ഇടയ്ക്കിടെയുള്ള നടുവേദനയും പുറം വേദനയും അനുഭവിക്കാത്തവര്‍ ഇന്ന് വിരളം. കൂടുതല്‍ സമയവും മൊബൈലിലും കംപ്യൂട്ടറിലും ഉള്ള ഇരിപ്പു തന്നെയാണ് ഇതിന് കാരണം. മറ്റു പല കാരണങ്ങളാലും നടുവേദന അനുഭവിക്കുന്നവരുമുണ്ട്. സിസേറിയന്‍, തെറ്റായ രീതിയില്‍ ഉറങ്ങുക, ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ കാരണങ്ങളാലും നടുവേദന ഉണ്ടാകാം.
മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരിലും മുതുകിലും നടുവിനും വേദന അനുഭവപ്പെടാറുണ്ട്. ഇതിന് പരിഹാരമായി നടുവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്ന ചില കാര്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. മുതുകിലും നടുവിനും വേദനയുണ്ടെങ്കില്‍ മസാജ് ചെയ്താല്‍ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. വളരെ പതുക്കെ കെകള്‍ കൊണ്ട് മാത്രം ഈ മസാജ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദത്തില്‍ മസാജ് ചെയ്യുന്നത് വേദന കൂടുതല്‍ വര്‍ദ്ധിപ്പിക്കും. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നത് നടുവേദനയ്ക്കും പുറം വേദനയ്ക്കും കാരണമാകും. ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദിവസവും സ്ട്രെച്ച് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ വേദനയ്ക്ക് ഒരുപാട് ആശ്വാസം ലഭിക്കും. മാത്രമല്ല, പേശികളിലെ വഴക്കം നിലനില്‍ക്കാനും ഇതിലൂടെ സഹായകമാകും.
പ്രായം കൂടുന്തോറുമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നത്. കാല്‍സ്യത്തിന്റെ കുറവും നടുവേദനയ്ക്ക് കാരണമാകാം. ഇതൊഴിവാക്കാന്‍ ദിവസവും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ കൈകള്‍, തോളുകള്‍, പുറം, കഴുത്ത് എന്നിവയുടെ പേശികള്‍ ശക്തമാകുകയും വേദനകളില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യതും.
കുനിഞ്ഞ് നിന്ന് ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക. കൂടുതല്‍ നേരം കസേരയില്‍ ഇരിക്കേണ്ടി വന്നാല്‍ ഇടയ്ക്ക് സ്ഥാനം മാറി ഇരിക്കുകയോ എഴുന്നേറ്റ് നില്‍ക്കുകയോ ചെയ്യാം. ജോലി ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ നടുഭാഗം നേരെ വെച്ച് ഇരിക്കണം, വളഞ്ഞോ കുനിഞ്ഞോ ഇരിക്കരുത്. നടുവേദനയും പുറം വേദനയും ഉണ്ടാകുമ്പോള്‍ ഭക്ഷണത്തില്‍ കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുക. നടുവേദന ഉണ്ടാകുമ്പോള്‍ എപ്പോഴും കട്ടിയുളള മെത്തയിലോ കട്ടിലിലോ കിടന്നുറങ്ങുക.