വയറ്റിലോ നടുവിന്റെ ഒരു ഭാഗത്തോ പെട്ടെന്ന് അനുഭവപ്പെടുന്ന അസഹ്യമായ വേദന, കൊളുത്തിവലിക്കും പോലുള്ള വേദന വരുന്നത് മിക്കവാറും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണമാണ്.
മൂത്രത്തില്‍ കല്ല്- അഥവാ കിഡ്നി സ്റ്റോണിനെ കുറിച്ച് ഏവര്‍ക്കും അറിയാം. വൃക്കയിലോ മൂത്രനാളിയിലോ എല്ലാം ചെറിയ ക്രിസ്റ്റലുകള്‍ വന്ന് അടിയുന്നതാണ് മൂത്രത്തില്‍ കല്ല്.
ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടാതെ കിടക്കുന്ന ധാതുക്കളാണ് ഇത്തരത്തില്‍ ക്രിസ്റ്റലുകളായി വരുന്നത്. ചിലരില്‍ മൂത്രത്തില്‍ കല്ല് ചെറിയ രീതിയിലാകാം. അങ്ങനെയെങ്കില്‍ ഇത് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കില്ല. അതേസമയം മറ്റ് ചിലരില്‍ ഈ കല്ലുകളുടെ വലുപ്പം തന്നെ പ്രശ്നമായി വരാം. ഒപ്പം തന്നെ ഇവ അകത്ത് ചലിച്ചുകൊണ്ടിരിക്കുക കൂടി ചെയ്താല്‍ ഇത് കടുത്ത വേദനയിലേക്കും നയിക്കാം. അടിവയറ്റിലെ വേദന ഇതിലൊരു ലക്ഷണമാണ്. പെട്ടെന്നായിരിക്കും ഇത്തരത്തില്‍ അടിവയറ്റില്‍ വേദനയനുഭവപ്പെടുന്നത്. ശരീരത്തിന്റെ മുകള്‍ഭാഗത്ത് ഏതെങ്കിലും ഒരു വശത്തും വേദന വരാം. അതല്ലെങ്കില്‍ നടുവിലെ ഒരു ഭാഗത്തും ആകാം ഈ വേദന.
മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതുണ്ട്. മൂത്രത്തില്‍ നിറവ്യത്യാസം വരികയാണെങ്കില്‍ ഇതും ശ്രദ്ധിക്കണം. ഇതും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണമായി വരാം. പിങ്ക്, ബ്രൗണ്‍, റെഡ് നിറങ്ങള്‍ കലര്‍ന്നുകാണുകയാണെങ്കിലാണ് മൂത്രത്തില്‍ കല്ല് സൂചനയുണ്ടാകുന്നത്. ഇടയ്ക്കിടെ ഛര്‍ദ്ദിയും ഓക്കാനവും ഉണ്ടാകുന്നതും മൂത്രത്തില്‍ കല്ല് ലക്ഷണമായി വരാറുണ്ട്. ഇങ്ങനെ കാണുകയാണെങ്കിലും ആശുപത്രിയില്‍ പോയി വേണ്ട പരിശോധന നടത്തുന്നതാണ് ഉചിതം. ഇടയ്ക്ക് പെട്ടെന്ന് പനി വരുന്നതും മൂത്രത്തില്‍ കല്ല് ലക്ഷണമായി വരാറുണ്ട്.