ഒരു വൈകുന്നേരം മുറ്റത്തു നിൽക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. മെലിഞ്ഞുണങ്ങിയ ഒരാൾ വിറച്ചു വിറച്ചു വടിയും കുത്തിപ്പിടിച്ചു പഞ്ചായത്ത് റോഡ് വഴി നടന്നു വരുന്നു. ആളിനെ എനിക്കറിയാം. പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ പാടത്തും പറമ്പിലും കിളക്കുന്നതും പച്ചക്കറി കൃഷി ചെയ്യുന്നതുമൊക്കെ കണ്ടിട്ടുണ്ട്. എന്റെ വീടിനു കുറച്ചപ്പുറത്താണ് താമസം.
“ഈ വയ്യാത്ത അവസ്ഥയിൽ ഇദ്ദേഹം എവിടെപ്പോവുകയായിരിക്കും”. ഞാൻ ആലോചിച്ചു തീരും മുൻപേ എന്റെ അമ്മ അദ്ദേഹത്തിനരികിലേക്ക് ഓടിച്ചെന്നു.
“അയ്യോ അച്ചായാ… ഇതെവിടെപ്പോകാൻ ഇറങ്ങിയതാണ്. നടന്നു ക്ഷീണിച്ചല്ലോ. ഇങ്ങോട്ട് കയറിയിരിക്ക്”.
അമ്മ അദ്ദേഹത്തെ വീട്ടിലോട്ടു ക്ഷണിച്ചു. അദ്ദേഹം കസേരയിൽ ഇരുന്നിട്ട് എന്റെ വീടിനു കുറച്ച് അപ്പുറത്തുള്ള ഒരു വീട്ടുപേര് പറഞ്ഞു.
“അയ്യോ… അങ്ങോട്ട് പോകണമെങ്കിൽ കയറ്റം കയറണമല്ലോ… ഈ അവസ്ഥയിൽ അച്ചായന് പറ്റില്ല. കാര്യം എന്താണെന്ന് പറഞ്ഞാൽ ഞാൻ പിള്ളേരെ കൊണ്ടു പറയിക്കാം അല്ലെങ്കിൽ അവിടുന്ന് ആരെയെങ്കിലും ഇങ്ങോട്ട് വിളിപ്പിക്കാം.”
“പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരുപാട് നാളായി ഇതുവഴിയൊക്കെ വന്നിട്ട്. അതുകൊണ്ട് വന്നതാണ്.”
“എന്നാൽ അച്ചായൻ ഇരിക്ക്. ഞാൻ കാപ്പി എടുക്കാം”.
അമ്മ അടുക്കളയിലേക്ക് പോയി. പിന്നാലെ ഞാനും ചെന്നു. ഗ്ലാസിൽ കാപ്പി എടുത്ത് അമ്മ ചുറ്റും നോക്കി. കഴിക്കാൻ കൊടുക്കാൻ എന്തെങ്കിലുമാണ് നോക്കുന്നത് എന്നെനിക്ക് മനസ്സിലായി. എനിക്ക് തന്ന നാലുമണി പലഹാരം ഇലയട ഞാനവിടെ അടച്ചു വച്ചിട്ടുണ്ടായിരുന്നു. എനിക്ക് ഇലയട വലിയ ഇഷ്ടമാണ്. പക്ഷേ ശർക്കര ചേർത്തതേ എനിക്ക് ഇഷ്ടമുള്ളൂ. പഞ്ചസാര എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് കഴിക്കാതിരുന്നത്. അമ്മ ആ പ്ലേറ്റുമെടുത്ത് കാപ്പിയുമായി അച്ചായന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹം അത് സന്തോഷത്തോടെ കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നു. കുറച്ച് നേരം കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞ് ഇനിയും വരാം എന്നും പറഞ്ഞ് ചിരിച്ച് വാത്സല്യത്തോടെ എന്റെ കവിളിൽ ഒന്നു തലോടി ആൾ നടന്നു പോയി.
