17.1 C
New York
Saturday, September 30, 2023
Home Special ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ✍

🟥 റഷ്യയുടെ അധിനിവേശം ചെറുക്കുന്ന യുക്രൈനിനു ജി 7 രാഷ്ട്രത്തലവന്മാരുടെ ഉറച്ച പിന്തുണ. ഹിരോഷിമയിൽ ജി 7 ഉച്ചകോടി നടക്കുന്ന വേദിയിൽ പിന്തുണ തേടിയെത്തിയ യുക്രൈൻ പ്രസിഡന്റ്‌ വോളോടിമർ സെലൻസ്കിക്കാണ് ഉറപ്പ് കിട്ടിയത്. യുക്രൈനിലെ ബഹ്മുത് നഗരം പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട റഷ്യയ്ക്ക് ഉച്ചകോടി നൽകിയ മറുപടി കൂടിയാണ് ഈ പിന്തുണ. ബഹമുത് നഗരത്തെ റഷ്യ ശവപറമ്പാക്കി മാറ്റിയെന്ന് സെലൻസ്കി ആരോപിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിൽ സംഭവിച്ചതിന് സമാനമായ നാശമാണ് ബഹ്മുതിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിനു യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ 375 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്നും ഒരുതരത്തിലുമുള്ള പിന്നോട്ടുപോക്കുണ്ടാകില്ലെന്നും സെലൻസ്കിക്ക് ബൈഡൻ ഉറപ്പു നൽകി. യുക്രൈനിന്റെ പ്രതിരോധത്തിന് പിന്തുണ നൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ വ്യക്തമാക്കി. ഭാവിയിൽ യുദ്ധത്തിന് സാധ്യത നിലനിർത്തുന്ന ഒത്തുതീർപ്പിന് വഴങ്ങരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സെലൻസ്ക്കിയോട് ആവശ്യപ്പെട്ടു.

🟥 തായ്‌വാനെ തള്ളി ഡബ്ലിയുഎച്ച്ഒ. ലോകാരോഗ്യസംഘടനയുടെ വാർഷിക സമ്മേളനത്തിൽ ചൈനയുടെ എതിർപ്പിനെ തുടർന്ന് തായ്‌വാനെ ക്ഷണിച്ചില്ല. 30 വരെ നടക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കാനായി തായ്‌വാന് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടിയെങ്കിലും ചൈനയും പാക്കിസ്ഥാനും ശക്തമായി എതിർത്തു തടയുകയായിരുന്നു. തായ്‌വാൻ പ്രത്യേക രാജ്യമല്ലെന്നും ചൈനയുടെ ഭാഗമായ ദ്വീപാണെന്നുമാണ് അവരുടെ അവകാശവാദം. തായ്‌വാനിലെ 2.3 കോടി ജനങ്ങളെ അപമാനിക്കുന്ന നടപടിയാണ് ലോകാരോഗ്യ സംഘടനയുടെതെന്ന് തായ്‌വാൻ പ്രതികരിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പങ്കെടുക്കുന്നുണ്ട്.

🟥 ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ബോംബിന്റെ ചിത്രം യുഎസ് വ്യോമസേന പ്രസിദ്ധീകരിച്ചു. ‘മാസ്സീവ് ഓർഡിനൻസ് പെനട്രേറ്റർ’ എന്നറിയപ്പെടുന്ന ജിബിയു-57 എന്ന ബോംബിന്റെ ചിത്രമാണ് യുഎസ് വ്യോമസേന പുറത്തുവിട്ടത്. എന്നാൽ ആയുധത്തിന്റെ ഘടന ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഈ ചിത്രം പിന്നീട് നീക്കം ചെയ്തു. യുഎസിന്റെ ആയുധങ്ങളെ മറികടക്കാൻ ശേഷിയുള്ള ഭൂഗർഭ ആണവകേന്ദ്രം ഇറാൻ നിർമിക്കുന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് യുഎസ് ബോംബിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. മിസ്സോറിയിലെ വൈറ്റ്മാൻ വ്യോമസേന താവളത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ജിബിയു-57 വിന്യസിക്കാൻ ശേഷിയുള്ള ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളുടെ ആസ്ഥാനമാണ് ഈ വ്യോമതാവളം.

🟥 അറബ് വനിത ബഹിരാകാശത്ത്. ചരിത്രം കുറിച്ച് സൗദി. റയന്നാ ബർനാവി, സഹ സഞ്ചാരി അലി അൽ ഖർണി എന്നിവരുമായി സ്പേസ് എക്സ് ഡ്രാഗൺ എന്ന ബഹിരകാശ പേടകം കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യൻ സമയം 6.45 ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി. ഒരേ സമയം രണ്ട് സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും ഇനി സൗദിക്ക് സ്വന്തം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പുലർച്ചെ പുറപ്പെട്ട പേടകം 16 മണിക്കൂർ കൊണ്ടാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 30 ന് ഭൂമിയിലേക്ക് തിരിക്കുന്ന സംഘം ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്നും നാസ അറിയിച്ചു.

🟥 യുഎസിൽ നിന്ന് ബ്രിട്ടനിലെത്തുമ്പോൾ പണം മുടക്കി പോലീസ് സുരക്ഷ നേടിയെടുക്കാനുള്ള ഹാരി രാജകുമാരന്റെ ശ്രമം ഹൈക്കോടതി തടഞ്ഞു. ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ മകനായ ഹാരി മൂന്നുവർഷം മുമ്പ് രാജകൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിവായതോടെ വിഐപി സുരക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഇനി വ്യവഹാരങ്ങളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി. പണം കൊടുത്താൽ പോലീസുകാരെ സുരക്ഷാഭടന്മാരായി കിട്ടുമെന്ന സ്ഥിതി വന്നാൽ ബ്രിട്ടനിലെ സമ്പന്നരായ പ്രമുഖരെല്ലാം ആ സേവനം ആവശ്യപ്പെട്ട് രംഗത്തെത്തുമെന്ന് പോലീസിന്റെയും സർക്കാരിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

🟥 28ആം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം ലോകറെക്കോർഡ് തിരുത്തി നേപ്പാളിൽ നിന്നുള്ള കാമി റീത്ത ഷെർപ (53). ഒരാഴ്ചയ്ക്കയുടെ രണ്ടാം തവണ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഒടുവിൽ എവറസ്റ്റിന് മുകളിൽ എത്തിയത്. മുതിർന്ന ഷെർപയായ പസങ് ദാവയുമായുള്ള തുടർച്ചയായ മത്സരമാണ് പർവ്വതാരോഹണത്തിന് പ്രചോദനം. മെയ്‌ 17 ന് മുകളിലെത്തിയ കാമി റീത്തയുടെ പിന്നാലെയെത്തിയ പസങ് ദാവ, കാമി റീത്തയുടെ റെക്കോർഡിന് ഒപ്പമെത്തി. തുടർന്നാണ് വീണ്ടും കയറിയ കാമി ഇന്നലെ പുതിയ റെക്കോർഡിട്ട് സ്ഥാനം തിരിച്ചുപിടിച്ചത്. അതേസമയം ഓസ്ട്രേലിയയിൽ നിന്നുള്ള പർവ്വതാരോഹകൻ ജേസൺ ബെർണാഡ് കെന്നിസൻ എവറസ്റ്റ് കീഴടങ്ങി മടങ്ങുന്നതിനിടെ മരിച്ചു. 2006 ൽ കാറപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ ജേസൺ കഠിന പരിശ്രമത്തിലൂടെ വീണ്ടും നടക്കാൻ പഠിച്ചതിനുശേഷമാണ് എവറസ്റ്റ് കീഴടക്കിയത്. ഈ സീസണിൽ എവറസ്റ്റിൽ മരിക്കുന്ന പത്താമത്തെ പർവതാരോഹകനാണ് ജേസൺ.

