കുട്ടനാടിന്റെ വശ്യതയിലേക്ക് നമുക്കൊന്ന് പോകാം . ആലപ്പുഴയിൽ നിന്നും തിരുവനതപുരത്തേക്കുള്ള ദേശീയ പാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നു ഒരു കിലോമീറ്റർ എത്തുമ്പോൾ “എസ് എൻ കവല, ഇവിടെ നിന്നും ഇടത്തോട്ട് തിരിയുന്നതാണ് കഞ്ഞിപ്പാടമെന്ന സ്ഥലം, കുറച്ചു മുൻപോട്ടു നടക്കുമ്പോൾ പ്രകൃതിദേവി കനിഞ്ഞനുഗ്രഹിച്ചപോലെ, എവിടെയും ഹരിതാഭകൾ, തോടുകൾ, അവിടവിടെയായി ആമ്പൽപൂവുകൾ വിടർന്നു നിൽക്കുന്നത് കാണാം ,താറാവിൻ കൂട്ടങ്ങൾ, പച്ചവിരിച്ച നെൽപാടങ്ങൾക്ക് നടുവിലായി ശാലീനസുന്ദരിയെപ്പോലെ ശാന്തയായി ഒഴുകുന്ന പൂക്കൈതയാറ്. വലിയ ഹൌസ് ബോട്ടുകളിൽ സഞ്ചാരികൾ കായൽസൗന്ദര്യം ആസ്വദിക്കുന്നത് കാണാം, തൊടിന് കുറുകെ നേരത്തെയൊക്കെ തടിപാലങ്ങളായിരുന്നു, വീടുകൾക്ക് മതിൽക്കെട്ടുകൾ കുറവാണ്, പകരം കനകാംമ്പരച്ചെടികളും, ഗെന്ധരാജൻ ചെടികളും കൊണ്ടു വേലികെട്ടി തിരിച്ചിരിക്കുന്നു. ഇപ്പോൾ തടിപ്പാലങ്ങൾക്ക് പകരം പുതിയ പാലങ്ങൾ നിർമിച്ചിട്ടുണ്ട് കായലിന്റെ സൗന്ദര്യമൊട്ടും ചോരാതെതന്നെ, പാലത്തിൽ നിന്നു നോക്കിക്കഴിഞ്ഞാൽ കഞ്ഞിപ്പാടത്തിന്റെ ചരിത്രം നമ്മളെ പുറകോട്ടു വലിക്കും.
” ചെമ്പകശ്ശേരി രാജാവിന് കഞ്ഞിവെക്കാനുള്ള മികച്ച അരിവിളയിച്ചിരുന്ന നെല്പാടങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്, ഇപ്പോഴത്തെ അമ്പലപ്പുഴയും ചുറ്റുമുള്ള പ്രദേശങ്ങളും അന്ന് രാജഭരണത്തിൻ കീഴിലായിരുന്നു, പെട്ടെന്ന് വേവുന്ന നല്ല സ്വാദുള്ള നെല്ല് ഇപ്പോഴും ഇവിടെ വിളയുന്നുണ്ട്, മുൻപ് സൂചിപ്പിച്ചപോലെ, തേങ്ങ ചുട്ടരച്ച ചമ്മന്തിയും, കനലിൽ ചുട്ട പപ്പടവും അല്പം കടുമാങ്ങ അച്ചാറും കൂട്ടി ചൂടോടെ കഴിച്ചാൽ പിന്നെയീ കുട്ടനാട് നിങ്ങളുടെ മനസ്സിൽ നിന്നു പോകില്ല.
കുറെ കൂടി മുൻപോട്ട് പോയി കഴിഞ്ഞാൽ തനി കുട്ടനാടൻ ഗ്രാമമായ വൈശ്യുംഭാഗത്തേക്കാണ് ചെല്ലുക, വലിയ വാഹനങ്ങളിൽ പോകാതെ നടന്നോ, സൈക്കിളിലോ പോയാൽ കാഴ്ചകളുടെ ഒരുത്സവം തന്നെയാകും നിങ്ങളെ അവിടെ കാത്തിരിക്കുന്നത്.
കുട്ടനാട്ടുകാർ ആ വഴിയിൽ സൈക്കിളിൽ പോകുന്നത് കണ്ടാൽ നമ്മൾ വിചാരിക്കും അവരിപ്പോ വെള്ളത്തിൽ മറിഞ്ഞു വീഴുമെന്ന്, ഒരു സർക്കസുകാരനെ പോലെ അവർ അതു ചവിട്ടിനീങ്ങുന്നത് കാണാം
തോട്ടിലെ ഓളങ്ങളിൽ വെള്ളം വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന കാഴ്ച നയനാനന്ദകരമാണ്, ആവെളിച്ചത്തിൽ പള്ളത്തിയും പരൽമീനുംമൊക്കെ നീന്തിതുടിച്ചു കളിക്കുന്നത് കാണാം. അവിടെവിടെയായി മീൻപിടിക്കുന്നവർ വല വീശുന്നതും, വല വലിച്ച് കയറ്റുമ്പോൾ തുള്ളി പിടക്കുന്ന പരൽമീനുകളെ കാണാം.,
ചില ഇടവഴികളിലൂടെ നടന്നാൽ അമ്പലം, താമരക്കുളം, തെങ്ങിൻ തോപ്പുകൾ, മീൻവളർത്തുന്ന കുളങ്ങൾ ഒക്കെയുണ്ടാകും,
വൈശ്യുംഭാഗം കടന്നെത്തുന്ന കവലയിൽനിന്നു ഇടത്തോട്ടു തിരിഞ്ഞാൽ പമ്പയാറാണ്, ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളിയുടെ ഫിനിഷിങ് പോയിന്റ് അവിടെയാണ്,
വിഗ്രഹലെബ്ധിയോടനുബന്ധിച്ചു നടക്കുന്ന ചമ്പക്കുളം ജലമേളയുടെ ചരിത്രവും, ചമ്പക്കുളം ദേശത്തിന്റെ കഥകളുമായി ഞാൻ വീണ്ടും വരാം,
എന്റെ നാടിന്റെവിശുദ്ധിയും ഗ്രാമഭംഗിയും നിങ്ങളുടെ മനസിലേക്കൊരു നറുനിലാവ്പോലെ ഒഴുകിയെത്തുന്നുണ്ടെന്നു കരുതട്ടെ,
✍അശ്വതി മനോജ്