🌻ബർമുഡ ട്രയാംഗിൾ’🌻
കപ്പലുകളെയും വിമാനങ്ങളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്നയിടം, പ്രേതക്കപ്പലുകൾ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്നയിടം, റേഡിയോകൾ നിശ്ചലമാകുന്ന, വടക്കുനോക്കിയന്ത്രങ്ങൾ ഭ്രാന്തമായി വട്ടംകറങ്ങുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുന്ന ദുരൂഹമായയിടം.ബർമുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കൻതീരത്തെയും പ്യൂർട്ടൊറീക്കോയിലെ സാൻ ജുവാനെയും ബന്ധിപ്പിച്ച് ത്രികോണാകൃതിയിൽ കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രഭാഗമാണിത്. ഏകദേശം അഞ്ചുലക്ഷം ചതുരശ്രമൈൽ ദൂരം. ചെകുത്താൻ ത്രികോണമെന്നും കാണാതാകുന്നവർ മറയ്ക്കപ്പെട്ടയിടമെന്നും ദൗർഭാഗ്യത്തിന്റെ സമുദ്രമെന്നുമെല്ലാം ഈ മേഖല വിളിക്കപ്പെടുന്നു.
1964-ൽ അമേരിക്കൻ എഴുത്തുകാരൻ വിൻസെന്റ് ഗാഡിസാണ് ഈപ്രദേശത്തിന് ‘ബർമുഡ ട്രയാംഗിൾ’ എന്ന പേരുനൽകിയത്.
19-ാം നൂറ്റാണ്ടുമുതൽ ഇതുവരെ 75 വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും ബർമുഡ ട്രയാംഗിളിനടുത്തുവെച്ച് അപ്രത്യക്ഷമായെന്നാണ് കണക്ക്. വർഷങ്ങൾ തിരച്ചിൽ നടത്തിയിട്ടും ഇത്തരത്തിൽ കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ല. കണ്ടെടുക്കാനായിട്ടില്ല.
🌻ബർമുഡ ട്രയാംഗിളിന്റെ ദുരൂഹത നിറഞ്ഞ സംഭവങ്ങൾ 🌻
15-ാം നൂറ്റാണ്ടിൽ, ഇറ്റാലിയൻ നാവികനും അമേരിക്ക കണ്ടുപിടിച്ചയാളുമായ ക്രിസ്റ്റഫർ കൊളംബസാണ് ബർമുഡ ട്രയാംഗിളിന്റെ ദുരൂഹതയെക്കുറിച്ച് ആദ്യം സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുകൂടി യാത്രചെയ്യുമ്പോൾ വലിയ തീഗോളങ്ങൾ കടലിൽ വീഴുന്നതായും തന്റെ വടക്കുനോക്കിയന്ത്രം അതിവേഗത്തിൽ വട്ടം കറങ്ങിയതായും കൊളംബസ് യാത്രാവിവരണത്തിൽ പറയുന്നു. 1918 മാർച്ചിൽ കരീബിയൻ ദ്വീപുകളിൽനിന്ന് ബാൾട്ടിമോറിലേക്ക് പോകുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ ‘യു.എസ്.എസ്. സൈക്ലോപ്സ്’ കപ്പൽ ബർമുഡ ട്രയാംഗിളിൽവെച്ച് ദുരൂഹമായി കാണാതാകുന്നതോടെയാണ് വീണ്ടും ഈ പ്രദേശം വാർത്തകളിൽ നിറഞ്ഞത്. 309 പേരുണ്ടായിരുന്ന കപ്പലിനെക്കുറിച്ച് ഒരുവിവരംപോലും പിന്നീട് ലഭിച്ചില്ല. അപകടസൂചനകളൊന്നും കപ്പൽ പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.
