അദ്വൈതവേദാന്ത ദർശനത്തിലും, ശ്രീനാരായണ ദർശനത്തിലും പണ്ഡിതനും, എഴുത്തുകാരനും, ആചാര്യനും, തത്വചിന്തകനുമായിരുന്നു ഗുരുനിത്യചൈതന്യയതി. പത്തനംതിട്ട ജില്ലയിൽ മുറിഞ്ഞക്കലിൽ കവിയും അദ്ധ്യാപകനുമായ ശ്രീ പന്തളം രാഘവ പണിക്കരുടെയും വാമാക്ഷി അമ്മയുടെയും മുത്തമകനായി 1924 നവംബർ രണ്ടിന് ജനിച്ച ഗുരുവിന്റെ പൂർവ്വാശ്രമത്തിലെ പേര് ജയ ചന്ദ്രപണിക്കർ എന്നായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വീട് വിട്ടു ഭാരതം മുഴവൻ സഞ്ചരിച്ചു. ഗാന്ധിജി തുടങ്ങിയ മഹാരഥന്മാരുമായി അടുത്തിടപഴകാൻ സാധിച്ചത് ഇക്കാലത്താണ്. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്നപേരിൽ സന്യാസ ദീക്ഷ സ്വീകരിച്ചു.
കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947ൽ ആലുവ UC കോളേജിൽ
തത്വശാസ്ത്രം ബിരുദത്തിന് ചേർന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും, മനഃശാസ്ത്രവും ഐശ്ചികവിഷയമായി പഠിച്ചു. പഠനത്തിന് ശേഷം കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അദ്ധ്യാപകനായി. ഇക്കാലയളവിൽ അദ്ദേഹം വേദാന്തം, യോഗവിദ്യ,മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവയും പഠിച്ചു.1951 ൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ. പ്രിയശിഷ്യനായ നടരാജ ഗുരുവിനെ ആത്മീയ ഗുരുവായി സ്വീകരിച്ചു. നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിന് ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപനായി.ശ്രീനാരായണ ദർശനങ്ങൾ.പ്രചരിപ്പിക്കാൻഅദ്ദേഹം അഹോരാത്രം യത്നിച്ചു. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും പ്രമുഖവക്താവായി മാറി ഗുരു. ഹൈന്ദവ സന്യാസി ആയിരുന്നെങ്കിലും ഇതര മതസ്ഥരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇതര മതസ്ഥരുടെ ഇടയിലും ഗുരു ആരാധ്യനായി മാറി.
ഭൗതികം, ആധ്യാത്മികം, സാമൂഹികം, സമ്പത് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം സാഹിത്യം, സംഗീതം, ചിത്രകല, വാസ്തശില്പ നിർമ്മിതി, തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഗുരു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മതങ്ങൾ
ക്കതീതമായ ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചര്യനും തത്വചിന്തകനുമായിരുന്നു ഗുരു.
ഗുരു എന്നും സ്നേഹസമ്പന്നനും ദയാലുവുമായ മനുഷ്യ സ്നേഹിയായിരുന്നു. ഒരിക്കൽ തന്റെ ആശ്രമത്തിൽ ഗുരുവിനെ കാണാൻ ഒരു പാവപ്പെട്ട മനുഷ്യൻ എത്തി. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച,ക്ഷീണിച്ചു പരവശനുമായി കണ്ട ആ മനുഷ്യനേട് ഗുരുവിന്റെ ശിഷ്യൻ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ഗുരുവിനെ കാണണം എന്ന്പറഞ്ഞപ്പോൾ ഗുരുവിനോട് അനുവാദം ചോദിക്കാൻ ശിഷ്യൻ അകത്തേക്ക് പോയി. അയാളെ കൂട്ടികൊണ്ട് വരാൻ ശിഷ്യനോട് ഗുരു പറഞ്ഞു. ആ മനുഷ്യൻ അകത്തു ചെന്നപ്പോൾ ഗുരു അറിയാതെ എന്നപോലെ ഇരിപ്പിടത്തിൽ നിന്ന് തെല്ലുയർന്നു വീണ്ടും ഇരുന്നു. സാധാരണ തന്നെക്കാൾ ഉന്നതിയിൽ ഉള്ള ഒരാളെ കാണുമ്പോഴാണ് എല്ലാവരും ബഹുമാന സൂചകമായി ഒന്ന് എഴുനേൽക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഒരു സാധാരണ മനുഷ്യനെ കണ്ടപ്പോൾ ഗുരു അദ്ദേഹത്തെയും ആദരിച്ചു .ആ മനുഷ്യന് ഇരിക്കാൻ കസേര വലിച്ചിട്ടത് ഗുരുവിന്റെ തൊട്ടടുത്താണ്. അവിടെ ഇരിക്കാൻ ഗുരു സ്നേഹത്തോടെ ആവശ്യപ്പെടുകയും അദ്ദേഹം അവിടെ ഇരിക്കുകയും ചെയ്തു. പേര് ചോദിച്ചപ്പോൾ തോമസ് എന്ന് പറഞ്ഞു. “എന്താണ് ഞാൻ ചെയ്തു തരേണ്ടത് “എന്ന് ഗുരു ചോദിച്ചപ്പോൾ”” ഒന്നും വേണ്ട “എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഗുരുവിനെ ഒന്ന് കാണാൻ വേണ്ടി വന്നതാണ് എന്ന് മാത്രം മറുപടി നൽകി. ഈ സമയം ആമനുഷ്യന്റെ കൈകൾ ഗുരു എടുത്തു പതിയെ അതിൽ തടവികൊണ്ടിരുന്നു. ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തോ വലിയ ദുഃഖം അനുഭവിക്കുന്നു എന്ന് ഗുരുവിന് മനസിലായി. എന്നാൽ ഒരു പാട്ട് കേട്ടാലോ എന്ന് ഗുരു ചോദിച്ചു. ഭജൻ ആയാലും കീർത്തനങ്ങൾ ആയാലും ഏത് തരം സംഗീതവും ആസ്വദിക്കുന്ന ഗുരു ഒരു ഭജൻ കേൾപ്പിക്കാൻശിഷ്യരോട് പറയുകയും അവർ അത് കേൾപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഭക്ഷണവും നൽകി സഹായം ആവശ്യമുണ്ടെങ്കിൽ അതും നൽകാൻ ശിഷ്യരോട് ഗുരു പറഞ്ഞു. എന്നാൽ ഭക്ഷണം കഴിച്ചതിനു ശേഷം തനിക്ക് മറ്റൊന്നും ആവശ്യമില്ല, ഗുരുവിനെ കാണാനാണ് വന്നത് അത് സാധിച്ചു എന്ന് പറഞ്ഞു നിറഞ്ഞ മനസോടെ അദ്ദേഹം യാത്രയായി.
ചിലപ്പോൾ അങ്ങനെയാണ്, നമ്മൾ ആർക്കും പണമോ മറ്റ് സഹായമോ ഒന്നും നൽകേണ്ട, അവരെ ഒന്ന് ചേർത്തു പിടിച്ചാൽ മാത്രം മതി. ഒരു സ്പർശനം കൊണ്ട് അവരെ ആനന്ദിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയും. ആർദ്രമായ ഒരു നോട്ടം കൊണ്ട്, ഒരൂ തഴുകൽ കൊണ്ട് ഒക്കെ ഒരാളെ നമുക്ക് മോട്ടിവേറ്റ് ചെയ്യാം. ഗുരുവിന്റെ അടുക്കൽ എത്തുന്ന ഏതൊരു മനുഷ്യനും ആ സന്തോഷവും, സമാധാനവും കിട്ടിയിരുന്നു. ഗുരു പറയുന്നു “ആയിരം കടലാസ് പൂക്കൾ ഒന്നിച്ചു ചേർത്തലും ഒരു യഥാർത്ഥ പൂവിന് തുല്യമാകില്ല”എന്ന്. യഥാർത്ഥ സ്നേഹത്തിനും കാരുണ്യത്തിനും മുൻപിൽ മറ്റൊന്നും വലുതല്ല എന്ന് ഗുരു പറയുന്നു.
ഒരിക്കൽ ഒരാൾ ഗുരുവിനോട് ചോദിച്ചു മോക്ഷം കിട്ടാൻ എന്ത് വേണം എന്ന്. നല്ല തണുപ്പുള്ള ഒരു ദിവസമായിരുന്നു അത്. ഗുരു ചോദിച്ചു താങ്കൾക്ക് തണുപ്പുണ്ട് അല്ലെ. അയാൾ മറുപടി പറഞ്ഞു “ഉണ്ട് “. ഗുരു പറഞ്ഞു എന്നാൽ വേഗം ആശ്രമത്തിൽ പോയി അവിടെ നിന്ന് ഒരു സ്വെറ്റർ വാങ്ങിക്കോളൂ. അത് ഇടുമ്പോൾ തണുപ്പ് പോകും ഇതും കൂടി കൂട്ടിച്ചേർത്തു. ഇപ്പോൾ താങ്കൾക്ക് ആവശ്യം തണുപ്പിൽ നിന്ന് രക്ഷ നേടുക എന്നതാണ്. അതുപോലെ വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക. ഇതൊക്കെയാണ് ചെയ്യേണ്ടത്. നമ്മുടെ ആവശ്യം എന്താണോ അതിനുള്ള പരിഹാരം കാണുക അത്രേയുള്ളൂ. നമുക്ക് ചുറ്റുമുള്ളതിനെ നമ്മൾ എപ്പോഴും കാണുക അവയെ കുറിച്ച് ചിന്തിക്കുക, വേണ്ടത് ചെയ്യുക. ഉപദേശത്തിലോ പ്രഭാഷണത്തിലോ അല്ല കാര്യം പ്രവർത്തിയിൽ ആണ്. നമ്മൾ എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് അത് പ്രവർത്തിയിൽ കൂടി തെളിയിച്ചു കൊടുക്കുക.
ബന്ധങ്ങൾക്ക് വളരെ വിലകൽപ്പിക്കുന്ന ആൾ ആയിരുന്നു ഗുരു. ദിവസവും ശരാശരി 50 ൽ ഏറെ കത്തുകൾ അദ്ദേഹത്തിന്കിട്ടിയിരുന്നു. അതെല്ലാം സാവകാശം വായിച്ചു എല്ലാത്തിനും മറുപടി നൽകിയിരുന്നു. പ്രധാനപ്പെട്ട കത്തുകൾ എല്ലാം ഫയലിൽ സൂക്ഷിച്ചിരുന്നു. ഒരു നിസാര വിഷയം എഴുതിയ കത്തുപോലും കളയാനോ നശിപ്പിക്കാനോ ഗുരു സമ്മതിക്കില്ല. ആ കത്തിലെ അക്ഷരങ്ങൾക്ക് പിന്നിൽ വേദനിക്കുന്ന, അല്ലെങ്കിൽ സഹായം ആവശ്യമുള്ള, സമാധാനം തേടിയുള്ള ഒരുഹൃദയത്തിന്റെ പിടച്ചിൽ ഉണ്ടാകും, അത് കാണാതെ പോകരുത് എന്ന് ശിഷ്യരെ ഗുരു ഓർമ്മിപ്പിക്കാറുണ്ട്.
വിദേശത്തും സ്വദേശത്തും യൂണിവേഴ്സിറ്റികളിൽ അദ്ദേഹം പഠിപ്പിക്കാൻ പോകാറുണ്ട്. രാവിലെയും വൈകിട്ടും പഠിപ്പിക്കാറുണ്ട്. അത്പോലെ ഒന്നിനെക്കുറിച്ചും ആകുലപ്പെടാറില്ല. എല്ലാവർക്കും സമയം തികയുന്നില്ല എന്ന പരാതിയാണ്. എന്നാൽ ഗുരു ഒരിക്കലും സമയം ഇല്ലെന്നു പറയുകയോ ഒരു കാര്യവും മാറ്റി. വയ്ക്കുകയോ ചെയ്യാറില്ല. രാവിലെയും വൈകിട്ടുമുള്ള നടപ്പ്, സംഗീതം ആസ്വദിക്കൽ എഴുത്ത്, വായന, അദ്ധ്യാപനം, കത്തുകൾവായിക്കുകയും മറുപടി എഴുതുകയും ചെയ്യുക, സന്ദർശകരെ സ്വീകരിക്കുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അവരെ ആ ശ്വസിപ്പിക്കുകയും പരിഹാരം നിർദേശിക്കുകയുമെല്ലാം ചെയ്യുന്നത് തെല്ലും ധൃതി വച്ചല്ല
തത്വശാസ്ത്രം,മനഃശാസ്ത്രം, സൗന്ദര്യശാസ്ത്രം സാമൂഹികാചാരങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം മലയാളത്തിൽ 120പുസ്തകങ്ങളും ഇംഗ്ലീഷിൽ 80 പുസ്തകങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും അധികം കൃതികൾ എഴുതി പ്രസിദ്ധികരിച്ചിട്ടും ഗുരുവിനെതേടിയെത്തിയത് “നളിനി എന്ന കാവ്യശില്പം ” എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി അവാർഡ് മാത്രമാണ്. വേണ്ട വിധം കൃതികൾ ഒക്കെ വായിക്കപ്പെട്ടോ എന്നും സംശയമാണ്. ഏത് മേഖലയിൽ ആയാലും ഗുരുവിന്റെ സംഭാവനകൾ. വിലമതിക്കാൻ ആവാത്തതാണ്. ഉചിതമായ ആദരവ് ഗുരുവിനു നൽകി എന്ന് പറയാൻ കഴിയില്ല.
പ്രധാന കൃതികൾ
“പരിവർത്തനോന്മുഘ വിദ്യാഭ്യാസം”,”സത്യത്തിന്റെ മുഖങ്ങൾ”” ,” ഭാരതിയമനഃശാസ്ത്രത്തിന് ഒരാമുഖം” , “നളിനി എന്ന കാവ്യശില്പം”, “ജാതി, മതം, ദൈവം””യതിചര്യ” , “മനഃശാസ്ത്രംജീവിതത്തിൽ ” തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ദീർഘകാലം രോഗ. ബാധിതനായിരുന്ന അദ്ദേഹം 1999 നവംബർ 14 ന് ഊട്ടിയിലെ ആശ്രമത്തിൽ വച്ച് 75 മത്തെ വയസ്സിൽ സമാധിയായി.ശ്രീനാരായണഗുരുവിന്റെ പിൻമുറക്കാരിൽ മൂന്നാമനായി ഗുരു നിത്യ ചൈതന്യയ തിയെ വിശേഷിപ്പിക്കുന്നു .ശ്രീനാരായണ ഗുരു, നടരാജ ഗുരു, ഗുരു നിത്യ ചൈതന്യയതി എന്നിവരെ
ചേർത്ത് ഗുരുത്രയങ്ങൾ എന്നും വിശേഷിപ്പിക്കുന്നു. ഗുരുവിനു പ്രണാമം🌹🌹
ജിത ദേവൻ