17.1 C
New York
Saturday, September 30, 2023
Home Special നക്ഷത്രക്കൂടാരം - (ബാലപംക്തി - 9) - കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 9) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്✍

പ്രിയപ്പെട്ട കൂട്ടുകാരേ

എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. ഓണാഘോഷങ്ങളുടെ അവധിക്കു ശേഷം നമ്മൾ ഏവരും വീണ്ടു ഒത്തുകൂടുകയാണ്..

ഇനി കൂട്ടുകാർക്കു വേണ്ടി മാഷെഴുതിയ ഒരു കുഞ്ഞു കവിതയാണ് .

മഴക്കാലത്തായാലും നമ്മളെ ഉപദ്രവിക്കാൻ എത്തുന്ന ഒരാള് .. മൂളിപ്പാട്ടും പാടി വന്ന് കുത്തി നോവിക്കുന്ന ഒരാൾ. രക്തം കുത്തിയെടുക്കുന്ന ആ വില്ലനെക്കുറിച്ചാണ് ഇക്കവിത.

കൊതുക്
##########

കൊതുകേ നിന്നുടെ പാട്ടെല്ലാം
കുതുകം പാറും നേരത്ത്.
മുതുകിൽ കുത്താൻ നോക്കല്ലേ
കൊതുകേ നാേവിക്കല്ലേ നീ
കുതറിക്കൈ കൊണ്ടെത്തുമ്പോൾ
ചിതറിപ്പാറാൻ വിരുതൻ നീ .
ചതിയാ നിൻ കളി നിറുത്തുവാൻ
പുതിയൊരു ബാറ്റുണ്ടെൻ കൈയിൽ .
കുതറും നേരത്തിതു വീശും
കൊതുകേ നിന്നുടെ കഥ ശാ….. ശീ…!

ഇനി നമുക്ക് പുതിയൊരു മാമനെ പരിചയപ്പെട്ടാലോ. കുട്ടികൾക്കുവേണ്ടി ധാരാളം രചനകൾ നല്കിയ വ്യക്തിയാണ്.

അദ്ദേഹം ആരെന്നറിയാമോ?
1988 മുതൽ സിനിമാരംഗത്ത് കലാസംവിധായകൻ, സഹസംവിധായകൻ, പരസ്യകലാകാരൻ, മൊഴിമാറ്റ ചിത്രങ്ങളിൽ സംഭാഷണ – ഗാന രചയിതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ.സി.വി. ഹരീന്ദ്രൻ സാർ.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാരിച്ചാലുകാരനാണ്.
ആനുകാലികങ്ങളിലും മറ്റും കഥകളും കവിതകളും എഴുതുന്നുണ്ട്. രണ്ടു കഥാസമാഹാരങ്ങളും 12 സ്വതന്ത്ര വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ പ്രശസ്തരായ 54 എഴുത്തുകാരുടെ പെൻസിൽ ഛായാചിത്രങ്ങൾ വരച്ച്, 2017 ജൂലായിൽ എറണാകുളത്ത് ദർബാർഹാളിൽ പ്രദർശിപ്പിച്ചു.

വായനശാല എന്ന യൂട്യൂബ് ചാനലിലൂടെ ആഴ്ചതോറും (ഞായ
റാഴ്ച) മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ കഥകൾ വായിച്ചു.
പ്രസിദ്ധീകരിക്കുന്നു.

ഇപ്പോൾ എറണാകുളം ജില്ലയിൽ കാക്കനാട് വാഴക്കാലയിൽ താമസിക്കുന്നു.

ശ്രീ.സി.വി. ഹരീന്ദ്രൻ കുട്ടികൾക്കൂ വേണ്ടി എഴുതിയ കഥ.

കാക്കമ്മ

തിത്തിരി മലയുടെ അടിവാരത്തിലുള്ള ചക്കരച്ചിമാവില്‍ പണ്ടൊരു കാക്കമ്മ കൂടുവെച്ചു പാര്‍ത്തിരുന്നു. പണ്ടെന്നു പറഞ്ഞാല്‍ പണ്ടുപണ്ട്, ഒരുപാടൊരുപാട് കാലം മുന്‍പ്. പിഞ്ചി എന്നായിരുന്നു അവളുടെ പേര്.
ഒരിക്കല്‍ എങ്ങുനിന്നോ വിശന്നുവലഞ്ഞ് പറന്നുവന്ന അവള്‍ക്കു ചക്കരച്ചിമാവ് ഒരു പഴുത്ത മാമ്പഴം കൊടുത്തു. നല്ല മധുരമുള്ള ആ മാമ്പഴം തിന്നതോടെ അവളുടെ വിശപ്പും ക്ഷീണവും എല്ലാംമാറി.

