17.1 C
New York
Monday, May 29, 2023
Home Special വനിതാ തരംഗം - (4) അച്ചാറുകളും ജാമും സിറപ്പും ഹോൾ സെയിൽ വില്പന

വനിതാ തരംഗം – (4) അച്ചാറുകളും ജാമും സിറപ്പും ഹോൾ സെയിൽ വില്പന

വനിതാ തരംഗം നാലാംവാരത്തിലേക്ക് മലയാളി മനസ്സിന്റെ പ്രിയ വായനക്കാർക്ക് സ്വാഗതം

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് മലയാളി മനസ്സിൽ എഴുതുന്ന പ്രശസ്ത എഴുത്തുക്കാരി ശ്രീമതി ജെസിയാ ഷാജഹാനെ ആണ്. നല്ലൊരു എഴുത്തുക്കാരി ആയതിനാൽ ഇത്തവണ ജസിയയുടെ വാക്കുകൾ തന്നെ നേരിട്ട് ഒരു വാക്കും അടർത്താതെ വനിതാ തരംഗതിലൂടെ പ്രിയ വായനക്കാർക്ക് നൽകയാണ്. എഴുത്തും കുടുംബ ഭരണവും ഒപ്പം കൃഷി, ഹോം അപ്ലയൻസ് , ഫർണിചർ എന്നിവയുടെ ബിസിനസ് കൂടാതെ കൃഷിയിൽ അധികം വരുന്ന പഴവർഗങ്ങൾ സoസ്‌കരിച്ചെടുത്തു ജാം, സിറപ്പ്, അച്ചാർ എന്നിവ ഉണ്ടാക്കി വിൽക്കുന്ന ബീലൈൻ നാച്ചുറൽസ്‌. എങ്ങനെ ഇതെല്ലാം കൂടി മാനേജ് ചെയ്യുന്നത് എന്ന് ജസിയയുടെ വാക്കുകൾക്ക് നമുക്ക് കാതോർക്കാം

വരൂ.. ജസിയയുടെ വിശേഷങ്ങളിലേക്ക്

ഞാൻ ജസിയഷാജഹാൻ.. കൊല്ലം ചാത്തന്നൂർ സ്വദേശി. എന്നെക്കുറിച്ച് അധികമായി നിങ്ങളോടൊക്കെ പറയാൻ എന്താണുള്ളത് ? അറിയില്ല.. എങ്കിലും പരിചയപ്പെടുത്താം..

ഒരു സാധാരണ കുടുംബത്തിൽ ജനനം. ആറുമക്കളിൽ മൂന്നാമത്തവൾ.
അധ്യാപകനായിരുന്ന അച്ഛനോടൊപ്പം ആദ്യമായി സ്ക്കൂളിൻ്റെ പടികടക്കുമ്പോൾ ചിന്തകൾക്ക് ചിറകുകൾ മുളയ്ക്കാത്ത ഒരു കുഞ്ഞ് ഫ്രോക്ക്കാരി.
ബാല്യത്തിൻ്റെ നിറപ്പകിട്ടിൽ അരപ്പാവാടയുടെ തിരയിളക്കങ്ങളിൽ മുഴുപ്പാവടയുടെ നാണച്ചരടിൽ ഒക്കെ പഴയ പാരമ്പര്യത്തിൻ്റെ അരുതുകളിൽ, ചോർന്നു പോകാത്ത മൂല്യങ്ങളിൽ ഒരുപാട് വിലക്കുകൾക്കിടയിൽ ആകാശത്തോളം സ്വപ്നങ്ങൾ കാണാൻ അന്ന് മറന്നു പോയതാണോ ? അതോ …കണ്ടു കൂട്ടിയ സ്വപ്നങ്ങളെ അന്നിൻ്റെ പരിമിതികൾക്കുള്ളിൽ സ്വയം മറന്നുവെന്ന് നടിച്ച് ഒരു നല്ല അനുസരണയുള്ള കുട്ടിയായി എല്ലാവരുടേയും കണ്ണിൽ മിന്നിച്ച് നടന്നതാണോയെന്ന് ഇന്നും എന്നോടു തന്നെ ചോദിച്ചു ഞാൻ കുഴയുന്നു.

