എത്ര വർണ്ണിച്ചാലും മതിയാകാത്ത എന്റെ ഗ്രാമം, വള്ളംകളികൾക്ക് കേഴ്‌വികേട്ടനാട്.. നെറ്റിപ്പട്ടം കെട്ടി മുത്തുകുടകളുംചൂടി രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ഈരടികളുടെ അകമ്പടിയോടെ താളം മുഴക്കി, കണ്ടുനിൽക്കുന്ന കാണികളുടെ മനസിലേക്ക് ഉന്മാദത്തിന്റെ അലയൊലികളെ മുഴക്കി കൊണ്ടു തുഴഞ്ഞു കയറുന്ന കരിവീരന്മാർ ഞങ്ങളുടെ മാത്രം സ്വന്തമാണ്. കുട്ടനാടുകാരുടെ സാമൂഹിക ജീവിതത്തിന്റെ അടയാളമായ ഈ കായികമാമങ്കങ്ങൾക്ക് തുടക്കമിടുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെ ആണ്.
മതമൈത്രിയുടെ ചരിത്രവും ഐതിഹ്യങ്ങളുടെ മധുരവും ചമ്പക്കുളം വള്ളംകളിക്കുണ്ട് .ജലമേളകൾ ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുൻപ് തുടങ്ങും പ്രവർത്തനങ്ങൾ .മെയ്യും മനസും മറന്നുള്ള പ്രവർത്തനങ്ങൾ. ആദ്യം കരി വീരന്മാരെ അണിയിച്ചൊരുക്കൽ പരിശീലനത്തിനായി വള്ളത്തെ നീറ്റിലിറക്കുന്നതിനു മുൻപ് മീൻ നെയ്യ് കരി മുട്ടക്കരു കൊപ്ര എന്നിവയുടെ മിശ്രിതം പുരട്ടി ആണ് ഇറക്കുന്നത്… വള്ളമിറക്കുന്നു എന്ന് കേട്ടാൽ മതി ഞങ്ങൾ കുട്ടികൾ എല്ലാം കൂടി ഓട്ടമാണ് വളപ്പുരയിലേക്ക്. പിന്നെയുള്ള പരിശീലന തുഴച്ചിൽ. കാരിരുമ്പിന്റെ ശക്തി ആവാഹിച്ചെടുത്ത കുട്ടനാടിന്റെ തുഴച്ചിൽക്കാർ.തുഴച്ചിൽക്കാർക്കുണ്ട് പ്രത്യേക ദിനചര്യകൾ.. കഠിനമായ പരിശീലനം കൃത്യമായ വ്യായാമം.. ഡയറ്റിംഗ് ഇവയൊക്കെ നല്ല ഒരു തുഴച്ചിൽക്കാരനെ വാർത്തെടുക്കാൻ കഴിയുന്നു..
എന്റെ അച്ഛനൊക്കെ തുഴഞ്ഞു കൈവെള്ള പൊട്ടി വന്നിരിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അതൊന്നും അവരുടെ പോരാട്ട വീര്യത്തെ കെടുത്തുന്നതല്ല…. എങ്ങിനെയും മത്സരങ്ങളിൽ തുഴഞ്ഞു ജയിക്കുക എന്നതാണ് എല്ലാവരുടെയും സ്വപ്നം പരിശീലന തുഴച്ചിൽ വൈകുന്നേരങ്ങളിലാണ് നടക്കുന്നത്.പാലത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച
ആഹാ!എത്ര മനോഹരം എന്നോ!!!
കരിനാഗങ്ങളെപ്പോലെ പോലെ ജലവീഥികളെ കീറി മുറിച്ചു ഓരോ ജലോത്സവ പ്രേമികളുടെയും കണ്ണും മനസും നിറച്ചു “അയ്യെടാ പോയെടാ ” ആർപ്പോ ഇർറൊ” എന്ന് ഏറ്റു പറഞ്ഞു തുഴയെറിയുമ്പോൾ ഇരു വശങ്ങളിലേക്കും തെറിക്കുന്ന വെള്ളത്തുള്ളികളിൽ അസ്തമനസൂര്യന്റെ പൊൻകിരണങ്ങൾ പതിച്ചു വെട്ടിത്തിളങ്ങി മഴവില്ലിന്റെ ഏഴു വർണങ്ങളും വിരിയിച്ചു തുഴഞ്ഞുവരുന്ന കാഴ്ച കുട്ടനാടിൻ ജനതയുടെ ജന്മപുണ്യം ..
“ചമ്പക്കുളം വള്ളം കളി ”
മിഥുനമാസത്തിലെ മൂലം നാളിൽ പമ്പാനദിയിൽ നടത്തപ്പെടുന്നു, ആറന്മുള വള്ളംകളി കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളി. പുരസ്‌കാരം “രാജപ്രമുഖൻ ട്രോഫി “.
*ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ അമ്പലപ്പുഴയിൽ ഒരു ക്ഷേത്രംപണിതു, വിഗ്രഹം പ്രതിഷ്ഠിക്കുന്നത് മുൻപ് ആ വിഗ്രഹം ശുഭകരമല്ലെന്നും, ഈ വിഗ്രഹത്തിന് പകരം ചങ്ങനാശ്ശേരിക്കടുത്തുള്ള കുറിച്ചിയിലെ കരകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണവിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നറിഞ്ഞു. (കുറിച്ചിയിലെ വിഗ്രഹം അർജുനന് ശ്രീകൃഷ്ണൻ കൊടുത്തതാണെന്നാണ് വിശ്വാസം ).
കരകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേക്ക് തിരിച്ചുവരുന്നവഴി രാജാവും മന്ത്രിമാരും ചമ്പക്കുളത്തു രാത്രിചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു പിറ്റേദിവസം രാവിലെ നിറപ്പക്കിട്ടാർന്ന തോരണങ്ങളുമൊക്കെ അലങ്കരിച്ചു വള്ളങ്ങളിൽ വർണ്ണാഭമായ ഘോഷയാത്രയോടുകൂടി ജനങ്ങൾ വിഗ്രഹത്തെ അനുഗമിച്ചു, ഈ ഓർമ്മക്കായിട്ടാണ് ചമ്പക്കുളം വള്ളംകളി നടത്തപ്പെടുന്നത്. ഇന്നും വള്ളംകളിയോടനുബന്ധിച്ചു, കെട്ടുവള്ളങ്ങളിൽ തെയ്യം, കഥകളി,തിരുവാതിര തുടങ്ങിയ നാടൻകലാരൂപങ്ങളും, നിശ്ചലദൃശ്യങ്ങളും ഒക്കെയായി വർണ്ണാഭമായ ഘോഷയാത്ര ദൃശ്യവിരുന്നൊരുക്കുന്നു
ഞങ്ങളുടെ ബാല്യത്തിൽ ടെലിവിഷൻ ഉള്ള വീടുകൾ കുറവായിരുന്നു…. റേഡിയോ ആയിരുന്നു അഭയം. വലിയ ശബ്ദത്തിൽ വെക്കും. അൻപതു ആൾക്കാരെങ്കിലും കാണും വള്ളം കളിയുടെ തത്സമയ ദൃശ്യത്തിന്റെ കമെന്ററി കേൾക്കുവാ..
അന്നത്തെ ഞങ്ങളുടെയൊക്കെ ആരാധനാ കഥാപാത്രങ്ങൾ ആയിരുന്നു തത്സമയദൃശ്യങ്ങളെ നമ്മുടെ കണ്മുന്നിലേക്ക് ഇട്ടു തരുന്ന “പി ഡി ലൂക്ക്, അലക്സ് വള്ളക്കാലി, ഗ്രിഗറി “തുടങ്ങിയവർ, ശബ്ദത്തിന്റെ മാന്ത്രികതലത്തിലേക്കു നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നവർ, ഓരോ വാക്കുകളും നെഞ്ചിടിപ്പുണ്ടാക്കുന്ന തരത്തിൽ വള്ളംകളി നമ്മുടെ മുൻപിൽ നടക്കുന്നുവെന്ന് കേൾവിക്കാരെ തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള കമന്റ്രി.ആവേശത്തിന്റെ കൊടുമുടിയേറിയുള്ള കാത്തിരുപ്പ്.
കുട്ടനാടിന്റെ ഓരോ മൺതരിയിലും അടങ്ങിയിരിക്കുന്നു വള്ളംകളിയുടെ പോരാട്ടവീര്യം.. ചമ്പക്കുളം ദേശത്തിന്റെ വിസ്മയകാഴ്ചകളുമായി ഞാൻ വരാം അടുത്ത ആഴ്ച. ഞങ്ങളുടെ കുട്ടനാട് നിങ്ങളുടെ മനസ്സിൽ കുടിയേറിയിട്ടുണ്ടെന്നു കരുതട്ടെ,
✍അശ്വതി മനോജ്