നാമൊക്കെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വാക്കാണോ ? അവസരം. ഒരുപാട് അർത്ഥതലങ്ങൾ കൊണ്ട് സമ്പന്നമാണ് ആ വാക്ക്. നിനക്ക് ജീവിയ്ക്കാനൊരവസരം, കഴിവുകൾ തെളിയിക്കാനൊരവസരം, നിന്നെ നീയായി സമർത്ഥിയ്ക്കാനൊരവസരം,പശ്ചാത്തപിക്കാൻ,മാപ്പപേക്ഷിക്കാൻ,സഹായിക്കാൻ, കരുണചെയ്യാൻ… അങ്ങിനെയങ്ങിനെ എത്രയെത്ര വിലമതിക്കാനാകാത്ത അവസരങ്ങൾ. എന്നാലോ ! ഈയൊരുവാക്കിലും നന്മയും തിന്മയും ഒളിഞ്ഞു കിടപ്പുണ്ട്. ഓരോ വാക്കിനെയും അന്വർഥമാക്കുന്നത് അവ മനുഷ്യരുടെ ചെയ്തികളിൽ കൂടി കടന്നുപോകുമ്പോഴാണ്. എന്തിനേയും നമ്മൾ ഏതുരീതിയിൽ ഉപയോഗിച്ചു എന്നതാണ് പ്രധാനം.
ഒറ്റ അവസരം ആകാശം പൂകാനുള്ള ആദ്യചവിട്ടുപടിയായി ഉപയോഗപ്പെടുത്തിയവർ, കിട്ടിയ അവസരങ്ങളിലെല്ലാം പരമാവധി തിളങ്ങി നിന്ന് പ്രേക്ഷകരുടെ കൈയ്യടികൾ ഏറ്റുവാങ്ങിയവർ, അവസരങ്ങളിൽ നിന്നും അവസരങ്ങൾ മാടി വിളിച്ചവർ, അവസരങ്ങളെ കാത്ത് വിജയിച്ചേ മതിയാകൂ എന്ന ദൃഢ നിശ്ചയത്തിൽ സർവ്വതയ്യാറെടുപ്പോടും കൂടി കളത്തിലിറങ്ങിയവർ, വീണു കിട്ടിയ ഒരവസരവും പാഴാക്കാത്തവർ,തങ്ങളുടെ സ്വപ്നങ്ങളിൽ അവസരങ്ങളെ വാർത്തെടുത്തവർ അങ്ങിനെ എത്രയോ പേർ.
ഇനിയോ? അവസരവാദികൾ ഉണ്ട്. അവിടെയും തൻ്റെ വാദപ്രതിവാദങ്ങൾക്ക് അവസരോചിതമായി പ്രതികരിക്കാനുള്ള കഴിവിനെയാണ് പ്രതിപാദിക്കുന്നത്. ഇവിടെ “അവസരോചിതം” എന്നവാക്കിനാണ് പ്രാധാന്യം. മാറിമറിഞ്ഞു വരുന്ന അവസരങ്ങൾക്ക് ഉചിതമായി സ്വബുദ്ധിയിലും ചിന്തകളിലും തൽക്ഷണം ഉദിച്ചുയരുന്ന വാക്കുകളാൽ വാദപ്രതിവാദങ്ങൾ നടത്തി വിജയിക്കുക. പ്രൊഫഷൻ അല്ലാതെ തന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ ഇങ്ങനെ പല അവസരങ്ങളും വന്നുചേരും. എവിടെയും ജയപരാജയങ്ങൾ സ്വാഭാവികം. പൊരുതി നിൽക്കാനുള്ള കഴിവ് സുപ്രധാനം.
ഇനി അവസരോചിതമായ ചില പ്രവൃത്തികളോ ? ഇവിടെ ജീവിതം മുതൽ മരണം വരെ എഴുതപ്പെടുന്നു. തൽക്ഷണം സ്വയം മറന്ന് ചില ജീവനുകളെ വളരെ അപകടം പിടിച്ച ഘട്ടങ്ങളിൽ നിന്നും അവസരോചിതമായി മനുഷ്യർ രക്ഷിക്കാറില്ലേ ? ആപത്ഘട്ടങ്ങളിൽ നമ്മെ കൈവെടിയാതെ രക്ഷിച്ചവരെ മരണം വരെ നമ്മൾ ഓർക്കും.ഏതു മനുഷ്യരും ! .അവ മനുഷ്യർ എപ്പോഴും മറക്കാൻ ശ്രമിക്കുന്ന എന്നാൽ മറക്കാൻ കഴിയാത്ത ഒരു ഞെട്ടലിൻ്റെ ഓർമ്മകളായിരിക്കും. ജീവിതത്തിൻ്റെ മുഴുവൻ മധുരവും ഒരു നിമിഷത്തേക്കെങ്കിലും നിറയുന്ന ഓർമ്മ…ചിലരെങ്കിലും പറഞ്ഞുനമ്മളൊക്കെ കേട്ടിട്ടില്ലേ ? ഓ..തക്കസമയത്ത് അയാൾ ഓടി വന്നില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഞാനിപ്പോൾ കാണില്ലായിരുന്നു. അപ്പോൾ ആ അയാൾ അവർക്ക് ദൈവമാണ്. അതുകൊണ്ട് തന്നെ നമുക്കു വേണ്ടി ആരോ വച്ചു നീട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുക.
എല്ലാ നന്മകൾക്കും തിന്മവശങ്ങളും ഉള്ളതുപോലെ അവസരങ്ങൾ പാത്തിരുന്ന് കൊല്ലും കൊലയും നടത്തുന്നവരും മനുഷ്യരെ തമ്മിൽ തെറ്റിക്കുന്നവരും,തനിക്കു കിട്ടാതിരുന്നത് മറ്റുള്ളവർ അനുഭവിക്കുന്നതുകണ്ട് അസൂയയും കുശുമ്പും മൂത്ത്
അവിടെ കയറി തീപ്പൊരി വിതറുന്നവരും , എല്ലാം കത്തിച്ചാമ്പലാകുന്നതു കണ്ടാൽ സ്വയം സന്തോഷിക്കുന്നവരും, പ്രതികാരം വീട്ടുന്നവരും ,കലിപ്പടക്കാൻ കയറി കുളം കലക്കുന്നവരുമൊന്നും ഒട്ടും തന്നെ കുറവല്ല.
രണ്ടിലേതായാലും അവസരങ്ങൾ ലിഖിതപ്പെടുകയും മായ്ക്കപ്പെടുകയും ചെയ്യുന്നു. ചിലസന്ദർഭങ്ങളിലെങ്കിലും നാം പോലുമറിയാതെ! നമുക്കു മുന്നിൽ വീണുകിട്ടുന്ന അവസരങ്ങളെ ദീർഘ ദൃഷ്ടിയോടെ ,ഏറെ ബഹുമാനത്തോടെ വീക്ഷിക്കുക. വീണ്ടും അടുത്തൊരു വിഷയവുമായി കാണാം. നന്ദി.