പിറ്റേന്ന് വൈകുന്നേരം ഉണ്ടാക്കിയ നാലുമണി പലഹാരത്തിൽ കുറച്ചെടുത്ത് അമ്മ മാറ്റിവച്ചു. അച്ചായൻ വന്നതും കാപ്പിയും പലഹാരവും അമ്മ മുന്നിൽ നിരത്തി. ഇന്നും ഇദ്ദേഹം വരുമെന്ന് അമ്മക്കെങ്ങനെ മനസ്സിലായി. എന്നെക്കാൾ ഒരുപാട് ലോകം കണ്ട ആളല്ലേ അമ്മ. വിറച്ചു വിറച്ചു ആ മനുഷ്യൻ അത്രയും ദൂരം നടന്നു വന്നത് എന്തിനാണെന്നൊക്കെ അമ്മക്ക് മനസ്സിലായിക്കാണും. അതിന്റെ പിന്നിലുള്ള കഥയും ഉപകഥയുമൊക്കെ ഗ്രഹിക്കാൻ ഏറെ അനുഭവസമ്പത്തുള്ള അമ്മക്ക് കഴിഞ്ഞിട്ടുണ്ടാവണം. പിന്നെ മിക്കവാറും എല്ലാ ദിവസവും അദ്ദേഹം വരും. അവിടിരുന്നു കുറച്ച് കഥകളൊക്കെ പറയും. പ്രായമുള്ളവർ പറയുന്ന കഥകളൊക്കെ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. വർത്തമാനത്തിനിടയിൽ നിന്നും ചില കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ മൂത്ത ആൺമക്കളൊക്കെ സ്വത്തും അവകാശവുമൊക്കെ വാങ്ങി മാറി താമസിക്കുകയാണ്. കടമയില്ലാത്ത അവകാശം അഹങ്കാരമാണെന്ന് വേദപാഠക്ലാസ്സിൽ സിസ്റ്റർ പഠിപ്പിച്ചത് ഞാനോർത്തു. മകൾ വിവാഹം കഴിച്ചു പോയി. അവരാരും കുടുംബത്തേക്കൊന്നും വരാറില്ല. ഇളയ മകന്റെ ഒപ്പമാണ് താമസം. മരുമകൾക്കാണെങ്കിൽ നോക്കാൻ സമയവുമില്ല. താല്പര്യവുമില്ല. നല്ലകാലം മുഴുവൻ പറമ്പിലും പാടത്തും പണിയെടുത്ത് മക്കളെയൊക്കെ ഓരോ നിലയിലെത്തിച്ച ആ പാവം വാർധക്യത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനും ഇത്തിരി ചൂടുവെള്ളത്തിനും വേണ്ടി അലഞ്ഞു നടക്കേണ്ട അവസ്ഥയാണ്. എനിക്ക് ദുഃഖം തോന്നി. ഒരിക്കൽ അദ്ദേഹം പറഞ്ഞു….
“ഭാര്യ ഉണ്ടായിരുന്നപ്പോൾ എന്നും രാവിലെയും നാലുമണിക്കും കട്ടൻ കാപ്പി തരും. അങ്ങനെ അതു ശീലമായിപ്പോയി. എന്നും നാലുമണി ആകുമ്പോൾ ഇത്തിരി ചൂടുവെള്ളം കിട്ടിയില്ലെങ്കിൽ വല്ലാത്ത അസ്വസ്ഥതയാണ്”.
ഒരു ദിവസം മടിയിൽ നിന്നും ഒരു കുറിപ്പടിയെടുത്ത് അമ്മയെ കാണിച്ചു.
“മരുന്ന് മുടങ്ങാതെ കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞതാണ്. തീർന്നിട്ട് ഒരുപാട് നാളായി. മകനോട് പലതവണ പറഞ്ഞു. ഒരു കാര്യവുമില്ല”.
അമ്മ കുറിപ്പടി കൈ നീട്ടി വാങ്ങി. പിന്നെ എന്നെ ഒന്നു നോക്കി. നറുക്ക് വീണത് എനിക്കാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ സമ്മതഭാവത്തിൽ അമ്മയെ നോക്കി. അമ്മ അകത്തു പോയി പൈസ എടുത്തു കൊണ്ടുവന്നു എന്നെ ഏല്പിച്ചു. ഞാൻ ശരവേഗത്തിൽ ഓടി. വായനശാലയുടെ താഴെ റോഡ് സൈഡിലുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി അതേ വേഗതയിൽ ഞാൻ തിരിഞ്ഞോടി വന്ന് മരുന്ന് അച്ചായന്റെ കയ്യിൽ കൊടുത്തു. പതിവ് പോലെ ചിരിച്ചെന്റെ കവിളിൽ തട്ടി.
എപ്പോഴും വരുമ്പോൾ അദ്ദേഹം പറയും…
“തീരെ വയ്യാതായി. ശ്വാസം മുട്ടലാണ്. ഇനി ഇങ്ങനെ വരാൻ പറ്റുമെന്നു തോന്നുന്നില്ല”.
അങ്ങനെ അങ്ങനെ അദ്ദേഹം വരാതെയായി. “കിടപ്പിലായിട്ടുണ്ടാവും”. അമ്മ പറഞ്ഞു.
ഒരു ദിവസം രാത്രിയിൽ ഞാനൊരു സ്വപ്നം കണ്ടു. അച്ചായൻ വന്ന് “മോളെ… ഇത്തിരി കഞ്ഞിവെള്ളം താ..” എന്ന് ചോദിക്കുന്നു. ഞാൻ ഞെട്ടിയുണർന്നു. ഇരുട്ടിൽ കണ്ണ് തുറന്ന് ആ പാവത്തെ കുറിച്ചോർത്തു സങ്കടപ്പെട്ടു ഞാൻ കിടന്നു. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ തലേന്ന് കണ്ട സ്വപ്നത്തെ കുറിച്ച് ഞാൻ അമ്മയോട് പറഞ്ഞു. അമ്മയോടൊപ്പം ഞാനും മരണവീട്ടിൽ പോയി. റോഡിലും പറമ്പിലും മുറ്റത്തുമൊക്കെ ആളുകൾ നിറഞ്ഞിട്ടുണ്ട്. ആൾക്കൂട്ടത്തിനിടയിലൂടെ ഞാനും അമ്മയും മുറ്റത്തേക്ക് കയറി. പെട്ടിയിൽ തൂവെള്ള വസ്ത്രം ധരിച്ച് അച്ചായൻ ഉറങ്ങുന്നു. ഞാൻ അടുത്ത് ചെന്നപ്പോൾ പതിവ് പോലെ എന്നെ നോക്കി ചിരിച്ചു എന്നെനിക്കു തോന്നി. ഞാൻ അദ്ദേഹത്തിന്റെ കൈകളിലേക്ക് നോക്കി. കയ്യിൽ കുരിശു പിടിപ്പിച്ച് കൊന്ത ചുറ്റി വച്ചിരിക്കുന്നു. അതുകൊണ്ടാവും വാത്സല്യത്തോടെ എന്റെ കവിളിൽ തലോടാത്തത് എന്ന് ഞാൻ ഓർത്തു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച ഞാൻ കണ്ടത്. അമ്മായിയപ്പന് ഇത്തിരി ചൂടുവെള്ളം കൊടുക്കാൻ പോലും മനസ്സുകാണിക്കാതിരുന്ന മരുമകൾ കനത്ത ദുഖ:ഭാരത്തോടെ മുഖം താഴ്ത്തി മൃതദേഹത്തിനരികിലിരിക്കുന്നു. മറ്റു മക്കളും കൊച്ചുമക്കളുമൊക്കെ അപ്പന്റെ മരണം തങ്ങൾക്ക് സമ്മാനിച്ചത് തീരാനഷ്ടവും ദു:ഖവുമാണ് എന്ന രീതിയിൽ മികച്ച ഭാവാഭിനയം കാഴ്ച വയ്ക്കുന്നു. അപ്പോഴാണ് ഇളയ മകനെ കണ്ടത്. വീട്ടിലോട്ടു വരുന്നവരോടും അനുശോചനം അറിയിക്കുന്നവരോടുമൊക്കെ അപ്പന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ച് പതിഞ്ഞ സ്വരത്തിൽ അയാൾ വാചാലനാവുന്നുണ്ട്.
“ഞാൻ അപ്പന്റെ അടുത്തിരിക്കുകയായിരുന്നു. അപ്പൻ വെള്ളം ചോദിച്ചു. ഞാൻ കൊടുത്തു. എന്നെ നോക്കി. പിന്നെ ശ്വാസമെടുത്തു. മരിച്ചു”…. ഇങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. കള്ളൻ…. എത്ര വല്യ കള്ളമാണ് പറയുന്നത്. അപ്പന് മരുന്ന് പോലും വാങ്ങി കൊടുക്കാത്ത മോനാണ്. അടുത്തോട്ടു പോലും വരാറില്ല എന്ന് അദ്ദേഹം പലതവണ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ ഈ കള്ളന്റെ തലയടിച്ചു പൊളിക്കാമായിരുന്നു എന്ന് ഞാൻ ഓർത്തു.
അപ്പോഴാണ് വേറെ ഒരു സംഭവം ഉണ്ടായത്. അച്ചായന്റെ മകൾ ഭർത്താവും മക്കളുമൊക്കെയായി അലറികരഞ്ഞു കൊണ്ട് അങ്ങോട്ട് കയറി വന്നു. മരിച്ചു മരവിച്ചു കിടന്ന ആ മനുഷ്യന്റെ നെഞ്ചിലേക്ക് വീണു ഉറക്കെ കരഞ്ഞു പതം പെറുക്കാൻ തുടങ്ങി. ഇന്നലെ വരെ ഈ അപ്പൻ ഇവിടെ ജീവിച്ചിരുപ്പുണ്ടായിരുന്നുവെന്ന് ഇവർക്ക് അറിഞ്ഞുകൂടായിരുന്നോ. അങ്ങേർക്കു വായും വയറും വിശപ്പുമൊക്കെ ഉണ്ടായിരുന്നുവെന്നും ഇവർക്ക് അറിയില്ലായിരുന്നോ. ഈ നാടകം ഒക്കെ കണ്ട് അന്തം വിട്ട് ഞാൻ അമ്മയെ നോക്കി. അമ്മ പെട്ടെന്ന് ജാഗരൂകയായി. കാരണം എന്തെങ്കിലും അനീതി കണ്ടാൽ പ്രതികരിക്കുന്ന ഒരു സ്വഭാവം അന്നെനിക്കുണ്ടായിരുന്നു. ഞാൻ മുൻപിൻ നോക്കാതെ വല്ലതും വിളിച്ചു പറയുമോ എന്ന് പേടിച്ചിട്ടാവണം അമ്മ എന്റെ കയ്യിൽ പിടിച്ചു.
“വാ പോകാം”.
അവിടെ അരങ്ങേരുന്ന നാടകത്തിലെ രംഗങ്ങൾ ഒന്നുകൂടി തിരിഞ്ഞു നോക്കി മനസ്സിൽ ഒപ്പിയെടുത്തു ഞാൻ പുറത്തേക്കിറങ്ങി. ഇത്തിരി കാപ്പിക്കു വേണ്ടി വിറച്ചു വിറച്ചു ആ മനുഷ്യൻ നടന്നു വന്നിരുന്ന വഴിയിലൂടെ ഇതെന്തൊരു കാപട്യം നിറഞ്ഞ ലോകമെന്നു ചിന്തിച്ച് അമ്മയുടെ പിന്നാലെ ഞാൻ വീട്ടിലേക്കു നടന്നു.