ഔഷധക്കഞ്ഞി (കർക്കടക കഞ്ഞി)
ചേരുവകൾ
കൂവളം
കുമിഴ്
പൂപ്പാതിരി
പലകപയ്യാന
മുഞ്ഞ
ഓരില
മൂവില
ചെറുവഴുതിന
കണ്ടകാരിചൂണ്ട
ഞെരിഞ്ഞിൽ
ചുക്ക്
കുരുമുളക്
തിപ്പലി
ജീരകം
ഉലുവ
ശതകുപ്പ
(ഇവയെല്ലാം ചൂർണരൂപത്തിൽ)
തയാറാക്കുന്ന വിധം
100 ഗ്രാം അരി, ബാർലി, നവരയരി, നുറുക്ക് ഗോതമ്പ് എന്നിവയിൽ ഏതെങ്കിലും ഒന്ന് വെള്ളത്തിലോ പാലിലോ 10 ഗ്രാം ഔഷധചൂർണം ചേർത്ത് കഞ്ഞി ഉണ്ടാക്കാം. കഞ്ഞി ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇളംചൂടോടെ കുടിക്കാവുന്നതാണ്.
ഗുണങ്ങൾ
കൂവളം ഉദരസംബന്ധമായ രോഗങ്ങൾ, നീര്, ചുമ, ശ്വാസംമുട്ടൽ എന്നീ വിഷമതകൾ ശമിപ്പിക്കും. കുമിഴ് വാതരോഗം, ശരീരക്ഷീണം, പനി തുടങ്ങിയവ കുറയ്ക്കാൻ സഹായിക്കും. ഹൃദയഭാഗത്തുള്ള വേദന, ശ്വാസംമുട്ടൽ, ചർദി, ചുമ, നീര്, ദാഹം എന്നിവയെ നിയന്ത്രിക്കാൻ പൂപ്പാതിരിക്കു കഴിയും. പലകപയ്യാന ശരീരക്ഷീണത്തെ ഇല്ലാതാക്കുന്നതും ദഹനം വർധിപ്പിക്കുന്നതുമാണ്.
ഓരില ഹൃദയാരോഗ്യം വർധിപ്പിക്കുന്നതോടൊപ്പം നീരിനെ കുറയ്ക്കുന്നതുമാണ്. ചുമ, ശ്വാസംമുട്ടൽ എന്നിവ ശമിപ്പിക്കാൻ മൂവില നല്ലതാണ്.
ചെറുവഴുതിന, കണ്ടകാരിചുണ്ട, ഞെരിഞ്ഞിൽ, ജീരകം, ഉലുവ, ശതകുപ്പ, ചുക്ക്, കുരുമുളക് എന്നീ ഘടകങ്ങൾ കാസശ്വാസത്തിനും മൂത്രം വർധിപ്പിക്കുന്നതിനും കരളിനും വാതസംബന്ധമായ വേദനകൾക്കും ഉദരരോഗ ശമനത്തിനും ഗർഭാശയ ശുദ്ധിക്കും മറ്റും നല്ലതാണ്.
നവരയരി ശരീരപുഷ്ടിക്കും നാഡീസംബന്ധമായ രോഗങ്ങൾക്കും രക്തചംക്രമണ വ്യവസ്ഥ ശക്തിപ്പെടുത്താനും ഉത്തമം.
രോഗപ്രതിരോധ ശേഷി നിലനിർത്താനും ശരീരബലം വർധിപ്പിക്കാനും ഔഷധക്കഞ്ഞി ഗുണം ചെയ്യും.
തയാറാക്കിയത്: ഡോ.കെ.ദേവീകൃഷ്ണൻ (ചീഫ് സബ് എഡിറ്റർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം)