ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒന്നാണ് കറുവയില എന്ന ബേലീഫ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവയിലയ്ക്കുണ്ട്.
ആയുര്‍വേദ ചികിത്സയില്‍ നിരവധി രോഗങ്ങള്‍ക്ക് കറുവയില ഔഷധമാണ്. കറുവയില ഉണക്കിയാണ് ഉപയോഗിക്കുന്നത്. ദഹനപ്രശ്നങ്ങള്‍ക്കും ചര്‍മസംരക്ഷണത്തിനും എല്ലാം കറുവയില പരിഹാരമേകും. എന്നാല്‍ ഒരു ദിവസം ഒരു ഗ്രാമിലധികം ഉപയോഗിച്ചാല്‍ വിയര്‍ക്കാനും അമിതമായി മൂത്രം പോകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍, അതുകൊണ്ടുതന്നെ അമിതമായ അളവില്‍ കറുവയില ഉപയോഗിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം.
ഉണങ്ങിയ കറുവയില കത്തിച്ച പുക ശ്വസിക്കുന്നത് നാഡീ സംവിധാനത്തെ ശാന്തമാക്കുന്നു. മാനസിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. കൂടാതെ ഉത്കണ്ഠയും സമ്മര്‍ദവും അകറ്റുന്നു. ഇവ പാന്‍ക്രിയാറ്റിക് ബീറ്റാകോശങ്ങളുടെ നാശം തടയുകയും ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക്, ദീര്‍ഘകാലമായുള്ള പ്രമേഹം മൂലമുണ്ടാകുന്ന കേടുപാടുകള്‍ തടയാനും കറുവയിലയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അഥവാ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും കറുവയില സഹായിക്കുന്നു. ഇത് ഹൃദ്രോഗസാധ്യതയും കുറയ്ക്കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍ എ ഉണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.