1941-ൽ യു.എസിന്റെതന്നെ ‘യു.എസ്.എസ്. പ്രോട്ടിയസ്’ എന്ന കപ്പലും ഒരുമാസത്തിനുശേഷം ‘യു.എസ്.എസ്. നീറോസ്’ എന്ന കപ്പലും ഇതേ പ്രദേശത്ത് അപ്രത്യക്ഷമായി. 1945-ൽ ‘യു.എസിന്റെ ഫ്ളൈറ്റ്-19’ എന്ന അഞ്ച് ടി.ബി.എം. അവെഞ്ചർ ടോർപിഡോ ബോംബർ വിമാനങ്ങൾ ബർമുഡ ട്രയാംഗിളിനുമുകളിൽവെച്ച് റഡാറിൽനിന്ന് മറഞ്ഞു. ഇവയെ അന്വേഷിച്ചുപോയ മറ്റൊരു വിമാനവും ഇതേ മേഖലയിൽവെച്ച് കാണാതായി. ”എല്ലാം ദുരൂഹമായി തോന്നുന്നു. വെള്ളനിറത്തിലുള്ള സമുദ്രത്തിലേക്ക് പോകുകയാണ് ഞങ്ങൾ, ഒന്നും ശരിയായി തോന്നുന്നില്ല. എവിടെയാണ് ഞങ്ങളെന്നറിയില്ല. വെള്ളയല്ല പച്ചനിറത്തിലാണ് വെള്ളം” -കാണാതായ വിമാനങ്ങളിലൊന്നിലെ പൈലറ്റ് നൽകിയ അവസാന സന്ദേശമിങ്ങനെയായിരുന്നു. അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതോടെ അപകടകാരണം വ്യക്തമല്ലെന്ന റിപ്പോർട്ടിൽ യു. എസ്. അന്വേഷണം അവസാനിപ്പിച്ചു. ”വിമാനങ്ങൾ നേരെ ചൊവ്വയിലേക്ക് കടന്നപോലെ” എന്നായിരുന്നു റിപ്പോർട്ടിലെ ഒരുപരാമർശം.
1948-ൽ യു.എസിന്റെ ഡി.സി.-3 യാത്രാവിമാനവും ബ്രിട്ടീഷ് അവ്റോ ടുഡോർ വിമാനവും ഇവിടെനിന്ന് കാണാതായി. 1949-ൽ ബർമുഡയിൽനിന്ന് ജമൈക്കയിലേക്ക് പുറപ്പെട്ട ജി-എഗ്രി വിമാനം, 1963-ൽ എസ്.എസ്. മറൈൻ സൾഫർ ക്ലീൻ, 1967-ൽ സിൽവിയ എൽ. ഒസ്സ എന്ന ചരക്കുകപ്പൽ, 1984-ൽ ബഹാമസിൽനിന്ന് പുറപ്പെട്ട യാത്രാവിമാനം സെസ്ന തുടങ്ങിയവ ബർമുഡ ട്രയാംഗിൾ വിഴുങ്ങിയതിൽ ചിലതുമാത്രം. 2020 ഡിസംബറിൽ ബഹാമസിൽനിന്ന് ഫ്ളോറിഡയിലേക്കുപോയ യാത്രാബോട്ട് കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
🌻ബർമുഡ ട്രയാംഗിളിലെ ദുരൂഹതയുടെ കാരണങ്ങൾ എന്ന് കരുതുന്ന സിദ്ധാന്തങ്ങൾ 🌻
അറ്റ്ലാന്റിക്കിൽ മുങ്ങിപ്പോയെന്ന് യവനപുരാണങ്ങളിൽ പറയുന്ന അറ്റ്ലാന്റിസ് ദ്വീപാണ് ബർമുഡ ട്രയാംഗിളിലെ അപകടങ്ങൾക്ക് കാരണമെന്നും അന്യഗ്രഹജീവികളുടെ ലോകത്തേക്കുള്ള വാതിലാണതെന്നും തുടങ്ങിയ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ബർമുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുണ്ട്. ബർമുഡ ട്രയാംഗിളിലെ ദുരൂഹതയ്ക്ക് കാരണമെന്ന തരത്തിൽ പ്രചരിക്കുന്ന സിദ്ധാന്തങ്ങളിതാ..
1. തെക്കുനിന്നും വടക്കുനിന്നും ഒന്നിച്ച് ശക്തമായ കൊടുങ്കാറ്റു വീശുന്നതോടെയുണ്ടാകുന്ന റോഗ് തിരമാലകളാണ് ബർമുഡ ട്രയാംഗിളിൽ അപകടം വിതയ്ക്കുന്നതെന്ന് സതാംപ്ടൺ സർവകലാശാലയിലെ സമുദ്രശാസ്ത്രഗവേഷകൻ സൈമൺ ബോക്സൽ പറയുന്നു. ഇത്തരം തിരമാലകൾ നൂറടിവരെ മുകളിലേക്ക് ഉയരുമെന്നാണ് പഠനം.
2. വടക്കുനോക്കിയന്ത്രങ്ങളെ തെറ്റിക്കുന്ന കാന്തികശക്തി -കപ്പലുകളിലെ വടക്കുനോക്കിയന്ത്രങ്ങൾ സാധാരണയായി ഉത്തര കാന്തികധ്രുവത്തിലേക്കാണ് വഴികാട്ടുക. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി കോമ്പസുകൾ ശരിയായ ഉത്തരധ്രുവത്തിലേക്ക് പോയന്റ് ചെയ്യുന്ന ഭൂമിയിലെ രണ്ടുസ്ഥലങ്ങളിലൊന്നാണ് ബർമുഡ ട്രയാംഗിൾ. കാന്തികചരിവില്ലാത്ത മേഖലകളിലൂടെ, ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന സാങ്കല്പിക രേഖയായ അഗോണിക് രേഖയിലുൾപ്പെട്ട പ്രദേശമാണ് ബർമുഡ ട്രയാംഗിൾ എന്നതുകൊണ്ടാണ് ഇതെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത്തരം ഇടങ്ങളിൽ കോമ്പസുകൾ ശരിയായ ഉത്തരധ്രുവത്തിലേക്കാകും ചൂണ്ടുക.
3. മീഥെയ്ൻ കുമിളകൾ -സമുദ്രത്തിനുള്ളിലെ ജലസാന്ദ്രത കുറയ്ക്കുന്ന മീഥെയ്ൻ ഹൈഡ്രേറ്റ് വാതകം പൊട്ടിത്തെറിച്ച് ഉയർന്നുപൊങ്ങുന്ന ജലമാണ് കപ്പലുകളെ മുക്കുന്നതെന്നാണ് മറ്റൊരു സിദ്ധാന്തം
🌻സൂര്യനും ഫീനിക്സും 🌻
ഫീനിക്സ് എന്നത് ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന ഒരു പക്ഷിയാണ്. ഇത് കാഴ്ചയിൽ മയിലിനെയോ, പരുന്തിനെയോ ഒക്കെ അനുസ്മരിപ്പിക്കുന്ന അകാരത്തോടുകൂടിയ ഒരു പക്ഷിയാണ്. ചുവപ്പും, പർപ്പിളും, മഞ്ഞയും നിറങ്ങളാണ് അതിന്റെ ഉടലിൽ. കണ്ണുകൾക്ക് ഇന്ദ്രനീലത്തിന്റെ നീലിമയാണ്. ചിറകുകൾ പർപ്പിൾ നിറത്തിലാണതിന്റെ. സ്വന്തം ചിത സ്വയം തീർത്ത്, ചിറകുകൊണ്ട് ആഞ്ഞടിച്ച് അതിനു തീകൊളുത്തി, അതിൽ വെന്തമർന്ന് ഒടുവിൽ ആ ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേറ്റ് ചക്രവാളത്തിലേക്ക് പറന്നു പോകും ഫീനിക്സ്.
