17.1 C
New York
Tuesday, October 3, 2023
Home Kerala ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ✍

* ഉത്തര കൊറിയ സന്ദർശിക്കാനുള്ള ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സ്വീകരിച്ചു. തങ്ങൾ ഇരുവരും ‘സഖാക്കൾ’ ആണെന്ന് നേതാക്കൾ പരസ്പരം വിശേഷിപ്പിച്ചു. ഉചിതമായ സമയത്ത് സന്ദർശനം നടത്താനുള്ള ക്ഷണം പുട്ടിൻ സ്വീകരിച്ചതായി ഉത്തര കൊറിയ വ്യക്തമാക്കി. റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കിഴക്കൻ റഷ്യയിലെ വൊസ്റ്റോച്നിയിൽ ആണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
യുക്രെയ്ൻ അധിനിവേശത്തിനു ശേഷം വിദേശ സന്ദർശനങ്ങൾ ഒഴിവാക്കുന്ന പുട്ടിൻ ക്ഷണം സ്വീകരിച്ചത് രാജ്യാന്തര തലത്തിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ഉത്തര കൊറിയ ആയുധങ്ങൾ നൽകുന്നത് യുക്രെയ്നിലെ യുദ്ധം കൂടുതൽ രക്തരൂഷിതമാക്കുമെന്നാണ് ആശങ്ക. ആയുധ കൈമാറ്റം നടക്കുന്നതായി നേരത്തെ തന്നെ യുഎസ് ആരോപിച്ചിരുന്നു. ആയുധ ഇടപാടുകൾ നടത്തിയാൽ റഷ്യയ്ക്കും ഉത്തര കൊറിയയ്ക്കും എതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാൻ മടിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ‘ഞങ്ങൾ എങ്ങനെ ജീവിക്കണമെന്ന് നിർദേശിക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്നാണ് ഇതിനോട് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റോനോവ് പ്രതികരിച്ചത്.

* പാശ്ചാത്യലോകത്ത് അസ്വസ്ഥത പടർത്തി ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ റഷ്യ സന്ദർശനം തുടരുന്നു. കഴിഞ്ഞദിവസം കിഴക്കൻ നഗരമായ കോംസോംൽസ്കിൽ 2 പോർവിമാന ഫാക്ടറികൾ സന്ദർശിച്ചതിനു പിന്നാലെ ഇന്നലെ കിം, റഷ്യൻ യുദ്ധക്കപ്പലിൽ ആണവ ബോംബർ വിമാനങ്ങളും ഹൈപ്പർസോണിക് മിസൈലുകളും നിരീക്ഷിച്ചു.  കിഴക്കൻനഗരമായ ആർച്ചോമിൽ ട്രെയിനിലെത്തിയ കിമ്മിനെ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്നു സ്വീകരിച്ചു. തുറമുഖ നഗരമായ വ്ളാഡിവോസ്റ്റോക്കിൽ റഷ്യയുടെ ബോംബർ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങൾ കിം അടുത്തുകണ്ടു. കിമ്മും ഷൈഗും ഒരുമിച്ചാണു പസിഫിക് സമുദ്രത്തിലെ അഡ്മിറൽ ഷപോഷ്നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയൻ വ്യോമ, നാവികസേനകളിലെ ഉന്നത ജനറൽമാരും കിമ്മിനെ അനുഗമിച്ചു. റഷ്യയുടെ സൈനിക സാങ്കേതികവിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു. യുക്രെയ്നിൽ റഷ്യയ്ക്കു നിലവിൽ ലഭ്യത കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേർപ്പെടാൻ യുഎൻ വിലക്കുള്ളതിനാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധക്കൈമാറ്റ ധാരണ പുറത്തുവിടാനിടയില്ല.

* ചൈനയുടെ പ്രതിരോധമന്ത്രി ലി ഷങ്ഫു അപ്രത്യക്ഷനായിട്ട് മൂന്നാഴ്ച. സൈന്യത്തിലെ അഴിമതിക്കെതിരെ സർക്കാർ കർശന നടപടി ആരംഭിച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിയെ കാണാതായത്. നടപടികളുടെ ഭാഗമായി പ്രതിരോധമന്ത്രിയെ തടവിലാക്കിയതാണെന്നും അഭ്യൂഹമുണ്ട്.
അതേസമയം, വിദേശകാര്യമന്ത്രിയായ കിൻ ഗാങ്ങിനെ ജൂൺ മുതൽ കാണാനില്ല. അപ്രത്യക്ഷനായതിനെത്തുടർന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റി പകരം വാങ് യിയെ പുതിയ വിദേശകാര്യമന്ത്രിയായി നിയമിച്ചിരുന്നു. എന്നാൽ, കിൻ ഗാങ് എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഷി ചിൻപിങ് കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് പലപ്പോഴും പാർട്ടിയിൽ തനിക്കു ഭീഷണിയാകുന്നവരെ വെട്ടിനിരത്തുന്നതിനു വേണ്ടിയാണ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഉപയോഗിക്കുന്നതെന്ന് ആരോപണവുമുണ്ട്. പ്രതിരോധമന്ത്രി ലി ഷങ്ഫുവിന് ചൈനീസ് സൈന്യത്തിൽ ലഫ്റ്റനന്റ് ജനറൽ പദവിയുമുണ്ട്. ഒരു ദശാബ്ദത്തോളം ചൈനീസ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. സൈന്യത്തിലെ റോക്കറ്റ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. ഓഗസ്റ്റ് 29നു ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. എന്നാൽ, അഴിമതിക്കേസിൽ ലി ഷങ്ഫുവിനെതിരെ അന്വേഷണം നടക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. അങ്ങനെയെങ്കിൽ അദ്ദേഹവും തടവിലായിരിക്കാൻ സാധ്യതയുണ്ട്. പുതിയ പ്രതിരോധമന്ത്രിയെ നിയമിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.

* ഭൂമിക്കു പുറത്ത് ജീവനുണ്ടെന്നാണു കരുതുന്നതെന്നും ഭൂമി പോലെ പ്രപഞ്ചത്തിൽ ജീവസാധ്യതയുള്ള ഗ്രഹം വരുംകാലങ്ങളിൽ കണ്ടെത്തുമെന്നും നാസ മേധാവി ബിൽ നെൽസൻ. അജ്ഞാതപേടകങ്ങളെക്കുറിച്ചുള്ള നാസയുടെ പഠനങ്ങളും നിഗമനങ്ങളും റിപ്പോർട്ടായി പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
യുഎഫ്ഒ പ്രതിഭാസങ്ങൾ യുഎസിന്റെ വ്യോമസുരക്ഷയ്ക്ക് ഹാനികരമാണെന്ന് റിപ്പോർട്ട് പറയുന്നു. അജ്ഞാത പേടകങ്ങൾക്ക് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഈ പേടകങ്ങളെന്താണെന്നും അറിയില്ല. അടുത്തിടെ വളരെ വിശ്വാസ്യതയുള്ള വ്യക്തികൾ പോലും അജ്ഞാത പേടകങ്ങൾ കണ്ടെന്ന് വിവരം നൽകി. അന്യഗ്രഹജീവികളെക്കുറിച്ച് നൂതന സാങ്കേതികവിദ്യകൾ, ബഹിരാകാശ പേടകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് പഠനം നടത്തണം–റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അജ്ഞാതപേടകങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി പ്രത്യേകമൊരു ഗവേഷണ ഡയറക്ടറെ നിയമിച്ചെന്നും നാസ അറിയിച്ചു.

* കിഴക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി വീശിയടിച്ച ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഗതാഗത മാർഗങ്ങൾ അടഞ്ഞതിനെത്തുടർന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു.
പട്ടണത്തിലാകെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെരുവിലും വീടുകൾക്കുള്ളിലും കടൽത്തീരത്തുമെല്ലാം മൃതദേഹങ്ങളാണ്. തീരദേശനഗരമായ ഡെർണയിൽ കൊടുങ്കാറ്റിൽ 7 മീറ്റർ വരെ ഉയർന്ന തിരമാലകൾ സർവതും വിഴുങ്ങി. ഡെർണയിൽ മാത്രം കുറഞ്ഞത് 30,000 പേർ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഏഴായിരത്തിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിൽ വലിയ നാശമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. കടലെടുത്ത വീടുകളിൽ എത്ര പേരുണ്ടായിരുന്നു എന്നു പോലും നിർണയിക്കാൻ കഴിയാത്ത അവസ്ഥയാണ്. തലസ്ഥാനമായ ട്രിപ്പോളിയുടെ നിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർണ. രാജ്യാന്തര ഏജൻസികൾ സഹായമെത്തിക്കുന്ന ബെൻഗാസിയിൽ നിന്ന് 250 കിലോമീറ്റർ ദൂരെയാണിത്.

* ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ ആരംഭിച്ച ‘മെയ്ക് ഇൻ ഇന്ത്യ’ സംരംഭം അനുകരണീയമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ഇന്ത്യയിൽ 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ സംരംഭം വൻ വിജയമായിരുന്നുവെന്നും ഉൽപാദനമേഖലയ്ക്ക് വൻ കുതിപ്പേകിയ ഇതു മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാമെന്നും വ്ലാഡിവോസ്റ്റോക് നഗരത്തിൽ എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറം സമ്മേളനത്തിൽ പുട്ടിൻ പറഞ്ഞു.

ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ തുടക്കമിട്ട ഇന്ത്യ– മധ്യേഷ്യ സാമ്പത്തിക ഇടനാഴി (ഐഎംഇസി) റഷ്യയ്ക്ക് ഗുണകരമാണെന്നും മേഖലയുടെയാകെ വികസനത്തിന് സഹായിക്കുമെന്നും പുട്ടിൻ പറഞ്ഞു. റഷ്യ–ചൈന പദ്ധതികൾക്ക് ഇതു ഭീഷണിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

* ഡിസ്റ്റിലറിയിലെ സംഭരണി പൊട്ടി; പോർച്ചുഗൽ തെരുവിൽ വൈൻ പ്രളയം. കുന്നിൻ മുകളിലുള്ള ലെവിറ ഡിസ്റ്റിലറിയിലെ വൈൻ സംഭരണികൾ അപ്രതീക്ഷിതമായി പൊട്ടിയതാണ് പ്രളയത്തിനു കാരണമായത്. സംഭരണികളിൽ ഉണ്ടായിരുന്ന 20 ലക്ഷം ലീറ്റർ വൈൻ കുന്നിൻമുകളിൽ നിന്ന് താഴേക്കുള്ള പാതയിലൂടെ കുത്തിയൊഴുകി. വൈൻ പ്രവാഹത്തിന്റെ വിഡിയോ നാട്ടുകാർ ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഒരു ഒളിംപിക് സ്വിമ്മിങ് പൂൾ നിറയാൻ വേണ്ടത്ര വൈനാണ് സംഭരണികളിൽ ഉണ്ടായിരുന്നത്. സമീപത്തെ കൃഷിയിടങ്ങളിൽ നിറഞ്ഞൊഴുകിയ വൈൻ സെർടിമ നദിയെയും ചുവപ്പിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ലെവിറ ഡിസ്റ്റിലറി വൈൻ പ്രവാഹം മൂലമുണ്ടായ പ്രശ്നങ്ങൾക്കു നഷ്ടപരിഹാരം നൽകുമെന്നും വ്യക്തമാക്കി.

