കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിചാരിതമായി വന്നു പെട്ട തിരക്കിലായിരുന്നതു കൊണ്ട് എഴുതാനാകാതെ പോയ കുറച്ചു വിശേഷങ്ങൾ പെട്ടന്ന് പറഞ്ഞു പോകാം…
പിന്നീടെപ്പോഴെങ്കിലും അവസരം കിട്ടുകയാണങ്കിൽ വിശദമായി വിവരിക്കാം…
ആദ്യമേ പറയുന്നു.. എൻ്റെ വായനക്കാർക്ക് മാത്രമായാണ് ഞാനെഴുതുന്നത്.. ഇഷ്ടമില്ലാത്തവർ ഉണ്ടങ്കിൽ scroll ചെയ്തു പോകാം 😊🙏
ഒരാഴ്ച മുൻപ്, ഇവിടത്തെ കാലാവസ്ഥയുടെ കളി കൊണ്ടാവണം ദേവൂട്ടന് പനി പിടിച്ചു… മൂന്നു ദിവസത്തോളം രാത്രി ഉറക്കമില്ലാതെ കരച്ചിൽ മാത്രം…
തുടർന്ന് wife ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അവനെയും കൊണ്ട് വന്നു.. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് എന്നെ അവർ പുറത്താക്കി 😛
പുറത്ത് ഒരു മൂന്നു മണിക്കൂറോളം ഞാൻ ഒറ്റക്ക് ലണ്ടൻ നഗരം നടന്നു കണ്ടു
ഒരഞ്ചാറ് കിലോമീറ്റർ ഞാൻ നടന്നു കാണും , ഇന്ത്യൻ പാർലമെൻ്റ് ഞാൻ കണ്ടിട്ടില്ല പക്ഷെ ഇംഗ്ലണ്ട് പാർലമെൻ്റ് കൺകുളിർക്കേ കണ്ടു.. തേംസ് നദി വിശാലമായി ഒഴുകുന്നു.. നദിക്കരയിൽ മനോഹരമായ നടവഴി ഉണ്ട്.. അതിലൂടെ നടക്കുമ്പോൾ നദിയുടെ മനോഹാരിത മുഴുവൻ നമ്മൾക്ക് ആസ്വദിക്കാൻ പറ്റും.. വിദേശികളും സ്വദേശികളുമായ ഒട്ടേറേപ്പേർ ചുറ്റിലും നടക്കുന്നു.. കുട്ടികളെക്കാൾ പട്ടികളെ കളിപ്പിക്കുന്നവർ എന്നൊരിക്കൽ wife തമാശക്ക് പറഞ്ഞത് എത്ര ശരിയെന്ന് തോന്നി.
മനോഹരങ്ങളായ വസ്ത്രങ്ങളണിയിച്ച വിവിധ ഇനത്തിലുള്ള പട്ടികൾ യജമാനത്തികളുടെയും യജമാനൻമാരുടെയും കൂടെ വിലസുന്നു… 🙂
പറയാൻ മറന്നു.. അവിടെയുള്ള ചുമര് – Covid wall എന്നാണ് അറിയപെടുന്നത്. കോവിഡ് മഹാമാരിയിൽ മരണപ്പെട്ട ബന്ധുക്കളുടെ പേരുവിവരങ്ങൾ ചുമരിൽ ഒരു ലവ് ചിഹ്നത്തിനുള്ളിൽ എഴുതി വെച്ചിരിക്കുന്നു..!!
അവിടെ , നടവഴിയിൽ ഇടക്കിടെയായി ചില ഇരിപ്പിടങ്ങളുണ്ട്.. ഇരിപ്പിടങ്ങളിലൊന്നിൽ ഞാനിരിന്ന് തെംസ് നദിയെ വിശാലമായൊന്നുനോക്കി… എവിടെയൊക്കെയോ പണ്ട് വായിച്ച കഥകളിലോ ചരിത്രത്തിലോ നിറഞ്ഞു നിൽക്കുന്ന നദിയാണിത്… ആ നദിക്കരയിലാണ് വിശാലമായി ഞാനിരിക്കുന്നത്..
അപ്പാൾ അപ്രതീക്ഷിതമായി ആ ഇരിപ്പിടത്തിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ ബോർഡിൽ കണ്ണുടക്കി…
In memory of our dear friend
Chris Potter – she loved this place.
അതു കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസിൽ വന്നു നിറഞ്ഞു..
1971 ൽ ജനിച്ച് 2007ൽ തൻ്റെ 36 വയസിൽ മരണപ്പെട്ട ഏതോ ക്രിസ് പോട്ടർ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അവരുടെ കൂട്ടുകാർ സ്ഥാപിച്ച ഇരിപ്പിടം ആണത്..
അവർ ഏറേ ഇഷ്ടപ്പെട്ടിരുന്ന സ്ഥലം…ഇഷ്ട്ടപ്പെട്ടിരുന്ന കാഴ്ച്ച 🙂 ആ കാഴ്ച്ചയാണ് അവരുടെ ഓർമ്മപുരണ്ട ഇരിപ്പിടത്തിലിരുന്ന് ഞാൻ കണ്ടു കൊണ്ടിരിക്കുന്നത്.
സൂര്യൻ തലക്കു മുകളിൽ നിറഞ്ഞ് നിന്നിട്ടും ചൂടില്ലാത്ത ആ കാലവസ്ഥയിലും ഞാനൊന്നു വിയർത്തു…
മനുഷ്യനെ മരിക്കാൻ പറ്റൂ.. ഒർമ്മകൾക്ക് മരണമില്ല..
✍ലിജുഗോപാൽ ആഴ്‌വാഞ്ചേരി