ഗ്രീക്ക് ഇതിഹാസങ്ങളിൽ ഈ പക്ഷി സൂര്യനുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു സ്വർഗ്ഗവാസിയാണ് ഈ പക്ഷി. ആയിരം വർഷത്തെ പറുദീസാ ജീവിതത്തിനു ശേഷം, ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോൾ അത് താഴെ ഭൂമിയിലേക്ക്, അറേബ്യയിലെ ഈജിപ്തിന്റെ പരിസരങ്ങളിലെവിടെക്കോ മരിക്കാൻ വേണ്ടി പറന്നിറങ്ങുന്നു. അവിടെയും സ്വാഭാവിക മൃത്യു ഈ പക്ഷിയെ തേടിയെത്തുന്നില്ല. അതുകൊണ്ട് അത്, ചുള്ളിക്കമ്പുകൾകൊണ്ടും, ഉണക്കയിലകൾ കൊണ്ടും ഒരു കൂടുകൂട്ടി, അതിൽ സൂര്യോദയം കാത്തിരിക്കുന്നു. സൂര്യദേവൻ തന്റെ രഥവും തെളിച്ചുകൊണ്ട് ആകാശത്തുകൂടി സഞ്ചരിക്കുമ്പോൾ, ഈ രഥം ഫീനിക്സിന്റെ കൂടിനു നേരെ മുകളിലെത്തുമ്പോൾ അത് അതീവ ഹൃദ്യമായൊരു പാട്ടുപാടി സൂര്യദേവനെ ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കുന്നു. ആരാണ് വിളിച്ചതെന്നറിയാൻ സൂര്യദേവൻ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു തീപ്പൊരി ഫീനിക്സ് പക്ഷിയുടെ കൂട്ടിലേക്ക് ചിതറുന്നു. നിമിഷനേരം കൊണ്ട് കൂടിനൊപ്പം ഫീനിക്സ് പക്ഷിയും എരിഞ്ഞമരുന്നു. എന്നാൽ, ഈ സംഭവം നടന്നു കൃത്യം മൂന്നാം ദിവസം തന്നെ ഈ വെണ്ണീറിൽ നിന്നും ഫീനിക്സ് പക്ഷി തന്റെ അടുത്ത ആയിരം വർഷത്തെ സ്വർഗീയ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നു എന്നാണ് ഇതിഹാസം പറയുന്നത്.അങ്ങനെ മരണത്തിന്റെ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിക്ക് ഉയിർത്തെഴുന്നേൽക്കാമെങ്കിൽ വെറുമൊരു തോൽവിയുടെ ഇച്ഛാഭംഗത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക എത്ര നിസ്സാരമായ ഒരു കാര്യമാണ് എന്ന ആശ്വാസമാണ് ‘ഫീനിക്സ് പക്ഷിയെപ്പോലെ’ എന്ന പ്രയോഗത്തിലൂടെ തോറ്റുപോയവർ മനസ്സിലേക്ക് ആവേശിക്കാൻ ശ്രമിക്കുന്നത്.
🌻പൂച്ച കല്യാണം🌻
ഏദൻ: മനുഷ്യര്‍ക്ക് മാത്രമല്ല പൂച്ചകള്‍ക്കും വിവാഹം കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വെള്ളിയാഴ്ച യെമനിലെ ഏദൻ നഗരത്തിൽ ഒരു കൂട്ടം ആളുകൾ രണ്ട് പൂച്ചകളുടെ കല്യാണം ആഘോഷിക്കാൻ ഒത്തുകൂടിയ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇവന്റിന്റെ ഒരു വീഡിയോ പ്രചരിപ്പിച്ചതില്‍ ഒരാൾ രണ്ട് പൂച്ചകൾ തമ്മിലുള്ള വിവാഹ ഉടമ്പടി ചൊല്ലുകയും കാര്യം ഔദ്യോഗികമാക്കാൻ രണ്ടിന്റെയും രണ്ട് കാൽപ്പാടുകൾ എടുക്കുകയും ചെയ്യുന്നു.
ഏദനിലെ അൽ മുഅല്ല ജില്ലയിലാണ് പരിപാടി നടന്നത്. തീര്‍ന്നില്ല, ക്ഷണക്കത്തുകൾ തയ്യാറാക്കി അച്ചടിച്ചതിന് ശേഷം അതിഥികളെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയും നർമ്മവും ആക്ഷേപഹാസ്യവുമായ കമന്റുകളും ലഭിക്കുകയും ചെയ്തു. വീഡിയോയ്ക്ക് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുന്ന വീഡിയോയ്ക്ക് നെഗറ്റീവ് ഫീഡ്‌ബാക്കും ലഭിച്ചു
റാണി ആന്റണി മഞ്ഞില✍