ഞാനും വൈഫും മുഖത്തോടു മുഖം നോക്കി കുറച്ചു നേരം ഇരിന്നു… കാണാതായിരിക്കുന്നത് ജീവൻ്റെ വിലയുള്ള പാസ്സ്പ്പോർട്ടാണ്…
വിദേശ രാജ്യമാണ്…!
വൈഫിനോട് പെട്ടന്ന് തന്നെ മാർട്ടിൻ േചേട്ടന് വിളിക്കാൻ പറഞ്ഞു..
ഇനി കാറിലെങ്ങാനും വീണു കിടക്കുന്നുണ്ടാവുമോ എന്നറിയാനായിരുന്നു അത്.
മാർട്ടിൻ ചേട്ടൻ ഫോണെടുത്തെങ്കിലും ടെൻഷൻ കൊണ്ട് അവൾ ഇരുന്ന് വിറക്കുകയായിരുന്നു..
ഫോൺ പിടിച്ച് വാങ്ങിയ ഞാൻ കാര്യം അവതരിപ്പിച്ചു.
ആ ട്രിപ്പിന് ശേഷം അദ്ദേഹം വേറെ രണ്ടു ട്രിപ്പു പോയെന്നും കാറിൽ ഒന്നും കണ്ടില്ലന്നും പറഞ്ഞു.
ആ പ്രതീക്ഷയും നശിച്ചു
ഫോൺ വെച്ച ശേഷം ഞാൻ നോക്കിയപ്പോൾ
റൂമിൽ അടുക്കി പെറുക്കി വെച്ചിരുന്ന പെട്ടിയും കിടക്കയും എന്നു വേണ്ട എല്ലാം അലങ്കോലമായി കിടക്കുന്നു…
കുന്തം പോയാൽ കുടത്തിലും തപ്പണം എന്നായതുകൊണ്ടാവണം വൈഫ് കഴിഞ്ഞയാഴ്ച പച്ചക്കറി കൊണ്ടുവന്ന കവർ മടക്കിവെച്ചതടക്കം തുറന്ന് പരിശോധിക്കുന്നു..
ഞാൻ പതുക്കെ ബാത്ത് റൂമിലെക്ക് നടന്നു. അവിടെ ഊരിയിട്ട ഷർട്ടി ലോ പാൻ്റി ലോ കാണുമായിരിക്കാം എന്ന പ്രതീക്ഷ പക്ഷെ അസ്ഥാനത്തായി..
തിരിച്ച് വന്ന് ബെഡ്ഡിൽ ഇരുന്നപ്പോൾ തല പെരുക്കുന്നതായി തോന്നി..
ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല എന്നൊക്കെ പറയില്ലെ ലത് തന്നെ .!
“ദാ പപ്പാ ”
ശബ്ദം കേട്ട് ഞാൻ തലയുയർത്തി നോക്കുമ്പോൾ താഴെ വീണു കിടന്നിരുന്ന ഒരു ചീർപ്പെടുത്ത് ദേവൂട്ടൻ എൻ്റെ കണ്ണിനു നേരെ പിടിച്ച് നിൽക്കുകയാണ്
മൂപ്പര് വിചാരിച്ചു നമ്മൾ തിരയുന്നത് ഇതായിരിക്കും എന്ന് !
ഞാനത് വാങ്ങി വെച്ച ശേഷം ഗൗരവത്തോടെ ചിന്ത ആരംഭിച്ചു
പാസ്പോർട്ട് എവിടെ മിസ്സായിരിക്കും ?
ബാഗിൽ വളരെ വിഗദ്ധമായി മൂന്ന് ഫയലുകൾ സൂക്ഷിച്ചിരുന്നു
ആദ്യത്തേതിൽ പഠനത്തിൻ്റയും ജോലിയുടെയും സർട്ടിഫിക്കറ്റുകൾ , രണ്ടാമത്തേതിൽ എൻ്റെ പഴയ പാസ്പോർട്ടും വിസ അനുബന്ധ രേഖകളും ( police clearance certificate , TB Test Results etc…)
മൂന്നാമത്തേതിലാണ് എൻ്റെയും മോൻ്റെയും പാസ്‌പോർട്ടുകളും പാസഞ്ചർ ലൊക്കേറ്റർ ഫോം, വാക്സിനേഷൻ സെർട്ടിഫിക്കറ്റ് തുടങ്ങിയവ ഉള്ളത്.