മാമ്പഴത്തിന്‍റെ സ്വാദ് പിഞ്ചിയ്ക്ക് ഏറെ ഇഷ്ടമായി.
“നീ ഇവിടെ കൂടു വെച്ച് താമസിച്ചാല്‍ എന്നും ഞാന്‍ നിനക്ക് നന്നായി പഴുത്ത മാമ്പഴം തരാം.”
ചക്കരച്ചി അവളോട് പറഞ്ഞു.

പിഞ്ചിയ്ക്ക് സന്തോഷമായി. അവള്‍ അന്നുതന്നെ സമീപത്തുനിന്ന് ചുള്ളിയും നാരുകളും കൊണ്ടുവന്നു ചക്കരച്ചിമാവിന്‍റെ ഉയരത്തിലുള്ള ഒരു കൊമ്പില്‍ ഭംഗിയുള്ള ചെറിയൊരു കൂടുകൂട്ടി.
അപ്പോഴാണ് ദിവസവും മാമ്പഴം തിന്നും പാട്ടുപാടിയും പറന്നകലാറുള്ള ചിഞ്ചി എന്ന കുയില്‍ അതുവഴി വന്നത്.

“ചിഞ്ചീ, എനിക്കിന്ന് പുതിയൊരതിഥിയെ കിട്ടി, ഒരു സുന്ദരിക്കാക്ക.പിഞ്ചി എന്നാണ് അവളുടെ പേര്. എന്‍റെ ഉയരത്തിലുള്ള കൊമ്പില്‍ കൂടുകൂട്ടി അവള്‍ അതിലിരിപ്പുണ്ട്. നിനക്ക് വേണമെങ്കില്‍ അവളുമായി കൂട്ടുകൂടാം.”

ദിവസവും മാമ്പഴം തരുന്ന ചക്കരച്ചി പറഞ്ഞതല്ലേ, അവഗണിച്ചാല്‍ അവള്‍ക്കു വിഷമമാവില്ലേ എന്നോര്‍ത്തുകൊണ്ടു ചിഞ്ചി പിഞ്ചിയുടെ കൂടിനടുത്തേക്കു പറന്നുചെന്നു. ചക്കരച്ചി പറഞ്ഞതെല്ലാം കേട്ടുകൊണ്ട് കൂട്ടിനകത്തിരുന്ന പിഞ്ചി, ചിഞ്ചിയെ കൂട്ടിനുള്ളിലേക്കു ക്ഷണിച്ചു കരുതിവെച്ചിരുന്ന ഒരു കൊച്ചുമാമ്പഴം അവള്‍ക്കു നല്‍കി. പിഞ്ചിയുടെ ആ പ്രവൃത്തി ചിഞ്ചിയ്ക്ക് ഏറെ ഇഷ്ടമായി. അവള്‍ മാമ്പഴം തിന്നു മധുരമായി പാടി.
ചിഞ്ചിയുടെ പാട്ട് പിഞ്ചിയ്ക്കും ഇഷ്ടമായി.

“നീ എങ്ങനെയാണ് ഇത്ര നന്നായി പാടുന്നത്? എനിക്ക് അതിനു കഴിയില്ല. എന്‍റെ ശബ്ദവും അതിനു കൊള്ളില്ല.”
പിഞ്ചി നിരാശ പ്രകടിപ്പിച്ചു.

“നീ എങ്ങനെയാണ് ഇത്ര ഭംഗിയുള്ള കൂടു കൂട്ടിയത്? എനിക്ക് അതിനു കഴിയില്ല. എനിക്കതിനുള്ള ക്ഷമയും ഇല്ല. അതില്‍നിന്നു നിനക്ക് എന്തു മനസ്സിലായി?”

“എനിക്കൊന്നും മനസ്സിലായില്ല.” പിഞ്ചി പറഞ്ഞു.

“നിനക്കുള്ള കഴിവുകള്‍ എനിക്കില്ല, എനിക്കുള്ളത് നിനക്കും. ദൈവം എല്ലാവര്‍ക്കും എല്ലാ കഴിവുകളും കൊടുത്തിട്ടില്ല. നീ നിരാശപ്പെടാതിരിക്കാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്.”

“ഇപ്പോള്‍ എനിക്ക് മനസ്സിലായി.” പിഞ്ചി സന്തോഷം പ്രകടിപ്പിച്ചു.
അതു കേട്ടപ്പോള്‍ ചിഞ്ചിക്കും സന്തോഷമായി.

“ഇനി നീ ദിവസവും വരണം, ഞാന്‍ നിനക്കുള്ള മാമ്പഴവുമായി കാത്തിരിക്കും. ഈ കൂട്ടില്‍ നിനക്ക് വിശ്രമിക്കാം.” പിഞ്ചി പറഞ്ഞു.

“ഞാന്‍ വരാം, കൂട്ടില്‍ തളര്‍ന്നിരിക്കുന്ന നിനക്ക് നല്ല നല്ല പാട്ടുകളും പാടിത്തരാം.”

പിന്നീടുള്ള ദിവസങ്ങളിലും ചിഞ്ചി വന്നു. പിഞ്ചി അവള്‍ക്കു മാമ്പഴമോ മാന്തളിരോ നല്‍കി, വിശ്രമിക്കാന്‍ ഇടവും കൊടുത്തു. അവള്‍ മധുരമായി പാടി പിഞ്ചിയെ സന്തോഷിപ്പിച്ചു.
അങ്ങനെ നാളുകള്‍ കടന്നുപോയി.
പിഞ്ചി കൂട്ടില്‍ മുട്ടയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിഞ്ഞു. പിഞ്ചി കൊടുക്കുന്ന ആഹാരം കഴിച്ചും ചിഞ്ചിയുടെ പാട്ടുകള്‍ കേട്ടും കുഞ്ഞുങ്ങള്‍ വളര്‍ന്നു.
അങ്ങനിരിക്കെ ഒരു ദിവസം പാട്ടൊന്നും പാടാതെ മാങ്കൊമ്പില്‍ വിഷമിച്ചിരുന്ന ചിഞ്ചിയെ പിഞ്ചി കണ്ടു.
“എന്താ ചിഞ്ചീ നിനക്ക് പറ്റിയെ? എന്താ കൂട്ടിലേക്ക് വരാതെ വിഷമിച്ചിരിക്കുന്നെ? നിനക്ക് മാന്തളിരു തിന്ന് പാട്ടു പാടണ്ടെ?”

“എനിക്ക് മുട്ടയിടാന്‍ കാലമായി പിഞ്ചി, നാടുനീളെ പാട്ടും പാടി നടക്കുന്ന ഞാന്‍ ഒരു കൂടുകൂട്ടാന്‍ ഇതുവരെ പഠിച്ചില്ല. ഞാന്‍ എവിടെ മുട്ടയിടും. മണ്ണിലോ മരപ്പൊത്തിലോ ഇട്ടാല്‍ വല്ല പാമ്പോ കുരങ്ങോ കൊണ്ടുപോയാലോ?”

“നീ എന്തിനാ വിഷമിക്കുന്നത്? എല്ലാര്‍ക്കും എല്ലാ കഴിവും ദൈവം കൊടുത്തിട്ടില്ലെന്നു നീ തന്നെയല്ലേ എന്നോട് പറഞ്ഞത്. എന്‍റെ കുഞ്ഞുങ്ങളെ നീ പാട്ടു പാടി വളര്‍ത്തിയില്ലേ? എന്നെ നീ പാട്ടു പാടി സന്തോഷിപ്പിച്ചില്ലേ? നിനക്ക് ഞാനുണ്ട് ചിഞ്ചീ, നീ എന്‍റെ കൂട്ടില്‍ മുട്ടയിട്ടോളൂ, അവ ഞാന്‍ നോക്കിക്കൊള്ളാം.”