ഗവണ്മെന്റ് സ്ക്കൂളിൽ ഒന്നാം ക്ലാസ് മുതൽ എസ്എസ്എൽസി വരെ അച്ഛന്റെ മേൽനോട്ടത്തിൽ, കൺവെട്ടത്ത് പഠിച്ചത് ജീവിതത്തിൽ ഒരുഭാഗ്യമായി ഇന്നും ഞാൻ കരുതുന്നു.അച്ഛന്റെ എണ്ണയിട്ടു ചൂടാക്കിയ ചൂരൽവടിയുടെ നോട്ടങ്ങളിൽ
ഇഷ്ടക്കാരായി പ്രണയം കൂടിയ സംഗീതവും,ചെറിയ രീതിയിലുള്ള നാട്ടുക്ലബ്ബ് മാഗസിൻ എഴുത്തും ഡാൻസു പഠിക്കാനുള്ള മോഹവും വരയും ഒക്കെ പേടിച്ചു ഒളിച്ചു പോയി. എല്ലാ കലകളേയും ഇഷ്ടപ്പെട്ടിരുന്ന അച്ഛൻ എന്തോ പെൺമക്കളെ ഒരു തുറന്ന ലോകത്തേക്ക് വിടാൻ ഭയപ്പെട്ടിരുന്നു.

പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും എന്നും ക്ലാസിൽ ഒന്നാം സ്ഥാനം ആയിരുന്നു . എൻ്റെ കഴിവുകളെ ഏറ്റവും കൂടുതൽ വിലയിരുത്തിയിരുന്നതും തിരിച്ചറിഞ്ഞിരുന്നതും എൻ്റെ അധ്യാപകർ ആണ്.

അന്നൊക്കെ എസ്എസ്എൽസി പാസായ കാശുള്ള വീട്ടിലെ പെൺകുട്ടികളെ ഡോക്ടർമാർ വന്നു കല്യാണം കഴിച്ചു കൊണ്ടുപോകുന്ന കാലം.. (ഇന്നിൽ ഓർത്താൽ മനസ്സ് അതിശയത്താൽ പിടിവിടും) അതുകൊണ്ട് തന്നെ കോളേജ് പഠനം ഒരു വലിയ സംഘർഷാവസ്ഥയിൽ തുടർന്നു. ഞങ്ങൾ ആറുമക്കളിൽ മൂത്തവർ മൂന്നുപേരും പെൺമക്കൾ ആയിരുന്നു. സാറിന്റെ മക്കൾ എന്ന ഒരു സ്ഥാനപ്പേര് ഇന്നും ഒരു ബഹുമതിയായി ഉള്ളിൽ ഞങ്ങൾ കൊണ്ടു നടക്കുന്നു.

ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ഞങ്ങൾ ഇളയവർക്ക് വീട്ടുചുമതലകളിൽ കൂടി പങ്കാളിത്തം വഹിക്കേണ്ടിവന്നതിനാൽ പഠനം തികച്ചും വായനയിലൂടെ മാത്രമായി. വീട്ടിൽ വായിക്കാൻ ഒരു കൊച്ചു ലൈബ്രറി തന്നെ ഉണ്ടായിരുന്നു. അത് ഇളയ അമ്മാവൻ്റെ വകയാണ്. ഉൾക്കടൽ, കള്ളിച്ചെല്ലമ്മ, പിറവം റോഡ്, കോട്ടയം പുഷ്പനാഥിൻ്റെ ഡിക്ടറ്റീവ് നോവലുകൾ, പാത്തുമ്മയുടെ ആട് ഇവയൊക്കെ അന്ന് ഹരം പിടിച്ചിരുന്നു ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുന്നത് ഇന്നും ഓർക്കുമ്പോൾ ഒരു സുഖമാണ്. പിന്നെ ആരോഗ്യ മാസിക, മനശ്ശാസ്ത്രം, മംഗളം വനിത, മനോരമ തുടങ്ങി ഒരുവിധം എല്ലാ വീക്കിലികളും മാഗസിനുകളും വീട്ടിൽ വാങ്ങുമായിരുന്നു. അമ്മയും നന്നായി വായിക്കുമായിരുന്നു. കൂടാതെ അമ്മാവൻമാരുടെ വക വേൾഡ് ബുക്ക്‌ എൻസൈക്ലോപീഡിയ, സ്പോക്കൺ ഇംഗ്ലീഷ് ഒക്കെ വേറേയും. അതൊക്കെ കൊണ്ട് തന്നെ ഒരു നഷ്ടബോധം അന്നൊന്നും ഒരിക്കലും മനസ്സിൽ തോന്നിയിരുന്നില്ല. പിന്നെ.. കൂട്ടുകുടുബം ആയതുകൊണ്ടും എല്ലാവരുടേയും ലാളനകളും സ്നേഹവും ഒക്കെ ആവോളം ആസ്വദിച്ചിരുന്നു.

അച്ഛനും അമ്മയും ഒരുപാട് കൃഷികളെ സ്നേഹിച്ചിരുന്നു. കൂവരക്, എള്ള്,പയർവർഗ്ഗങ്ങൾ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി… എല്ലാത്തരം വിളകളും അന്ന് പുരയിടങ്ങളിൽ കൃഷി ചെയ്തിരുന്നു. അന്നൊക്കെ എല്ലാവീട്ടുജോലികളിലും ഞങ്ങൾ മക്കളെ കൂടെ കൂട്ടുമായിരുന്നു.

അതുപോലെ തന്നെ ഇലച്ചെടികൾ കൊണ്ടു നിറഞ്ഞ മുറ്റം. റോസാച്ചെടികൾ കൊണ്ട് നിറഞ്ഞ വഴിയിടങ്ങൾ. മുറ്റത്തൊരു പേര. മൽഗോവ മാവ്. റോഡരികിലെ വീടും ഗേറ്റും ആറുമുറികടകളും. വീടിന്റെ പിറകിലത്തെ വഴി കഴിഞ്ഞ് അമ്പലം. അച്ഛന്റെ ഫർണിച്ചർ ബിസിനസ്. അന്ന് ഞങ്ങളുടെ കടമുറികളിലെ വാടകക്കാർക്ക് എല്ലാം ഞങ്ങൾ കുട്ടികൾ പ്രിയപ്പെട്ട വരായിരുന്നു. ചുറ്റയലത്തു നിന്നും ഓണവും ക്രിസ്തുമസും, വിഷുവും, ഉത്സവവുമൊക്കെ വീട്ടിലേക്ക് ഒഴുകിയെത്തും. അതുകൊണ്ട് തന്നെ ഇന്നും ജാതിമതചിന്തകളില്ല. ഒരു തികഞ്ഞ ഈശ്വരഭക്തയുമല്ല. ദൈവം നമ്മുടെ പ്രവൃത്തികളിലാണെന്ന് തികച്ചും വിശ്വസിക്കുന്നവൾ.

ഒരു തികഞ്ഞ മുസ്ലിം കുടുംബത്തിൽ ജനിച്ചിട്ടും അച്ഛൻ ഒരിക്കലും പള്ളിയിൽ പോകുന്നത് ഞങ്ങൾ കണ്ടിട്ടില്ല. പിന്നെ… അമ്മയും അമ്മാവൻമാരും നന്നായി പാടുമായിരുന്നു. ചെറുതിലേയുള്ള എൻ്റെ സംഗീതത്തിന്റെ അഭിരുചിയെ ആരും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും പാട്ടു കേൾക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. ലളിത സംഗീതപാഠം റേഡിയോയിൽ പഠിപ്പിക്കുമ്പോൾ ഒപ്പം പോയിരുന്നു ഞാനും എഴുതി പഠിക്കുമായിരുന്നു. അമ്മ തികഞ്ഞ ഒരു ഈശ്വര ഭക്തയായിരുന്നു. ഇതൊക്കെ എൻ്റെ ബാല്യകൗമാര യൗവനം.

പത്തൊമ്പതാം വയസ്സിൽ കല്യാണം കഴിഞ്ഞ് വിദേശത്ത് പോയ ഞാൻ പിന്നീടുള്ള പതിനഞ്ച് വർഷം ഗൾഫിൽ ആയിരുന്നു. അവിടെയും ഞങ്ങളുടെ താമസം സിറ്റിയിൽ അല്ലാത്തതുകൊണ്ട് തന്നെ വീട്ടുമുറ്റത്ത് ചെടികളും പച്ചക്കറി കൃഷികളും ചെയ്തിരുന്നു. ഒപ്പം മക്കളുടെ പഠനത്തിൽ 7 th വരേയും അവരുടെ ട്യൂഷൻ ടീച്ചർ ഞാൻ തന്നെയായിരുന്നു. എൻെ ഉള്ളിലുറങ്ങി കിടന്നിരുന്ന കലകളൊക്കെ അവരിലൂടെ സമ്മാനങ്ങളായി എന്നെ തേടിയെത്തി. ആ സമയത്ത് അവർക്ക് ഡാൻസ് ഡ്രസ്സ്‌ ഒക്കെ തയ്ക്കുക ഒരു വെല്ലുവിളി തന്നെയായിരുന്നു. അത്രക്കും തയ്യൽചാർജ് ആണ് അവിടെ. ആ സമയത്ത് സ്വന്തമായി തയ്യൽ പഠിച്ചു. ഷർട്ട് ഒഴികെ ഞങ്ങൾക്ക് അത്യാവശ്യമുള്ളതെല്ലാം നന്നായി പലപല ഫാഷനുകളിൽ തയ്ച്ചിട്ട് മറ്റു കൂട്ടുകാർക്കും ഫാമിലികൾക്കുമിടയിൽ ഹീറോ ആയി. ഒപ്പം കാരംസ്, ചെസ്സ്‌,  മോണോപോളി ,ബാഡ്മിന്റൺ കളികളിൽ (ഈ ഗെയിംസ് ഒക്കെ ഞങ്ങൾ കുട്ടികൾ വീട്ടിൽ ചെറുതിലേ കളിച്ചിരുന്നതാണ്) എന്നും ഒന്നാമതായി. പലപല പാചകങ്ങൾ പരീക്ഷിച്ചും ശ്രദ്ധനേടി. വീട്ടിൽ വയ്ക്കാനുള്ള ഹാൻഡ് ക്രാഫ്റ്റുകൾ, മുത്തുകൾ കൊണ്ടുള്ള ടിഷ്യൂ ബോക്‌സ് ഹെയർ ബാൻഡ് സ് കക്കകൊണ്ടുള്ള പൂക്കൾ മറ്റു
ഇൻ്റീരിയർ ഡിസൈൻസ് ഒക്കെ പയറ്റി തെളിഞ്ഞു. അവയൊക്കെയും വലിയ ശ്രദ്ധ നേടി. അവിടെ ഒരു ചിട്ടയായ ജീവിതം ആയിരുന്നു. ഈന്തപ്പഴതോട്ടങ്ങൾ, ഞാവൽ പഴ തോട്ടങ്ങൾ, മറ്റു പച്ചക്കറി കൃഷിയിടങ്ങൾ ഒക്കെ സന്ദർശിക്കാനും അവയൊക്കെ സംഭരിക്കാനും ഞങ്ങൾക്ക് വേണ്ടുവോളം അവസരം ലഭിച്ചിരുന്നു. അവിടെ ചെറിയ അളവിലുള്ള വീട്ടുമുറ്റത്ത് ഞങ്ങൾ വിളയിച്ച പാവയ്ക്കയും ,വെണ്ടയ്ക്കയും മുരിങ്ങയ്ക്കയുമൊക്കെ മറ്റുള്ളവരുടെ ഇടയിൽ സംസാരവിഷമായി.

രണ്ടായിരത്തിൽ മക്കളുടെ പഠനത്തിനായി ഞങ്ങൾ   നാട്ടിൽ വന്നു താമസമാക്കി. ഇക്ക വാട്ടർ & ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിലെ ജോലി മതിയാക്കി ഒപ്പം കൂടി.

പിന്നീട് ചാത്തന്നൂർ ഉള്ള സ്വന്തം ഷോപ്പിൽ ഹോം അപ്ലിയൻസസ് & ഫർണിച്ചർ ബിസിനസ് തുടങ്ങി. ഗൾഫിൽ നിന്നുമുള്ള പറിച്ചുമാറ്റം ആയതിനാൽ നാട്ടിൽ ഒന്നു കരപറ്റാൻ നല്ല പരിശ്രമം വേണ്ടി വന്നു. മക്കളൊക്കെ പഠിക്കാൻ വളരെ മിടുക്കരായിരുന്നു. എനിക്ക് നേടാൻ പറ്റാത്തതൊക്കെ മക്കളിലൂടെ നേടിയെടുക്കുക എന്നുള്ളത് ജീവിതത്തിൽ ഒരു വാശിതന്നെയായിരുന്നു. രണ്ടുപെൺമക്കളും കോളേജിൽ സ്റ്റാർ ആയിരുന്നു. ആ സമയത്താണ് വീണ്ടും എഴുത്ത് എപ്പോഴോ ഒരു നിമിഷത്തിൽ എന്നെതേടിയെത്തിയത്. അതിനു പ്രചോദനമായത് സഹോദരിയുടെ മകൻ ഒരു കവിത പുസ്തകം പ്രകാശനം ചെയ്തതും.

