നഗരത്തിലെ തിരക്കേറിയ ഷോപ്പിംങ്ങ് മാളിൽ നിന്നും പുറത്തിറങ്ങി കാറിലേക്കു കയറുബോഴാണ് ഒരു ഭിക്ഷക്കാരി അയാളുടെ മുന്നിൽ നിന്ന് കൈ നീട്ടിയത്.ചില്ലറത്തുട്ടെടുത്ത് കൈയിലേക്കിട്ടു കൊടുക്കുമ്പോൾ അയാൾ അവളുടെ മുഖത്തേക്കു നോക്കി ,ചെമ്പൻമുടിയിഴകൾ പാറി വീണ് പാതി മറച്ച മുഖം. തിളങ്ങുന്ന കണ്ണുകൾ എണ്ണക്കറുപ്പുള്ള കവിളുകൾ. നീട്ടിയ കൈത്തണ്ടയിൽ പച്ചകുത്തിയിരിക്കുന്നു കൃഷ്ണ..
എവിടെയോ മറന്ന മുഖം എവിടെ കേട്ട ഒരു പേര് അവൾ പിൻതിരിഞ്ഞ് ആ തെരുവിലൂടെ നടന്നു പോകുമ്പോഴും അയാൾ ഓർമകളിൽ പരതുകയായിരുന്നു. അവളെ വിളിക്കണം എന്നാശിച്ച് നോക്കിയെങ്കിലും അവൾ തിരക്കിൽ നടന്നു മറഞ്ഞിരുന്നു.കാറിന്റെ സീറ്റിലേക്കമർന്നപ്പോൾ അയാളുടെ ഓർമകൾ ബാല്യത്തിലേക്കു കടന്നു ……..
രാവിലെ എണീറ്റ് അച്ഛൻ പേപ്പർ വായിക്കുന്നതിനടുത്ത് ഇരിക്കുകയായിരുന്നു കണ്ണൻ.വായിച്ചു കഴിഞ്ഞപേപ്പർ മടക്കി കൊണ്ട് അഛൻ അവനോട് ചോദിച്ചു.
“ഇന്നു നിന്റെ പരീക്ഷ തീരുകല്ലേ കണ്ണാ എട്ടാം ക്ലാസ്സാ നന്നായി എഴുതുന്നില്ലേ ”
“ഉവ്വ് അച്ഛാ ”
“ഉം ….. പറബില് കന്നാൻമാർ വന്നെന്നു തോന്നുന്നല്ലോ പുക കാണുന്നുണ്ട് ”
കസേരയിൽ നിന്നും എഴുന്നേറ്റിട്ട് അച്ഛൻ പറഞ്ഞു. കണ്ണനും നോക്കി ശരിയാ പുക കാണുന്നുണ്ട് എന്തെന്നില്ലാത്ത ഒരാനന്ദം അവനു തോന്നി
” ഓ വന്നോ കന്നാൻമാർ ഇനി തുടങ്ങിക്കോളും ആമയെ ചുട്ടു തീറ്റയും കുടീം ബഹളോം നാറീട്ട്.ഇരിക്കാൻ പറ്റ്വോ ഇനി ഇവിടൊക്കെ ”
പുറത്തേക്ക് കടന്നു വന്ന അമ്മ ദേഷ്യത്തിൽ പിറുപിറുത്തു. അതു കേട്ട് അച്ചൻ ശാസിച്ചു.
” അവരും മനുഷ്യരല്ലേ നീയൊന്നു മിണ്ടാതിരി”
”ഓ കഴിഞ്ഞ കൊല്ലം ഇവർ ഇവിടുണ്ടാക്കിപ്പോയ ബഹളം എന്തായിരുന്നു ഇനി അയലോക്കക്കാർക്ക് കുറച്ചു ദിവസം സ്വൈര്യക്കേടായി ”
അമ്മ പിറുപിറുത്തു കൊണ്ട് അകത്തേക്കു പോയി.
വൈകീട്ട് കണ്ണൻ സ്കൂൾ വിട്ടു വന്നപ്പോഴാണ് പറമ്പിൽ നിന്നും പുകച്ചുരുളുകൾ വീണ്ടും ഉയരുന്നത് കണ്ടത് പുസ്തക കെട്ട് മേശമേലിട്ട്. അവൻ വേഗം അവിടേക്കോടി ദൂരേന്നേ കാണായിരുന്നു പുകച്ചുരുളുകൾക്കു ചുറ്റും കൂട്ടം കൂടി കാഴ്ച കണ്ടു നില്ക്കുന്ന ആളുകൾ അടുപ്പു കല്ലുകൾക്കു മുകളിൽ മലർന്ന് കിടന്ന് താഴെ തീയുടെ ചൂടിൽ കൈകാലിട്ടടിക്കുന്ന ആമകൾ അതിനടുത്ത് ചില സ്ത്രീകൾ കെണി വച്ചു പിടിച്ചു കൊണ്ടുവന്ന കൊക്കിന്റെ തൂവൽ പറിക്കുന്നു വെന്ത ആമയുടെ തോട് അടർത്തിയപ്പോൾ അതിൽ നിന്നുറി വന്ന ചോര ആ തോടിൽ പകർത്തി കുട്ടികൾ വലിച്ചു കുടിക്കുന്നു അതിനിടയിൽ ആ കറുത്ത ചുരുളൻ മുടിക്കാരി തിളങ്ങുന്ന കണ്ണുകളോടെ കണ്ണനെ നോക്കി പുഞ്ചിരിച്ചു കൈകാട്ടി വിളിച്ചു അവർ ഇരിക്കുന്നതിനിടയിൽ കണ്ണനും ചെന്നിരുന്നു. അവൻ അവളോട് ചോദിച്ചു.
”കൃഷ്ണമ്മാ നിനക്കെന്നെ ഓർമയുണ്ടോ ”
അവൾ അവളുടെ കറ വീണ പല്ലുകൾ കാട്ടി കണ്ണനെ നോക്കി ചിരിച്ചു
” കഴിഞ്ഞ കൊല്ലം നിങ്ങള് വന്നപ്പോ നമ്മൾ കല്ലുകളിച്ചത് ഓർക്കുന്നുണ്ടോ ”
അവൾ തലയാട്ടിക്കൊണ്ട് കൈയിലിരുന്ന തുണി സഞ്ചിയിൽ നിന്നും ഒരു മുത്തുമാലയെടുത്ത് അവനു നീട്ടി നിഷേധ ഭാവത്തിൽ തലയാട്ടിക്കൊണ്ട് കണ്ണൻ പറഞ്ഞു ‘
”വേണ്ട കൃഷ്ണ തന്നെ വച്ചോളു അമ്മ വഴക്കുപറയും ”
പെട്ടെന്ന് അടുത്തു നിന്നും എന്തോ പൊട്ടിച്ചിതറുന്ന ഒച്ചയും ഒരു സ്ത്രീയുടെ കരച്ചിലും കേട്ട് എല്ലാരും അങ്ങോട്ടു നോക്കി
“മുത്തു ……”
ഭയത്തോടെ കൃഷ്ണ മന്ത്രിക്കുന്നതു കേട്ട് കണ്ണനും അങ്ങോട്ട് നോക്കി കറുത്ത തടിച്ച ഒരാൾ കൃഷ്ണയുടെ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ച് തല്ലുന്നതു കണ്ടു. എന്താണു കാരണമെന്ന് കണ്ണനു മനസ്സിലായില്ല ചോദിക്കാമെന്നു കരുതിയപ്പോഴേക്കും കൃഷ്ണയും കൂട്ടുകാരുമെല്ലാം എങ്ങോ ഓടി ഒളിച്ചിരുന്നു. ബഹളം മുറുകിയപ്പോൾ കണ്ടു നിന്ന നാട്ടുകാരിൽ ചിലരൊക്കെ ഇടപെട്ടു തുടങ്ങിയിരിക്കുന്നു കണ്ണനും ആകെ ഭയം തോന്നി അവൻ വീട്ടിലേക്കോടി.ചെന്ന വഴിയേ അമ്മ വടിയുമായി നില്ക്കുന്നത് കണ്ടു
” നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലേടാ കന്നാൻ മാര് പിള്ളാരുടെ കൂടെ കളിക്കരുത് എന്ന് ഷർട്ടൂരി പുറത്തിട്ടിട്ട് അകത്തു കയറിയാൽ മതി നാറീട്ടു വയ്യ ”
ഷർട്ടും നിക്കറും പുറത്ത് ഊരിയിട്ട് കുളിച്ച് അകത്തു കയറിയപ്പോൾ അടിയിൽ നിന്നും ഒഴിവായല്ലോ എന്ന ചിന്തയായിരുന്നു കണ്ണന്
രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്ത് കിണ്ണത്തിൽ കൈ തട്ടുന്ന ശബ്ദം കണ്ണൻ കേട്ടത് വേഗം ഓടിച്ചെന്നു നോക്കി കൃഷ്ണമ്മയാണ് അവൾ കൈയിലിരുന്ന കിണ്ണം നീട്ടിക്കാണിച്ചു കണ്ണൻ വേഗം മേശപ്പുറത്തിരുന്ന ഇഡലി കുറച്ചെടുത്ത് അവളുടെ പാത്രത്തിലിട്ടു കൊടുത്തു എന്നിട്ട് ചോദിച്ചു
” എന്തിനാ കൃഷ്ണേ മുത്തു ഇന്നലെ വഴക്കുണ്ടാക്കീത് ”
” അയാള് സാരായം കുടിച്ച് അടി ഉണ്ടാക്കും എന്നെ കല്യാണം ശെയ്വണം ന്നു പറഞ്ഞാ അമ്മയെ എന്നും തല്ലും എനക്കഭയമാ ”’.. എല്ലാർക്കും ഭയമാ മുത്തുവിനെ മുന്ന ഇരുന്ത പൊണ്ടാട്ടിയെയെല്ലാം അവൻ തൊഴിച്ചു കൊന്നു ”
അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്കു തള്ളി റോഡിൽ കിണ്ണം തട്ടുന്ന ശബ്ദം കേട്ട് കൃഷ്ണ അങ്ങോട്ടു നോക്കി അവളുടെ കൂടെയുള്ള കുട്ടികളാണ് അവർ പല വീട്ടുകളിലും പോയി ഭക്ഷണം ശേഖരിച്ചു വരികയാണ് കൃഷ്ണയും കണ്ണനെ നോക്കി ചിരിച്ചു കൊണ്ട് അവരുടെ കൂടെ പോയി. വൈകീട്ട് സ്കൂൾ വിട്ടു വന്നപ്പോൾ കണ്ണന് അങ്ങോട്ടു പോകണം എന്നുണ്ടായെങ്കിലും അഛൻ വീട്ടിലുള്ളതുകൊണ്ട് അവൻ വീട്ടിൽത്തന്നെ ഇരുന്നു രാത്രി ഉറങ്ങുന്നതിനിടയിൽ എപ്പോഴോ ആ പറബിൽ നിന്നും കൂട്ട നിലവിളിയും തല്ലു കൂടുന്ന ശബ്ദവും കേട്ടു അമ്മ പിറുക്കുന്നുണ്ടായിരുന്നു
രാത്രിയും ബഹളമാ അയലോക്കക്കാരെ ഉറങ്ങാൻ സമ്മതിക്കാതെ ”
ആ ശബ്ദം കേട്ട് കണ്ണനും ഉറങ്ങാനായില്ല
രാവിലെ എഴുന്നേറ്റ് കണ്ണൻ അടുപ്പിനടുത്ത് വന്ന് ഇരിക്കുബോൾ അച്ഛൻ അമ്മയോട് പറയുന്നതു കേട്ടു .
ഇന്നലെയാ ബഹളം കേട്ടതേ ആ മൂത്തൂന്ന് പറയുന്നവൻ രാത്രി ആ പെങ്കൊച്ചിനെ കയറിപ്പിടിച്ചു ആരാ അവനെ എതിർക്കാനുള്ളത് ആ കൊച്ചിനെ വേണംന്നു പറഞ്ഞ് അവൻ എന്നും ബഹളമായിരുന്നു.”
ന്റെ ദേവീ ആ കൊച്ചിന് നമ്മുടെ കണ്ണന്റെ പ്രായമേ ഉള്ളു എന്തൊരു കഷ്ടാ അതിന്റെ ജീവിതം ഇനി ”
കേട്ടിരുന്ന കണ്ണൻ വേഗം എഴുന്നേറ്റ് പറമ്പിലേക്കോടി അവിടെ എല്ലാവരും വലിയ തുണി ഭാണ്0ങ്ങൾ തലയിലും തോളത്തുമേന്തി നടന്നകലുന്നത് കണ്ടു മുത്തുവിനൊപ്പം നടക്കുന്നതിനിടയിൽ ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ണനെ കണ്ട കൃഷ്ണ നടക്കുന്നതിനിടയിൽ അകലുന്നതു വരെ അവനെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു കണ്ണൻ നോക്കിയപ്പോൾ ആ പറമ്പിൽ അവളുടെ മുത്തുമാലകൾ പൊട്ടിച്ചിതറി കിടക്കുന്നതു കണ്ടു കൃഷ്ണ അപ്പോഴേക്കും കണ്ണിൽ നിന്നും നടന്നു മറഞ്ഞിരുന്നു.