കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. അസ്ഥി രൂപപ്പെടുന്നതിനും പല്ലുകള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട രാസ ഘടകങ്ങളില്‍ ഒന്നാണ് കാല്‍സ്യം.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവരുടെ ദൈനംദിന ഭക്ഷണ പദ്ധതിയില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കണം. പാല്‍ ഉല്‍പന്നങ്ങള്‍, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍, ചെമ്പല്ലി മീന്‍, കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ എന്നിവയിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ ഉറവിടമാണ് ‘മുട്ട’. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ഫൈബര്‍ കുട്ടികളില്‍ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തും. ബ്രൊക്കോളി, അവോക്കാഡോ, സരസഫലങ്ങള്‍, ഓട്‌സ്, ബീന്‍സ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണങ്ങള്‍ ധാരാളമായി കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.
ആന്റി ഓക്സിഡന്റായ വൈറ്റമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ് ‘പീനട്ട് ബട്ടര്‍’. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ബ്രഡിനൊപ്പമോ ഫ്രൂട്ട്സിന്റെ കൂടെയോ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.
ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ ഇ. സൂര്യകാന്തി എണ്ണ, ബദാം, ഹെയ്സല്‍ നട്ട്, സൂര്യകാന്തി വിത്തുകള്‍ എന്നിവ എല്ലാം വിറ്റാമിന്‍ ഇ കൊണ്ട് നിറഞ്ഞിരിക്കുന്നു.
വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ‘തൈര്’. ഇത് മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനവും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നു. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക് ബാക്ടീരിയയും അവയില്‍ അടങ്ങിയിട്ടുണ്ട്.