ബ്രിട്ടീഷുകാർ ഇന്ത്യ മുഴുവൻ കൊള്ളയടിച്ച് തിരികെ പോയപ്പോഴാണ് അവർ നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നമ്മൾ ഓർക്കുന്നത്. അതിൽ എടുത്തുപറയേണ്ടതാണ് ഇംഗ്ലീഷ് വിദ്യാഭ്യാസവും പെൺ പള്ളിക്കൂടങ്ങളും. കൊറോണ ഏകദേശം പിൻവാങ്ങിയപ്പോഴാണ് അത് എനിക്കും നമുക്കും തന്ന ഗുണങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ഓർക്കുന്നത്.
എഴുത്തും വായനയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്നത് കൊറോണക്കാലത്ത് ആണെന്ന് പറയാം. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ ഞാൻ ‘വണ്ടിചെക്ക് ‘ എന്ന രചനയുമായി 2020 ജനുവരി മാസാദ്യത്തിൽ ‘മലയാളിമനസ്സി’ൽ എത്തി. ആദ്യമായിട്ട് അമേരിക്കയിൽ നിന്ന് ഇറങ്ങുന്ന ഒരു ഓൺലൈൻ പത്രത്തിൽ എൻറെ രചന പ്രസിദ്ധീകരിച്ചു. അതെനിക്ക് തികച്ചും ഒരു നവ്യാനുഭവമായിരുന്നു. താമസിയാതെ സർവീസ് സ്റ്റോറി എഴുതിക്കൊണ്ടിരുന്ന എൻറെ അച്ഛനെയും കുടുംബാംഗങ്ങളെ മുഴുവൻ മലയാളി മനസ്സിന് പരിചയപ്പെടുത്തി, ‘മലയാളി മനസ്സ്’ എന്നാൽ പിന്നെ ഞങ്ങളുടെ കുടുംബാംഗം എന്ന പോലെയായി. പലരും ഫെയ്സ്ബുക്ക് മെസഞ്ചർ വഴി ‘മലയാളി മനസ്സ്’ നിങ്ങൾ നടത്തുന്ന പത്രമാണോ, നിങ്ങളുടെ കുടുംബം മുഴുവൻ അവിടെ എഴുതുന്നുണ്ടല്ലോ, അതുകൊണ്ട് ചോദിച്ചതാണ് എന്ന് പറയാൻ തുടങ്ങി. 😀
അനുഭവകുറിപ്പുകളും, പാചകക്കുറിപ്പുകളും, നർമ്മ കഥകളും, ഓർമ്മക്കുറിപ്പുകളും സർവീസ് സ്റ്റോറി, ട്രാവലോഗ്, എജുക്കേഷൻ പേജ്….പോലുള്ള സ്ഥിരം പംക്തികളും കാർട്ടൂണുകളും ഒക്കെയായി ഞങ്ങൾ എല്ലാ കുടുംബാംഗങ്ങളും അവിടത്തെ സ്ഥിരം എഴുത്തുകാരായി. അപ്പോഴാണ് രാജു ശങ്കരത്തിൽ സാറിൻറെ സഹോദരൻ ശ്രീ മാത്യു ശങ്കരത്തിലിന്റെ ‘കോപ്പി എഡിറ്റർ’ എന്ന സ്ഥാനത്തേക്കുള്ള ക്ഷണം ലഭിക്കുന്നത്.എന്നിലെ എഴുത്തുകാരിയെ പരിപോഷിപ്പിക്കുകയും, ആശയവിനിമയത്തിന് ഒരു ലോകോത്തര നിലവാരമുള്ള സദസ്സ് ഒരുക്കി തരികയും ചെയ്ത മലയാളി മനസ്സിന് തിരിച്ച് എന്തെങ്കിലും ചെയ്യാനുള്ള ഒരു അവസരമായി ഞാനതിനെ കാണുന്നു. എന്നെപ്പോലുള്ള ഒരുപാട് എഴുത്തുകാരെ സൃഷ്ടിച്ചെടുത്ത ‘മലയാളി മനസ്സിൻറെ’ കരങ്ങൾക്ക് ശക്തി പകരാൻ, എന്നാലാവും വിധം എല്ലാ സഹായവും, എന്നെ ഏൽപിക്കുന്ന ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിക്കും എന്ന് ഒരിക്കൽ കൂടി ഉറപ്പു തരുന്നു.
🙏 നന്ദി നമസ്കാരം🙋♀️🙏
മേരി ജോസി മലയിൽ,
കോപ്പി എഡിറ്റർ.