ചിഞ്ചിക്കു സന്തോഷമായി. അവള്‍ പിഞ്ചിയുടെ കൂട്ടില്‍ മുട്ടയിട്ടു.
കൂട്ടില്‍ പിഞ്ചിയുടെ മുട്ടകളും ഉണ്ടായിരുന്നു. പിഞ്ചി എല്ലാ മുട്ടയ്ക്കും മുകളില്‍ അടയിരുന്നു.
ചിഞ്ചി ദിവസവും വന്നു മാന്തളിര്‍ തിന്നു പാട്ടും പാടി പൊയ്ക്കൊണ്ടിരുന്നു. പിഞ്ചി അടയിരിക്കുന്നതിനാല്‍ കൂട്ടിലേക്ക് കയറാതെയാണ് ഓരോ ദിവസവും അവള്‍ മടങ്ങിയത്. അങ്ങനെ ചില ദിവസങ്ങള്‍ കടന്നുപോയി. മുട്ടകള്‍ എല്ലാം വിരിഞ്ഞു. പിന്നീടെന്തോ ചിഞ്ചി ആ വഴിക്കു വരാതായി. കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം തേടലും അവയ്ക്കുള്ള സംരക്ഷണവും, അങ്ങനെ ആകെ തിരക്കിലായിരുന്നതിനാല്‍ പിഞ്ചി അതറിഞ്ഞതേ ഇല്ല.

ആദ്യം പറക്കമുറ്റിയത് കുയിലിന്‍റെ കുഞ്ഞുങ്ങളാണ്. അവ ദൂരെ എവിടേക്കോ പറന്നു പോയി. അത് പിഞ്ചിയെ വല്ലാത്ത സങ്കടത്തിലാക്കി. അവള്‍ ആഹാരം തേടി പോകാതായി. കൂട്ടില്‍ കാക്കകുഞ്ഞുങ്ങള്‍ വിശന്നു കരഞ്ഞു.
ഇതെല്ലാം കണ്ടിരുന്ന ചക്കരച്ചി പിഞ്ചിയ ശകാരിച്ചു.
“നീ ഇങ്ങനെ തുടങ്ങിയാല്‍ കൂട്ടില്‍ കിടന്നു നിന്‍റെ കുഞ്ഞുങ്ങള്‍ ചത്തുപോകില്ലേ. അവയ്ക്ക് ആഹാരം കൊണ്ടുക്കൊടുക്കൂ.”

“ഞാന്‍ എന്തു സ്നേഹത്തോടെയാണ് ചിഞ്ചിയുടെ കുഞ്ഞുങ്ങളെ വളര്‍ത്തിയത്. പറക്കമുറ്റിയപ്പോള്‍ അവ കാണിച്ചതു കണ്ടോ?”

“നീ എന്തിനാ അതിനു വിഷമിക്കുന്നത്. നീ, നിന്നാല്‍ കഴിയുന്നത് അവയ്ക്കുവേണ്ടി ചെയ്തു. എന്തെങ്കിലും തിരിച്ചു പ്രതീക്ഷിക്കുന്നതാണ് തെറ്റ്.”

“എന്നാലും എന്‍റെ ചൂടുകൊടുത്തു വളര്‍ത്തിയതല്ലേ?” പിഞ്ചി സങ്കടപ്പെട്ടു.

“നീ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ, ഞാന്‍ നിനക്ക് മാമ്പഴം തരാറില്ലേ? നിനക്ക് മാത്രമാണോ? ഏതെല്ലാം പക്ഷികള്‍, അണ്ണാറക്കണ്ണന്മാര്‍, കുരങ്ങന്മാര്‍, മനുഷ്യര്‍ എല്ലാരും വന്ന് ആവോളം മാമ്പഴം ഭക്ഷിച്ചു പോകാറില്ല? ഞാന്‍ ആരില്‍നിന്നെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല. അതുകൊണ്ടാണ് എനിക്ക് സന്തോഷമായിരിക്കാന്‍ കഴിയുന്നത്. നീയും അങ്ങനെ ചിന്തിച്ചാൽ മതി. അപ്പോൾ ഇങ്ങനെ വിഷമിക്കേണ്ടി വരില്ല.”

പിഞ്ചി അല്പം ആലോചിച്ചു, എന്നിട്ടു കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിനായി പറന്നു പോയി. പിന്നീട് പിഞ്ചിക്കു വിഷമിക്കേണ്ടിവന്നില്ല.
പിഞ്ചിയെപ്പോലെ ഇന്നും കാക്കമ്മമാര്‍ കുയിലുകള്‍ക്കു മുട്ടയിടാന്‍ കൂടൊരുക്കുന്നു. പറക്കമുറ്റുമ്പോള്‍ കുയിലിന്‍റെ കുഞ്ഞുങ്ങള്‍ പറന്നകലുന്നു. എന്നാല്‍ കാക്കമ്മമാര്‍ അത് കാര്യമാക്കാറേ ഇല്ല.