ആയിരത്തോളം മെമ്പേഴ്സ് അംഗങ്ങളായിട്ടുള്ള ബിസിനസ് ഗ്രൂപ്പുകാരുടെ ഡാറ്റ ലിങ്ക് എന്ന മാഗസിനിൽ വീണ്ടും ഞാൻ എഴുതി തുടങ്ങി. അവിടുന്നങ്ങോട്ട് പിന്നെ.. തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ, വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രതിലിപി, ഫേസ്‌ബുക്ക്, പേജ് തുടങ്ങി…

വീട്ടുകാര്യങ്ങളും ബിസിനസ് കാര്യങ്ങളുമൊക്കെ കഴിഞ്ഞ് രാത്രി
യാണ് എന്നും എഴുതാറ്. 2018 ൽ ആദ്യപുസ്തക പ്രകാശനം. 2022 നകത്ത് വീണ്ടും ആറുപുസ്തകങ്ങൾ. കൂട്ടത്തിൽ രണ്ടു കഥാസമാഹാരങ്ങളും ഉണ്ട്.
ശ്രീ കുരീപ്പുഴ മാഷ്,ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ നായർ സാർ,ശ്രീ മുകേഷ് MLA, ശ്രീ അനിൽ മുഖത്തല, ശ്രീ മുരുകൻ കാട്ടാക്കട സാർ, ധനകാര്യമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ സാർ എന്നിവരൊക്കെയാണ് പ്രാകാശനങ്ങൾ നിർവ്വഹിച്ചത്.

എഴുത്തുപോലെ തന്നെ അത്രയും പ്രിയപ്പെട്ടവയാണ് എനിക്ക് സംഗീതവും കൃഷിയും, ഗാർഡനിംഗും കുക്കിംഗും ഇൻ്റീരിയർ ഡിസൈനിംങും ഗെയിംസും ഒക്കെ. സ്വന്തമായി ഗാനങ്ങൾ എഴുതി സംഗീതം നൽകി പാടുന്നതും എൻ്റെ ഹോബിയാണ്. നാടൻ പാട്ടുകൾ, ഗസൽ ഒക്കെ കൂട്ടത്തിൽ പെടും. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഒന്നു കൊണ്ടും വലിയ പ്രസിദ്ധയാകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. എൻ്റേതായ കുറച്ചു ഇഷ്ടങ്ങളേയും, ഹോബികളേയും താലോലിക്കുന്ന എനിക്കു
മാത്രം അവകാശപ്പെടാവുന്ന കുറച്ചു സന്തോഷനിമിഷങ്ങൾ. അത്രമാത്രം. അവാർഡുകളിൽ വിശ്വാസവും താല്പര്യവുമില്ല. കാരണം… എന്നെ തേടിയെത്തിയ അവാർഡുകളെല്ലാം സാഹിത്യത്തേയും കലയേയും വിലക്കുവാങ്ങുന്നവരായിരുന്നു. എല്ലാവർക്കും പലപേരുകളിൽ … ചാരിറ്റബിൾ ഉൾപ്പെടെ ക്യാഷ് ആണ് ആവശ്യം. വേദികളുടേയും അവാർഡുകളുടേയും വലിപ്പം തുകയനുസരിച്ച് നിശ്ചയിക്കും. എഴുത്തിന്റെ ലോകത്തെ എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് എൻ്റെ എട്ടു പുസ്തകങ്ങൾ വായിച്ച് എൻ്റെ നമ്പർ എൻ്റെ ബുക്ക്സ് ചെയ്തിടത്തുന്നു വിളിച്ചു വാങ്ങി എൻ്റെ വാട്സാപ്പിൽ അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ കുറിപ്പെഴുതിയിട്ട ഡോ. അലക്സാണ്ടർ ജേക്കബ് സാറിൻ്റേതാണ്.

🌻ബീലൈൻ നാച്ചുറൽസ്🌻

എൻ്റെ കൃഷിയുടെ ലോകം ഏറെ പ്രതീക്ഷകളും സന്തോഷവും നിറഞ്ഞതാണ്.
എൻ്റെ വീട്ടുവളപ്പിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന പഴയപഴച്ചെടികൾ മുതൽ ഏറ്റവും പുതിയ വിദേശപഴങ്ങൾ വരെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. 200 ൽ പരം പഴവർഗ്ഗങ്ങൾ, കൂട്ടത്തിൽ ചില മെഡിസിനൽ പ്ലാൻ്റ്സും ഉണ്ട്. ഗ്രാമ്പു,ജാതിക്ക, കുരുമുളക്, കുടംപുളി തുടങ്ങി പല വിളകളും ഉണ്ട്. എൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ഇപ്പോഴും ഞാൻ പുതിയ തൈകൾ പലതും വാങ്ങി വച്ചുകൊണ്ടിരിക്കുന്നു.

ചുറ്റയലത്തും ബന്ധുക്കൾക്കുമൊക്കെ കൊടുത്തതിനുശേഷവും വിളകൾ കൂടുതൽ കൂടുതൽ കിട്ടി തുടങ്ങിയപ്പോൾ പിന്നെ.. അവ സംസ്ക്കരിച്ചു വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. ആ ചിന്തകളിൽ നിന്നും ഞങ്ങളുടെ സ്വന്തം ഷോപ്പിൽ വളരെ ജൈവപരമായി എൻ്റെ വിളകളിൽ നിന്നും ഞാൻ തന്നെ സംസ്ക്കരിച്ചുണ്ടാക്കിയ വിവിധ തരം പിക്കിൾസ്, സ്ക്വാഷുകൾ, സിറപ്പുകൾ ഒക്കെ നിറഞ്ഞ ബീ ലൈൻ നാച്വറൽസ് എന്ന സ്ഥാപനം പിറന്നു. അധികം താമസിയാതെ അതു ഹോൾസെയിലിലേക്കും വഴിമാറി.

എൻ്റേതായ ഭാവനയിൽ പിറന്ന പഴയ നാട്ടുപൂക്കൾ തൊട്ട് ഇന്നത്തെ ഏറ്റവും
പുതിയ ഓർക്കിഡ്സ് ആന്തൂറിയം കളക്ഷൻ വരെ ഉള്ള ഒരു ഗാർഡൻ എനിക്കുണ്ട്. ഒരുപാട് പക്ഷികളും കിളികളും, ശലഭങ്ങളും ചീവീടുകളും, വവ്വാലുകളും ഒക്കെകൊണ്ട് ശബ്ദമുഖരിതമായ ഒരന്തരീക്ഷമാണ് എൻ്റേത്. ഒറ്റയ്ക്കിരുന്ന് പാടുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്.

വളരെ വെറൈറ്റി ആയി പാചകം ചെയ്യുന്ന ആളാണ്. എൻ്റെ കുടുംബം മൂന്നു മക്കളും ഭർത്താവും അടങ്ങുന്നതാണ്. മക്കൾ മൂന്നുപേരും പോസ്റ്റ് ഗ്രാജ്വേറ്റ് ആണ്. അതിൽ രണ്ടു പെൺമക്കളുടെ വിവാഹം കഴിഞ്ഞു. അവർ കുടുംബമായി അയർലൻ
ഡിലും, ബാംഗ്ലൂരിലും താമസിക്കുന്നു. അവരൊക്കെ സോഫ്റ്റ്‌വെയർ ഫീൽഡിൽ വർക്ക് ചെയ്യുന്നു. മകൻ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഫാക്കൽറ്റിയാണ്. രണ്ടു ചെറുമക്കൾ ഉണ്ട്. ഒരു മോളും, ഒരുമോനും.

നമ്മൾ ചെയ്യുന്ന ഓരോ ജോലിയും എത്രയും ആസ്വദിച്ചു ചെയ്യുക. ഒരു നിമിഷവും പാഴാക്കാതിരിക്കുക.ഇന്നു ചെയ്യണമെന്നാഗ്രഹിച്ചതൊക്കെ ഇന്നു തന്നെ ചെയ്തു തീർക്കുക. നാളെ ഒരു സങ്കല്പമാണ്. നന്ദി.

ജസിയയുടെ വിശേഷങ്ങൾ എല്ലാം വായിച്ചല്ലോ.. ജസിയയുടെ ബീലൈൻ നാച്ചുറൽസ്‌ കമ്പനിയെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട വിലാസം

ജെസിയാ ഷാജഹാൻ
ബീലൈൻ നാച്ചുറൽസ്,
ബീലൈൻ ഹോം അപ്ലയൻസ്. കൊല്ലം

ഫോൺ: +91 86064 95804

ഇതുപോലെ സ്ത്രീകൾ സാരഥികൾ ആയി വിജയിപ്പിച്ച സംരംഭങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾക്കെഴുതുക.

അയക്കേണ്ട വിലാസം:-

ലൗലി ബാബു തെക്കെത്തല
അസിസ്റ്റന്റ് എഡിറ്റർ ഇൻ ചീഫ്
മലയാളി മനസ്സ് യു. എസ്. എ
ഫോൺ: 0096551783173
ഇമെയിൽ – mmvanithatharangam@gmail.com

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: