കേരളത്തിന്റെ തനത് കായികാഭ്യാസമാണ് കളരി പയറ്റ്. വടക്കൻപാട്ടുകളിൽ നാം അറിഞ്ഞ ധീര നായകരെ കുറിച്ച് പഠിക്കുമ്പോൾ കളരി പയറ്റിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് നമ്മൾ മനസിലാക്കിയിട്ടുണ്ട്. നാട്ടുരാജ്യങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ തീർക്കാനും, തങ്ങളുടെ ശക്തി തെളിയിക്കാനും ഒക്കെ കളരിപ്പയറ്റ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രാചീന കാലം മുതൽ, ആര്യന്മാരുടെ വരവോട് കൂടി തന്നെ കളരിപയറ്റിന്റെ ആരംഭം കുറിച്ചെന്നു പറയാം. തദ്ദേശവാസികളായ ദ്രാവിഡരുടെ ആയോധന സബ്രദായവും കൂട്ടി ചേർത്ത് കളരി അഭ്യാസങ്ങൾ രൂപപ്പെടുത്തി എന്ന് പറയപെടുന്നു. തെക്കൻ കളരി, വടക്കൻ കളരി എന്ന് രണ്ടു വിധത്തിൽ കളരി അഭ്യാസങ്ങളെ തരം തിരിച്ചിട്ടുണ്ട് . തെക്കൻ കളരിയുടെ ആചാര്യനായി അഗസ്ത്യ മുനിയെയും വടക്കൻ കളരിയുടെ ആചാര്യനായി പരശുരാമനെയും സങ്കൽപ്പിക്കുന്നു . ആയോധന കലയുടെ മാതാവാണ് കളരിപയറ്റ് എന്ന് പറയുന്നു.
കളരി പയറ്റിന്റെ ഈറ്റില്ലമാണ് കടത്തനാട് . വടക്കൻ പാട്ടുകളിൽ കൂടി പ്രശസ്തിയാർജ്ജിച്ച ലോകനാർ കാവ് കോഴിക്കോട് ജില്ലയിലെ വടകരയിലാണ് . ചരിത്ര പ്രസിദ്ധമായ ലോകനാർ കാവ് ക്ഷേത്രത്തിനു അടുത്താണ്, പത്മശ്രീ അവാർഡ് ജേതവായ കടത്തനാട് മീനാക്ഷി ഗുരുക്കളുടെ സ്വന്തം കളരിയായ കടത്തനാട് കളരി സ്ഥിതിചെയ്യുന്നത് . കേരളത്തിൽ നിന്ന് മാത്രമല്ല , കളരിപയറ്റിൽ ഇന്ത്യയിലെ തന്നെ പരമോന്നത ബഹുമതിയിൽ ഒന്നായ പത്മശ്രീ അവാർഡ് ലഭിച്ച ഏക വ്യക്തി മീനാക്ഷി ഗുരുക്കൾ മാത്രമാണ് .
കേവലം ഏഴാം വയസ്സ് മുതൽ കളരി അഭ്യാസവും നൃത്തപരിശീലനവും തുടങ്ങി മീനാക്ഷി ഗുരുക്കൾ . സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഇവ രണ്ടും തുടർന്നു . എന്നാൽ 16 വയസായതോടെ ഏറെ പ്രിയപ്പെട്ട നൃത്തം ഉപേക്ഷിക്കേണ്ടി വന്നു. കളരിപയറ്റും നൃത്തവും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിൽ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കേണ്ടി വന്നപ്പോൾ കളരി പയറ്റ് തന്നെ മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു.. കടത്തനാടൻ കളരി സംഘത്തിന്റെ നെടുംതൂണായ ശ്രീ VP രാഘവൻ ഗുരുക്കൾ ആണ് മീനാക്ഷി ഗുരുക്കളുടെ ഗുരു. 16 മത്തെ വയസിൽ സ്കൂൾ അധ്യാപകനും കളരി ഗുരുവുമായ രാഘവൻ ഗുരുക്കൾ മീനാക്ഷി ഗുരുക്കളെ വിവാഹം കഴിച്ചു. പിന്നീട് കളരിയുടെ ജീവത്മാവും പരമാത്മവുമായി ഇരുവരും മാറി.
അനേകം പേർ ഈ കളരിയിൽ നിന്ന് അഭ്യാസങ്ങൾ പഠിച്ചു. സ്വദേശികളും വിദേശികളുമായ അനേകം പേർ ഈ കളരിയിൽ നിന്ന് വിദ്യ അഭ്യസിച്ചു പുറം രാജ്യങ്ങളിൽ പോയി കളരി തുടങ്ങി. അവിടെ താല്പര്യമുള്ളവരെ പഠിപ്പിക്കുന്നു.
കളരിയിൽ പഠിക്കാൻ വരുന്ന ഒരു വിദ്യാർഥിയോട് പോലും ഫീസ് വാങ്ങാറില്ല . ജാതി വ്യവസ്ഥ കൊടികുത്തി വാണ കാലത്താണ് രാഘവൻ ഗുരുക്കൾ ഒരു ദിവസം കൊണ്ട് കളരി തുടങ്ങിയതും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതും അന്ന് പൊതുവെ നിർധനരായ കുട്ടികൾ ആയിരുന്നു പഠിക്കാൻ വന്നത് അവരോടു ഫീസ് വങ്ങിയില്ല, എന്ന് മത്രമല്ല കുട്ടികൾക്ക് ഭക്ഷണവും അവിടെ നിന്ന് തന്നെ നൽകി വന്നിരുന്നു . വർഷം തോറും 200 ൽ അധികം കുട്ടികളെ കളരിയിൽ പഠിപ്പിക്കുന്നു . 80 വയസ്സ് പിന്നിട്ട മീനാക്ഷി ഗുരുക്കൾ തന്നെയാണ് പ്രധാനമായും അഭ്യാസങ്ങൾ പഠിപ്പിക്കുന്നത്. ദിവസം മൂന്നു ബാച്ച് ഉണ്ടാകും . 7വയസ്സ് മുതൽ ഏതു പ്രായത്തിൽ ഉള്ളവരെയും കളരി അഭ്യാസങ്ങൾ പഠിപ്പിക്കുന്നുണ്ട്. കൂടുതൽ മെയ് വഴക്കം കിട്ടുന്നത് കുട്ടികൾക്കാണ്. അതുകൊണ്ട് ചെറുപ്പത്തിൽ തന്നെ പഠിക്കുന്നതാണ് നല്ലത്. എന്നാൽ എല്ലാ പ്രായത്തിലുമുള്ളവരും ഇവിടെ പഠിക്കാൻ വരാറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും പഠിക്കുന്നത് ഏറെ നല്ല കാര്യമാണ് എന്ന് ഗുരുക്കൾ പറയുന്നു.
മീനാക്ഷി ഗുരുക്കൾക്ക് നാല് മക്കളുണ്ട്, എട്ടു പേരക്കുട്ടികളും . എല്ലാവരും കളരി പഠിച്ചിട്ടുണ്ട് . സ്വദേശത്തും വിദേശത്തും ജോലിയുമായി കഴിയുന്ന മക്കളും പേരക്കുട്ടികളും സമയം കിട്ടുമ്പോൾ കളരിയിൽ വന്ന് കുട്ടികളെ പഠിപ്പിക്കാറുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിലും കളരി അഭ്യാസങ്ങൾ നടത്താറുണ്ട്. വിദേശത്തു ധാരാളം പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ക്ഷണം ഉണ്ടായിട്ടും ആയുധങ്ങൾ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് പോകാൻ കഴിഞ്ഞിട്ടില്ല . കളരിയുടെ ഈറ്റില്ലമായ ലോകനാർ കാവിൽ എല്ലാ വർഷവും കളറിപയറ്റ് നടത്താറുണ്ട്. പ്രധാനമായും പങ്കെടുക്കുന്നത് മീനാക്ഷി ഗുരുക്കളാണ്. മക്കളും ശിഷ്യരും അടങ്ങുന്ന ഒരു സംഘമാണ് ഇതിൽ പങ്കെടുക്കുക .
കളരി അഭ്യാസങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം കളരി മർമ്മ ചികിത്സയും ഇവിടെ നൽകി വരുന്നു. അതിന് പണം നൽകണം. അഭ്യാസത്തിനിടയിൽ ഉണ്ടാകുന്ന മുറിവ്, ചതവ്, ഒടിവ് ഇവക്ക് അവിടെ തന്നെ ചികിത്സ നല്കും, പുറത്തുനിന്നുള്ളവരെയും ചികിൽസിക്കാറുണ്ട് . എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ ഇവിടെ
ലഭ്യമാണ്.
മീനാക്ഷി ഗുരുക്കളുടെ ജീവിതം പശ്ചാത്തലമാക്കി ഒരു സിനിമ നിർമ്മിച്ചു കൊണ്ടിരിക്കുന്നു . “ലുക്ക് ബാക്ക് “ എന്ന് പേരിട്ടിരിക്കുന്ന , മൂന്നു ഭാഷകളിൽ എടുക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ശ്രീ രജ്ഞൻ മുള്ളറാട്ട് ആണ് . കളരി പയറ്റിനായി ജീവിതം ഉഴിഞ്ഞു വച്ച മീനാക്ഷി ഗുരുക്കളുടെ ജീവിതകഥയാണ് സിനിമയാക്കുന്നത്..7വയസിൽ ആരംഭിച്ച സപര്യയാണ് കളരി അഭ്യാസവും അധ്യാപനവും.
കേരളത്തിന്റെ തനത് ആയോധനകലയായ കളരി പയറ്റിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭാധനയായ മഹിളാ രത്നമാണ് മീനാക്ഷി ഗുരുക്കൾ. 80 വയസിനപ്പുറവും ഏതൊരു കൗമാരക്കാർക്കൊപ്പവും, യുവതക്ക് ഒപ്പവും, മധ്യവയസ്ക്കർക്കു ഒപ്പവും ഒരുപോലെ അഭ്യാസപ്രകടനങ്ങൾ നടത്താൻ കഴിവും ആരോഗ്യവും ഇന്നും ഗുരുക്കൾക്കുണ്ട്. കളരി പഠിക്കുന്നത് കൊണ്ട് ആത്മനിയന്ത്രണവും, മനശാന്തിയും ഉണ്ടാകും എന്ന് ഗുരുക്കൾ പറയുന്നു. ശ്വാസനിയന്ത്രണവും ഒരു വലിയ നേട്ടമാണ് . മനസിൽ വെറുപ്പോ, വിദ്വേഷമോ പകയോ ഉണ്ടാകില്ല . നമ്മെ ഉപദ്രവിക്കാൻ വരുന്നവരെ പ്രതിരോധിക്കുക എന്ന് മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളു.
ഇന്ന് പെൺകുട്ടികൾ ആയോധനകലകൾ പഠിച്ചിരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചു ഗുരുക്കൾ എടുത്തു പറയുന്നുണ്ട്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ പീഡനങ്ങൾക്കിരകുന്നു. ആ സാഹചര്യത്തിൽ പെൺകുട്ടികൾ തീർച്ചയായും കളരിപയറ്റ് പോലെയുള്ള ആയോധാനവിദ്യകൾ പഠിച്ചിരിക്കണം. സ്വയം പ്രതിരോധം തീർക്കാനും മറ്റുള്ളവരെ സഹായിക്കാനും അതുകൊണ്ട് സാധിക്കും . നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് തീർച്ചയായും അവരുടെ പാഠപദ്ധതിയിൽ ഇത് ഉൾപെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. നിർബന്ധമായും കുട്ടികളെ ഈ വിദ്യകൾ പഠിപ്പിക്കണം എന്ന് ഗുരുക്കൾ ഊന്നി പറയുന്നുണ്ട്.
മഹാപ്രതിഭയായ മീനാക്ഷി ഗുരുക്കളെ കാണാനും സംസാരിക്കാനും അടുത്തിടെ ഭാഗ്യമുണ്ടായി . ഇനി കാണുമ്പോൾ കൂടുതൽ സംസാരിക്കാനും, കളരിസന്ദർശിക്കാനും, അഭ്യാസപ്രകടനങ്ങൾ നേരിൽ കാണാനും കഴിയുമെന്ന് ആഗ്രഹിക്കുന്നു. കടത്തനാടൻ കളരിയുടെ അമരക്കാരി മീനാക്ഷി ഗുരുക്കൾക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഇനിയും അനേക വർഷങ്ങൾ ആ പദവിയിൽ തുടരാൻ കഴിയട്ടെ. ആശംസകൾ, അഭിനന്ദനങ്ങൾ 💕💕💕
ജിത ദേവൻ✍
Informative 👍
നല്ലെഴുത്ത് ഡിയർ❤️❤️