്ന ഒരു പ്രതീതി. ഞങ്ങൾ മുറ്റത്ത് തന്നെ നിന്നു. ആൾക്കാര് സ്ക്രീൻ വെച്ച് മറച്ച അകത്തെ മുറിയിലേക്ക് വന്നും പോയും ഇരിക്കുന്നു.
“അടുത്ത അഞ്ചു പേര് വരൂ”
മൂന്നാമത്തെ വിളിയിൽ ശിഹാബിനെ മുറ്റത്ത് നിർത്തി ഞാൻ ഉള്ളിലേക്ക് ചെന്നു. മരം പാകിയ തണുപ്പുള്ള ഒരു മുറി. നിരത്തിയിട്ട പത്തോളം കയറു കട്ടിലുകൾ. ഒഴിഞ്ഞുകിടന്ന കട്ടിലുകളിലൊന്നിൽ എന്നോട് ഇരിക്കാൻ ആവശ്യപെട്ടു.
ഗ്ലാസിൽ ചുവന്ന ഒരു ദ്രാവകവുമായി വൈദ്യനാണ് എന്നു തോന്നിക്കുന്ന ഒരു മധ്യവയസ്കൻ എന്റെ അടുത്തുവന്നു.

“കോഴിയുടെ ചോരയും ബ്രാൻഡിയും ചില പച്ചില മരുന്നുകളും ചേർത്തുണ്ടാക്കിയ മരുന്നാണ്… ഒറ്റവലിക്കങ്ങ് കുടിച്ചോളൂ… രുചിയും മണവും ഒന്നും നോക്കണ്ട,”

ആജ്ഞാനുവർത്തിയായ ഒരു അടിമയെപ്പോലെ ഞാൻ ആ ഗ്ലാസ്‌ കയ്യിൽ വാങ്ങി, വൈദ്യരുടെ മുഖത്തേക്കൊന്ന് നോക്കി, ഗ്ലാസ്‌ ചുണ്ടോടാടുപ്പിച്ചു,എന്നിട്ട് ഒറ്റ വലി!!
അസഹനീയമായിരുന്നു രുചിയും മണവും. തൊണ്ട മുതൽ വയറു വരെ ഒരു കത്തല് അനുഭവപ്പെട്ടപ്പോൾ ഞാൻ തല കുടഞ്ഞു.
“ഊഷ്ഷ്….” ഞാൻ വീണ്ടും ചുമല് കുടഞ്ഞു.

ഗ്ലാസ് തിരികെ വാങ്ങി വൈദ്യർ പറഞ്ഞു,
” ഒരു മണിക്കൂർ കിടന്നിട്ടു പോയാൽ മതി!” ഞാൻ ആ കയറ്റു കട്ടിലിൽ കിടന്നു.
അൽപ നേരം കഴിഞ്ഞ് വൈദ്യർ തട്ടി ഉണർത്തിയപ്പോഴാണ് ഉണർന്നത്. ഒരു മണിക്കൂറല്ല, ഒന്നര മണിക്കൂർ കഴിഞ്ഞു. മണി നാലര.
“ബാക്കി അങ്ങ് വീട്ടിൽ പോയിട്ട്,ഉറങ്ങിക്കോ” “കഴിഞ്ഞോ..ഇത്രയേ ഉള്ളോ?? ”
“ദക്ഷിണ എന്താന്ന് വച്ചാ ആ പെട്ടിയിൽ ഇട്ട് പൊയ്ക്കോ!”

“പിന്നെ….പോകുന്ന വഴിക്ക്,ഇഷ്ടമുള്ളത് കഴിച്ചോ കേട്ടോ! ചിക്കനോ മട്ടനോ എന്താന്ന് വച്ച! മടിക്കേണ്ട!!
എനിക്ക് അപ്പോഴും അത്ഭുതം മാറിയിരുന്നില്ല. തിരികെ ശിഹാബിനോടൊപ്പം വീടണയുമ്പോൾ, പിറ്റേന്ന് റസിയയുടെ സുഹൃത്തിന്റെ വിവാഹത്തിന് പോകാൻ പറ്റുമോ എന്ന ചിന്തയിൽ തന്നെയായിരുന്നു. അവൾ ഒത്തിരി നിർബന്ധിച്ചതാണ്. പക്ഷേ എല്ലാം ശുഭം ആയിരുന്നു.
പിറ്റേന്ന് വൈകിട്ട് ബൈക്കിൽ നേരെയിരുന്നു, റസിയയുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോൾ, ഞാൻ പറഞ്ഞു.
“ഇനി എനിക്ക് വേണ്ട കേട്ടോ….നിന്റെ വിസ്‌പറ് “.
കല്യാണപന്തിയിലിരുന്ന് കോഴി ബിരിയാണി യിൽ വിരലുകൾ പൂഴ്ത്തുമ്പോൾ റസിയ ചിരിച്ചു….ഞാനും….

ആനി ജോർജ്ജ്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: