വിഷാദമോ സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ഉയരുമെന്ന് ഗവേഷകര്‍.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന യുവാക്കള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ജോണ്‍ ഹോപ്കിന്‍സ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 18 നും 49 നും ഇടയിലുള്ള അഞ്ച് ലക്ഷത്തോളം പേരിലാണ് പഠനം നടത്തിയത്. ഈ അവസ്ഥ പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, അലസത തുടങ്ങിയ ജീവിതശൈലിയിലേക്കും നയിക്കാം. ഇവയെല്ലാം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 2017 നും 2020 നും ഇടയിലുള്ള കാലയളവിലാണ് പഠനം നടന്നത്.
ഒരു മാസത്തില്‍ 13 ദിവസത്തിലധികം മോശം മാനസികാരോഗ്യ സ്ഥിതിയാണ് തങ്ങളെന്ന് അഭിപ്രായപ്പെട്ടവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത ഒന്നരമടങ്ങ് അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 14 ദിവസത്തിലധികം മോശം മാനസികാരോഗ്യ സ്ഥിതിയില്‍ തുടര്‍ന്നവര്‍ക്ക് ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്.
വിഷാദവും ഹൃദ്രോഗവും പരസ്പര പൂരകങ്ങളായ രോഗങ്ങളാണെന്നും ഗവേഷകര്‍ അടിവരയിടുന്നു. വിഷാദം ഹൃദ്രോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതു പോലെതന്നെ ഹൃദ്രോഗികള്‍ക്ക് വിഷാദമുണ്ടാകാനും സാധ്യതയുണ്ട്.
യുവാക്കള്‍ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.