ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ ദൃശ്യമനോഹരിതയിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ, കുട്ടനാടെന്ന പ്രദേശത്തെപ്പോലെ ഇത്രയധികം ഭംഗി വഴിഞ്ഞൊഴുകുന്ന വേറൊരു പ്രദേശം ഇല്ലെന്നുതന്നെ പറയേണ്ടിവരും. കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടെന്നു വിശേഷിപ്പിക്കാൻ കുട്ടനാട് മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. കുട്ടനാടിന്റെ ആത്മാവെന്ന്പറയുന്നത് മണ്ണിന്റെ മണമുള്ള കർഷകരാണ്..
കുട്ടനാടിൻ ഗ്രാമമായ ചമ്പക്കുളം ദേശത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മെആകർഷിക്കുന്ന മറ്റൊരു ഘടകമാണ്, ചമ്പക്കുളം വലിയപള്ളി.
“കല്ലൂർക്കാട് മാർത്ത മറിയം കത്തോലിക്കാപള്ളി.”
ചമ്പക്കുളത്താറിന്റെ തീരത്താണ് ഈ പള്ളി. എ. ഡി.427 ലാണ് പള്ളിയുടെ ആദ്യരൂപം നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്, പ്രാചീനശിലാലിഖിതങ്ങൾ ഇവിടുന്നു കണ്ടുകിട്ടിയിട്ടുണ്ട്, വളരെ പഴക്കംചെന്ന കൽക്കുരിശും ഉണ്ടിവിടെ,
കയ്യിൽ പൂക്കളുമായി നിൽക്കുന്ന കന്യാമറിയം ആണ് ഇവിടെ അനുഗ്രഹംചൊരിയുന്നത്. ആൾത്താരയും, പ്രാർത്ഥനഹാളും, അതിമനോഹരമായ ചിത്രങ്ങളും ശില്പവേലകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്, സ്വർഗംപോലൊരു ആൾത്താരയിൽ നിറയെചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.. ചമ്പക്കുളം പാലമിറങ്ങിയാൽ വലത്തോട്ടുള്ള വഴി എടത്വയിലേക്കാണ് ചെല്ലുന്നത്.
പാതയോരങ്ങളിൽ പലയിടത്തും കള്ളുഷാപ്പുകൾ ഉണ്ട്. രുചിയുടെ മേളപ്പെരുക്കം നിറക്കുന്ന നാടൻ വിഭവങ്ങൾ ഇവിടെ ലഭിക്കും..
നല്ല മുളകിട്ട വരാൽ കറിയും, കരിമീൻ പൊള്ളിച്ചതും, മപ്പാസും, താറാവുകറിയും വിളമ്പുന്ന നാടൻകള്ളുഷാപ്പുകൾ രുചിയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. കായലിൽനിന്നും പിടിക്കുന്ന നല്ല മീനുകൾ, കൊഞ്ചും, ഞണ്ടും, ചെമ്മീനും തുടങ്ങിയ നിരവധി മത്സ്യങ്ങൾ ഇവിടെനിന്നും കറിവെച്ചുനൽകുന്നു. എരുവിൽ മുൻപനായ മീൻതലക്കറി ഇവിടുത്തെ സ്പെഷ്യൽ ആണ് കൂടെ കപ്പവേവിച്ചതും കുട്ടനാടൻ കള്ളും..
അതിനിടയിൽ ഒന്ന് കൂടി പറയട്ടെ നിങ്ങൾ കുടിക്കുന്ന ഓരോ കുപ്പി മദ്യവും നിങ്ങളുടെ ശവക്കല്ലറയിലേക്കുള്ള കല്ലുകളാണെന്ന് ഓർക്കുക. മദ്യ സേവകരെ കുപ്പി കയ്യിലെടുക്കുമ്പോൾ ഓർക്കുക.
“പകലരുതേ. പലതരുതേ, പലരോടരുതേ, പാടരുതേ”
ഷാപ്പുകളുടെ പേരുകൾ ആരിലും അത്ഭുതം ഉളവാക്കുന്നതാണ്.! “ന്യുയോർക്ക് സിറ്റി,” “അമേരിക്ക,” തുടങ്ങിയവയും, “ഫിഫ” എന്നപേരിലൊരു ഫാമിലി റെസ്റ്റോറന്റും കള്ളുഷാപ്പും ഉണ്ട് അവിടെ ഓരോ കുപ്പിക്കും ഫുട്ബോൾ ജെഴ്‌സിയുടെ നിറമാണ് . കുട്ടനാടൻ പാടത്തിനു നടുവിലിരുന്നു ഫുട്ബോൾടച്ചിലിരുന്നു കപ്പയും മീൻകറിയും താറാവുഫ്രൈയും കഴിക്കാം. നാവിൽ കൊതിയൂറുന്ന കുട്ടനാടൻ വിഭവങ്ങൾ കുറിച്ച് പറഞ്ഞാലും തീരില്ല.
ഹരിതാഭമായ പാടത്തിനു നടുവിലൂടെ കറുത്ത രേഖപോലെ റോഡുകൾ. അങ്ങിങ്ങായി പക്ഷികൾ കൂട്ടത്തോടെ ഇരിക്കുന്നത് കാണാം. ചെറിയ പടക്കം പൊട്ടിക്കാമെങ്കിൽ ഇവ കൂട്ടത്തോടെപറയുരന്നത് വേറൊരു കാഴ്ചയാണ്, പാടത്തിനു ഇടയിലൂടെ ചെറിയ വരമ്പുകൾ ഉണ്ട് അല്പം ധയ്ര്യം ഉണ്ടെങ്കിൽ ആ വരമ്പിലൂടെ നടന്നാൽ കുട്ടനാടിന്റെ ഹൃദയത്തിലേക്കു നടന്നു കയറാം.
ചേറ്റുമണമുള്ള കുട്ടനാട്, കുട്ടനാട്ടിലെ കാറ്റിനു പല മണമാണ്, പല ഭാവങ്ങളും, അതിനു പുന്നെല്ലിന്റെ മണമുണ്ട്. കൊയ്ത്തു പാട്ടിന്റെ ചേലുണ്ട് പുഞ്ചമീനിന്റെ പുളപ്പുണ്ട്. നല്ല ചെത്തു കള്ളിന്റെ വെളുപ്പുണ്ട്. കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്ന,കുട്ടനാടിന്റെ പറഞ്ഞാലും എഴുതിയാലും തീരില്ല, കണ്ടറിയണം ആ സൗന്ദര്യം.പാടവും തോടും നടവരമ്പും മാത്രമല്ല, രണ്ടു പ്രളയങ്ങളെ അതിജീവിച്ച കുട്ടനാടൻ ജനതയുടെ പച്ചയായ ജീവിതത്തിന്റെ നേർക്കുകഴ്ചകളുണ്ടിവിടെ. ഒട്ടും തളരാത്ത കുട്ടനാടൻ ജീവിതത്തിലെ നിറക്കാഴ്ചകളുമായി ഞാൻ വീണ്ടുംവരാം. എന്റെ കുട്ടനാടിനെ ഒരു മണിമുത്തുപോലെ നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തുവെന്ന് കരുതിക്കോട്ടെ
അശ്വതി മനോജ് (കുവൈറ്റ്)✍