മൂന്നു ഫയലും ഭദ്രമായുണ്ട് 🙂
രണ്ട് പാസ്പോർട്ടുമാത്രം കാണുന്നില്ല
പാസ്പോർട്ടു മാത്രമായി കാണാതാവുന്നത് എങ്ങനെ ?
ഞാൻ സോഫയിലേക്ക് ഇരുന്ന് ഗഹനമായി ചിന്തിച്ചു
ഇമിഗ്രേഷൻ കഴിഞ്ഞ് ഓഫീസറോട് നന്ദി പറഞ്ഞ് ലഗേജ് കളക്ഷൻ പോയിൻ്റിലെത്തിയതു വരെ കറക്ക്റ്റ്.
രണ്ടു പാസ്പോർട്ടും വളരെ ഭദ്രമായി ഫയലിൽ വെച്ച ശേഷേമാണ് ഇമിയേഷൻ ഓഫീസറുടെ ക്യാബിനിൽ നിന്നും ഇറങ്ങിയെത് എന്നും ഓർമ്മ വന്നു
ലഗേജ് കളക്ഷൻ പോയിൻ്റിൽ മനസൊന്നു മുട്ടുകുത്തി നിന്നു.
നാല് ബാഗുകളാണ് എനിക്ക് ഉണ്ടായിരുന്നത്.
രണ്ടണ്ണം ആദ്യമേ കണ്ടു ഇനി രണ്ടു എണ്ണം കൂടി വരേണ്ടതുണ്ട്…
ദേവുട്ടൻ പതുക്കെ എൻ്റെ ചെവി തിന്നാൻ തുടങ്ങി
“പാപ്പം വേണം മ്മേ…”
ഞാനെന്തടുത്ത് കൊടുക്കും
ബാഗിൽ ബിസ്ക്കറ്റ് കാണും
ഒരഞ്ച് മിനിറ്റ് കൂടി ഒതുങ്ങിയിരുന്നാൽ പുറത്ത് ഓണസദ്യ തന്നെ നിനക്കൊരുക്കാൻ തയ്യാറായി അമ്മ കാത്തിരിപ്പുണ്ട് മുത്തേ… എന്ന് ഞാൻ പറഞ്ഞോ എന്നോർമ്മയില്ല , എന്തോ പറഞ്ഞു കാണും അവനൊന്നു അടങ്ങിയിരുന്നു 🙂
അവനെ പതുക്കെ താഴെ വെച്ച് ട്രോളിയിൽ ബാഗ് വെച്ച് ബാക്കി രണ്ടണ്ണം തപ്പി കൊണ്ടിരിക്കുമ്പോൾ പരിചയമുള്ള രണ്ട് കണ്ണുകൾ തൊട്ടപ്പുറത്ത് നിന്ന് ഹായ് പറഞ്ഞു.
കൊച്ചി എയർപോർട്ട് ക്യു വിൽ നിന്ന് പരിചയപ്പെട്ട പത്തനംതിട്ടക്കാരൻ അനന്തു.
മാസ്ക്ക് ഉള്ളതുകൊണ്ട് കണ്ണുകൾ കൊണ്ട് ഞാനും പരിചയം പുതുക്കി.
‘. മോനേ ഒന്ന് പിടിച്ചേക്കണേ… ഞാനീ ബാഗൊന്ന് നോക്കട്ടെ ”
എന്ന് പറഞ്ഞ് ഞാൻ ബാഗുകൾ നിരനിരയായി വന്നുകൊണ്ടിരിക്കുന്ന ട്രേയിലെക്ക് നോക്കി കൊണ്ടിരുന്നു.
ഒരു ബാഗ് കിട്ടി.. ഇനി ഒന്നൂടെ വേണം
കൊച്ചിയിൽ നിന്ന് റാപ്പ് (wrap) ചെയ്തതിനാൽ പ്പെട്ടിയുടെ മേലെ എഴുതിയത് വ്യക്തമല്ലായിരുന്നു..
എൻ്റെതെന്ന് തോന്നിയ ഒരു പെട്ടി ഞാൻ പുറത്തെടുത്ത് നോക്കി
അതിൽ പേരോ നാളോ ഒന്നുമില്ല
എൻ്റെ മുഖഭാവം വായിച്ചെടുത്ത
അനന്തു പറഞ്ഞു – ” “ചേട്ടാ പാസ്പോർട്ടിങ്ങെടുക്ക്… ബോർഡിഗ് പാസിൽ നമ്പർ ഉണ്ടാവും…”
ഞാൻ പാസ്പോർട്ടെടുത്ത് അവന് കൊടുത്തു.
