“മാഷെ ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
“എന്താടോ ലേഖേ ഒരു മുഖവുര ? സാദാരണ ഇങ്ങനെയൊരു ചോദ്യം പതിവില്ലാത്തതാണല്ലോ ?”
“അത് , ഞാൻ ചോദിക്കാൻ പോകുന്ന കാര്യം മാഷിന് ഇഷ്ടമാകുമോന്ന് പേടിച്ചിട്ടാണ്. ”
” ആഹ്ഹാ, അതുകൊള്ളാമല്ലോ . ചോദിക്കാൻ പോകുന്ന ചോദ്യം കേൾക്കുന്നയാൾക്ക് ഇഷ്ടമാകില്ലയെന്നുണ്ടെങ്കിൽ അത് നമ്മൾ ചോദിക്കാതിരിക്കുന്നതല്ലേ നല്ലത് ?”
” ഇതത്ര പ്രശ്നമുള്ള കാര്യമല്ല മാഷേ , ഒരു സംശയമാണ്. ”
“സംശയമാണെങ്കിൽപ്പിന്നെന്തിനാ ചോദിക്കാൻ പേടിക്കുന്നത് ? എനിക്കറിയാവുന്ന കാര്യമാണെങ്കിൽ തീർച്ചയായും ഉത്തരം പറഞ്ഞു തരാം.”
“വേറൊന്നുമല്ല മാഷേ , മാഷ് ഒന്നുരണ്ട് പുസ്തകങ്ങൾ പ്രസിദ്ധികരിച്ചതല്ലേ ? അതിന്റെ ചിത്രങ്ങളും വാർത്തകളും ഞാൻ പത്രത്തിൽ കണ്ടതുമാണ്. എല്ലാവരും മാഷിന്റെ പുസ്തകത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതും. എന്നിട്ടുമെന്താമാഷേ ഒരു അവാർഡ്പോലും അതിന് കിട്ടാത്തത്? ”
“ഹ ഹ ഹ ഇതാണോ തന്റെ സംശയം ? എടോ ലേഖേ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല ഞാൻ പുസ്തകങ്ങൾ എഴുതിയത്. ഞാനറിഞ്ഞ അറിവുകൾ മറ്റുള്ളവർക്കും ഉപകാരപ്പെടുവാൻ വേണ്ടിയാണ്. അത് ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്ക് ഗുണം ചെയ്താൽ അതുതന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പുരസ്ക്കാരം. ”
” എന്നാലും മാഷേ എത്രയോ പേർക്ക് അവാർഡുകൾ കിട്ടുന്നുണ്ട് ? പക്ഷെ മാഷിന് അർഹതയുണ്ടായിട്ടും ….?”
” കുട്ടീ, അർഹതയും അനർഹതയും നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അത് പല പുരസ്ക്കാരങ്ങൾക്കും വ്യത്യസ്ഥമാണെന്നു മാത്രം. പിന്നെ മറ്റൊരു കാര്യമുള്ളത് നമ്മൾ അർഹതയുള്ളവരാണെങ്കിൽ അൽപ്പം വൈകിയാലും അംഗീകാരങ്ങൾ നമ്മേത്തേടിയെത്തുകതന്നെ ചെയ്യും. അതിനായ് നമ്മൾ ലക്ഷ്യത്തിലെത്തും വരെ പ്രലോഭനങ്ങളിൽ വീഴാതെ മനസ് തളരാതെ പരിശ്രമിക്കണമെന്നുമാത്രം. ”
റോബിൻ പള്ളുരുത്തി 🖋️