ഗുണപാഠം :
കര്‍മ്മംചെയ്യുക നമ്മുടെ ലക്ഷ്യം
കര്‍മ്മഫലംതരും ഈശ്വരനല്ലോ…!

**********************************************

ഇനി നമുക്ക് ഒരു കവിതയാവാം. കാക്കമ്മ കുഞ്ഞിനെ വളർത്തിയപ്പോൾ താരാട്ടു പാടാൻ ആരുമില്ലായിരുന്നു. ഇപ്പോൾ ഒരു തരാട്ടുമായി എത്തുകയാണ് അജയ് മേനോൻ സാർ. നമുക്ക് എല്ലാവർക്കും ഒരുമിച്ച് അതു പാടാൻ ശ്രമിക്കാം.

തൃശൂർ ചിറ്റിലപ്പിള്ളി വ്യാസപീഠത്തിനു സമീപമാണ് ശ്രീ. അജയ് മേനോൻസാർ താമസിക്കുന്നത്.  നിയമം, ബാങ്കിംഗ്, സയൻസ് തുടങ്ങിയവയിൽ ബിരുദങ്ങളും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയശേഷം പഞ്ചാബ് നാഷണൽ ബാങ്ക്, നബാർഡ്, ഹഡ്കോ എന്നീ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഹഡ്കോയിൽ ജനറൽ മാനേജരായിരിക്കെ വി.ആർ.എസ് എടുത്തു.
സമയം എഴുത്തിന്നായി നീക്കിവച്ചു.

ഇപ്പോൾ കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്നുണ്ട്.

പ്രണയാർദ്രം,ഇലയില്ലാമരം, കണിക്കൊന്ന, കലമ, വേനൽമഴ, മാരിവില്ല്,കാവ്യസദ്യ, ദശപുഷ്പങ്ങൾ എന്നീ കവിതാ പഗ്രന്ഥങ്ങളും ,
മിസ്ഡ് കാൾ, ലവ് ലോക്ക്, ഹിസ് ഹൈനസ്സ് കൊറോണൻസ് എന്നീ കഥാ സമാഹാരങ്ങളും അവൾ,ദ്വൈതം എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.

Eternal slumber തുടങ്ങി നിരവധി ഇംഗ്ലീഷ് കൃതികളും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷകളും നിർവഹിച്ചിട്ടുണ്ട്

ശ്രീ.അജയ് മേനോൻ എഴുതിയ കവിത.

ഉണ്ണീ ഉറങ്ങുക
“””””””””””””””””””

ഉണ്ണീയുറങ്ങുക കണ്ണുകൾ പൂട്ടി
നീ, നിന്നമ്മയില്ലേയടുത്തിരിക്കാൻ
ഉണ്ണീയുറങ്ങുക വിണ്ണിലെ താരവും
ചൊല്ലുന്നു കണ്ണുകൾ ചിമ്മി മെല്ലെ
ഉണ്ണീയുറങ്ങുക വീശുന്നിളം കാറ്റും
മെല്ലെയീജാലകപ്പാളി നീക്കി
ഉണ്ണീയുറങ്ങുക പാലതൻ പൂമണം
നിന്നെത്തഴുകി ലാളിച്ചിടുന്നു
ഉണ്ണീയുറങ്ങുക ചെല്ലം കിളികളും
ചില്ലകൾ തേടി ചേക്കേറിടിന്നു
ഉണ്ണീയുറങ്ങുക അമ്പിളിമാമനും തൻ
നിലാക്കൈയാൽ തലോടുന്നുവോ ?
ഉണ്ണീയുറങ്ങുക നല്ലൊരുനാളേക്കു
നിന്നെയോർത്തെല്ലാം സഹിച്ചിടുന്നു
നന്നായ് വളർന്നു നീ അമ്മക്കു
താങ്ങായി
എന്നോമനേ നീയുറങ്ങുറങ്ങു്.

***************************************

നല്ലൊരു താരാട്ടു പാട്ടല്ലേ? . അമ്മയാണ് ഇതു പാടിത്തരുന്നതെങ്കിൽ നമുക്കെന്തിഷ്ടമായിരിക്കും? ഊഞ്ഞാലിലാടിക്കാെണ്ട് ഈ താരാട്ടും കേട്ടിരുന്നാൽ താനേ ഉറങ്ങിപ്പോവും.

തല്ക്കാലം നമുക്ക് ഉണർന്നിരിക്കാം. നമ്മെ പരിചയപ്പെടുന്നതിന് പ്രശസ്തനായ മറ്റൊരു പ്രമുഖവ്യക്തി വരുന്നുണ്ട്. നമുക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം.

ശ്രീ. മണി. കെ.ചെന്താപ്പൂര് . ജനിച്ചത് കൊല്ലം ജില്ലയിൽ മുഖത്തലയ്ക്കടുത്ത് ചെന്താപ്പൂര് ഗ്രാമത്തിലാണ്.

1988 മുതൽ ‘നാളെ ബുക്സ്’ എന്ന പ്രസാധക സംരംഭത്തിന്റെ അമരക്കാരനായി പ്രവർത്തിക്കുന്നു. മുപ്പത്തിയഞ്ചോളം സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.നൂറോളം പുസ്തകങ്ങൾ പ്രസാധകസംഘം വഴിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.. 1996 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഗ്രാമം ലിറ്റിൽ മാസികയുടെ പത്രാധിപരാണ്.. 2006-ൽ കേരള സാഹിത്യ അക്കാദമി ഒഴിവാക്കിയ ശ്രീപത്മനാഭസ്വാമി എൻഡോവ്മെന്റ് ഏറ്റെടുത്ത് നൽകുവാൻ നേതൃത്വം നൽകി.കൊച്ചുണ്ണി എന്ന ബാലനോവൽ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീ കരിച്ചു. അരുവിപ്പുറം സ്മാരക പുരസ്കാരം, വിവേകാനന്ദ പ്രതിഭാ പുരസ്കാരം, പ്രൊഫ. ജീ.സോമനാഥൻ സ്മാരകബാലസാഹിത്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചെന്താപ്പൂര് സാർ നിങ്ങൾക്കു വേണ്ടി ഒരുനല്ല കൊച്ചുകഥയാണ് പറയുന്നത്.

മണിക്കുട്ടന്റെ ആലോചന.

പഴുതാരയെപ്പോലെ അനേകം കാലുകളുള്ള വളരെ ചെറിയ ഒരു ജീവി തിണ്ണയിലൂടെയും മറ്റും ഇഴഞ്ഞു പോകുമ്പോൾ കാൽവിരൽ കൊണ്ടും ചുള്ളിക്കമ്പും കൊണ്ടും മണിക്കുട്ടൻ കൊല്ലാൻ നോക്കിയിട്ടുണ്ട്.

അപ്പോഴൊക്കെ അമ്മൂമ്മ പറയും.
“പാപം കിട്ടും. അതിനെ കൊല്ലരുത്. അത് ദൈവത്തിന് പാലും പഴവും കൊണ്ട് പോവ്വാ..”

എല്ലാറ്റിനോടും ദയ തോന്നണമെന്ന പാഠം അങ്ങനെയാണ് മണിക്കുട്ടൻ പഠിച്ചത്.

കൊല്ലാതിരിക്കാൻ വേണ്ടിയാകണം അമ്മുമ്മ ദൈവത്തെ കൂട്ടുപിടിച്ചത്.ഇപ്പോൾ ദൈവങ്ങൾക്ക് വേണ്ടിയാണ് ആളുകൾ കൊല്ലപ്പെടുന്നതെ ന്നോർക്കുമ്പോൾ ആലോചിച്ചു പോവുകയാണ്. ഇവർ ആരെയാകും കൂട്ടുപിടിച്ചത്, ദൈവമേ!

**********************************

നല്ലകഥ. നിങ്ങൾക്ക് ഇഷ്ടമായല്ലേ? ജീവജാലങ്ങളെല്ലാം ഭൂമിയിൽ ജീവിക്കേണ്ട വയാണ്. അനാവശ്യമായി അവയെ കൊല്ലരുത് എന്ന സന്ദേശമുണ്ട് ഈ കഥയിൽ. മത സ്പർദ്ധയാൽ നടക്കുന്ന അനീതികൾക്കെതിരെയും ഈ കഥ സംസാരിക്കുന്നുണ്ട്.

