ടോയ്‌ലെറ്റ് സീറ്റിനേക്കാള്‍ വൃത്തിഹീനമാണ് മൊബൈല്‍ ഫോണ്‍ എന്ന് പഠനം. പലരും മൊബൈല്‍ ഫോണ്‍ ടോയ്‌ലെറ്റില്‍ കൊണ്ടു പോകാറുണ്ട്. ഈ ഫോണ്‍ പിന്നീട് കുട്ടികളുടെ കൈയില്‍ കൊടുക്കും, ഭക്ഷണം കഴിക്കുന്നതിനിടെ ഇതേ ഫോണ്‍ ഉപയോഗിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഫോണില്‍ അടിഞ്ഞിട്ടുള്ള മൈക്രോബുകള്‍ പല വഴികളിലൂടെ നമ്മുടെ ശരീരത്തില്‍ കയറിക്കൂടും.
മൊബൈല്‍ ഫോണുകള്‍ രോഗകാരികളായ ബാക്ടീരിയകളാല്‍ മലിനമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. വയറിളക്കം ഉണ്ടാക്കുന്ന ഇ-കോളി, ചര്‍മ്മത്തെ ബാധിക്കുന്ന സ്റ്റാഫൈലോകോക്കസ്, ക്ഷയരോഗത്തിനും ഡിഫ്തീരിയക്കും കാരണമാകുന്ന ആക്ടിനോബാക്ടീരിയ, മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമായ സിട്രോബാക്ടര്‍, മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന എന്ററോകോക്കസ് എന്നിവയൊക്കെ ഫോണില്‍ കണ്ടെത്തി. ഇവയില്‍ പലതും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി, അതായത് നിലവിലുള്ള മരുന്നുകളൊന്നും ഇവയ്ക്കെതിരെ ഫലപ്രദമാകില്ല. ഈ ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ചര്‍മ്മ, ഉദര രോഗങ്ങളും കരള്‍ രോഗങ്ങളും ജീവനുതന്നെ ഭീഷണിയാണെന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്.
ആന്റിബാക്ടീരിയല്‍ ലായിനികള്‍ ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കിയാലും ബാക്ടീരിയകള്‍ വീണ്ടും തിരിച്ചെത്തും. അതുകൊണ്ട് വല്ലപ്പോഴും ഫോണ്‍ വൃത്തിയാക്കുന്നത് കൊണ്ടുമാത്രം കാര്യമില്ല. ഇത് ദിനചര്യയുടെ ഭാഗമാക്കണം. 70ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ലായിനി ഉപയോഗിച്ചുവേണം ഫോണും ഫോണ്‍ കവറുമെല്ലാം തുടച്ച് വൃത്തിയാക്കാന്‍. ഇതൊരിക്കലും ഫോണില്‍ നേരിട്ട് ഉപയോഗിക്കരുത്. ഇതിനായി കോട്ടണ്‍ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം.
ഫോണ്‍ ഉപയോഗത്തിന് മുമ്പും പരമാവധി കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. മറ്റ് പ്രതലങ്ങളിലെ അഴുക്ക് ഫോണിലെത്തുന്നത് ഇതുവഴി നിയന്ത്രിക്കാം. ഫോണ്‍ മറ്റ് ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കുക. മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിക്കുന്നത് സ്വയം നിയന്ത്രിക്കുകയും വേണം.