വിനോദയാത്രകളിലെ അശ്രദ്ധകൾ ജലസഞ്ചയങ്ങളിലെ ചുഴികളിൽ മരിക്കുന്നോ ?
വിനോദയാത്രകൾ ജീവിതത്തിൻ്റെ ഭാഗമാണ്. എല്ലാതിരക്കുകളിൽ നിന്നും
ഒന്നു വിട്ടുനിൽക്കുക! എല്ലാ ചുമടുകളും കുറച്ചുനേരത്തേയ്ക്കെങ്കിലും
ഒന്നിറക്കിവച്ച് ആകാശം നോക്കി ഭൂമിയിൽ കാലുകൾ നിലത്തൂന്നി ഒന്നു പ്രകൃതിയിലേക്കിറങ്ങുക. ആരാണ് ? ആഗ്രഹിച്ചു പോകാത്തത്. ഏതു പ്രായക്കാർക്കും അവരവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. ആ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ എല്ലാത്തിനുമപ്പുറം അപകട മേഖലകളെ മുൻകൂട്ടി തിരക്കി അറിഞ്ഞ് ഒരു മുൻകരുതൽ എടുക്കാനുള്ള ഉത്തരവാദിത്വം …ഒന്നുമില്ലെങ്കിലും ആ പ്രദേശത്തെ ചുറ്റു പരിസരക്കാരോടെങ്കിലും തൊട്ടുപിന്നാലെ നടന്നിരുന്ന ചരിത്രങ്ങൾ ഒന്നു തിരക്കി അറിയാനുള്ള മനസാന്നിധ്യം (പ്രത്യേകിച്ച് സ്ക്കൂൾ കോളേജ് കുട്ടികളുമായി ഉല്ലാസയാത്രകൾ തിരിക്കുമ്പോൾ) യാത്രയുടെ ചുമതലകൾ ഏറ്റെടുക്കുന്ന മുതിർന്നവർക്കില്ലേ?
യാത്രയുടെ പ്ലാൻ തയ്യാറാക്കുമ്പോഴേ സന്ദർശിക്കാനുള്ള സ്ഥലങ്ങളുടെ വ്യക്തമായ വിവരങ്ങളും അവരവരുടെ പ്രായവും ശാരീരിക സ്ഥിതിയും അനുസരിച്ച് എന്തൊക്കെ ആസ്വദിക്കാം എന്തിലൊക്കെ നമുക്കു കയറിപറ്റാം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയും ഉണ്ടായിരിക്കണം.
ഇന്നിൽ വിനോദയാത്രക്കാരെ സന്തോഷിപ്പിക്കാൻ ,ഒരുപാട് സാഹസിക അനുഭവങ്ങൾ നമ്മിലുണർത്താൻ , ഇഷ്ടംപോലെ വഴികൾ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അപ്പോഴും ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മിൽ നിക്ഷിപ്‌തമാണ്.
ദൈനംദിന ജീവിതത്തിൽ നാം നിത്യവും കേൾക്കുന്ന വാർത്തകളിൽ കരളലിയിക്കുന്ന, ഹൃദയഭേദകമായ എത്രയെത്ര മുങ്ങിമരണ വാർത്തകൾ?
ഇക്കാലമത്രയും മക്കൾക്കുവേണ്ടി ജീവിച്ച , അവർക്കുവേണ്ടി മാത്രം പ്രതീക്ഷകളും സ്വപ്നങ്ങളും വച്ചുപുലർത്തിയ അവരുടെ മാതാപിതാക്കൾ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിച്ച് നിറഞ്ഞ മനസ്സോടെ കണ്ണുകളിൽ നിറയെ പുതിയൊരുന്മേഷവുമായി വിശേഷങ്ങൾ പങ്കുവയ്ക്കാനോടിയെത്തുന്ന മക്കളേയും കാത്തിരിക്കുമ്പോൾ കേവലം ഒരു ഫോൺകോളിലൂടെ അവർ കേൾക്കുന്ന വാർത്തകളോ !… ഒറ്റനിമിഷം കൊണ്ട് ജീവൻ ചോർന്നു പോയ വീടുകൾ അങ്ങോളമിങ്ങോളം നികത്താനാകാത്ത നഷ്ടങ്ങളുടെ, തുണയുടെ ,അനാഥത്വത്തിൻ്റെ ഒക്കെ നെടുവീർപ്പുകളിൽ
ചില്ലിട്ട ചിത്രങ്ങളെ താലോലിച്ച് നീറിൻ്റെ സ്മരണകളിൽ മക്കളെ ആകാശം മുട്ടെ വളർത്തുകയാവാം.
ഒരുപാട് കഷ്ടപ്പെട്ട് മറ്റുകുട്ടികൾക്കൊപ്പം തങ്ങളുടെ മക്കളും ഒരു കുറവും വരാതെ എത്തിപ്പെടട്ടെ, അവരുടെ മനസ്സ് വേദനിക്കാതിരിക്കട്ടെ എന്നു കരുതി കടം വാങ്ങിയും ഇല്ലായ്മകളറിയിക്കാതെയും ആയിരിക്കും പല സാധാരണ
ജീവിതം നയിക്കുന്നവരും മക്കളെ വിടുന്നത്.
തൊട്ടു മുന്നിൽ അപകട സൂചനയിൽ മുങ്ങിമരിച്ചവരെ ചൂണ്ടി ബോർഡ് കൾ കുറ്റിയടിച്ച് കാവൽ നിന്നാലും എത്ര നിസ്സാരമായാണ് വിനോദസഞ്ചാരികൾ അതിനെ മിക്കപ്പോഴും കാണുന്നത്. ഉള്ളിൻ്റെയുള്ളിൽ ചുഴികൾ ഒളിപ്പിച്ച് ജലദേവത ആരെയൊക്കെയോ കാത്തിരിക്കുന്നുണ്ടെന്ന് ആരറിയാൻ ?
ലിംഗഭേദമില്ലാതെ വരും തലമുറ തീർച്ചയായും നീന്തൽ ,കളരി , സൈക്കിളിംഗ്
പാചകം , കൃഷി,ഡ്രൈവിംഗ് ഒക്കെ ജീവൻ്റെ സൂക്ഷിപ്പിനായി,നിലനില്പിനായി പഠിച്ചിരിക്കേണ്ടതാണ്. അതിനായി ഓരോവീടും ഒരുങ്ങുക. മാതാപിതാക്കളും കുടുംബാംഗങ്ങളും മുന്നോട്ടു വരുക.
കൂട്ടത്തോടെ പോയി തിരികെ മടങ്ങുമ്പോൾ കൂട്ടുകാരെ ജീവനോടെ ഒപ്പം കൂട്ടാനാകാത്ത ആഘാതത്തിൽ നിന്നും ഇനിയും മോചിതരാകാൻ കഴിയാത്ത സഹപാഠികൾക്കും,അധ്യാപകർക്കും ,കുടുംബാംഗങ്ങൾക്കും,നാടിനും ഈ ചെറിയ വരികൾ ഒരു പുനർചിന്തനത്തിന് വഴിയൊരുക്കട്ടെ. അല്പം ശ്രദ്ധയിൽ ആ കണ്ണുകൾ നീളട്ടെ. ഹൃദയങ്ങൾ കരുതലാകട്ടെ . നന്ദി.
ജസിയഷാജഹാൻ✍