അവൻ നമ്പർ പറഞ്ഞു തന്നു പുറത്തിട്ട പെട്ടിയിലെ നമ്പർ അതായിരുന്നില്ല.
നിരാശയോടെ ഞാൻ ഒന്നു നെടുവീർപ്പിട്ടു.
ദേവുട്ടനാകട്ടെ ചെറുതായി ചിണുങ്ങി തുടങ്ങി..
അന്നേരത്തെ എൻ്റെ അവസ്ഥ അറിഞ്ഞ
പേരറിയാത്ത ഏതോ ദൈവം ഓടിച്ചെന്ന് എൻ്റെ പെട്ടി മുന്നിൽ കൊണ്ടു തട്ടിയിട്ട് മറഞ്ഞു പോയി..
അതാ… അതാ എൻ്റെ പ്പെട്ടി. !!
തെല്ലാശ്വാസത്തോടെ ഞാൻ പെട്ടി കയ്യിലെടുത്തു.
അനന്തു കൂടി സഹായിച്ച് ഞാൻ പെട്ടികൾ ട്രോളിയിലാക്കി
അതിനു മേലെ ദേവൂട്ടനെ ഇരുത്തി ഞാൻ അനന്തുവിന് ഷേക്ക് ഹാൻഡ് കൊടുത്തു..
താങ്ക് യു അനന്തു… കാണാം..!!
ഒരു മിന്നായം പോലെ ഇത്രയും ഓർത്തെടുത്തപ്പോൾ ഞാൻ വിയർത്തു പോയി…
അനന്തു ഫ്രം പത്തനംതിട്ട…!!
പാസ്പോർട്ട് അവൻ്റെ കയ്യിലാണ്..
ഈ പേരല്ലാതെ വേറൊരു വിവരവും ഇല്ല
സ്റ്റുഡൻ്റ് വിസക്ക് വന്നതാണെന്നറിയാം
എവിടെയാ പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ എന്തോ പേരു പറഞ്ഞു അതൊന്നും ഓർമ്മയില്ല.
ഞാൻ വൈഫിനോട് പറഞ്ഞു
സമാധാനിക്ക്.. പാസ്പോർട്ട് ഒരു മലയാളിയുടെ കയ്യിൽ തന്നെയാണ്.. നമുക്ക് നോക്കാം..
ഞാനെൻ്റെ മെസഞ്ചർ തുറന്നു ഇനി ഈ അനന്തു വല്ല മെസേജും അയച്ചു കാണുമോ ?
നിരാശ തന്നെയായിരുന്നു ഫലം.
ഇതിനിടെ ദേവൂട്ടൻ കയ്യിൽ കിട്ടുന്നതെല്ലാം എടുത്ത് ഞങ്ങൾക്ക് കൊണ്ടുവന്ന് തന്നുകൊണ്ടിരുന്നു.. ഞങ്ങൾ തിരയുന്നത് ജീവൻ്റെ വിലയുള്ള പാസ്പോർട്ടാണെന്ന് അവനറിയില്ലല്ലോ
ഞാൻ മാർട്ടിൻ ചേട്ടന് വീണ്ടും വിളിച്ചു.
ഇങ്ങനെ ഒരു അനന്തുവിന് പാസ്പോർട്ട് പിടിക്കാൻ കൊടുത്ത ഓർമ്മയുണ്ട്.. അവനത് എയർപോർട്ടിൽ ഏൽപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്… എങ്കിൽ നാളെ നമുക്കവിടെ പോയി അന്വേഷിക്കാം എന്നു തീരുമാനമായി
മൂപ്പർ ചെറിയൊരു ടെൻഷൻ ഇങ്ങോട്ടിട്ടു തന്നു
ഇനി ഈ അനന്തുവും മറന്നു കാണുമോ
ആളും ഓർമ്മയില്ലാതെ പാസ്പോർട്ടു കൊണ്ട് റൂമിലെത്തി കാണുമോ ?
അങ്ങനെയെങ്കിൽ അവനത് ചിലപ്പോൾ നാട്ടിലേക്ക് അയക്കും ?
