‘മലയാളി മനസ്സ്’ ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ‘മലയാള നോവൽ സാഹിത്യം’ ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ ‘മാർത്താണ്ഡ വർമ്മ’. നോവലിസ്റ്റ് സി.വി. രാമൻപിള്ളയെ കുറിച്ച് കഴിഞ്ഞ ലക്കത്തിൽ വിശദമായി പ്രതിപാദിച്ചതിനാൽ നേരിട്ട് നോവലിന്റെ വായനാനുഭവം പങ്കുവയ്ക്കാം.
ബൃഹത്തായ ഈ നോവലിന്റെ ഒരു സംക്ഷിപ്ത രൂപമാണ് വായനക്കാർക്കായി രചനയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാണ് ഈ നോവൽ. യുവായിരിക്കുമ്പോൾ തന്നെ മാർത്താണ്ഡ വർമ്മക്ക് രാജ്യഭരണ സംബന്ധമായ നിരവധി ശത്രുക്കളെ നേരിടേണ്ടിവന്നു. സ്വന്തം മാതുലന്റെ പുത്രന്മാരായ തമ്പിമാർ, എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഒത്താശയോടു കൂടി രാജ്യാധികാരം പിടിച്ചെടുക്കാൻ ശ്രമം നടത്തി.
രാജ്യത്തിന്റെ ഭരണം കൈയ്യാളിയിരുന്ന രാജാവിന്റെ പുത്രന്മാരായ തമ്പി മാർക്കും, അനുചരന്മാർക്കും നല്ല സ്വാധീനം ഉണ്ടായിരുന്നു. തങ്ങളുടെ മാർഗ്ഗത്തിലെ ഏകതടസ്സം മാർത്താണ്ഡവർമ്മയാണെന്ന് അവർ മനസ്സിലാക്കി. മരുമക്കത്തായ രീതിയനുസരിച്ച് മാർത്താണ്ഡവർമ്മയാണ് അടുത്ത കിരീടാവകാശി.
മരുമക്കത്തായം മാറ്റി മക്കത്തായ രീതി നടപ്പാക്കണമെങ്കിൽ യുവരാജാവായ മാർത്താണ്ഡവർമ്മ യെ വധിച്ചേ പറ്റൂ. ഇതിനുവേണ്ടി തമ്പിമാരും, എട്ടു വീട്ടിൽ പിള്ളമാരും നടത്തുന്ന എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തി അവരെ നിശേഷം നശിപ്പിച്ച് മാർത്താണ്ഡവർമ്മ അധികാരത്തിലേറുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
ഈ ചരിത്രസംഭവത്തെ ഭാവനയുടെയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും പിൻബലത്തേടെ നോവലിസ്റ്റ് സി.വി. രാമൻപിള്ള ഭംഗിയായി അവതരിപ്പിക്കുന്നു. ഇതിന്റെ പിൻബലത്തിനായി ചില സങ്കല്പകഥാപാത്രങ്ങളെയും അദ്ദേഹം സൃഷ്ടിക്കുന്നു. ഒരു സുന്ദരമായ പ്രണയകഥ കൂടി ഇതോടൊപ്പം ചേർത്ത് മനോഹരമാക്കിയപ്പോൾ ഒന്നാംതരമൊരു ചരിത്രാഖ്യായികയായി ഇത് പരിണമിക്കുകയാണ്.
പ്രേമകഥയിലെ നായകനായ അനന്തപത്മനാഭന്റെ അത്ഭുത വീരപരാക്രങ്ങളും, നായികയായ പാറുക്കുട്ടിയുടെ നിഷ്ക്കളങ്ക പ്രണയവും നോവലിലെ ആകർഷകഘടകങ്ങളാണ്. വായനക്കാരന് ജിജ്ഞാസ വളർത്തുന്ന രസകരമായ പല സംഭവങ്ങളും, വർണ്ണനകളും ചാലിച്ച് കഥയുടെ കൃത്യനിർവ്വണം നടത്തിയിരിക്കുകയാണ്.
മാർത്താണ്ഡവർമ്മ, അനന്തപത്മനാഭൻ രാമയ്യൻ, തിരുമുഖത്തുപിള്ള, മാങ്കോയിക്കൽ കുറുപ്പ്,തമ്പിമാർ, വേലുക്കുറുപ്പ്, പരമേശ്വരൻപിള്ള, പാറുക്കുട്ടി, സുഭദ്ര, കാർത്യായനിയമ്മ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
കഥാഗതി മുന്നോട്ട് നയിക്കുന്നതിൽ ഓരോ കഥാപാത്രങ്ങളും വഹിക്കുന്ന പങ്ക് നോവലിസ്റ്റ് എഴുതി ചേർത്തിരിക്കുന്നത് അത്യുത്തമമായ ഭാവനാശൈലിയോടെയാണ്. ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമായ കഥാപാത്ര സവിശേഷതയിലൂടെയാണ് നോവലിൽ അവതരിപ്പിച്ചിട്ടുളളത്. സാഹസികനായ അനന്തപത്മനാഭൻ,സ്ത്രീലമ്പടനായ പത്മനാഭൻ തമ്പി, ധീരതയും, രാജഭക്തിയുമുള്ള സുഭദ്ര, ചെമ്പകശ്ശേരി തറവാട്ടിന്റെ അന്തസ്സും, ആഭിജാത്യവും കാത്തുസൂക്ഷിക്കുന്ന കാർത്ത്യാനിയമ്മ ഇങ്ങനെ നീണ്ട ഒരു കഥാപാത്രസൃഷ്ടികളാണ് അദ്ദേഹം തന്റെ നോവലിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.
ചരിത്രാഖ്യായികകളിൽ പ്രമുഖസ്ഥാനത്ത് മാർത്താണ്ഡവർമ്മയാണ് നിലകൊള്ളുന്നത്. സി.വി.രാമൻപിള്ളയുടെ ഈ ചരിത്രനോവൽ കാലമെത്ര കഴിഞ്ഞാലും നിലനില്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. മലയാളത്തിലെ വാട്ടർ സ്ക്കോട്ട് എന്നാണ് സാഹിത്യലോകം സി.വി. രാമൻപിള്ളയ്ക്ക് നല്കിയിരിക്കുന്ന ബഹുമതി.
ആധൂനിക തലമുറയിലെ സാഹിത്യകാരന്മാർക്കും, സാഹിത്യ പ്രേമികൾക്കും, ചരിത്രകുതുകികൾക്കും വളരെയധികം വഴികാട്ടിയാകാവുന്ന ഈ നോവൽ അതിന്റെ ഗാംഭീര്യം കൊണ്ട് എക്കാലവും മലയാളനോവൽ സാഹിത്യരംഗത്ത് തലയുയർത്തി നില്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
നമ്മുടെ പുരാതനസംസ്കൃതിയുടെ, രാഷ്ട്രീയത്തിന്റെ, സാമൂഹികതയുടെ, പ്രണയത്തിന്റെ, ചതിയുടെ, വൈരാഗ്യത്തിന്റെ, സ്നേഹബന്ധങ്ങളുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് സി.വി.യുടെ ഈ പ്രഥമ ചരിത്രനോവൽ.
നല്ലൊരു വായനാനുഭവത്തിനൊപ്പം എന്തെങ്കിലുമൊക്കെ സ്വീകരിക്കാനും, ചിലതൊക്കെ പുറന്തള്ളാനും, അനുഭവിക്കാനുമുണ്ടാകും ചരിത്രത്തിൽ നിന്നും, ഈ ചരിത്രനോവലിൽ നിന്നും….
അടുത്തലക്കം മറ്റൊരു രചനയുമായി വീണ്ടും കാണാം❤️💕💕💕🙏