ആഹാരം നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ട്.
ആഹാരം നന്നായി ചവച്ചരച്ചില്ലെങ്കില്‍ ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരത്തിന് പൂര്‍ണമായും വലിച്ചെടുക്കാനാവില്ല. അതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവും കുറയും.
ദഹനത്തിന്റെ ആദ്യപടി ആഹാരം നന്നായി ബ്രേക്ക്ഡൗണ്‍ ചെയ്യുക എന്ന പ്രക്രിയയാണ്. ഇത് കൃത്യമായി നടന്നിലെങ്കില്‍ ദഹനം ശരിയാകില്ല. ഇത് നെഞ്ചെരിച്ചില്‍, മലബന്ധം, പുളിച്ചുതികട്ടല്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകും.
ആഹാരം നന്നായി ചവയ്ക്കാതെ വയറ്റിലെത്തുമ്പോള്‍ വയറിന്റെ ജോലി കൂടും. ഇതിന്റെ ഫലമായി ശരീരത്തിന്റെ കൂടുതല്‍ ഊര്‍ജം കവര്‍ന്നെടുക്കുകയും ചെയ്യും. ശരിയായ രീതിയില്‍ ആഹാരം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കും.
ആഹാരം ശരിയായല്ല വയറ്റില്‍ എത്തുന്നതെങ്കില്‍ വയറ്റില്‍ ഗ്യാസ് നിറയാന്‍ ഇത് കാരണമാകും. ഇതുമാത്രമല്ല, ശരീരഭാരം വര്‍ദ്ധിക്കുന്നതിനും ആഹാരം കഴിക്കുന്ന രീതി സ്വാധീനിക്കാറുണ്ട്. ധാരാളം സമയമെടുത്തു സാവധാനം വേണം ആഹാരം കഴിക്കാന്‍ അല്ലാത്തപക്ഷം അമിതവണ്ണമായാകും ശരീരം പ്രതികരിക്കുക.