ആകെ കൺഫ്യൂഷൻ
എന്തായാലും നാളെ എയർപോർട്ടിൽ പോയി അന്വേഷിക്കാം എന്ന് പറഞ്ഞ് മാർട്ടിൻ ചേട്ടൻ ഫോൺ വെച്ചു.
ഞാൻ ഇതികർത്തവ്യാ മൂഢനായി ഇരുന്നു
ഇനി എന്തു ചെയ്യും ?
ഫെയ്സ് ബുക്ക് എടുത്ത് അനന്തു പത്തനംതിട്ട എന്നയാളെ തിരഞ്ഞു കണ്ടു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം ആയിരുന്നു അടുത്തത്.
അനന്തു പത്തനംതിട്ട UK എന്നൊക്കെ Type ചെയ്ത് സർച്ചോടു സർച്ച്.. നോ വേ..!
ഞാൻ അഹല്യ പത്തനംതിട്ട ബ്രാഞ്ച് അഡ്മിൻ അജിലിനെ Kannan Nair ഓർത്തു..
കാര്യമില്ല സമയം ഇന്ത്യയിലിപ്പോൾ പുലർച്ചേ രണ്ടായി കാണും..
കാർമേഘം ഇരുണ്ടുകൂടിയ മുഖത്തോടെ വൈഫ് മുറിയുടെ ഒരു മുക്കിൽ ഇരിക്കുന്നു
ഞാൻ നിറഞ്ഞ കുറ്റബോധത്തോടെ പത്തനംതിട്ടക്കാരൻ അനന്തുവിൻ്റെ പ്രൊഫൈൽ തപ്പി കൊണ്ടിരുന്നു..
ഇടക്ക് ഗൂഗിൾ ചെയ്തു നോക്കി
വിദേശത്ത് പാസ്പോർട്ട് നഷ്ടപെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ.. അതെന്നെ ഭയപ്പെടുത്തി…
പോലീസിൽ പരാതി പെടണം… എംബസിയിൽ അപേക്ഷിക്കണം… താൽക്കാലിക ട്രാവൽ ഡോക്യുമെൻ്റ് സംഘടിപ്പിക്കണം… നാട്ടിൽ പോണം.. പാസ്പോർട്ട് റീ ഇഷ്യു.. വിസ റീ ഇഷ്യു…
എൻ്റെ ദൈവമേ !
ഒരാശ്വാസത്തിന് അഹല്യയിലെ എൻ്റെ മാനേജറായിരുന്ന ഗാനം സാറിന് ഒരു മെസേജിട്ടു..
എന്തേങ്കിലും ഒരു വഴിയുണ്ടാവുമോ എന്നറിയാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു അത്..!
ഇന്ത്യയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യയിൽ പുറപ്പെട്ട അനന്തു എന്ന പത്തനംതിട്ടക്കാരാ നീ എവിടാണ്..
ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു…
പ്രാർത്ഥന കേട്ടിട്ടാണന്ന് തോന്നുന്നു വൈഫ് പതുക്കെ എന്നെ വിളിച്ചു
ഞാൻ കണ്ണു തുറന്നു നോക്കി
കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല
അവളുടെ കയ്യിൽ കാണാതായ ആ പാസ്പോർട്ട്..!!!
എനിക്ക് ചോദ്യമുണ്ടായിരുന്നില്ല
അവൾക്ക് ഉത്തരവും !!
കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല..
ഒരു ദുസ്വപ്നം കണ്ടു കൊണ്ടിരിക്കേ ഞെട്ടി എണീറ്റ പ്രതീതി ആയിരുന്നു..!
പുതിയതായി വാങ്ങിയ കോട്ടിന് ഉള്ളിലായി ഒരു പോക്കറ്റ് ഉള്ളതും, ജീവൻ്റെ വിലയുള്ളതാണന്ന് ബോധ്യമുള്ള എൻ്റെ ഉപബോധമനസ് ആ തിരക്കിനിടയിലെപ്പോഴോ അനന്തുവിൽ നിന്ന് വാങ്ങിയ പാസ്പോർട്ട് ആ പോക്കറ്റിൽ തിരുകിയതും ഫ്ളാഷ്ബാക്കായി പിന്നിൽ തിരിഞ്ഞു കത്തി..!!
– 🙏-
വായനക്കും അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി..
ലിജുഗോപാൽ ആഴ്‌വാഞ്ചേരി✍