മനുഷ്യനിർമ്മിതമെങ്കിലുമീ മതങ്ങൾ
മനുഷ്യരെക്കീഴടക്കി മനസ്സുപങ്കുവച്ചും
മതവാദികളെ സൃഷ്ടിച്ചും മെല്ലെമെല്ലെ
മണ്ണിൽ വേരാഴ്ന്നിറങ്ങി മതഭീകരവാദം !!
മതവാദവും മതഭീകരവാദവും രണ്ടാണ്
മതമേതുമാകാം മനുഷ്യർ നന്നാകീടിൽ
മതേതരത്വം മനസ്സിൻ്റെ കണ്ണാടിയെങ്കിൽ
മതമൈത്രി മനുഷ്യൻ്റെ നിലനില്പാകിടും !!
മണ്ണിൽ ഒരേയൊരു മതമെന്നവാദവും
മണ്ണിനായ് പടവെട്ടി നിണമൊഴുക്കി
മതങ്ങൾ തമ്മിൽ മത്സരിക്കുമ്പോഴും
മതമൊന്നുമാത്രംമതി,യതുഭീകരവാദം !!
മിഴിപൂട്ടിയിരിക്കും മനുഷ്യ മനസ്സിൽ
മതങ്ങൾക്ക് ചേക്കാറാം കൂടുകൂട്ടാം
മൗനത്തെ ഭഞ്ജിക്കും മതവിശ്വാസം
മാറോടണയ്ക്കുന്ന മൈത്രി വേണം !!
മനുഷ്യൻ്റെ വഴിയിലരുത് ഭീകരവാദം
മനുഷ്യത്വ ചിന്തയാലമൃതൊഴുക്കണം
മാറ്റി നിർത്തുക തച്ചുടക്കുക ഭീകരവാദം
മനുഷ്യനാൽ സാദ്ധ്യം സ്നേഹം പകരൂ !!
✍രചന :- കെ.വിജയൻ നായർ, ഉല്ലാസ് നഗർ (മുംബൈ)