ഇനി നമുക്ക് ഒരു കവിത പാടാം . നല്ലൊരു കവിതയുമായി ഒരു കവി എത്തിയിട്ടുണ്ട് , ശ്രീ.എ.അബ്ദുൽ കരീം സാർ .

തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കാരനാണ്. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദവും തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബി.എഡ്. സമ്പാദിച്ചത്

മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകനായിരുന്നു. മൂക്കുതല ഗവ: ഹയർ സെക്കന്ററി വിദ്യാലയത്തിൽ നിന്ന് 2021 ൽ വിരമിച്ചു.

ഖത്തറിലെ എം.ഇ.എസ്.ഇന്ത്യൻ സ്കൂളിലും അധ്യാപകനായിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
” കാട്ടിലെ കൂട്ടു കൃഷി ” എന്ന കഥാപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗൾഫിലായിരുന്നപ്പോൾ പത്രത്തിൽ “ഗൃഹപാഠം” എന്ന ഒരു പംക്തി ചെയ്തിരുന്നു. ആനുകാലികങ്ങളിൽ കഥയും കവിതയും ഫീച്ചറുകളും എഴുതാറുണ്ട്. മലയാളത്തിലെ മുൻനിര ബാല സാഹിത്യ പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകളും കവിതകളും എഴുതാറുണ്ട്.
ഇപ്പോൾ കുടുംബസമേതം എറണാകുളം ജില്ലയിലെ ആലുവയിൽ താമസിക്കുന്നു.. .

ശ്രീ. പി.എ. അബ്ദുൾ കരീം സാർ എഴുതിയ കവിതയാണ് താഴെ.

കുഞ്ഞിത്തത്തയുടെ പിറന്നാൾ

ആഞ്ഞിലിക്കൊമ്പത്തെ
തത്തമ്മക്കുഞ്ഞിനു
ആറ്റുനോറ്റുള്ള പിറന്നാളെത്തി;
പുന്നെല്ലു കൊയ്യണം, പായസം
വയ്ക്കണം
പുത്തനുടുപ്പുമണിയേണം.
ചുണ്ടത്തു പൂശുവാൻ ചെഞ്ചായം
വാങ്ങണം;
കുഞ്ഞിക്കഴുത്തിലോ മാല വേണം.
പുന്നെല്ലു കൊയ്തല്ലോ തത്തമ്മ,
പിന്നാലെ
കുത്തിയരിയാക്കി തത്തച്ഛനും.
കൊത്തിച്ചിരകിയ തേങ്ങയുമായ് മരം –
കൊത്തിയും നേരത്തെയെത്തിയല്ലോ.
ചക്കരയാവോളം
കൊക്കിലൊതുക്കിയാ,
ചക്കിപ്പരുന്തുമണഞ്ഞുവല്ലോ.
ഞാലിപ്പൂവൻപഴം കൊണ്ടുവന്നു, ഓലേ –
ഞ്ഞാലിയും മക്കളും പാറിയെത്തി.
ചെഞ്ചായച്ചെപ്പുമായ്
ചെമ്പോത്തുവന്നല്ലോ,
മരതകപ്പട്ടുമായ് മയിലമ്മയും.
പുത്തരിച്ചോറായി; പായസമായല്ലോ
ഒത്തൊരുമിച്ചവർ സദ്യയുണ്ടു.
തത്തമ്മക്കുഞ്ഞിനു മുത്തങ്ങൾ
നൽകിയാ,
കൂട്ടുകാരെല്ലാം പറന്നു പോയി.

തത്തമ്മക്കുഞ്ഞിന്റെ പിറന്നാൾ അടിപൊളിയായി. നിങ്ങളും ബർത്ഡേ ആഘോഷമായി കൊണ്ടാറാടില്ലേ ? പായസമുണ്ടാക്കാറില്ലേ?

ഇപ്രാവശ്യത്തെ കഥകളും കവിതകളും എല്ലാവർക്കും ഇഷ്ടമായിട്ടുണ്ടാകുമല്ലോ. ഇനിയുമുണ്ട് ധാരാളം കലവറയിൽ രുചികരമായ വിഭവങ്ങൾ . നിങ്ങളുടെഎല്ലാ കൂട്ടുകാർക്കും ഇത് ഷെയർ ചെയ്തു കൊടുക്കണം.

സ്നേഹത്തോടെ നിങ്ങളുടെ,
കടമക്കുടി മാഷ്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: