സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’ എന്ന് മിക്കവരും കേട്ടിരിക്കും. ഹൃദയാഘാതം തന്നെ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാതെ സംഭവിക്കുന്നതിനാണ് ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’ എന്ന് വിളിക്കുന്നത്. നിശബ്ദഘാതകൻ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. വളരെ നിശബ്ദമായി നമ്മെ അപകടത്തിലാക്കും എന്നതിനാലാണ് ഇതിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല എന്നതും അതുപോലെ തന്നെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കും വിധം പ്രകടമാകാതിരിക്കുക- മറ്റ് ആരോഗ്യപ്രശ്നങ്ങളുടേതിന് സമാനമായി തെറ്റിദ്ധരിപ്പിക്കുംവിധം പ്രകടമാവുക എന്നതെല്ലാം ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കി’ന്‍റെ സവിശേഷതകളാണ്.
പ്രധാനമായും നെഞ്ചുവേദന കയ്യിലേക്ക് പടരുന്ന വേദന എന്നീ ഹൃദയാഘാത ലക്ഷണങ്ങളുടെ അസാന്നിധ്യമാണ് ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കി’നെ കൂടുതല്‍ ‘റിസ്ക്’ ഉള്ളതാക്കുന്നത്. ഇതോടെ രോഗിക്ക് താൻ ആരോഗ്യപരമായ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. ചികിത്സ ലഭ്യമാകുന്നത് വൈകുന്നതിനും ജീവൻ വരെ അപകടത്തിലാകുന്നതിനും ഇത് കാരണമാകുന്നു.
പ്രമേഹം, ബിപി, അമിതവണ്ണം, പാരമ്പര്യഘടകങ്ങള്‍, കൊളസ്ട്രോള്‍, പുകവലി എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. വാര്‍ധക്യവും ഹൃദയാഘാത സാധ്യത കൂട്ടുന്നു. ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്കി’ന്‍റെ കാര്യവും അങ്ങനെ തന്നെ.
നിശബ്ദമായെത്തുന്ന ഹൃദയാഘാതത്തില്‍ നിന്ന് സുരക്ഷിതരാകണം എന്നുണ്ടെങ്കില്‍ ഇതിന് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ നിര്‍ബന്ധമായും വേണം. അതായത് ഹൃദയാഘാത സാധ്യത കൂടുതലുള്ള വിഭാഗക്കാരെ കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ വിഭാഗത്തില്‍ പെടുന്നവരെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ കഴിയുന്നതും ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.
പ്രമേഹം, ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ ഇവയെല്ലാം നിയന്ത്രിച്ച് മുന്നോട്ട് പോകണം. അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാനും ശ്രമിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ കാണുന്നപക്ഷം അതിനെ നിസാരമായി എടുക്കാതെ അതിന്‍റെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുക. ആരോഗ്യകരമായ ഡയറ്റും വ്യായാമവും കൃത്യമായ ഉറക്കവുമെല്ലാം ഒരളവ് വരെ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. അതിനാല്‍ ഇത്തരത്തിലുള്ള മികച്ച ലൈഫ്സ്റ്റൈല്‍ പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.