ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളില്‍ ഒന്നാണ് തൈറോയ്ഡ്. കഴുത്തിനു മുന്‍വശത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഈ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ പലവിധ ശീരീരികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
പല തരത്തിലുള്ള പ്രശ്നങ്ങള്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് സജീവമാകാതെ ഇരിക്കുന്ന ഹൈപോതൈറോയ്ഡിസം. ഈ അവസ്ഥയില്‍ ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഗ്രന്ഥിക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരും.
തൈറോയ്ഡ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കുന്നത് ചയാപചയ സംവിധാനത്തിന്റെ വേഗം കുറയ്ക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിനു കാരണമാകും. വര്‍ധിച്ച ഈ ശരീരഭാരം കുറയ്ക്കുക എന്നതും രോഗികളെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളിയാണ്.
വരണ്ട ചര്‍മം, ചൊറിച്ചില്‍ എന്നിവയും ഹൈപോതൈറോയ്ഡിസത്തിന്റെ ലക്ഷണമാണ്. ശരീര താപനിലയെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥി മുഖ്യ പങ്കുവഹിക്കുന്നു. ഈ ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതിരിക്കുന്നത് രോഗിയുടെ ശരീരോഷ്മാവിനെ ബാധിക്കും. കൈയും കാലുമൊക്കെ എപ്പോഴും തണുത്തിരിക്കുന്നത് ഹൈപോതൈറോയ്ഡിസത്തിന്റെ മുന്നറിയിപ്പു നല്‍കുന്നു.
മുടി കൊഴിച്ചില്‍, മുടിയുടെ കനം കുറയല്‍, കണ്‍പീലികള്‍ കൊഴിയല്‍ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. മറ്റു പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ മലബന്ധം പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമായി രോഗികള്‍ തിരിച്ചറിയാറില്ല. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്.