എഴുപതു വയസ്സിൽ അധികം പ്രായമുള്ള അദ്ദേഹം, അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ നാഗപൂരിൽ നിന്ന് ഏകദേശം 50 നു മേലേ കിലോമീറ്റർ അകലെയുള്ള രാംടെക്കിലേക്കും പിന്നീട് അവിടെ നിന്ന് 3.5 കി.മീ ദൂരമുള്ള ഖിൻഡ്‌സി തടാകത്തിലേക്കും നടത്തിയ സൈക്കിൾ യാത്രയെ കുറിച്ച് വിവരിക്കുകയാണ്. കഥകൾ കേട്ടുകൊണ്ടുള്ള ഞങ്ങളുടെ യാത്ര ഖിൻഡ്‌സി തടാകത്തിലേക്കാണ്.
കഥ കേട്ട് മടി പിടിച്ചിരിക്കുന്ന നമുക്ക് നല്ലൊരു വ്യായാമം ആകട്ടെയെന്ന് കരുതിയാണോ, കുത്തനെയുള്ള അമ്പതോളം പടികൾ ! ആ പടികൾ ഇറങ്ങിയാൽ മാത്രമെ തടാകവും അതിനോടു ചേർന്നുള്ള കുട്ടികൾക്കായുള്ള സാഹസിക പാർക്കും എന്തിനേറെ പറയുന്നു ടോയ്ലെറ്റും ഭക്ഷണശാലയും എല്ലാം ഉള്ളത്.
എല്ലാ വശങ്ങളിലും വനങ്ങളാൽ ചുറ്റപ്പെട്ട മനോഹരവും വലുതുമായ തടാകം. മധ്യേന്ത്യയിലെ ഏറ്റവും വലിയ ബോട്ടിംഗ് കേന്ദ്രവും അമ്യൂസ്മെന്റ് പാർക്കും ഉണ്ട് . സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ജംഗിൾ ട്രെക്കിംഗും ലഭ്യമാണ്. എല്ലായിടവും വളരെ നന്നായി പരിപാലിച്ചിരിക്കുന്നു.
പതിനഞ്ച് മിനിറ്റിന്റെ മോട്ടോർ ബോട്ട് യാത്രയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ആ യാത്രക്കുവേണ്ടി ധരിക്കാൻ തരുന്ന ലൈഫ് ജാക്കറ്റുകളെല്ലാം കണ്ടാൽ നല്ല വൃത്തിയുള്ളതും മുമ്പ് ആരും ഉപയോഗിച്ചിട്ടില്ലാത്തതു പോലെ . സാധാരണ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നുള്ള അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി തോന്നി. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വെള്ളത്തിനു മേലെ വെള്ളം തെറിപ്പിച്ചു കൊണ്ടുള്ള യാത്ര മനോഹരം. ദൂരെയായിട്ടുള്ള തീരം കണ്ടപ്പോൾ , നമ്മൾ തടാകത്തിന്റെ മറ്റേ തീരത്തോട്ടെക്ക് പോവുകയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തീരത്തോട് അടുക്കു തോറും ആകെ കണ്ടു പരിചയം പോലെ🤔. ബോട്ട് വെള്ളത്തിൽ ‘U turn’ എടുത്തത് ആരും ശ്രദ്ധിച്ചില്ല. ബോട്ടിൽ നിന്നിറങ്ങുമ്പോൾ 15 മിനിറ്റ് . ഇത്രയും കിറുകൃത്യമായി ബോട്ട് സഫാരി നടത്താൻ ഡ്രൈവർ മിടുക്കൻ തന്നെ!
‘ മരം ചുറ്റി പ്രേമം’ ത്തിനൊന്നും പഴയ ഗ്ലാമർ ഇല്ലാത്തതു കൊണ്ടാകും കുത്തനെയുള്ള പടികളുടെ അവിടെയാണ് ഷൂട്ടിംഗിന്റെ ബഹളം. ചോദിച്ചപ്പോൾ , ഏതോ കല്യാണത്തിന്റെ pre/after ഷൂട്ടിംഗിന്റെ തിരക്കാണ്. ഷൂട്ടിംഗ് ചെയ്യാനായിട്ടുള്ള ഒരു കൂട്ടം ആളുകൾ, വരനും വധുവും അവരുടെ കൂട്ടുകാർ, അവരെയെല്ലാം കൺട്രോൾ ചെയ്യാനായിട്ട് 2-3 കാരണവർ, മേക്കപ്പ് ആർട്ടിസ്റ്റ് ——-അത്രയും നേരം ഒരു ഓണം കേറാ മൂലയെന്ന് തോന്നിച്ചിരുന്ന സ്ഥലം ആകെ ശബ്ദമുഖരിതമായിരിക്കുന്നു.
മടക്കയാത്രക്കായി വാഹനത്തിന്റെ അടുത്തേക്ക് ചെന്നപ്പോഴാണ്, വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തിരിക്കുന്നു. ശ്ശെടാ, ഇനി എന്തു ചെയ്യും? ഇനിയും ആ കുത്തനെയുള്ള പടികളിറങ്ങി, ഉടമസ്ഥനെ കണ്ടു പിടിക്കാനോ?കൂട്ടത്തിലുള്ളവർ ഓരോത്തരും ഞാനൊന്നു കണ്ടില്ലേ എന്ന മട്ടിൽ അവരവരുടെ ഫോണിലേക്ക് മുങ്ങി. വാഹനത്തിലെ ജനൽ താഴ്ത്തി യിട്ടിരിക്കുന്നതിനാൽ ഹോണടിച്ചു ഉടമസ്ഥനെ വരുത്താമെന്നാണ് വിചാരിച്ചത്. പക്ഷെ വാഹനത്തിൽ താക്കോലും വെച്ചിട്ടാണ് ഉടമസ്ഥൻ പോയിരിക്കുന്നത്. കണ്ടപ്പോൾ അത്ഭുതം തോന്നി. ഒരു പക്ഷെ പട്ടണങ്ങളിൽ കാണാത്ത അനുഭവം എന്നു നിസ്സംശയം പറയാം.
നല്ല കൈയ്യക്ഷരത്തിൽ ‘വെട്ടലും തിരുത്തലും മായ്ക്കലും’ ഇല്ലാത്ത ഉത്തരക്കടലാസ്സ് കാണുമ്പോൾ മാർക്ക് അറിയാതെ കൊടുത്തു പോകാൻ തോന്നാറുണ്ടെന്ന് ടീച്ചറന്മാർപറയുന്നതു പോലെയാണ് ആ തടാകത്തിലെയും പരിസരങ്ങളിലെ വൃത്തിയും അവിടെ ഉദോഗ്യസ്ഥരുടെ ആ നല്ല പെരുമാറ്റങ്ങൾക്കും എല്ലാം കൂടി, ചുമ്മാ എന്റെ വക ‘A+ ‘!