ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:
ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ.
**************************************************************
ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു
മരംക്കേറാനറിയാം
ചാഞ്ചാടാനറിയാം
ചിൽ ചിൽ ചിൽ ചിൽ
ചിലയ്ക്കുന്നതാരാണ്
കരണ്ട് തിന്നുന്നാളാണ്
കാണാനെന്തൊരു ചേലാണ്
ചിൽ ചിൽ ചിൽ ചിൽ
ചിലയ്ക്കുന്നതാരാണ്
പൂപോലുള്ളൊരു വാലാണ്
പുറകിൽ വരകൾ മൂന്നാണ്
ചിൽ ചിൽ ചിൽ ചിൽ
ചിലയ്ക്കുന്നതാരാണ്
മുറ്റം മുഴുവൻ ഓടി നടക്കും
അടുത്ത് ചെന്നാൽ മുറവിളിക്കൂട്ടും
ചിൽ ചിൽ ചിൽ ചിൽ
ചിലയ്ക്കുന്നതാരാണ്
ആളാരാണെന്നറിയേണ്ടേ
അണ്ണാൻ ആണേ ചങ്ങാതി
ചിൽ ചിൽ ചിൽ ചിൽ
ചിലച്ചിരിയ്ക്കും ചങ്ങാതി

ദേവി മനു
******************************************************
2 മുത്ത്യമ്മേം കുട്ട്യോളും (കവിത) ✍ശ്രീകല മോഹൻദാസ്
നെല്ലിക്കക്കൊട്ട മറിഞ്ഞ പോലെ
അഞ്ചാറു പിള്ളേരുണ്ടപ്പുറത്ത്
മുത്ത്യമ്മ ചുട്ടോരു നെയ്യപ്പമെല്ലാം
കയ്യിട്ടു വാരി കൊണ്ടോടടാ ഓട്ടം..
പിറ്റേന്നു മുത്ത്യമ്മ മച്ചുംമ്പുറത്ത്
പാത്തിരുന്നിട്ടൊരു വേലയൊപ്പിച്ചു
പിള്ളേരു വന്നങ്ങു കയ്യിട്ട നേരം
പുളിയുറുമ്പിൻ കൂടു തട്ടി
കുടഞ്ഞിട്ടു
എരിപൊരി കൊണ്ടിട്ടു
പിള്ളേരുപാഞ്ഞപ്പോ
മുത്ത്യമ്മ പൊട്ടിച്ചിരിച്ചു കുഴഞ്ഞു
കക്കക്ക കിക്കിക്കി
കിക്കിക്കിക്കി…
ശ്രീകല മോഹൻദാസ്
***********************************************
പൂമ്പാറ്റയോട് (കവിത) ✍വിജയ. പി.കെ.
പാറിപ്പാറി പാറിപ്പോകും –
പൂമ്പാറ്റേ ….
ആരുതുന്നി തന്നു നിനക്കീ –
പുള്ളിപ്പുള്ളിക്കുപ്പായം…
പൂന്തേനുണ്ണും നിന്നെയൊന്ന് –
തൊട്ടു നോക്കാൻ വന്നപ്പോൾ
പൂഞ്ചിറകും വീശികൊണ്ട്
ദൂരെ പോകുവതെന്താണ് …
ഒരു പുഴുവായ് നീ ഒത്തിരി –
കാലം
ഇരുളിൻ കൂട്ടിലുറങ്ങി.
നീ പുറത്തു വരുന്നതു കാണാൻ –
കൊതിയോടെ ഞാൻ നിന്നു.
ഇത്തിരി നേരം എന്നോടപ്പം
കളിയാടീടാൻ വരുമോ നീ …
കാടും, മലയും ചുററിടാൻ
എന്നെ കൂടെ കൂട്ടിടുമോ….