🟥 ഇന്റർനാഷണൽ ബുക്കർ പ്രൈസ് ബൾഗേറിയൻ നോവൽ ടൈം ഷെൽട്ടറിന്. യൂറോപ്യൻ ഗൃഹാതുരത്വത്തിന്റെ തീവ്രവിഷവാദം നിറച്ച് ഗ്യോർഗി ഗോസ്പോഡിനോവ് എഴുതിയതാണ് ഈ നോവൽ. സംഗീതജ്ഞയായ ഏയ്‌ഞ്ചെല റോഡലാണ് ഈ നോവൽ ബൾഗേറിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) പുരസ്‌കാരത്തുകയിൽ പകുതി പരിഭാഷയ്ക്കാണ്. ലണ്ടനിലെ സ്കൈ ഗാർഡനിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
ബൾഗേറിയൻ ഭാഷയിൽനിന്നുള്ള ഒരു നോവലിന് ഇതാദ്യമായാണ് ബുക്കർ ഇന്റർനാഷണൽ. ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘റേത് സമാദി’ യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ടും ഓഫ് സാൻഡി’ നായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം. ഹിന്ദിയിൽ നിന്നൊരു നോവലിന് ബുക്കർ ഇന്റർനാഷണൽ പുരസ്കാരവും ആദ്യമായിരുന്നു. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി യുകെയിലോ അയർലാൻഡിലൊ പ്രസിദ്ധീകരിക്കുന്ന നോവലിനോ കഥാസമാഹാരത്തിനോ നൽകുന്നതാണ് ബുക്കർ ഇന്റർനാഷണൽ പുരസ്കാരം. അൽഷിമേഴ്‌സ് ബാധിച്ചവർക്ക് ആശ്വാസമേകാനായി കാലഘട്ടങ്ങളുടെ ഓർമ്മകൾ ഒരുക്കി തുറക്കുന്ന ‘ഗതകാല ചികിത്സാലയം’ മറവിരോഗമില്ലാത്തവരും അഭയകേന്ദ്രമാക്കുന്നതിനെപ്പറ്റിയാണ് ഗോസ്പോഡിനോവിന്റെ നോവൽ. പടിഞ്ഞാറൻ ആശയങ്ങളും കമ്മ്യൂണിസ്റ്റ് ആദർശവും തമ്മിലുള്ള സംഘർഷമനുഭവിച്ച ബൾഗേറിയയുടെ ചരിത്രവും നോവലിൽ പരാമർശിച്ചിട്ടുണ്ട്. ബൾഗേറിയയുടെ ചരിത്രം പറയാതെ പറയാനും അവിടുത്തെ ജനങ്ങളുടെ പ്രത്യയശാസ്ത്ര സംഘർഷം അദൃശ്യമായി ചേർക്കാനും കഴിഞ്ഞിട്ടുള്ള നിരവധി അടരുകളുള്ള പുസ്തകമാണ് ടൈം ഷെൽട്ടർ എന്ന് എഴുത്തുകാരിയും വിവർത്തകയുമായ സുനിത ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

🟥 ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതും ഖലിസ്ഥാൻ അനുകൂല ശക്തികൾ പ്രവർത്തിക്കുന്നതും തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വിഘടനവാദികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ചെന്നും ഭാവിയിലും അത് തുടരുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പറഞ്ഞു. ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ മൂന്നാം ദിവസം ഇരു പ്രധാനമന്ത്രിമാരും ഏതാനും കരാറുകളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മികച്ച പഠനാവസരം തുറന്നുകൊടുക്കുന്ന കുടിയേറ്റ സഹകരണ കരാർ (മൈഗ്രേഷൻ മൊബിലിറ്റി പാർട്ണർഷിപ്പ് എഗ്രിമെന്റ്) നിലവിൽ വന്നു. വിദ്യാർഥികൾക്ക് പുറമെ വ്യവസായ മേഖലയിലും ഈ രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റത്തിന് കരാർ ലക്ഷ്യമിടുന്നു. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറിനും തീരുമാനമായി.

🟥 ഫ്രഞ്ച് സംവിധായിക ജസ്റ്റിൻ ത്രിയെയുടെ ‘അനാട്ടമി ഓഫ് എ ഫോൾ’ കാൻ മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്‌കാരം സ്വന്തമാക്കി. പാം ദോർ നേടുന്ന മൂന്നാമത്തെ വനിതയാണ് ത്രിയെ. മാർട്ടിൻ എമിസിന്റെ നോവൽ ആധാരമാക്കി ജോനാഥൻ ഗ്ളാസർ സംവിധാനം ചെയ്ത ‘സോൺ ഓഫ് ഇന്റെരെസ്റ്റ്‌ ‘ നാണ് ഗ്രാൻ പി പുരസ്‌കാരം. ‘ല പാഷൻ ദു ദോദ ബുഫ, ദി പോട്ടോഫോ’ ഒരുക്കിയ ട്രാൻ അൻ ഹൊങ് മികച്ച സംവിധായകനായി. അകി കൗറിസ്മാക്കിയുടെ ‘ഫോളൻ ലീവ്സ്’ ജൂറി പുരസ്കാരം നേടി. മികച്ച നടി: മെർവേ ദിസ്ദാർ (ചിത്രം: എബൌട്ട്‌ ഡ്രൈ ഗ്രാസ്സസ് ), മികച്ച നടൻ : കോജി യകുഷോ (പേഫിക്റ്റ് ഡേയ്‌സ് ), തിരകഥാകൃത്ത്: യുജി സകാമൊട്ടോ (മോൺസ്റ്റർ).

സ്റ്റെഫി ദിപിൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: