കോവിഡ് മഹാമാരി മൂലം മുടങ്ങിക്കിടന്ന ഒരു യാത്ര സ്വപ്നമായിരുന്നു മാലിദ്വീപ്. അറബിക്കടലിൽ ചിതറിക്കിടക്കുന്ന കൊച്ചു കൊച്ചു ദീപുകളുടെ സമൂഹമാണ് റിപ്പബ്ലിക് ഓഫ് മാലെ ദീപ്സ്. ഏകദേശം മുന്നൂറ് ദ്വീപുകളിലാണ് ജനവാസമുള്ളത്. മാലി ദ്വീപിൻ്റെ തലസ്ഥാനമായ മാലിയുടെ സമീപം സ്ഥിതി ചെയ്യുന്ന വെലാന വിമാനത്താവളം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി.
പന്ത്രണ്ടോളം വിമാനത്താവളങ്ങൾ ഉള്ള മാലി ദ്വീപിൽ നാലെണ്ണം മാത്രമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. വിമാനം ലാൻ്റ് ചെയ്യാൻ തയ്യാറായി. കൊച്ചു കൊച്ചു ദ്വീപുകൾ അവയുടെ മനോഹാരിത കൊണ്ടു ഞങ്ങളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കി. ദീപുകളുടെ ചുറ്റും ഇളം പച്ച നിറത്തിൽ കടൽ ശോഭിക്കുന്നു. തിരമാലകൾ കരയെ കൺചിമ്മും വേഗത്തിൽ ചുംബിക്കുന്നു. കൊച്ചി വിമാനത്താവളത്തോട് ഒരിക്കലും ഉപമിക്കാനാകത്ത ഒരു കൊച്ചു വിമാനത്താവളത്തിലേക്ക് ഞങ്ങൾ ഇറങ്ങി. എന്നിരുന്നാലും വിമാനത്താവളം വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടു. എല്ലാ രാജ്യക്കാർക്കും മാലിദ്വീപ് സന്ദർശിക്കാനുള്ള ടൂറിസ്റ്റ് വിസ അവിടെ എത്തുമ്പോൾ ലഭിക്കും. ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നമ്മുടെ നാട്ടിലെ റെയിൽവേ പ്ലാറ്റ്ഫോമുകളെ ഓർമ്മിക്കും വിധം ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ആ ഇരിപ്പിടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കാണാം. 2020, 2021 വർഷങ്ങളിലെ ലോകത്തിലെ ഒന്നാമത്തെ സഞ്ചാരസ്ഥാനം മാലിദ്വീപ് ആണെന്നുള്ള അറിയിപ്പ് പലകയും കാണാം. കടലിനാൽ ചുറ്റപ്പെട്ട ഒരു വിമാനത്താവളം. ഞങ്ങൾ താമസിക്കുവാൻ തെരഞ്ഞെടുത്ത മാഫുഷി ദ്വീപിലേക്ക് പോകണമെങ്കിൽ വെലാന വിമാനത്താവളത്തിൽ നിന്നും മുക്കാൽ മണിക്കൂർ സമുദ്രത്തിലൂടെ യാത്ര ചെയ്യണം. കടലിൻ്റെ ഓളങ്ങൾക്ക് എതിരായി അതിവേഗം കുതിച്ചു പായുന്ന ആ ബോട്ട് യാത്ര ഏറെ രസകരവും കൗതുകരവുമായിരുന്നു.
മാഫുഷി എന്ന മായാലോകത്തിൽ ഞങ്ങൾ എത്തിയപ്പോളേക്കും സൂര്യൻ അസ്തമിച്ചിരുന്നു. രാത്രിയാമങ്ങളിൽ ജീവസുറ്റ തെരുവുകളാണ് മാഫുഷിയുടേത്. ടാർ ചെയ്യാത്ത പൂഴി മണലിനാൽ ഉറപ്പിച്ച തെരുവുകളിലൂടെ ഇരുചക്ര വാഹനങ്ങളും സൈക്കിളകളും ഇടയ്ക്കിടെ കാറുകളും പായുന്നു. ദീപായതുകൊണ്ട് തന്നെ കടലിൽ നിന്ന് സൂര്യോദയവും കടലിലേക്ക് അസ്തമനവും കാണാൻ സാധിക്കും. ഏകദേശം ഒന്നര ചതുരസ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന മാഫുഷി പകൽ വെളിച്ചത്തിൽ കൂടുതൽ സുന്ദരിയാണ്. ടൂറിസവും മത്സ്യബന്ധനവും കൊണ്ട് മാത്രം വരുമാനം കണ്ടെത്തുന്ന ഈ തുരത്തിൽ സുവനീയർ കടലുകൾ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പല വർണ്ണങ്ങളിൽ ഒരുങ്ങി നിൽക്കുന്നു
ഒപ്പം തനതായ മാലി ദ്വീപിയൻ വിഭവങ്ങൾ വിളമ്പുന്ന ഒട്ടനവധി കഫേകളും മസാജ് പാർലകളും കാണാം. ഒരു സ്കൂളും പെട്രോൾ പമ്പും നിരവധി ആഡംബര റിസോർട്ടുകളും ഉള്ള ഈ തുരുത്തിലെ നാണയം മാലിദ്വീപിയൻ റുപ്പി (MVR) ആണ്. എന്നിരുന്നാലും വിനോദ സഞ്ചാരികളുമായി വിനിമയം നടത്താൻ അമേരിക്കൻ ഡോളർ ഉപയോഗിക്കും. ധിവേഹി ആണ് മാലിദ്വീപിലെ ഔദ്യോഗിക ഭാഷ. കേരളത്തിന് സമാനമായ കാലാവസ്ഥയും ചെടികളും മരങ്ങളുമാണ് ഇവിടെയും.
ജലവിനോദമാണ് മാലിദ്വീപിന്റെ മറ്റൊരു ആകർഷണം.snorkcling, scuba diving, Jet skiing, Kaya king,surfing, under water scooter എന്നിവ അതിൽ ചിലത് മാത്രം. കടലിനെ അടുത്തറിയാനും മനോഹരങ്ങളായ പവിഴപ്പുറ്റുകളും വിവിധ വർണ്ണങ്ങളിലുള്ള മത്സ്യങ്ങളെ ആസ്വദിക്കാനും ഈ ജല വിനോദങ്ങളിലൂടെ സാധിക്കും. പാരാസെയിലിംഗിലൂടെ ആകാശ വിതാനത്തിൽ ഒരു പക്ഷിയെ പോലെ പാറി നടന്ന് മാലിദ്വീപിയൻ തുരുത്തുകളുടെ ഭംഗി ആസ്വദിക്കാം. സ്പീഡ് ബോട്ടിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോയത് ഒരു നവ്യാനുഭവം ആയിരുന്നു.
വൃത്തിയും സൗന്ദര്യവുമുള്ള ബീച്ചുകൾ ആരെയും ആകർഷിക്കും. കടൽ തീരത്തെ മണ്ണ് കേരള തീരങ്ങളിലേത് പോലെ പൂഴി മണ്ണല്ല. ഉണങ്ങിയ പുല്ല് കഷ്ണങ്ങളെ ഓർമിക്കും വിധം പവിഴ പുറ്റുകളുടെ അവശിഷ്ടങ്ങൾ തീരങ്ങളിൽ അടിഞ്ഞു കിടക്കുന്നു. എങ്ങും ആഴം കുറവുള്ള ബീച്ചുകളാണ്. സഞ്ചാരികളെ ആകർഷിക്കാൻ സ്തൂപങ്ങളും മറ്റ് ശില്പങ്ങളും നിർമ്മിച്ച് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. കേരളത്തിന് തീർച്ചയായും മാതൃക ആക്കുവാൻ സാധിക്കുന്ന ഒരിടം. ഏറ്റവും എടുത്തു പറയേണ്ടത് ഗുൽഫി ദ്വീപിലെ ബീച്ചുകളെ പറ്റിയാണ്. കരയിൽ നിന്ന് കുറച്ച് അകലെയായി കടലിൽ സ്ഥിതി ചെയ്യുന്ന ഊഞ്ഞാലിൽ കടൽ ഓളങ്ങളോടൊപ്പം ആടിയത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു.
മാഫുഷി ദ്വീപിലെ ജീവിതം വളരെ സാധാരണമാണ്. കുറ്റകൃത്യങ്ങൾ തീരെ ഇല്ലാത്ത ഈ നാട്ടിൽ ഒരു ആളും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയോ തുറിച്ചു നോക്കുകയോ ചെയ്യുന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. കേരളം അങ്ങനെ എന്നെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്ലാമിക രാജ്യമായ മാലിദ്വീപിൽ മദ്യം റിസോർട്ട് ദ്വീപുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ.
മാലിദ്വീപിൽ ഏറ്റവും ആകർഷണീയമായി തോന്നിയത് അവിടുത്തെ ഭക്ഷണമാണ്. കടൽ വിഭവങ്ങളാൽ സമ്പുഷ്ടമാണ് അവ. നീരാളിയും, കൊഞ്ചും, ഞണ്ടും, ലോബ് സ്റ്റാറും, ചൂരയും, കക്കയും തുടങ്ങി വിവിധതരം മത്സ്യങ്ങൾ ഭക്ഷണമേശയിൽ സദ്യയുരുക്കി. ഒട്ടും പഴകാത്ത മത്സ്യം കഴിക്കണമെങ്കിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കണം. പ്രാതിലിന് റോഷി എന്ന ഒരുതരം റൊട്ടിയാണ് മാലി ദ്വീപകാർക്ക് പ്രിയം. നൂഡിൽസും റൈസും നിറഞ്ഞതാകും ഉച്ചഭക്ഷണം. മലയാളികൾ ഒരുപാട് പേർ മാലിദ്വീപിൽ ഉള്ളതിനാൽ കേരളീയ ഭക്ഷണം ലഭിക്കുവാൻ പ്രയാസമില്ല. കടൽ കാറ്റേറ്റുള്ള ഡിന്നറും ആഴക്കടലിലെ മത്സ്യങ്ങളോടൊപ്പമുള്ള സബ് മറൈൻ ലഞ്ചും വേറിട്ട അനുഭവങ്ങളാണ്.
അവസാന ദിവസം മാലിദ്വീപുകളുടെ തലസ്ഥാനമായ മാലെ സന്ദർശിക്കാൻ ഇടയായി. മാഫുഷി പോലെ തികച്ചും ഗ്രാമീണമായ അന്തരീക്ഷം ആയിരുന്നില്ല മാലെയുടേത്. ദുബായ് പോലുള്ള വികസിത ഗൾഫ് രാജ്യങ്ങളെ ഓർമ്മിപ്പിക്കും വിധം തെരുവുകളും അമ്പരചുംബികളും.
തിരികെ ഇന്ത്യയിലേക്ക് പറക്കാൻ ഒരുങ്ങി വിമാനത്താവളത്തിൽ ഊഴം കാത്തിരുന്നപ്പോൾ “ഒരിക്കൽ കൂടെ ഈ മായ ലോകത്തേക്ക് വരണം” എന്ന് മനസ്സിൽ ഉറപ്പിച്ചു.
അശ്വതി ആൻ മാത്യു
Assistant Engineer
Kerala Irrigation Department