* ജി 20 ഉച്ചകോടിക്കായി ഡൽഹിയിൽ എത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന്റെ തകരാർ മൂലം അദ്ദേഹവും സംഘവും ഒന്നര ദിവസത്തോളം ഡൽഹിയിൽ കുടുങ്ങി. പകരം വിമാനം കാനഡയിൽ നിന്ന് വരുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വിമാനത്തിന്റെ തകരാർ പരിഹരിച്ചു. തുടർന്ന് അന്നേദിവസം 1.10ന് പാലം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചു. പകരം വന്ന വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്രൂഡോയെ യാത്രയാക്കി. ഖലിസ്ഥാൻ വിഷയത്തിലടക്കം തട്ടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സമയത്താണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മടങ്ങാനിരുന്ന ട്രൂഡോ ഡൽഹിയിൽ കുടുങ്ങുന്നത്. ജി20 ഉച്ചകോടിയിൽ അദ്ദേഹത്തിന് അർഹമായ പ്രാമുഖ്യം നൽകിയില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ട്രൂഡോയ്ക്ക് സഞ്ചരിക്കാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയവർ ഉപയോഗിക്കുന്ന ‘എയർ ഇന്ത്യ വൺ’ വിമാനം വിട്ടുകൊടുക്കാൻ തിങ്കളാഴ്ച ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വാഗ്ദാനം കാനഡ സ്വീകരിച്ചില്ലെന്നാണ് വിവരം.
30 വർഷത്തോളം പഴക്കമുണ്ട് കനേഡിയൻ പ്രധാനമന്ത്രിയുടെ എയർബസ് സിസി–150 പൊളാരിസ് വിമാനങ്ങൾക്ക്. 5 വിമാനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. മറ്റുള്ളവ ടാങ്കർ വിമാനങ്ങളാണ്. 2027 വരെയാണ് ഈ വിമാനങ്ങളുടെ കാലാവധി. അതുകഴിഞ്ഞ് എയർബസ് സി–330 വിമാനങ്ങൾ പകരമെത്തും.
വൻ തുക മുടക്കി പ്രധാനമന്ത്രിക്കായി സജ്ജമാക്കിയ ആഡംബര വിമാനത്തെ കാനഡയിലെ പ്രതിപക്ഷ നേതാവായിരുന്ന ഴാൻ ക്രെറ്റിയൻ പണ്ട് വിശേഷിപ്പിച്ചത് ‘പറക്കുന്ന താജ് മഹൽ’ എന്നായിരുന്നു. ക്രെറ്റിയൻ പിന്നീട് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഈ വിമാനം ഉപയോഗിച്ചിരുന്നില്ല.

* കഴിഞ്ഞ ശനിയാഴ്ച യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ തയ്‌വാൻ കടലിടുക്കിൽ എത്തിയതിനു പിന്നാലെ സൈനികശേഷി പ്രകടിപ്പിച്ചു ചൈനയും രംഗത്തെത്തി. തിങ്കളാഴ്ചയാണു ചൈനയുടെ 20 യുദ്ധക്കപ്പലുകലും 22 പോർവിമാനങ്ങളും തയ്‌വാൻ തീരത്തുനിന്ന് 110 കിലോമീറ്റർ തെക്കുകിഴക്കായി എത്തിയത്. വിമാനവാഹിനിയും മുങ്ങിക്കപ്പലുകളുമുണ്ട്. അഭ്യാസത്തിന്റെ ഭാഗമാണിതെന്നു ചൈന വ്യക്തമാക്കി.
പതിവു സമുദ്രനിരീക്ഷണത്തിന്റെ ഭാഗമായാണു യുഎസിന്റെയും കാനഡയുടെയും യുദ്ധക്കപ്പലുകൾ തയ്‌വാൻ കടലിടുക്കിലൂടെ കടന്നുപോകുന്നത്. എന്നാലിതു പ്രകോപനപരമാണെന്നാണു ചൈനയുടെ പ്രതികരണം. തയ്‌വാൻ യുഎസുമായി അടുക്കുന്നതാണു ചൈനയുടെ രോഷത്തിനു കാരണം. തയ്‍വാൻ ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ നിലപാട്.

* 1996 ൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിൻകുട്ടിക്കു ജന്മം നൽകിയ ശാസ്ത്രസംഘത്തെ നയിച്ച ഇയാൻ വിൽമട് (79) അന്തരിച്ചു. ക്ലോണിങ്ങിനോടു വിടപറഞ്ഞശേഷം വിത്തുകോശ (സ്റ്റെം സെൽ) ഗവേഷണത്തിലായിരുന്നു വിൽമട്ടെന്ന് എഡിൻബറ സർവകലാശാല അധികൃതർ പറഞ്ഞു.

1944 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലെ ഹാംപ്‌ടൺ ലൂസിയിൽ ജനിച്ച ഇയാന് അഞ്ചാം വയസ്സിൽ ക്രിസ് പോൾഗ് എന്ന ശാസ്‌ത്രജ്‌ഞനുമായുണ്ടായ സൗഹൃദമാണു ഗവേഷണമേഖലയിൽ താൽപര്യമുണ്ടാക്കിയത്. ജീവകോശങ്ങൾ ശീതീകരിച്ചു സൂക്ഷിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയ ക്രിസ് പോൾഗിനെ പിന്തുടർന്നു ജീവശാസ്ത്രജ്ഞനായി. ഗവേഷണത്തിനു കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലേക്കു പോയ വിൽമട് ആദ്യം പരീക്ഷിച്ചത് ക്രിസ് പോൾഗിന്റെ സങ്കേതമായിരുന്നു.
ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അദ്ദേഹം ‘ഫ്രോസ്‌റ്റി’ എന്ന പശുക്കിടാവിനെ സൃഷ്‌ടിച്ചു. പിന്നീട്, സ്‌കോട്‌ലൻഡിലെ റോസ്‌ലിൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണു ‘ഡോളി’യുടെ ജനനത്തിൽ പങ്കാളിയാവുന്നത്. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികൾ പുതുതലമുറയ്ക്ക് ജന്മം നൽകുന്ന ലൈംഗിക പ്രത്യുൽപാദന രീതിക്കു പകരം ആണിന്റെ സാന്നിധ്യം ഇല്ലാതെ 3 പെൺചെമ്മരിയാടുകളുടെ അണ്ഡകോശങ്ങൾ ക്ലോൺ ചെയ്ത് ഡോളിയെ സൃഷ്ടിച്ചതു ചരിത്രമായി..

ക്ലോണിങ് ആഗോള ചർച്ചയായതോടെ വിൽമട് വിവാദങ്ങളും നേരിട്ടു. ഡോളിയുടെ സൃഷ്‌ടിയിൽ മേൽനോട്ടക്കാരന്റെ ചുമതല മാത്രമായിരുന്നു വിൽമട്ടിനെന്നു സഹഗവേഷകർ ആരോപിച്ചു. ക്ലോണിങ്ങിന്റെ നൈതികത സംബന്ധിച്ചും വിരുദ്ധാഭിപ്രായങ്ങളുണ്ടായി.

അണ്ഡകോശം ഉപയോഗിക്കാതെ ക്ലോണിങ് നടത്താമെന്നു ജാപ്പനീസ് ശാസ്‌ത്രജ്‌ഞനായ പ്രഫ. ഷിന്യ യമനക തെളിയിച്ചതോടെ വിൽമട് തന്റെ ക്ലോണിങ് രീതിയോടു വിടപറയുകയും ചെയ്തു. മനുഷ്യ ക്ലോണിങ് നടത്താൻ 2005 ൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ അനുമതി വിൽമടിനു ലഭിച്ചെങ്കിലും ഗവേഷണം കാര്യമായി നീങ്ങിയില്ല.

* വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപത്രികൾ ശവശരീരങ്ങൾകൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും പൂർണമായും കൊല്ലപ്പെട്ടു. ഭക്ഷണസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. മൊറോക്കോയിൽ ഭൂകമ്പത്തിന്റെ തുടർചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങൾ വീടുകൾക്കു പുറത്താണ് കഴിയുന്നത്.

മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തിൽ നിന്ന് 72 കിലോമീറ്റർ മാറി ഹൈ അറ്റ്ലസ് പർവത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ ഗ്രാമങ്ങളെല്ലാം തകർന്നടിഞ്ഞു. അസ്നി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. റോഡുകൾ തകർന്നതിനാൽ മേഖലയാകെ ഒറ്റപ്പെട്ടിരിക്കുകയാണ്.

ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്ത്യക്കാർ ആരെങ്കിലും ദുരന്തത്തിൽ ഉൾപ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്നു റബാത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

വിവിധ രാജ്യങ്ങൾ മൊറോക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. മൊറോക്കോയുമായി ശത്രുതയിലാണെങ്കിലും സമീപരാജ്യമായ അൽജീരിയ രക്ഷാപ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ തുറന്നുകൊടുത്തു. സ്പെയിനിനും ഫ്രാൻസും സഹായങ്ങൾ എത്തിച്ചുതുടങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. മൊറോക്കോയ്ക്കു വേണ്ടി പ്രാർഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
തുർക്കിയിൽ ഫെബ്രുവരിയിൽ 50,000 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു സമാനമായതാണു മൊറോക്കോയിലും ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ സൂചിപ്പിക്കുന്നു. 6 പതിറ്റാണ്ടിനുള്ളിലെ ഏറ്റവും ഭീകരമായ ഭൂകമ്പമാണു കഴി‍ഞ്ഞദിവസം ഉണ്ടായത്. 1960ൽ അഗാദിറിലുണ്ടായ ഭൂകമ്പത്തിൽ 12,000 പേർക്കാണ് ജീവൻ നഷ്ടമായത്.

* പോളണ്ടിൽ രണ്ടാം ലോകയുദ്ധകാലത്ത് ജൂതർക്ക് അഭയം നൽകിയതിന് നാത്‍സി പട്ടാളം വധിച്ച ഒൻപതംഗ കുടുംബത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ പോളണ്ടിലെ മർക്കോവ ഗ്രാമത്തിലെ പള്ളിയിൽ നടന്ന പ്രത്യേക ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാഴ്സലോ സെമറാരോ ഇതുസംബന്ധിച്ച മാർപാപ്പയുടെ കൽപന വായിച്ചു. ഇതാദ്യമായാണു നവജാതശിശു ഉൾപ്പെടെ ഒരു കുടുംബത്തെ മുഴുവൻ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരാക്കുന്നത്. പോളണ്ട് പ്രസിഡന്റ് ആന്ദ്രെ ഡൂഡ ഉൾപ്പെടെ ആയിരക്കണക്കിനു വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

1944 മാർച്ച് 24ന് രാത്രിയാണ് ജോസഫ് ഉൽമയും കുടുംബവും അവർ അഭയം നൽകിയ 8 ജൂതരും നാത്‍സി പട്ടാളത്തിന്റെ ക്രൂരതയ്ക്കിരയായത്. കർഷകനും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ ജോസഫ് ഉൽമ (44), ഭാര്യ വിക്ടോറിയ (31), പുത്രിമാരായ സ്റ്റനിസ്ലാവ (7), ബാർബറ (6), മരിയ (18 മാസം), പുത്രന്മാരായ വ്ലഡിസ്ലാവ് (5), ഫ്രാൻസിസ്ക് (3), അന്റോണി (2) എന്നിവരെയും 8 ജൂതരെയും നാത്‍സികൾ വീട്ടിനുള്ളിൽ കൊലപ്പെടുത്തി. ഗർഭിണിയായിരുന്ന വിക്ടോറിയ വെടിയേറ്റു വീണപ്പോൾ പ്രസവിച്ച ശിശുവിനെയും വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂതർക്ക് അഭയം നൽകിയതിന് ജീവൻ വെടിഞ്ഞ ഇവരെ ഇസ്രയേലിലെ യാദ് വാഷേം ഇൻസ്റ്റിറ്റ്യൂട്ട് 1995ൽ പ്രത്യേക ബഹുമതി നൽകി ആദരിച്ചിരുന്നു. ഉൽമ കുടുംബത്തിന്റെ ചിത്രം അൾത്താരയിൽ വണക്കത്തിനായി കർദിനാൾ സെമറാരോ അനാവരണം ചെയ്തു. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഉൽമ കുടുംബത്തിന്റെ മാധ്യസ്ഥതയിൽ ഒരു അദ്ഭുതം തെളിയിക്കപ്പെട്ടാൽ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കും.

* തുർക്കിയിലെ ഗുഹയിൽ 3400 അടി താഴ്ചയിൽ ഗവേഷണ പഠനത്തിനിടെ അസുഖബാധിതനായ യുഎസ് ഗുഹാവിദഗ്ധൻ മാർക്ക് ഡിക്കി(40)യെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ മുന്നേറ്റം. ഇദ്ദേഹത്തെ 1116 അടി മുകളിലേക്ക് വഹിച്ച് ബേസ് ക്യാംപിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു.

തെക്കൻ തുർക്കിയിലെ മോർക സിങ്ക്‌ഹോൾ ഗുഹയിൽ വച്ച് സെപ്റ്റംബർ 2ന് ആണ് മാർക്കിന് വയറിൽ രക്തസ്രാവമുണ്ടായത്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനുണ്ട്. ഇവർ മാർക്കിന് പ്രാഥമിക വൈദ്യസഹായം നൽകി.

സ്റ്റെഫി ദിപിൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: