👉ഇലക്ട്രിക് ചൂൽ
ഇലക്ട്രിക് ചൂല്‍ വിദ്യ വികസിപ്പിച്ച് തൃശൂർ പുത്തന്‍ചിറ സ്വദേശി മരക്കാപ്പറമ്പില്‍ എം എ ഷാജഹാന്‍. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ്ങുകൾ കോർത്തിണക്കിക്കൊണ്ടാണ് ഈ ചൂലിന്റെ പിറവി. എഞ്ചിനീയറിങ് മേഖലയിലെ പ്രാവീണ്യമാണ് ഷാജഹാനെ ഈ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ഇലക്ട്രോ മെക്കാനിക്കൽ ഡിവൈസായ ഈ ഇലക്ട്രിക് ബ്രൂം നിര്‍മ്മാണം അത്ര എളുപ്പമല്ലെന്ന് ഷാജഹാന്‍ പറയുന്നു. ഈ ഇലക്ട്രിക്ക് ചൂലിന്‍റെ നിർമ്മാണത്തിന് കടമ്പകളേറെയായിരുന്നു. തൂത്തുവാരുന്ന ബ്രഷിന്റെ വേഗത ഒരു പ്രധാന ഘടകമാണ്. അതിന്റെ ആവൃത്തി നിശ്ചിത വേഗതയിൽ നിന്നും കുറയുവാനോ കൂടുവാനോ പാടില്ല. ഇരുവശത്തേക്കും തിരിയുന്ന വിധമാണതിന്റെ നിർമ്മിതി. ബ്രഷിന്റെ ഉറപ്പും അതോടൊപ്പം ഫ്ലക്സിബിലിറ്റിയും ദീർഘനാൾ നീണ്ടു നിൽക്കുന്നവയുമായിരിക്കണം. അതിനാൽ നൈലോൺ ബ്രഷാണ് ഉപയോഗിച്ചിരിക്കുന്നത്. ദീർഘകാല ഉപയോഗം മൂലം ബ്രഷുകൾക്ക് തേയ്മാനം സംഭവിച്ചാൽ പുതിയ ബ്രഷ് വളരെയെളുപ്പം മാറ്റി വെക്കാവുന്ന വിധമാണ് നിർമിച്ചിരിക്കുന്നത്. 12 വോള്‍ട്ട് റീചാര്‍ജ്ജബിള്‍ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ചൂല്‍ വളരെയെളുപ്പം ഉപയോഗിക്കാവുന്നതും ഭാരക്കുറവുള്ളതുമാണ്. വളരെ ചെറിയ വൈദ്യുതിയിൽ പ്രവർത്തിക്കാനും സാധിക്കും. കുനിഞ്ഞു നില്‍ക്കാതെ മുറ്റം അടിക്കാമെന്നത് ഇതിന്‍റെ പ്രധാന നേട്ടമാണ്. നട്ടെല്ലുവേദന, ശരീരവേദന എന്നിവയുള്ളവര്‍ക്ക് ഇത് വളരെ സഹായകമാണ്. കുനിഞ്ഞ് മുറ്റമടിക്കുമ്പോൾ വമിക്കുന്ന പൊടിയും ഗന്ധവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുമെല്ലാം ഇത് ആശ്വാസകരമാണ്.അരയിൽ ബെൽറ്റിൽ തൂക്കിയിടാവുന്ന വിധമാണ് ചെറിയ ബാറ്ററിയുടെ സ്ഥാനം എന്നതിനാൽ കൈയ്യിൽ പിടിക്കുന്ന യൂനിറ്റിന് ഒരു കിലോഗ്രാം മാത്രമേ ഭാരമുള്ളു. തുരുമ്പുപിടിക്കുന്ന ഭാഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. അതിനാൽ നനഞ്ഞ പ്രതലത്തിൽ ഉപയോഗിച്ചാലും തുരുമ്പെടുക്കില്ല. വളരെ ചെറിയ 12 V. 3.5 Ah ബാറ്ററിയിൽപോലും ഒരു മണിക്കൂറിലേറെ സമയം പ്രവർത്തിക്കും.
ഇതിന്റെ പ്രവർത്തനം കണ്ടവരെല്ലാം പേറ്റന്റ് എടുക്കണമെന്ന് അഭിപ്രായം പറഞ്ഞതിനാൽ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏതെങ്കിലും സ്റ്റാര്‍ട്ടപ്പുകൾക്കോ എഞ്ചിനീയറിങ് സ്ഥാപനങ്ങൾക്കോ പേറ്റന്റുസഹിതം ടെക്നോളജി നൽകുവാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. 4000 രൂപയിൽ താഴെ മാത്രമാണ് ഈ ഉപകരണത്തിന് വില വരുന്നത്. ബാറ്ററിയുടെയും ചാർജ്ജറിന്റേയും വില പുറമെ വരും
👉സൂപ്പർ വേമുകൾ -മിനി റേസൈക്ലിങ് പ്ലാന്റുകൾ
മാലിന്യങ്ങൾ കൊണ്ടു പൊറുതി മുട്ടുമ്പോൾ ആശ്വാസകരമാണ് പ്ലാസ്റ്റിക് തിന്ന് നശിപ്പിക്കുന്ന ജോഫോബാസ് മോറിയോ എന്ന പ്രാണി. സൂപര്‍ വേം എന്നാണ് ഈ വിരയെ സാധാരണയായി വിളിക്കുന്നത്.
ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞരാണ് ജോഫോബാസ് മോറിയോ എന്ന പ്രാണിയെ കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍ വേമുകള്‍ മിനി റീസൈക്ലിംഗ് പ്ലാന്റുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ പ്രാണികള്‍ക്ക് പോളിസ്‌റ്റൈറൈന്‍ കഴിച്ച് അതിജീവിക്കാന്‍ കഴിയും. ക്വീന്‍സ്ലാന്‍ഡ് യൂനിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ മൂന്നാഴ്ചയ്ക്കിടെ വിവിധതരം ഭക്ഷണങ്ങള്‍ ഉപയോഗിച്ച് പ്രാണികളെ പരീക്ഷിച്ചു. പോളിസ്‌റ്റൈറൈന്‍ കഴിച്ച ഒരു കൂട്ടം പ്രാണികള്‍ക്ക് ഭാരം കൂടിയതായി കണ്ടെത്തി.
തുടര്‍ന്ന് സംഘം വിരകളുടെ ആന്തരിക പ്രക്രിയകള്‍ പരിശോധിച്ച് പോളിസ്‌റ്റൈറൈന്‍, സ്‌റ്റൈറൈന്‍ എന്നിവ ഇല്ലാതാക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തി.പ്ലാസ്റ്റിക് കഴിക്കുന്ന ഈ ഇനം പ്രാണികള്‍ക്ക് പ്ലാസ്റ്റിക് റീസൈക്ലിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അവ പോളിസ്‌റ്റൈറൈന്‍ ആഗിരണം ചെയ്യുകയും നമ്മിലെ ബാക്ടീരിയകള്‍ക്ക് നല്‍കുകയും ചെയ്യുന്നു എന്ന് ഡോ. സെയ്ദ് ക്രിസ് റിങ്കെ പറഞ്ഞു.
ഈ പ്രാണികളില്‍ ഏതൊക്കെ കഴിവുകളാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. അങ്ങനെ അവയെ പ്ലാസ്റ്റിക് റീസൈകിളിങ്ങിന് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
👉ചൊവ്വയിൽ ദുരൂഹതയുടെ കവാടം
ചൊവ്വാഗ്രഹത്തിൽ നിന്ന് നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രമാണ് ഇതിന് ആധാരം. .ഈ ചിത്രത്തിൽ മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടത്തിന്റെ ചിത്രമുണ്ട്. ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിലുള്ള അഭ്യൂഹമാണെന്ന് പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്.ചിലപ്പോൾ ഇതു പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വലിയൊരു പ്രകമ്പനം കഴിഞ്ഞ മേയ് നാലിനു സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളർപ്പുകളും അകന്നുമാറലുകളും ഉണ്ടാകാം.
ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി റോവർ മാസങ്ങൾ നീണ്ട യാത്രകൾക്കു ശേഷം ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ഇറങ്ങിയത്. 2014 മുതൽ ഗാലി ക്രേറ്ററിലെ കേന്ദ്ര കൊടുമുടിയായ ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് ക്യൂരിയോസിറ്റിയുള്ളത്. അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നു ഒരു കൂട്ടം ശാസ്ത്രജ്ഞർ.ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടത്തിന്റെ ചിത്രമുണ്ട്. ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിലുള്ള അഭ്യൂഹമാണെന്ന് പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്. ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ ദുരൂഹ കവാടത്തിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. ഈ ദുരൂഹവാതിൽ അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്ക് തുറക്കുന്ന കവാടമാണെന്ന കാര്യം ഉറപ്പിക്കാറായിട്ടില്ല. ഭൂമിയിലെ ആദിമ ഗുഹാവാസ വ്യവസ്ഥകളിൽ മനുഷ്യർ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയത് പോലൊരു കവാടമാണ് ഇതെന്നത് സംശയം വർധിപ്പിക്കുന്നു
👉കശ്മീരിൽ നിന്ന് റഷ്യയിലേയ്ക്ക് രഹസ്യ തുരങ്കം
കലറൂസ്, കാശ്മീർ-റഷ്യ, രഹസ്യ തുരങ്കം
ഭൂമിയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യമുള്ള ഒട്ടെറെ ഇടങ്ങളുണ്ട് .അവയിൽ ഒന്നാണ് കശ്മീരിലെ കുപ്വാരയിൽ സ്ഥിതി ചെയ്യുന്ന കാലാറൂസ് ഗുഹകൾ .(kalaroos ) വിശ്വസിച്ചാലും ഇല്ലെങ്കിലും കാലാറൂസിനെ പറ്റിയുള്ളത് അത്ഭുതങ്ങളുടെ കഥയാണ്. ഈ ഗുഹകളിലെവിടെയോ റഷ്യയിലേക്ക് ഒരു രഹസ്യപാത ആദിമകാലം മുതൽ നിലനിന്നിരുന്നെന്നായിരുന്നു ഈ കഥ.കാലാറൂസിനു സമീപത്തു താമസിക്കുന്നവരിൽ പലരും ഈ കഥ വിശ്വസിക്കുകയും ചെയ്തിരുന്നു. ശ്രീനഗറിൽ നിന്ന് 90 കിലോമീറ്റർ അകലെ കുപ്വാര മേഖലയിലെ കാലാറൂസ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹകൾക്ക് പിന്നിൽ നിരവധി ദുരൂഹതകളുണ്ട് .റഷ്യൻ കോട്ട എന്നർഥമുള്ള” ക്വിലാ-റൂസ് “എന്ന വാക്കിൽ നിന്നാണു കാലാറൂസ് ഗുഹകൾക്ക് പേരു കിട്ടിയതെന്ന് പറയപ്പെടുന്നു . ലാസ്തിയൽ, മദ്മഡു ഗ്രാമങ്ങൾക്കിടയിലാണ് ഈ ഗുഹക സ്ഥിതി ചെയ്യുന്നത്. ലാസ്തിയാൽ ഗ്രാമത്തിന്റെ അവസാനഭാഗത്തായി സത്ബാരൻ ഒരു കല്ലുണ്ട്.സത്ബാരൻ കല്ലിൽ 7 ദ്വാരങ്ങളുണ്ട്.കശ്മീരിൽ നിന്നു റഷ്യയിലേക്കുള്ള ഏഴു വഴികളെ സൂചിപ്പിക്കുന്നതാണ് ഇതെന്നാണു ചിലരുടെ വിശ്വാസം.കാലാറൂസിലെ ഗുഹകൾ വഴി റഷ്യക്കാർ പണ്ടുകാലത്തു വന്നിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്. “ഈ ഏഴ് വാതിലുകൾ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഏഴ് വ്യത്യസ്ത വഴികളിലേക്ക് വിരൽ ചൂണ്ടുന്നു.റഷ്യക്കാർ ഈ തുരങ്കത്തിലൂടെ കടന്നുപോയതായി പൂർവികരിൽ നിന്ന് കേട്ടിട്ടുണ്ട്, “എന്നുമാണ് കശ്മീരികൾ പറയുന്നത് മൂന്നു ഗുഹകളാണു കാലാറൂസ് ഗുഹകളിൽ അടങ്ങിയിട്ടുള്ളത്.ഇതിൽ ഏറ്റവും പ്രധാനം ട്രാംഖാൻ എന്ന ഗുഹയാണ്.ചെമ്പുനിക്ഷേപമുള്ള ഈ ഗുഹയ്ക്കുള്ളിൽ ഏതോ അജ്ഞാത ഭാഷയിൽ എഴുതിയ ബോർഡുണ്ട്.ഈ ഗുഹയ്ക്കുള്ളിലാണു റഷ്യയിലേക്കുള്ള തുരങ്കമെന്നാണു വിശ്വാസം. കശ്മീരും റഷ്യയും തമ്മിൽ നാലായിരത്തോളം കിലോമീറ്റർ ദൂരമുണ്ട്.തുരങ്കത്തിന്റെ ഒരുഭാഗം കശ്മീരിലും മറുഭാഗം റഷ്യയിലുമായിരുന്നെന്നാണു നാട്ടുകാർ ധരിച്ചുവച്ചിരുന്നത്.ഈ ഗുഹകളിൽ വലിയ ജലാശയങ്ങളുണ്ടെന്നും ചില ഗ്രാമീണർ വിശ്വസിക്കുന്നു. അടുത്തിടെ ഗുഹ സന്ദർശിക്കാനെത്തിയ ഒരു കൂട്ടം യുവാക്കൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടതായും കശ്മീരികൾ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പാണ്ഡവരുടെ ആരാധനാലയമായി പ്രവർത്തിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നിരിക്കാം ‘ സത്ബരൻ’ എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
റാണി ആന്റണി മഞ്ഞില ✍